മേരി ജോസി മലയിൽ, തിരുവനന്തപുരം.
കള്ളൻ എന്ന് മുദ്രകുത്തിയ അടക്കാ രാജു സിസ്റ്റർ അഭയ കേസ് തെളിയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വിവരം നമ്മളെല്ലാവരും അടുത്ത ദിവസങ്ങളിൽ പത്രങ്ങളിൽ വായിച്ചു. ലക്ഷങ്ങൾ വാഗ്ദാനം ചെയ്തവരുടെ പ്രലോഭനങ്ങളിൽ വീഴാതെ സിസ്റ്റർ അഭയാ കേസ് തെളിയിക്കാൻ രാജു കാണിച്ച തന്റേടം അഭിനന്ദനാർഹം തന്നെ. അങ്ങനെയൊന്നു നടക്കുമോ എന്ന് സംശയിക്കുന്നവർക്കായി ഞാൻ ഒരു അനുഭവ കഥ പറയാം. ആരും കള്ളന്മാരായി ജനിക്കുന്നില്ല. ജീവിത സാഹചര്യങ്ങളാണ് ഓരോരുത്തരെയും അങ്ങനെ ആക്കി തീർക്കുന്നത്.
തിരുവല്ലയിലെ ധനാഢ്യനായ ഇട്ടുണ്ണി മുതലാളിയുടെ ഭാര്യ ത്രേസ്യാമ്മ വൈകുന്നേരം മൂന്നുമണിക്ക് ജോലിക്കാരി കൊണ്ടുതന്ന ചായയും കുടിച്ച് ശാലോം ടിവിയിൽ കരുണകൊന്ത കൂടി കൊണ്ടിരിക്കുന്ന സമയത്താണ് വിലങ്ങണിയിച്ച ഒരു കള്ളനെ പോലീസ് ജീപ്പിൽ വീട്ടിലേക്ക് കൊണ്ടുവന്നത്. എസ്. ഐ. കോളിങ് ബെൽ അടിക്കുന്നതിനുമുമ്പേ പറമ്പിൽ ജോലി ചെയ്തുകൊണ്ടിരുന്ന പണിക്കാരൊക്കെ “അമ്മച്ചി, അമ്മച്ചി…. ദേ ഒരു പോലീസ് ജീപ്പ് വന്നേ “ എന്ന് പറഞ്ഞ് അലറാൻ തുടങ്ങി. പരിഭ്രാന്തയായ ത്രേസ്യാമ്മ കതകു തുറന്നപ്പോൾ കണ്ടത് പൊലീസ് ജീപ്പിലിരുന്ന് കയ്യിൽ വിലങ്ങും ഇട്ട കള്ളൻ ഈ വീട് ചൂണ്ടിക്കാണിക്കുന്നതാണ്. അത്ഭുതപ്പെട്ട ത്രേസിയാമ്മ “എന്താ സാറേ പ്രശ്നം”? എന്ന് ചോദിച്ചു.
രണ്ടുദിവസം മുമ്പ് മാല മോഷണത്തിന് പിടിയിലായ കള്ളനാണ് ഇവൻ. കഴിഞ്ഞ അഞ്ച് മാസമായി ഇവിടെ നടന്നുവന്നിരുന്ന എല്ലാ സ്വർണ്ണാഭരണ മോഷണവും നടത്തിയിരുന്നത് ഇവൻ ആണെന്ന് തെളിഞ്ഞു. പല സ്വർണാഭരണങ്ങളും ഇവൻ പണയം വച്ചു കാശ് എടുത്തിട്ടുണ്ട്. അതിൻറെ രശീതി ഈ വീട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് പറഞ്ഞു. അത് എടുക്കാനും തെളിവെടുപ്പിനും വേണ്ടി കൊണ്ടുവന്നതാണെന്ന്. ത്രേസ്യാമ്മ ചേട്ടത്തി ഇതു കേട്ട് അന്തം വിട്ടു. ഈ വീട്ടിലോ? ആറേഴ് ബെഡ്റൂമുള്ള പഴയ വലിയൊരു ബംഗ്ലാവ് ആണ് അത്. മക്കൾ വിവാഹം കഴിഞ്ഞ് വിദേശത്തും സ്വദേശത്തും ഒക്കെയായി മാറി താമസിക്കുന്നു. ഈ വീട്ടിൽ ഇപ്പോൾ ഇളയ മകനും കുടുംബവും ആണ് താമസം. മകനും കുട്ടികളും കടയിലേക്കും സ്കൂളിലേക്കും മരുമകൾ അവൾ നടത്തുന്ന ബുട്ടിക്കിലേക്കും പോയാൽ ത്രേസ്യാമ്മ ചേട്ടത്തി മാത്രമേ പകൽസമയം അവിടെ ഉണ്ടാവുകയുള്ളൂ. രണ്ട് ഏക്കറിന് നടുവിൽ തലയെടുപ്പോടെ നിൽക്കുന്ന ഈ ബംഗ്ലാവിലോ കള്ളൻ രസീത് സൂക്ഷിക്കാൻ തിരഞ്ഞെടുത്ത സ്ഥലം?
നൂല് സാബു എന്നാണ് അവൻറെ പേര്. വിലങ്ങഴിച്ചു തന്നാൽ താൻ എങ്ങനെയാണ് ഈ വീട്ടിൽ കയറിയിരുന്നത് എന്ന് കാണിക്കാം എന്ന് പറഞ്ഞു സാബു. പുറകുവശത്തെ ചാഞ്ഞ് നിൽക്കുന്ന പേര മരത്തിലൂടെ നിഷ്പ്രയാസം ടെറസിലേക്ക് കയറി. ആ വീടിൻറെ ടെറസ്സിൽ ഒരു ഒറ്റ മുറിയുണ്ട്. വേനലവധിക്ക് എല്ലാ കുട്ടികളും എത്തുമ്പോൾ മാത്രമേ ആ മുറി തുറക്കാറുള്ളൂ.കാരംസ് ബോർഡും വേണ്ടാത്ത കുറച്ച് ആക്രി സാധനങ്ങളും പഴയ ഒരു കട്ടിലും കിടപ്പുണ്ട്. ആ മുറിയുടെ ജനലിനു അഴികളില്ല. വളരെ മെലിഞ്ഞ ആൾക്ക് അതിലൂടെ ഞ്ഞൂണ്ട് ഇറങ്ങാം. നൂലു സാബു രാത്രിയോ പകലോ ഈ പേരമരം വഴി ഈ മുറിയിൽ വന്നു കിടന്നുറങ്ങും. മുറി പുറത്തുനിന്ന് പൂട്ടിയിട്ടുണ്ട്. ജനലിന്റെ കൊളുത്ത് ഒരെണ്ണം അടർത്തി മാറ്റിവെച്ചിട്ടുണ്ട്. സാബു അവിടെയാണ് അവൻറെ സ്ഥാവര ജംഗമ വസ്തുക്കൾ ഒക്കെ സൂക്ഷിച്ചിരിക്കുന്നത്. അവിടെ ഇരുന്ന തുണിസഞ്ചിയിൽ നിന്ന് സ്വർണം പണയം വച്ച രസീത് എടുത്തു പോലീസിന് കൊടുത്തു.
ത്രേസ്സ്യാമ്മ ചേടത്തി സ്വർണ്ണ കൊന്തയും താലിമാലയും വളയും കമ്മലും മോതിരവും ഒക്കെയായി ഒരു 10-30 പവൻ എങ്കിലും ദേഹത്ത് ധരിച്ചിട്ടുണ്ട്.
“ നീയെന്താ ഈ വീട്ടിലുള്ളവരെ ഉപദ്രവിക്കാതെ ഇരുന്നത്? “ എന്ന് അത്ഭുതത്തോടെ ചോദിച്ചു പോലീസ്.
“സാറേ സാബു കള്ളനാണ്. പക്ഷേ ചെറ്റയല്ല !!! അഞ്ച്- എട്ടുമാസമായി ഒരു രൂപ പോലും വാടക കൊടുക്കാതെ എനിക്കൊരു കിടപ്പാടം തന്ന അമ്മച്ചിയെ ഞാൻ ഉപദ്രവിക്കില്ല.” എന്ന്.നൂലു സാബുവിനെയും കൊണ്ട് പോലീസ് ജീപ്പ് കണ്ണിൽനിന്ന് മറഞ്ഞതും ആ മുറി പൊളിച്ചു കളയാനുള്ള തീരുമാനവുമായി ത്രേസ്സ്യാമ്മ ചേടത്തി ജോലിക്കാരെ അന്വേഷണം തുടങ്ങി.
