പടിയിറങ്ങും മുമ്പ്
നിന്റെ ഹൃദയത്തിന്റെ വേദനകൾ
അകത്തങ്ങളിൽ നിന്ന് കേൾക്കവേ
പലവട്ടമാവർത്തിച്ചിരുന്നു ഞാൻ
പടിയിറങ്ങരുതെന്ന് ..
പറയാതെ മൊഴിഞ്ഞും
ഇടകലർന്ന് കരഞ്ഞും
ഞാൻ കാത്തിരുന്നതൊക്കെയും
നിൻ പാദശബ്ദത്തിന്
കാതോർത്തു മാത്രമായിരുന്നു.
അന്തിത്തിരിയെരിഞ്ഞു –
തീർന്ന ഉമ്മറപ്പടിയിലേയ്ക്ക്
ചൂട്ടുമായെത്തുന്ന കാപട്യവർഗ്ഗങ്ങൾ ,
പറയാതെയെത്തുന്ന
അകലത്തെയതിഥികൾ ,
പടിതേടിയെത്തുന്ന വഴിപോക്കമാനവർ
തെല്ലൊന്നു നോക്കാതെ പോയിടുമ്പോൾ
ഞാൻ തേടിയ കാലൊച്ചകളിലിന്നും
ഓർത്ത് വച്ചിരുന്നത് പടിയിറങ്ങിപ്പോയ
നിന്റെ പാദങ്ങൾ മാത്രമായിരുന്നു
അകലങ്ങളിന്നും ഇരുട്ടിനെ കീറി മുറിച്ച്
തീച്ചൂട്ടുകൾ എരിയുമ്പോളുള്ളിൽ ഒരു നിമിഷമെങ്കിലും വിടരുന്നുണ്ട് നിറമാർന്ന ഇന്നലകളുടെ സന്തോഷപൂമൊട്ടുകൾ ..
പടിയിറക്കപ്പെട്ടവന്റെ വരവും കാത്ത്
ഇന്നുമേറെ പടിപ്പുരവാതിലുകൾ
ഹൃദയ വാതിലുകൾ തുറന്ന്
വിജനതയിൽ കണ്ണും നട്ടിരുപ്പുണ്ട്
തിരികെയെത്തുന്ന കാലടികൾക്കായ്..
വിനോദ് കൊല്ലങ്ങോട്.