അനന്ത സീമകളതിരുടുംവേള
കിനാവഞ്ചിയിലൊരു
നവമോഹ നടനത്തിൻ
നൈർമല്യമോഹം.
തെരുതെരെ കുളിരേകുമോർമ്മയും
പേറി,
കാണാൻ കഴിയാത്ത ദൂരവിഹായസ്സിൽ
മണിമേഘക്കാടിന്റെ കൂടൊന്നു
തീർക്കാം.
അതിലെന്റെ കണ്ണനായ് ഉണരുമോ നീ
അതിലൊരു പൂവായ് വിടരുമോ നീ
വാനിലൊരു താരമായ് ഉദിക്കുമോ നീ
ഒരു ചന്ദ്രബിംബപ്രഭ ചൊരിയുമോ നീ.
മധു മലർക്കൊമ്പിലെ പൂവാണു
നീയെങ്കിലും,
ഒരു പകൽക്കിനാവിൻ ശോഭയേകാൻ
ഒരു മായാവർണ്ണചിത്രമായ് ചാലിച്ചു
ചാർത്തുവാൻ,
കണ്ണാനിന്നെയൊരു നീലാംബരമാല
ചാർത്തി
മന്ദാര മണിച്ചെപ്പിലൊതുക്കി വയ്ക്കാം.
മയിൽപ്പീലി വർണ്ണങ്ങളാൽ
പൊന്നാട നെയ്യാം
മണിവർണ്ണാ നീയൂതുന്ന
മുരളീരവം കേൾക്കാം
മായാവർണ്ണപ്പൂക്കളാൽ
മുഖപടംതീർക്കാം
മനസ്സെന്ന മാന്ത്രികക്കുതിരയ്ക്കു
മണിമേട തീർത്ത് മായാമഞ്ചലിൽ
മയക്കീടാമീമോഹ
സ്വപ്നശകലങ്ങൾ.
✍️ കനകം തുളസി
നന്നായിട്ടുണ്ട്.
അഭിനന്ദനക്കുറിപ്പും ലൈക്കും നൽകി എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ സ്നേഹനിധികൾക്കും
നന്മകൾ നേരുന്നു.
സ്നേഹാശംസകൾ.