✍️ഷാനിത ഫിർദൗസ്, എറണാകുളം
തുമ്മലിലാണ് തുടക്കം.. !!
തുള്ളി മഴയായി ആദ്യമിരമ്പിയെത്തിയത് മൂക്കാണ്…
തല കനംവെച്ചു തുടങ്ങിയതും
ആവിയിൽ കവിൾ പുകഞ്ഞതുമപ്പോഴാണ്…
ഉള്ളിൽ വീർപ്പുമുട്ടി
പുറത്തേക്കിറങ്ങാൻ വെമ്പൽകൊണ്ടത്
ചുമയായിരുന്നു.
പിന്നെ ഒറ്റ വരവായിരുന്നു..
ഏറെക്കാലത്തിനുശേഷം
തമ്മിൽ കണ്ടതിനാലാവാം
ഇറുകെ പുണർന്ന് എന്നിൽ കനലെരിച്ചത്..!
ആദ്യാലിംഗനത്തിന്റെ വേവിൽ
ചൂടു പിടിച്ച നിശ്വാസങ്ങളിൽ
അധരം ചുമന്നതും
കണ്ണുനിറഞ്ഞതും
പുതപ്പിനുള്ളിൽ ചുരുണ്ടുകൂടിയതും
കാച്ചെണ്ണ നെറുകയിൽ വേരാഴ്ത്തിയതും
കിനിഞ്ഞിറങ്ങിയതും
ഞാനറിഞ്ഞിരുന്നില്ല.
പകലിൽ നിന്നും ഒരു ചാൺ ദൂരമെടുത്ത്
എന്നിലേക്കൊരു കൈ തന്നത്
ഞാനപ്പോഴേയ്ക്കും വിറച്ചുതുടങ്ങിയിരുന്നു.
Shanitha Firdous.