നെഞ്ചിലൊരു തീക്കൂനപോലെപൊള്ളുന്ന ഓർമ്മകളെ അടക്കം ചെയ്ത മനസ്സിനെ ചുമന്നു തളർന്നു പോയവരുമായി കൂട്ട് കൂടിയിട്ടുണ്ടോ..???
ഇരുട്ടിന്റെ കട്ടി കൂടിക്കൂടി കണ്ണിനു നിറഭേദമില്ലാതായിപ്പോയ ഒരാകാശം സ്വന്തമായവരെ കൂടെ കൂട്ടിയെന്നു വെറുതെ പറയുന്നവരെ ചേർത്ത് പിടിച്ചിട്ടുണ്ടോ….
നോവ് ചോർന്നൊലിക്കുന്ന ഹൃദയത്തിൽ പിടയ്ക്കുന്ന സ്വന്തം മനസ്സിനെചേർത്ത് പിടിക്കാൻ
വയ്യാതെ മരവിച്ചുറഞ്ഞു പോയവരെ ദയയോടെ ഒന്ന് തൊട്ടു നോക്കിയിട്ടുണ്ടോ..
ഋതു ഭേദങ്ങൾ പോലും നിശ്ചലമായി പോവുന്നത്ര ചുട്ടു പൊള്ളുന്ന മരുഭൂമിയിൽ വെന്തുരുകിയ ആത്മാവുമായി ദിക്കറിയാതെ ഒടുങ്ങിപ്പോയ ആത്മാക്കളുടെ നിലവിളി കേട്ടു ഹൃദയം നുറുങ്ങി പോയിട്ടുണ്ടോ..
ഇഷ്ടം കൊണ്ട് ഉയർന്നു പൊങ്ങി പോവുമ്പോ പെട്ടെന്ന് നൂലറ്റ് പോയ പട്ടം പോലെ എവിടെയോ കുരുങ്ങി പാതിവഴിയിൽ അവസാനിച്ചു പോയവരുടെ നഷ്ട സ്വപ്നങ്ങളെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ടോ…
ഉണ്ടെങ്കിൽ നിങ്ങളിൽ നിന്നും
നെടുവീർപ്പായെങ്കിലും ഒരുപാട് നോവ് പെയ്ത് നിങ്ങളുടെ ഉള്ളുലയ്ക്കുന്നത് അറിഞ്ഞിട്ടുണ്ടാവും
ഏറെയൊന്നും പറയാതെ തന്നെ ഹൃദയം ഹൃദയത്തിൽ നിന്നും തൊട്ടെടുക്കുന്ന നോവിന്റെ ചോരച്ചാലിൽ പെട്ട് സ്വന്തം സന്തോഷത്തിന്റെ പൂക്കൾപോലും കരിഞ്ഞു പോയിട്ടുമുണ്ടാവും.
ഏകാന്തതയുടെ ഇരുട്ട് മുറികൾക്കെന്നും ഒറ്റ വാതിലേയുള്ളൂ ഒരു ജനൽപ്പാളിപോലും വെളിച്ചം തരാതെ മങ്ങിയ നിഴൽ രൂപങ്ങളായി പോവുന്ന ഒറ്റവാതിൽ മുറി
പെയ്തു തോർന്നു കഴിഞ്ഞും പെയ്യുന്ന മരം പോലെ എവിടൊക്കെയോ ചിലത് ബാക്കിയുണ്ടെങ്കിലും….
ഒറ്റയാവുക എന്ന നിസ്സഹായതയുടെ കടൽ താണ്ടാൻ അനുഭവങ്ങളുടെ പൊള്ളലേറ്റ ചിറകുകൾക്കു കഴിയുമെങ്കിൽ മാത്രം.. ദൂരം താണ്ടാം
അല്ലെങ്കിൽ ഇനിയും ഒടുങ്ങാത്ത നോവിന്റെ തീയിൽ നീറിയെടുങ്ങി കാലത്തിന്റെ കൈത്തെറ്റ് പോലെ എവിടെയുമെത്താതെ ആരുമറിയാതെ പോയ് മറയും…
മേൽവിലാസം തെറ്റിഎഴുതിയ.. കത്ത് പോലെ അതേ.അടയാളങ്ങൾ ഒന്നുമില്ലാതെ ..സ്വയം എരിഞ്ഞടങ്ങിയ ചില ജീവിതകഥകൾ അങ്ങനെയുമാണ്….
__ മീനു ___✍