ക്ലാവ് പിടിച്ചൊരു ഓട്ടുരുളി പൊലെയെൻ
തറവാട് പ്രാണൻ വെടിഞ്ഞു പോയി
കാലം നിവേദിച്ച ഓർമ്മകളുമായി ഞാൻ
വീണ്ടും പടിപ്പുര കേറിവന്നു
കാറും കോളുമകന്നോരീ നേരത്തും
അന്യരായ് ഞാനുമെന്നോർമ്മകളും
മഴപെയ്തു തോർന്നൊരിറയത്തിലൂടെ
നിറമുള്ള സ്വപ്നങ്ങൾ ഒഴുകിടുമ്പോൾ
ഉമ്മറത്തിണ്ണയിൽ ഊഞ്ഞാൽ പടികളിൽ
നരിച്ചീറിൻ ഗന്ധം തങ്ങി നിൽക്കേ
പഴമയുടെ പ്രൌഡ്ഢി കുറുകിയുണർത്തിടും
പ്രാവുകൾ മെല്ലേയോളിഞ്ഞു നോക്കി
തൊട്ടു തലോടുവാൻ മുത്തശ്ശി വന്നില്ല
നോവുമെന്നാത്മാവും ഏകയായി.
മറക്കാൻ തുടങ്ങിയ ഓർമ്മകളെല്ലാം
മറക്കുടയില്ലാതെ ഓടിയെത്തി
ഈറനണിയുന്ന ഓർമ്മകൾ പേറി ഞാൻ
ഈറനണിഞ്ഞൊരീ മിഴികളോടെ
ആളും അനക്കവും നീളേ നിറഞ്ഞൊരാ
ആരവമുള്ളയാ നല്ലകാലം
ഞാനും തോഴരും ഒത്തുചേർന്നാടിയ
കൊത്തം കല്ലുമിന്നേകയായി
പ്രണയം പകർന്നോരാ നാട്ടുമാം ചോട്ടിലും
വിരഹം ഉണങ്ങി പിടിച്ചിരുന്നു
വീതിയെഴുന്നൊരാ മുറ്റത്തിനെല്ലാം
പുല്ലു പടർന്ന പരിഭവവും
പാദസ്പർശനമന്യമാം വീഥിയിൽ
കൂനനുറുമ്പുകൾ നിരയിടുന്നു
ചായമടർന്ന ചുമരുകൾ തേങ്ങുന്നു
ചിതലുകൾ ചിത്രം വരച്ചിടുമ്പോൾ
ഉൾക്കാമ്പ് പൊള്ളിയ വേളയിൽ കൗതുകം
വിണ്ടു കീറലിൽ എത്തി നോക്കി
ഇരുളും വെളിച്ചവും നിഴൽ വീഴ്ത്തിയെത്തി
ഏകാന്തമായ വടക്കിനിയിൽ
ഒടുവിലെ ഓർമ്മയും പുണരാൻ കൊതിച്ചൊരീ
ചിത കാത്തു കഴിയും തറവാടിനെ
സംഗീത✍