കറുപ്പിൻ്റെ സാരിത്തുമ്പിൽ
ഒരു പകൽ കൂടി ആത്മഹത്യ ചെയ്തു..!
എന്നാൽ അതിനു മുൻപേ-
അതിൻ്റെ ഉടുപ്പിലൊക്കെയും
കറ പുരണ്ടിരുന്നു.
അവിടിവിടെ കട്ടച്ചോരയുടെ-
ഇരുണ്ടു ചുവന്ന കറ.
ദുരൂഹത ഉള്ളതിനാൽ,
കാരണം തിരക്കി പലരും വന്നു.
അവരുടെ കൂട്ടത്തിൽ
ചിറകിൽ ചൂടുള്ള ഒരു കാറ്റും വന്നു-
കൂടെ ,ദുരൂഹ മരണം നാടറിയണമെന്നും പറഞ്ഞു..
അപ്പോഴൊക്കെയും ചിറകിലെ തീയും ആളുന്നുണ്ടായിരുന്നു…
എന്നാൽ, അപരിചിതരായ കുറെ
കറുത്ത മേഘങ്ങൾ തങ്ങളുടെ വാദങ്ങളാൽ ആ കാറ്റിനെ മുക്കികൊന്നു..!
അപ്പോഴേക്കും മുഖമില്ലാതാടുന്ന
നിഴൽകൂത്തു കാണാൻ
വഴിവിളക്കുകൾ എത്തി നോക്കി.
ഉറക്കച്ചടവുള്ള തെരുവോരങ്ങൾ
അധികം ആയുസ്സില്ലാത്ത വഴിവിളക്കിനു നേരെ കല്ലെറിഞ്ഞു.
മരവിച്ച നിശ്ശബ്ദത പഠിപ്പിക്കാൻ
പകലിനെ അറിയുന്നവരെയൊക്കെയും
കറുത്ത വവ്വാലുകൾ
ചിറകിനുള്ളിലൊതുക്കിയിരുന്നത്രെ.!
അതുകൊണ്ടു തന്നെ പകലിൻ്റെത്
വെറുമൊരു ആത്മഹത്യ മാത്രമെന്നു വിധിക്കപ്പെട്ടു..
ഒന്നുമറിയില്ല എന്നു അഭിനയിച്ചു
കണ്ണിറുക്കെ ചിമ്മിയവർക്കൊക്കെയും അറിയാമായിരുന്നു,
ഇതേ ‘ ഇരുട്ട് ‘ നാളെയും ഒരു പകലിനേകൂടെ
തെളിവുകൾ ഇല്ലാതെ കൊല്ലുമെന്ന്..!
ഡോക്ടർ. നയന മധു.
കോഴിക്കോട്.