അന്നാദ്യമായ് ഞാനണിഞ്ഞൊരാ
ബാല്യത്തിൻ മണമുള്ളൊരെൻ പട്ടുപാവാട .
പഴയൊരാ വസ്ത്ര ഭാണ്ഡത്തിൽ നിന്നുമെടുത്തെ –
ന്തിനൊ ..നെഞ്ചോടു ചേർത്താ ഗന്ധമാസ്വദിക്കവെ .
അറിയാതെ പിൻതിരിഞ്ഞു നോക്കിയാ ബാല്യ
കാലത്തിലേക്കായ്..! തെളിഞ്ഞൊരാചിത്രം… !
താതൻ തൻ കൈകളാൽ നല്കിയ സമ്മാനമാം
തിളക്കമേറും ചുവന്ന വാകപ്പൂവിൻ നിറമോലും
പട്ടുപാവാടയുടുത്തു പ്രിയ ദേവനാം-
കണ്ണൻ്റെ കളിത്തോഴിയായ്
ക്ഷേത്രമുറ്റത്തെ മണൽ തരികളെ എൻ
പട്ടുപാവാടയാൽ ചുംബിച്ചുണർത്തിയ കാലം ..
ഇന്നാ ഓർമ്മകൾ എന്നിൽ നിറയുന്നു..
പൂവാക പൂത്ത പോൽ വസന്തം നിറയ്ക്കുന്നു ..
അറിയാതൊരിക്കൽ കൂടി ചേർത്തണച്ചു ഞാനെൻ
ഓർമ്മതൻ പട്ടുപാവാട…!
ആവാഹിച്ചു ഞാനാ ബാല്യകാലം ..
മനസിൻ പുസ്തക താളിലെഴുതി ചേർത്തിതാ..
ഒരിക്കലും മായാതിരിക്കുവാനായ് ..
രേവതിക്കുട്ടി പള്ളിപ്പുറം