17.1 C
New York
Saturday, January 22, 2022
Home Literature പടവുകൾ (ചെറുകഥ)

പടവുകൾ (ചെറുകഥ)

മോഹൻദാസ് എവെർഷൈൻ✍

ഒരിക്കലും അവളെ ഇവിടെ വെച്ച് കണ്ടുമുട്ടുമെന്ന് അയാൾ സ്വപ്നത്തിൽ പോലും കരുതിയതല്ല.
അവളുടെ കണ്ണുകളിലെ കൗതുകവും അത് തന്നെയാവും സൂചിപ്പിക്കുന്നതെന്ന് അയാൾക്ക് തോന്നി.
അവൾ ഒന്ന് ചിരിക്കുവാൻ പരിശ്രമിച്ചത് പോലെ….
തന്റെ ചുണ്ടിലും ചിരി വല്ലതും വന്നിരുന്നുവോയെന്ന് അയാളും സംശയിച്ചു.
അവളുടെ കൂടെയുള്ള യുവാവ് അവളുടെ ഭർത്താവ് ആയിരിക്കും.
അവളുടെ വയറിന്റെ വലുപ്പം കണ്ടപ്പോൾ അവൾ ഗർഭിണിയാണെന്ന് തോന്നി.അതിന്റെ ഒരാലസ്യവും, അവളുടെ മുഖത്തുണ്ട്.
നഷ്ടപ്പെട്ടപ്പോഴും പിന്നെയൊന്ന് കാണണമെന്ന് ഒരിക്കലും ആഗ്രഹിച്ചില്ല.
ചിലതൊക്കെ അങ്ങനെയാണ് വീണ്ടും കാണുവാൻ ആഗ്രഹിക്കാതെ മറക്കുവാൻ ശ്രമിക്കുന്നവ…
ഇങ്ങനെ ഒരു സന്ദർഭത്തിൽ വീണ്ടും കാണേണ്ടിയിരുന്നില്ല.
അതും തന്റെ വിവാഹത്തിന് വസ്ത്രങ്ങൾ വാങ്ങുവാൻ എത്തിയനേരത്ത്, അവിചാരിതമെങ്കിലും ഈ കണ്ടുമുട്ടൽ അയാളെ വല്ലാതെ അലോസരപ്പെടുത്തി.
ഭൂതവും, വർത്തമാനവുംഓർമ്മകളിൽ നിന്നും ഇറങ്ങിപ്പോയ ഒരു അൽഷിമേഴ്‌സ് രോഗിയുടെ ഭാവമായിരുന്നു അവൾക്ക്.
വീണ്ടും ഓർക്കുവാൻ ഇഷ്ടപ്പെടാത്ത നിമിഷങ്ങളിലേക്ക് തിരിച്ചു നടക്കുവാൻ അയാളും ഒട്ടും ഇഷ്ടപ്പെട്ടില്ല.
ഉണങ്ങിയ മുറിവുകൾക്കുള്ളിൽ ഇപ്പോഴും
പച്ചമാംസം ഉണങ്ങാതെ സൂചിമുനകൾ കൊണ്ട് തന്നെ കുത്തിനോവിക്കാറുണ്ട്.
അവൾ മുഖത്ത് പൊടിഞ്ഞ വിയർപ്പ് തുള്ളികൾ തൂവാല കൊണ്ട് തുടച്ച് നീക്കി.
ഷോപ്പിംഗ് മാളിലെ പ്രകാശതിരയിളക്കത്തിൽ അവളുടെ കണ്ണുകൾക്ക് പണ്ടത്തെ തിളക്കവും, വശ്യതയും ഇപ്പോഴില്ലെന്ന് അയാൾക്ക് തോന്നി. അവളുടെ ഉയർന്ന മാറിടങ്ങളിൽ ഉടക്കിയ കണ്ണുകളെ അയാൾ ശക്തിയോടെ പിൻവലിച്ചു.
അന്നവൾക്ക് ഇത്രയും പോയിട്ട് ഇതിന്റെ നാലിലൊന്ന് മാദകത്വം പോലും ഇല്ലായിരുന്നു. അല്ലെങ്കിൽ അതിനൊന്നും അപ്പോൾ വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല.
എങ്കിലും അവളുടെ അസാമാന്യമായ പ്രായോഗിക ബുദ്ധിയോട് എന്നും മതിപ്പ് തോന്നി.
ഒരു പാരലൽ കോളേജ് അധ്യാപകന്റെ വരുമാനത്തെപ്പറ്റിയും, അതിന്റെ സ്ഥിരതയെപ്പറ്റിയും, പ്രണയത്തിന്റെ പാരമ്യതയിലും അവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു.
അവൾ പലപ്പോഴും അതിനെക്കുറിച്ച് ചോദിക്കുമായിരുന്നു.
സ്ഥിരമായ ഒരു ജോലിയില്ലാതെ എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകുവാൻ കഴിയുമെന്ന്?.
അവളുടെ ആശങ്കകളിൽ പച്ചയായ ജീവിതയഥാർഥ്യങ്ങളുടെ നേർകാഴ്ച്ചകളാണെന്ന് തിരിച്ചറിയുവാൻ
താൻ ശ്രമിച്ചതുമില്ല.
അല്ലെങ്കിലും പ്രണയത്തിന്റെ ഭൂതകണ്ണാടിയിലൂടെ അവൾ ജീവിതത്തിന്റെ ഇടനാഴിയിലേക്കെത്തി നോക്കുമെന്ന് കരുതിയില്ല എന്നതാണ് സത്യം.
സ്വന്തമായി ഒരു മേൽവിലാസം സ്ഥിരമായി ഇല്ലാതെ,ഇടയ്ക്കിടെ മാറുന്ന വാടക വീടുകൾക്കൊപ്പം വിലാസവും മാറിയിരുന്ന ഒരാളെ പ്രേമിക്കുന്നതിന്റെ അപകടം അവൾ ശരിക്കും മനസ്സിലാക്കിയിരുന്നു എന്ന് വേണം കരുതാൻ.
മറ്റ് വിവാഹാലോചനകൾ വരുമ്പോൾ, അത് തന്നോട് വന്ന് പറയുമ്പോഴൊന്നും അവളുടെ വെളുത്ത കവിൾത്തടം ചുവക്കുകയോ, ചുണ്ടുകൾ വിറയ്ക്കുകയോ, കണ്ണുകളിൽ വിഷാദം നിറയുകയോ ചെയ്തിരുന്നില്ല.
അത് കേൾക്കുമ്പോൾ തന്റെ മുഖത്തുണ്ടാകുന്ന വിസ്ഫോടനങ്ങൾ അവൾ കണ്ടതായി ഭാവിച്ചതുമില്ല.
പലപ്പോഴും അതെന്നെ അത്ഭുതപ്പെടുത്തിയിരുന്നു.
അപ്പോഴും അവൾ മറ്റൊരു വിവാഹത്തിന് സമ്മതിച്ചേക്കുമെന്ന് സങ്കൽപ്പിക്കുവാൻ കൂടി തനിക്കന്ന്‌ കഴിയുമായിരുന്നില്ല.
പ്രേമലേഖനം വായിച്ച് സ്വപ്‌നങ്ങൾ കണ്ടിരുന്ന പഴയ കാലപ്രണയത്തിന്റെ പ്രതീകമല്ല അവളെന്ന് പലപ്പോഴും തോന്നിയിരുന്നു.
ഒരു ഗവണ്മെന്റ് സ്കൂൾ അധ്യാപകനുമായി വിവാഹം ഉറപ്പിച്ച വിവരം അവൾ വന്ന് എന്നോട് പറഞ്ഞത് ഒരു സങ്കോചവുമില്ലാതെയാണ്.
“ഇന്നത്തെ ചുറ്റുപ്പാടിൽ ഹരിക്ക് എന്നെ സ്വീകരിക്കുക പ്രയാസമാണെന്ന് എനിക്കറിയാം,ഞാൻ വഴിമാറുകയാണ്”.
അത് കേട്ട് താൻ ഒരു നിമിഷം തരിച്ചു നിന്ന് പോയി.
” ഹരി… നമുക്കിടയിൽ വെറുപ്പിന്റെ അകലം ഉണ്ടാവരുത്, ഞാൻ ഒരു ഭാരമാകാതെ…”അവൾ പൂർത്തിയാക്കിയില്ല.
ആ വാക്കുകൾ എന്തായാലും കരളിൽ
ചോരയിറ്റുന്ന മുറിവുകളായി മാറിയിരുന്നു.
തന്റെ മനസ്സിലെ താജ് മഹൽ തകർന്ന് വീഴുന്നതും, ആ പൊടിപടലങ്ങളിൽ താൻ അന്ധാളിച്ചു നില്കുന്നതും,ഒരു ചെറുപുഞ്ചിരിയോടെ അവൾ നോക്കി നിന്നു.
പകൽ വെളിച്ചത്തിലും കണ്ണിൽ പടർന്നു കയറിയ ഇരുട്ടിന് തന്റെ കണ്ണ്നീരിന്റ ഉപ്പ് കലർന്നിരുന്നു.
എങ്കിലും മുഖത്ത് അതൊന്നും പ്രതിഫലിക്കാതിരിക്കുവാൻ നന്നേ താൻ പാടുപെട്ടു.
മനസ്സ് നിറയെ സ്നേഹം ഉണ്ടെങ്കിലും, തന്റെ നിസ്സഹായവസ്ഥ അവൾ കൃത്യമായി ചൂണ്ടിപറയുമ്പോൾ എന്താണ് മറുപടി പറയേണ്ടേതെന്ന് അറിയാതെ കുഴങ്ങി.
ഒന്നും സംഭവിക്കാത്തത് പോലെ
അവൾ തിരികെ നടക്കുമ്പോൾ എന്നിലെ പുരുഷനും ഉള്ളിൽ നിന്ന് എന്നെ നോക്കി പരിഹാസത്തോടെ പൊട്ടിചിരിച്ചു.
ഒരു വിഡ്ഢിവേഷത്തിന്റെ ജാള്യത മനസ്സിൽ നിറഞ്ഞു നിന്നു.
അവളുടെ വിവാഹദിവസം രാജേഷ് എനിക്ക് കാവൽനിന്നു. ഒരു നിഴൽ പോലെ,അവൻ എന്റെ കൂടെ നടന്നു. നൈരാശ്യംകൊണ്ട് എന്തെങ്കിലും അവിവേകം താൻ കാട്ടുമോ എന്നവൻ മാത്രമല്ല, അറിയാവുന്ന പലരും സംശയിച്ചു.
അച്ഛൻ മാത്രം പറഞ്ഞു.
“ആ കുട്ടി ചെയ്തത് തന്നെയാണ് ശരി.ഈ പട്ടിണിക്കിടയിൽ അതിനെക്കൂടി കൊണ്ട് വന്ന് കഷ്ടപ്പെടുത്തേണ്ടി വന്നില്ലല്ലോ!.”
അച്ഛൻ എന്നെ ചേർത്ത് നിർത്തി പറഞ്ഞു.
“ജീവിതത്തിൽ ഒന്നും നേടാനാകാത്ത ഒരച്ഛന്റെ മകനായി പിറന്നത് തെറ്റായി പോയി എന്ന് നിനക്കിപ്പോൾ നിരാശ തോന്നുന്നുണ്ടോ ?.
നാട്ടിൽ അറിയപ്പെടുന്ന തയ്യൽക്കാരനായ അച്ഛന് ഒരുമാതിരിഉള്ളവരുടെ അളവുകൾ മനപ്പാഠമാണ്. എങ്കിലും സ്വന്തം ജീവിതത്തിൽ ടേപ്പ് പിടിച്ചപ്പോൾ കണക്കുകൾ പിഴച്ചുവോ എന്നുള്ള
അച്ഛന്റെ നെഞ്ചുരുക്കം തന്റെ ഹൃദയത്തിൽ തൊടുന്നുണ്ടായിരുന്നു.
“നമ്മൾ ജയിക്കേണ്ടത് നമ്മളെ തോൽപ്പിച്ചു വെന്ന് കരുതുന്നവരുടെ മുന്നിൽ വേണം, എന്റെ മോന് അതിന് കഴിയും, കഴിയണം”.
അച്ഛന്റെ ആശ്വാസവാക്കുകൾക്ക് മുന്നിൽ ഞാൻ തല കുമ്പിട്ട് നിന്നതേയുള്ളു.
പാരലൽ കോളേജിൽ കൂടെയുള്ള കൂട്ടുകാരൻ രാജേഷ് പറഞ്ഞു.
“നീ ഒരു ദേവദാസ് ആകാനൊന്നും ശ്രമിക്കില്ലെന്ന് എനിക്കറിയാം.എല്ലാ പ്രണയവും പരിണയത്തിൽ എത്താറില്ല, എത്തിയതെല്ലാം പൂർണ്ണമായും വിജയിച്ചു എന്ന് പറയാനാകും ആകില്ല”.
ഞാൻ ഇടവഴിയിലെ തണലുകളിൽ മിണ്ടാതെ അവനൊപ്പം നടന്നു.അറിയുന്ന കുട്ടികൾ വിഷ് ചെയ്തു കടന്ന് പോയി.
“ഹരി നിന്റെ ഇല്ലായ്മയെ നിഷ്‌ക്കരുണം ചവുട്ടി അരയ്ക്കുകയാണ് അവൾ ചെയ്തത്. നീ നിന്റെ സിവിൽ സർവീസ് പഠനം വീണ്ടും തുടരണം. ഇത്തവണ നീ നേടും, ഇതൊരു വാശിയായ് കാണണം. നമ്മൾ നിന്റെ ഒപ്പമുണ്ട് “.
അവന്റെ വാക്കുകളിൽ എവിടെയോ ആളിപ്പടരുവാൻ മോഹിച്ചു കിടന്ന തീക്കനൽ ചൂടിൽ എന്റെ ചിന്തകളിലെ നിരാശകൾ ചാരമായികൊണ്ടിരുന്നു.
ശിശിരത്തിൽ ഇല കൊഴിഞ്ഞ ശിഖരങ്ങളിൽ പുതിയ തളിരുകൾ വന്ന് തുടങ്ങിയ പോലെ…
പ്രില്യുമിനറി എക്സാം കഴിഞ്ഞപ്പോൾ മുന്നോട്ട് പോകുവാൻ വല്ലാത്തൊരു ആത്മവിശ്വാസം തോന്നി.
കട്ട്‌ ഓഫ്‌ നോക്കിയപ്പോൾ ഉറപ്പായിരുന്നു. റിസൾട്ട്‌ അനുകൂലമാകുമെന്ന്.
മെയിൻസിന് ഡൽഹിയിൽ പോകണമെന്ന് എല്ലാവരും പറഞ്ഞെങ്കിലും അതിന്റെ ഭാരം താങ്ങുവാൻ അച്ഛന് കഴിയില്ലെന്ന് അറിയാമായിരുന്നത് കൊണ്ടാണ് തിരുവനന്തപുരം തന്നെ തിരഞ്ഞെടുത്തു.
പഠിത്തവും, പാരലൽ കോളേജിലെ ജോലിയും ഒരുമിച്ച് കൊണ്ട് പോകുവാൻ ഒത്തിരി ബുദ്ധിമുട്ടി.
എത്രയോ രാത്രികളിൽ ശരീരം ഉറങ്ങിയപ്പോഴും മനസ്സ് പുസ്തകതാളുകളിൽ ഉണർന്നിരുന്നു.
കടമ്പകൾ ഓരോന്നായി കടന്നപ്പോൾ ഇനി ഇന്റർവ്യൂവിനുള്ള തയ്യാറെടുപ്പിന് ഡൽഹിയിൽ പോകുന്നതാ ഉചിതമെന്ന് തോന്നി.
ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് കരുതി അച്ഛൻ അനുജത്തിയുടെ വിവാഹത്തിന് സ്വരൂപിച്ച സമ്പാദ്യത്തിൽ നിന്ന് അതിനുള്ള തുക തരുമ്പോൾ, ‘വിജയം’ അതിൽ കുറഞ്ഞതൊന്നും എനിക്ക് പ്രതീക്ഷിക്കുവാൻ കഴിയുമായിരുന്നില്ല.
എങ്കിലും സിവിൽ സർവീസിലെ ഏറ്റവും വലിയ കടമ്പയാണ് ഇന്റർവ്യൂ എന്ന് എനിക്കറിയാമായിരുന്നു.
സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ചുകൊണ്ടാണ് ഇന്റർവ്യൂവിന് കയറിയത്.
എല്ലാം വളരെ ഭംഗിയായെങ്കിലും രണ്ട് മാസം കഴിഞ്ഞ് റിസൾട്ട്‌ വന്നപ്പോൾ വീട്ടിൽ അതിരില്ലാത്ത സന്തോഷം പടികയറി വന്നു.
അച്ഛൻ എന്നെ ചേർത്ത് നിർത്തി, ആ കൈകളിലെ കരുതൽ എന്റെ ഹൃദയത്തിലലിഞ്ഞിറങ്ങുകയായിരുന്നു.
എന്നും പുലരുമ്പോൾ പത്രം കിട്ടിയാലുടനെ അച്ഛൻ നോക്കുന്നത് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലമാണ്.
നിരാശയോടെ അത് ചുരുട്ടിയെറിയുമ്പോൾ അച്ഛന്റെ മുഖത്തെ വിഷമം ഞാനൊത്തിരി കണ്ടിട്ടുണ്ട്.

ഇന്ന് ബമ്പർ ലോട്ടറി അടിച്ച സന്തോഷം ആ മുഖത്ത് കാണുമ്പോൾ വരണ്ടുണങ്ങിയ മണ്ണിലേക്ക് പെയ്തിറങ്ങിയമഴയുടെ സുഖമായിരുന്നു.
പത്രങ്ങളിലും, ടി. വി യിലും വാർത്തയും ചിത്രവും വന്നപ്പോഴാണ് നാട്ടുകാർ വിവരം അറിഞ്ഞത്. പിന്നെ അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. കൂടുതലും താൻ പഠിപ്പിച്ച കുട്ടികളായിരുന്നു.
അച്ഛന്റെ കൂട്ടുകാരെല്ലാം കൂടി വന്നവർക്കെല്ലാം മധുരം നല്കാൻ ഓടിനടന്നു.
ഒരു സബ് കളക്ടറുടെ വേഷപകർച്ചയിൽ ഇന്നിവിടെ നില്കുമ്പോൾ എനിക്ക് ഇവളോടും കടപ്പാട് ഇല്ലെന്ന് പറയാനാകില്ല.
അവൾ കണ്ണ് കൊണ്ട് തന്നെ ഉഴിയുന്നതും
ഭർത്താവിനോട് തന്നെ ചൂണ്ടി എന്തോ പറയുന്നതും അയാൾ ശ്രദ്ധിച്ചു.
എന്താവും അവൾ പറയുക.
“ഞാൻ അയാളുടേതായിരുന്നു, നിങ്ങൾ തട്ടിപറിച്ചതാണെന്നോ?,”
ഏതായാലും അങ്ങനെ പറയാനിടയില്ല, താൻ ഇന്നലെ വരെ മറ്റൊരാളെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് ഭാര്യയിൽ നിന്ന് കേൾക്കുവാൻ ഒരു പുരുഷനും ഇഷ്ടപ്പെടില്ല. പിന്നെയോ?
ഒരു പക്ഷെ തന്റെ നാട്ടുകാരനാണ്, ഇവിടുത്തെ സബ് കളക്ടർ എന്ന് പൊങ്ങച്ചം പറയാനാകും സാധ്യത.
അവൾ ഭർത്താവിനെയും കൂട്ടി തന്റെ അടുത്തേക്ക് നടന്ന് വന്നു.
അവർ രണ്ട് പേരും വളരെ ഹൃദ്യമായി അയാളെ നോക്കി ചിരിച്ചു.
അയാൾക്കും ചിരിക്കാതിരിക്കുവാൻ കഴിഞ്ഞില്ല.
യാന്ത്രികതയുയുടെ ഔപചാരികമായ ഒരു മുഖം മൂടി അവൾ മാത്രമല്ല താനും അണിഞ്ഞിട്ടുണ്ടെന്ന് അയാൾക്ക് തോന്നി.
“ഹായ്… ഹലോ “പറഞ്ഞ് കൊണ്ട് അവിടെ നിറഞ്ഞ മൗനത്തെ അയാൾ മാറ്റി നിർത്തി.
“ഹലോ സർ “ഞാൻ വിനോദ്. സന്ധ്യ സാറിനെക്കുറിച്ച് പറയുമായിരുന്നു. അന്ന് ടി. വി യിലും, പത്രത്തിലും വാർത്തവന്നപ്പോൾ എന്നെപഠിപ്പിച്ച സാറാണ് എന്നൊക്കെ പറഞ്ഞ് വലിയ സന്തോഷത്തിലായിരുന്നു “.
എത്ര ഭംഗിയായി അവൾ വിഷയം കൈകാര്യം ചെയ്തിരിക്കുന്നു. ഞാൻ എപ്പോഴാണ് അവളെ പഠിപ്പിച്ചത്?. ഉള്ളിൽ ചിരി പൊന്തിയെങ്കിലും അവളുടെ സാമർഥ്യം അംഗീകരിക്കാതെ വയ്യ.
അവൾ ചിരിച്ചു കൊണ്ട് നിന്നു.
“വിനോദ് ഇപ്പോൾ ഏത് സ്കൂളിലാണ്? സുഖമാണോ?”.
“ഹരി… ഞാൻ എത്ര നേരമായി അവിടെ കാത്തു നില്കുന്നു.”പൂർണ്ണിമയുടെ പരാതി കേട്ടാണ് തിരിഞ്ഞ് നോക്കിയത്.
അവൾ അടുത്തെത്തിയപ്പോൾ അവളുടെ അത്തറിന്റെ സുഗന്ധം അവിടെ പരന്നു.
“ഞാൻ ഇതാ വന്നു , തന്റെ ജോലി കഴിഞ്ഞോ “.
എന്റെ പർച്ചേസ് കഴിഞ്ഞു. ഹരിക്ക് മൂന്നാല് ഷർട്ട്‌ ഞാൻ അവിടെ നോക്കി വെച്ചിട്ടുണ്ട് അത് കൂടെ കഴിഞ്ഞാൽ പോകാം “.
“പൂർണ്ണിമ ഇവർ എന്റെ നാട്ടുകാരാണ്,
ഇത് മിസ്റ്റർ വിനോദ്, അത് സന്ധ്യ “.
അവർ പൂർണ്ണിമയെ നോക്കി ചിരിച്ചു.
“സോറി ഞാൻ നിങ്ങൾക്ക് പൂർണ്ണിമയെ പരിചയപ്പെടുത്തിയില്ലല്ലോ, ഇത് പൂർണ്ണിമ ഐ.എ.എസ് സബ് കളക്ടർ ആണ് “.
“അറിയാം സർ കേട്ടിട്ടുണ്ട്,പത്രങ്ങളിൽ കാണാറുണ്ട് “. വിനോദ് പറഞ്ഞു.,,
“പൂർണ്ണിമ’… ബാഗിൽ ഇൻവിറ്റേഷൻ ഇരുപ്പുണ്ടോ?”.
“ഉണ്ടാവും ഹരി, നോക്കട്ടെ “.
പൂർണ്ണിമ ബാഗിൽ നിന്നും ഒരു ക്ഷണകത്തെടുത്തു ഹരിയുടെ കൈയിൽ കൊടുത്തു.
അത് വാങ്ങി പേരെഴുതിയിട്ട് വിനോദിന്റെ നേർക്ക് നീട്ടികൊണ്ട് ഹരി പറഞ്ഞു.
“ഇവിടെ വെച്ച് ക്ഷണിക്കുന്നതിൽ മറ്റൊന്നും തോന്നരുത്, വരണം രണ്ട് പേരും “.
അയാൾ ആ ഇൻവിറ്റേഷൻ സന്തോഷത്തോടെ വാങ്ങി തുറന്ന് നോക്കി.
ഹരിശങ്കർ. ഐ എ. എസ്.
വെഡ്സ്
പൂർണ്ണിമ. ഐ. എ. എസ്.
അവളുടെ കണ്ണുകൾ വിടരുന്നത് ഹരിയും പൂർണ്ണിമയും നോക്കി നിന്നു.
അവർ യാത്ര പറഞ്ഞു പോയിക്കഴിഞ്ഞപ്പോൾ പൂർണ്ണിമ ചോദിച്ചു.
“ഇതല്ലേ…നമ്മുടെ ആ പഴയ കക്ഷി?”
“അതെ,അവൾ തന്നെ “
“സത്യം പറയാല്ലോ ഹരി!, അവളാണ് ശരി, എനിക്ക് ആ കുട്ടിയോട് മതിപ്പാണ് തോന്നുന്നത്, അന്നവൾക്ക് വീണ്ടുവിചാരം ഉണ്ടായിരുന്നത് കൊണ്ട് രണ്ട് പേരുടെ ജീവിതവും രക്ഷപെട്ടു. ഇല്ലെങ്കിലോ? ഒന്നാലോചിച്ചു നോക്കിയാൽ അവളാണ് ഹരിയെ രക്ഷപ്പെടുത്തിയത് “.
അയാൾ പൂർണ്ണിമയെ നോക്കി മൃദുവായൊന്ന് മന്ദഹസിച്ചു.
ആ ചിരികണ്ടപ്പോൾ അവൾ പറഞ്ഞു.
“പഴയ കൂട്ടുകാരിയെ കണ്ട ഹാങ്ങ്‌ഓവറിലാണെന്ന് തോന്നുന്നു എന്റെ ഹരി സാർ…”അത് പറഞ്ഞിട്ടവൾ ചിരിച്ചു.
അവളുടെ ചിരി മുത്തുമണികളായ് അയാളുടെ മനസ്സിൽ ചിതറി വീണു വീണ്ടും കിലുങ്ങി…..

മോഹൻദാസ് എവെർഷൈൻ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി നിക്ഷേപകനും കൂടുംബത്തിനും യു എ ഇ ഗവൺമെൻ്റിൻ്റെ ആദരവ്.

ആലപ്പുഴ കുത്തിയതോട്ടിൽ പൂച്ചനാപറമ്പിൽ കുഞ്ഞോ സാഹിബിന്റെ മകൻ മുഹമ്മദ് സാലിയെയും, ഭാര്യ ലൈല സാലിയെയുമാണ് യു എ ഇ ഗവൺമെൻ്റ് ഗോൾഡൻ വിസ കൊടുത്തു ആദരിച്ചത്. പത്ത് വർഷക്കാലാവധിയുള്ളതാണ് യു എ ഇ...

ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി.

കൊവിഡ് പടരുന്നതിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നും പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ആലപ്പുഴ ജില്ലാ...

വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരം പ്രഖ്യാപിച്ചു.

വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ മേഖലയിെലയും പരിസ്ഥിതി മേഖലയിലെയും മികവുറ്റ പ്രതിഭകള്‍ക്കാണ് ഇത്തവണ പുരസ്കാരം. ഇബ്രാഹിം ചേര്‍ക്കള, മധു തൃപ്പെരുംന്തുറ, ബീന ബിനില്‍, മധു ആലപ്പടമ്പ്, ശ്രീജേഷ്...

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു.

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വൈറസ് നമുക്കിടയിൽ തന്നെയുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇതെന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോവണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണമെന്നും...
WP2Social Auto Publish Powered By : XYZScripts.com
error: