വിവാഹനിശ്ചയം കഷിഞ്ഞ് ബന്ധുക്കളൊക്കെ പിരിഞ്ഞുപോയി. വീടെത്തി, ശരത് സിറ്റൗട്ടിലെ സോഫയിലേക്കിരുന്നു. ഒന്നോർത്താൽ അഭിമാനം തോന്നുന്നു. നാട്ടിൽ വേറെ പെണ്ണുകിട്ടാഞ്ഞല്ല പക്ഷെ അഞ്ചുവർഷം മുൻപ് നെഞ്ചിലേറ്റ മുറിവ് അത് മറക്കുവാനായില്ല.അന്ന് താൻ നാട്ടിൽ വെറുമൊരു ഇളക്ട്രീഷ്യൻ മാത്രമായിരുന്നുവല്ലോ. മഞ്ജുവിന്റെ വീട്ടിൽ തനിക്കുവേണ്ടി വിവാഹാലോചനയുമായി പോയിട്ട് അന്ന് അമ്മ മടങ്ങിവന്ന ആ രംഗം.. അതോർക്കുമ്പോൾ മനസ്സ് ആസ്വസ്ഥമായി.. ഓർമ്മകളുടെ രഥം മെല്ലെ പുറകോട്ടുപോയി.
മഞ്ജു…ആരും കണ്ടാൽ മോഹിച്ചുപോകുന്ന ശാലീന സുന്ദരി.മോഹിപ്പിക്കുന്ന പെരുമാറ്റമൊന്നുമില്ലെങ്കിലും ആ നിഷ്കളങ്കമായ പുഞ്ചിരി സ്നേഹം തുളുമ്പുന്ന മിഴിയഴക്.. അതാണ് തനിക്കവളോട് ഇഷ്ടം തോന്നുവാൻകാരണം.
എപ്പോഴെങ്കിലും വഴിയിൽ വെച്ചുകാണുമ്പൊൾ അവൾ സമ്മാനിക്കുന്ന ചെറുപുഞ്ചിരി.. അതുതാൻ നെഞ്ചിലേറ്റിനടന്നു.
ഒരിക്കൽ ക്ഷേത്രനടയിൽ നിന്ന് അവൾ തൊഴുതുമടങ്ങുമ്പോഴാണ് താൻ, തന്റെ ഇഷ്ടം അവളെ അറിയിച്ചത്..അവൾ ആകെ പരിഭ്രമിച്ചുപോയി. വെപ്രാളത്തോടെ ചുറ്റും നോക്കിക്കൊണ്ട് അവൾ പറഞ്ഞു ശരത്തേട്ടാ ഇതൊക്കെ നമ്മുടെ വീട്ടുകാർ അംഗീകരിക്കുമോ. വീട്ടിലറിഞ്ഞാൽ…അച്ഛൻ….എനിക്കുപേടിയാണ്..
ശരത്തേട്ടാ…. എന്ന അവളുടെ വിളി മനസ്സിന് ധൈര്യംപകർന്നു.
പിന്നീട് പരസ്പരം പിരിയാനാകാത്തവണ്ണം അടുക്കുകയായിരുന്നു. തന്നെക്കാൾ ഉയർന്ന സാമ്പത്തികനിലയുള്ള വീട്ടിലെ പെൺകുട്ടി സ്നേഹത്തിന് അത്തരം വകതിരിവുകൾ ഇല്ലല്ലോ.
ഒരുദിവസം അമ്മയോട് കാര്യം അവതരിപ്പിച്ചു. പക്ഷെ അമ്മയ്ക്ക് താല്പര്യം ഇല്ലായിരുന്നു. “മോനേ അവരൊക്കെ വലിയ പണക്കാരാണ് നമ്മുടെ ചുറ്റുപാടിനനുസരിച്ചുള്ള ഒരു ബന്ധം മതി നമുക്ക്…”പക്ഷെ തന്റെ പിടിവാശിക്കുമുൻപിൽ അമ്മ തോറ്റുപോയി. ഏതായാലും ഞാൻ പോയിസംസാരിക്കാം എന്നുപറഞ്ഞാണ് അമ്മ പോയത്.
അന്ന് മഞ്ജുവിന്റെ അച്ഛന്റെയും അമ്മയുടെയും പ്രതികരണം അമ്മക്ക് സഹിക്കുവാനായില്ല. “അവന് നല്ല ഒരു ജോലിയുണ്ടോ”..?!! കാൽക്കാശിനുവകയില്ലാതെ… വല്യവീട്ടിലെ പെൺകുട്ടികളെ കണ്ട് മോഹിക്കരുത്. നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു ഇവിടെ വന്ന് പെണ്ണുചോദിക്കുവാൻ..?ഇവിടുത്തെ തൊഴുത്തിന്റെ വലിപ്പമുണ്ടോ.. നിങ്ങളുടെവീടിന്.. പെണ്ണാലോചിക്കാൻ വന്നിരിക്കുന്നു….
തകർന്ന മനസ്സുമായാണ് അന്ന് അമ്മ മടങ്ങിയെത്തിയത്.കാര്യങ്ങൾ അറിഞ്ഞപ്പോൾ ഉള്ളിൽ കോപമുണ്ടായെങ്കിലും അമ്മ പറഞ്ഞ് ആശ്വസിപ്പിച്ചു.
പിന്നീട് വാശിയായിരുന്നു പണമുണ്ടാക്കണം.. അവരെക്കാൾ വലിയ നിലയിലെത്തണം. മനസ്സിലെ മോഹങ്ങൾവിടർത്തിയ ചിറകിലേറിയാണ് ഗൾഫിലേക്ക് പറന്നത്. ഈശ്വരാനുഗ്രഹം കൊണ്ട് നല്ല ജോലിയായിരുന്നു യൂറോപ്യൻ കമ്പനിയിൽ. കഠിനാധ്വാനം ചെയ്തുപണമുണ്ടാക്കി.കിട്ടുന്ന ഓവർടൈം എല്ലാംചെയ്‌തു.. നല്ല വീടുണ്ടാക്കി ഇന്ന് അഭിമാനിക്കാവുന്ന നിലയിലായി. എല്ലാം മനസ്സിന്റെ ശക്തമായ മാന്ത്രികപ്രേരണയാൽ.
രണ്ടുവർഷങ്ങൾ കടന്നുപോയി. ഇടക്ക് അമ്മ പറഞ്ഞാണറിഞ്ഞത് മഞ്ജുവിന്റെ അച്ഛൻ ആത്മഹത്യ ചെയ്‌തു.. ബിസിനസ്സ് തകർന്ന് കടബാധ്യതയായി.പിടിച്ചുനിൽക്കുവനാകാതെ… കഷ്ടമായിപ്പോയി…
അവധിക്ക് നാട്ടിലെത്തിയപ്പോൾ യാദൃശ്ചികമായി മഞ്ജുവിനെ അവളുടെ അമ്മയോടൊപ്പം അമ്പലനടയിൽ വെച്ചുകണ്ടു. എണ്ണവറ്റിയ നിലവിളക്കുപോലെ അവളുടെ രൂപംമാറിയിരിക്കുന്നു അവളുടെ അമ്മയുടെ മുഖത്ത് പഴയ ഗർവ്വ്കാണാനില്ല. എന്നെക്കണ്ട് മഞ്ജു അടുത്തേക്ക് വന്നു. ശരത്തേട്ടൻ എന്നെത്തി എന്ന ചോദ്യത്തിന്, കഴിഞ്ഞ ദിവസം എന്ന് മറുപടി കൊടുത്തു എന്നിട്ട് വേഗം പിൻതിരിഞ്ഞു നടക്കുവാൻ ഭാവിച്ചതാണ്. പക്ഷേ.മനസ്സ് അനുവദിച്ചില്ല വെറുതെ അപ്പോൾ താൻ ഒരു പാഴ്‌വാക്ക് ചോദിച്ചു മഞ്ജുവിന്റെ ഭർത്താവ്…? വിളറിയ ഒരു ചിരിയായിരുന്നു അവളുടെ മറുപടി. പോട്ടേ എന്നുപറഞ്ഞ് അവൾ വേഗം തിരികെ നടന്നു.
പിന്നീടാണ് അറിഞ്ഞത്. അവളുടെ കല്യാണം നിശ്ചയിച്ചതായിരുന്നു.അവളുടെ സമ്മതം കൂടാതെ തന്നെ. പക്ഷെ പിന്നീട്, കടബാധ്യതയുള്ള കുടുംബത്തിൽ നിന്നും വിവാഹം വേണ്ടെന്ന് വരന്റെ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. അതാണ് മഞ്ജുവിന്റെ അച്ഛനെ ആത്മഹത്യയിലേക്ക് നയിച്ചത്.മനസ്സിന്റെ ഉള്ളറകളിലെവിടെയോ ഒരു നൊമ്പരം ഉണർന്നു.
പിറ്റേന്ന് ശരത് അവളുടെ വീട്ടിലെത്തി. അവളെ തന്റെ ജീവിതത്തിലേക്ക് തിരികെ ക്ഷണിക്കുമ്പോൾ പണ്ട് തന്റെ അമ്മയെ ആട്ടിപ്പായിച്ചതിന്റെ പശ്ചാത്താപത്താലാകാം അവളുടെ അമ്മ വിതുമ്പിക്കരഞ്ഞത്. പിന്നീടെല്ലാകാര്യങ്ങളും വേഗത്തിലായിരുന്നു.അടുത്തയാഴ്ച വിവാഹമാണ് അവൾക്കണിയുവാനുള്ള ആഭരണങ്ങൾ, അമ്മയോടൊപ്പം അവളുടെ വീട്ടിൽച്ചെന്ന് ഏൽപ്പിക്കുമ്പോൾ എന്റെ അമ്മയുടെ മുഖത്തുതെളിഞ്ഞ അഭിമാനത്തിന്റെ തിളക്കം താൻ ശ്രദ്ധിക്കുകയായിരുന്നു മനസ്സിന്റെ വികാരങ്ങൾ ആരറിയുന്നു … സ്നേഹം പുച്ഛം പശ്ചാത്താപം മാപ്പ് എല്ലാം മനസ്സെന്ന മഹാമാന്ത്രികന്റെ സൃഷ്ടികൾ.
“മോനേ ദാ ചായ കുടിക്ക് “എന്ന അമ്മയുടെ ശബ്ദം കേട്ട് ശരത് ചിന്തകളിൽ നിന്നുമുണരുമ്പോൾ സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിൽ ചെഞ്ചായംപൂശി മറയുകയായിരുന്നു…പ്രതീക്ഷയോടെ…. ജീവിതത്തിന്റെ ഒരുപുത്തൻപുലരിക്കായി.
ശുഭം
മുരുകൻ ആചാരി
ആലപ്പുഴ