മറവികളില്ലാതെ,
നീ എന്നിലേക്കെത്താറുണ്ട്..!
എത്ര തുടച്ചാലും
കവിള്‍ നനച്ചെത്തുന്ന
കണ്ണിലെ നനവുപോലെ..!
ആകാശച്ചെരുവില്‍
വിതുമ്പലോടെ
വേനലിലേക്ക് പെയ്യാന്‍ മാത്രം
ഒളിച്ചുനില്‍ക്കുന്ന
മഴമേഘംപോലെ..!!
രാത്രി മുഴുവന്‍
തഴുകിത്തലോടിയിട്ടും
പുലരിയോട്
യാത്രപോലും പറയാതെ
പോകുന്ന പാതിരാക്കാറ്റുപോലെ..!
ജീവിതം മുഴുവന്‍
ചേര്‍ന്ന് നടന്നിട്ടും
മറവിയെക്കുറിച്ച്
ഒരക്ഷരമെഴുതാത്ത
ഓര്‍മ്മയെപ്പോലെ..!
മരണത്തിന്റെ ദിശാസൂചികള്‍
ഹൃദയത്തിലാഴ്ത്തിയ
അപഥ സഞ്ചാരിയായ
പാതിരാക്കാറ്റ് പോലെ..!!
നീ എന്നിലേക്കെത്താറുണ്ട്..!
സന്തോഷ് മലയാറ്റിൽ (ചന്തു) ✍