‘ഭാനു’.
‘നമുക്കൊരു ചെറിയ യാത്ര പോകാം, നീ വരുമെങ്കിൽ’.?
‘എങ്ങോട്ടു’.?
‘നീലി മലയുടെ ഉയരങ്ങളിലേക്ക്’.
‘നിന്‍റെ വർഷങ്ങൾ പഴകിയ പൊതിഞ്ഞുവച്ച ആഗ്രഹം തീർക്കാം,പിന്നെ, ഈ മുഷിഞ്ഞ മടുപ്പിന് ഒരു ഇടവേളയും’.
‘ഉം’.
‘പോകണമെന്ന് ആഗ്രഹമുണ്ട് ഭരത്,പക്ഷ, ഈ വശം തളർന്ന ശരീരം വലിച്ചിഴച്ചു ഒരു യാത്ര’.?
‘ഭാനു,രണ്ടുമൂന്നു മണിക്കൂർ ഡ്രൈവൊക്കെ എനിക്ക് പറ്റുമെടോ പിന്നെ, കുതിക്കുന്ന കുതിരയല്ലേ ഇപ്പോഴും നമ്മുടെ പദ്മിനി’.
തീരുമാനങ്ങളുടെ
ശരിതെറ്റുകളുടെ അപഗ്രഥനം ഞാൻ നിറുത്തിവച്ചു പറഞ്ഞു.
‘രാത്രി യാത്രതിരിക്കുന്നു നമ്മൾ, ഇന്ന് പൗർണ്ണമിയാണ്, നീലി മലയുടെ ഉയരത്തിൽ പൗർണ്ണമിയെ കാണാൻ നല്ല രസമാകും’.
‘സൊ മൈ ഡിയർ ഭാനു, വി ആർ മൂവിങ് ടുഡേ നൈറ്റ് ഓക്കേ’.?
‘നിന്നെ ഞാൻ മെല്ലെ താങ്ങി എത്തിക്കാം, കാറ് വരെ.
മലമുകളിലെ പൗർണ്ണമി കാറിലിരുന്നും കാണാമല്ലോ’.?
‘ഒന്ന് പോകാമെന്നു പറയു ഭാനു’
ഞാൻ സംശയിച്ചു ചോദിച്ചു.
‘ഉം’ ഭാനു അർദ്ധ സമ്മതത്തിൽ മൂളി.
രാത്രി പത്തുമണിയുടെ നിശബ്ദതയിൽതന്നെ അത്ര വികസിതമല്ലാത്ത നഗരം ഉറങ്ങാൻ തുടങ്ങി കഴിഞ്ഞിരിക്കുന്നു. ഭാനുവിന് ഏറ്റവും ഇഷ്ട്ടപെട്ട കസവു കരയുള്ള സാരി, ഞാൻതന്നെ തളർന്ന ശരീരത്തിൽ എത്രയും ഭംഗിയാക്കാനുള്ള വ്യഗ്രതയോടെ വാരി ഉടിപ്പിച്ചു. പതിവുപോലെ തലമുടി ചീകി ഒതുക്കി.നെറ്റിയിൽ വലിയ ചുവന്ന വട്ട പൊട്ടും ചാർത്തി. ഞാൻ തന്നെ ഉണ്ടാക്കിയ കുത്തരി കഞ്ഞിയും, ചമ്മന്തിയും, പതിവ് പോലെ ഒരേ പാത്രത്തിൽ നിന്നും കഴിച്ചു
ഭാനുവിനെ കാറിലെത്തിക്കാൻ നന്നേ ബുദ്ധിമുട്ടി.തളരാത്ത ഇടതു കാൽ ഊന്നി, ഭാനു എന്നെ ആവും വിധം സഹായിച്ചു. കരൾ ചേർത്ത് അവിചാരിതമായി വന്ന ഒരു പിടച്ചിൽ, ഭാനു കാണാതെ മാറ്റി പിടിച്ചു,ഒപ്പം ഉമിനീരിനൊപ്പം തേട്ടിവന്ന കുഞ്ഞു കവിൾ രക്തം ഇരുട്ടിലേക്ക് തുപ്പിയും കളഞ്ഞു.
‘ഭരത്, മരുന്നുകൾ കഴിച്ചിരുന്നോ’… ?
‘ആവുമോ ഡ്രൈവ് ചെയ്യാൻ’…. ?
ഭാനു പതിഞ്ഞു ചോദിച്ചു കൊണ്ടിരുന്നു.
‘ഭാനു,എനിക്കൊന്നുമില്ല വിഷമതകൾ. ചെറിയ ഒരു വേദന,അത്ര മാത്രം. അർബുദം കരളിന് മാത്രമാണെടോ, വളയം പിടിക്കുന്ന ഈ കൈകൾ ഉരുക്കു പോലെയാണ് ഇപ്പോഴും’.
ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു. ഭാനു എന്നെ നോക്കി പതിഞ്ഞ പുഞ്ചിരിയോടെ, പതിവ് പോലെ മുൻ സീറ്റിൽ ഇടതു വശം ചാരി ഇരുന്നു.
വഴി തീർത്തും വിജനമായിരുന്നു. കണ്ണാടി താഴ്ത്തി വച്ച വിൻഡോയിലൂടെ തണുത്ത കാറ്റ് പതിയ കടന്നു വരുന്നു. ബ്ലാങ്കെറ്റു ഭാനുവിന്റെ കഴുത്തു വരെ ചേർത്ത് മൂടി, ഞങ്ങൾ
യാത്രതിരിച്ചു.എന്‍റെ അപഗ്രഥിച്ച അവസാന ശരികളെ, ഭാനുവിന്റെ മനസ്സിലേക്ക് എങ്ങനെ സന്നിവേശിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. എന്‍റെ ശരികൾക്കുള്ള ഭാനുവിന്റെ പ്രതികരണവും.
പദ്മിനിയുടെ മുരൾച്ചയിൽ എന്‍റെ കാഴ്ചകൾ തടിച്ച കണ്ണടയിലൂടെ നിരത്തിലേക്ക് മാത്രം ഞാൻ ഊന്നി വച്ചു. നിരപ്പല്ലാത്ത നിരത്തുകൾ ഇപ്പോഴും റോഡായിട്ടില്ല. പദ്മിനിയുടെ വല്ലാതുള്ള ഉലച്ചിലുകൾ നിയന്ത്രിക്കാൻ ഞാൻ ബുദ്ധിമുട്ടി.
‘ഭാനു’. ഞാൻ വിളിച്ചു.
‘ഉം’.ഭാനു മൂളി കേട്ടു
ഉറക്കം വരുന്നുണ്ടോ ?
‘ഏയ്….ഇല്ല’.
‘പിന്നെന്താ ആലോചിക്കുന്നതു’….?.
‘ഒന്നുമില്ല ഭരത്’, ഞാൻ ഓരോന്നിങ്ങനെ’….
‘ഉം’….ഞാൻ അമർത്തി മൂളി.
‘ഭാനു…..ഞാൻ പറയട്ടെ നീ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നതെന്നു’.?
ഭാനു മെല്ലെ തല എന്നിലേക്ക് തിരിച്ചു. പാറി വീഴുന്ന മുടിയിഴകൾ ഇടം കയ്യാൽ മാടി ഒതുക്കി വച്ചു.
‘പറയു….എന്താണെന്നു’.?
ഈ വളയം പിടിക്കാൻ നമുക്കൊരു മകനോ ,മകളോ ഉണ്ടായിരുന്നു എങ്കിലെന്നു’.?
‘എങ്കിൽ പിൻസീറ്റിൽ, എന്‍റെ മടിയിൽ തലവച്ചു കൂടെവരുന്ന ഈ ചന്ദ്രനെ കണ്ടു കിടക്കാമായിരുന്നു എന്ന്.
അതല്ലേ ഇപ്പോൾ ആലോചിച്ചത്’.?
ഭാനു കണ്ണുകൾ വിടർത്തി എന്നെ നോക്കി
‘അതെങ്ങിനെ ഭരത്തിനു മനസ്സിലായി’.?
‘അതോ….അത് തന്നെയല്ലേ ഞാനും ചിന്തിച്ചത്, അത് കൊണ്ടു തന്നെ’
ഞാൻ മെല്ലെ കുലുങ്ങി ചിരിച്ചു പറഞ്ഞു.
‘ഭാനു,നിന്‍റെ വിഷമതകൾ മാത്രമല്ല, ഇമയനങ്ങുന്ന ചിന്തകളും എനിക്ക് പെട്ടെന്ന് മനസ്സിലാകും’.
കാർ ചുരം കയറി തുടങ്ങി. താഴ്ന്നു തൊട്ടു പോകുന്ന മഞ്ഞു മേഘങ്ങളെ, പദ്മിനിയുടെ കിതക്കുന്ന വെളിച്ചം ഇഴകീറി കടന്നു പൊയ്ക്കൊണ്ടിരുന്നു.അർബുദത്തിന്റെ അണുക്കൾ കരളിനെ ചെറുതായി
കുത്തിനോവിക്കുന്നു. വേദനയുടെ രസകണങ്ങൾ കണ്ണിൽ നിന്നും ഇറ്റു വീഴാതിരിക്കാൻ, ഞാൻ തടിച്ച കണ്ണട ഫ്രെയിം ഇടയ്ക്കിടയ്ക്ക് ഇളക്കിവച്ചുകൊണ്ടിരുന്നു.
നീണ്ടു പോകുന്ന മൗനത്തിനിടയിൽ ഞാൻ പറഞ്ഞു.
‘ഭാനു,എന്‍റെ ആകുലതകളിൽ നീ മാത്രമാണ് എന്നും, ഇപ്പോഴും’.
‘അർബുദം തിന്നുതീർക്കുന്ന എന്‍റെ ഈ കരളിന്റെ അവസാനഘട്ടത്തിൽ, ആയുസ്സിന്റെ പ്രവചനം ഡോക്ടർ കൈമളിന് പോലും അസാധ്യമായിരിക്കുന്നു’.
ഭാനുവിന്റെ വിടർന്ന കണ്ണുകൾ പതിവ്പോലെ നിറഞ്ഞു വരുന്നതും, ശബ്ദമില്ലാത്തൊരു തേങ്ങലും ഞാനറിഞ്ഞു.
‘ഭാനു ,കരയരുത്.കരയാനല്ല ഈ യാത്ര ‘ ഞാൻ പറഞ്ഞു.
‘ഭരത്, അങ്ങനൊന്നും പറയരുത്. ഈ യാത്രയിലെങ്കിലും.
ഭാനു ബ്ലാങ്കെറ്റിന്റെ അറ്റം ചേർത്ത് ഞാൻ കാണാതെ കണ്ണ് തുടച്ചു.
‘ഭാനു,വെറും വിശ്വാസങ്ങളിൽ അന്ധമായി ഉറച്ചു നിന്നാൽ, യാഥാർഥ്യങ്ങൾ ഇല്ലാതാവുമോ.?
ഇല്ല. എഴുതി തന്ന മാസങ്ങളുടെ എന്‍റെ ആയുസ്സു തിരുത്താനുമാവില്ല.
ഭാനു,എനിക്ക് എന്നെ പറ്റി വേവലാതികളില്ല, പകരം നിന്നെ കുറിച്ചോർക്കുമ്പോൾ’.?
‘നമ്മൾക്കു പരസ്പരം ഒന്ന് തുറന്നു കരയുവാൻ
പോലുമാകുന്നില്ല എന്ന സത്യം എനിക്കും നിനക്കും നന്നായി അറിയാം. ചിരിക്കാൻ പാട് പെടുന്ന ചുണ്ടുകളുമായി, നമ്മൾ ഇനിയും എത്ര അഭിനയിച്ചു തീർക്കും’.?
ഭാനു മൗനമായി ആകാശത്തേക്ക് തുറിച്ചു നോക്കിയിരുന്നു. കാറിനുളളിലേക്ക് പുറത്തെ തണുപ്പ്,തുറന്ന വിൻഡോയിലൂടെ വല്ലാതെ ഇഴഞ്ഞു കയറി വന്നുകൊണ്ടിരുന്നു. ഗിയർ മാറ്റാൻ അനുവദിക്കാതെ, പദ്മിനി കിതച്ചു ചുരത്തിന്റെ പകുതിയോളം കടന്നിരിക്കുന്നു.
‘ഭാനു,എനിക്കു ശേഷം എന്താകും.? ഓർത്തെടുത്തു അടുക്കി വയ്ക്കാനാവുന്നില്ല ഒന്നുമെനിക്ക്. നമ്മുടെ അനാഥത്വത്തിൽ തിരയാൻ ബന്ധു മുഖങ്ങൾ ഒന്നുമില്ലല്ലോ. എനിക്കോ,നിനക്കോ എല്ലാം കരുതലോടെ പറഞ്ഞേലിപ്പിച്ചു പോകാൻ മക്കളും’.
‘ഒന്നനങ്ങുവാൻ പോലും ബുദ്ധിമുട്ടുന്ന, വിങ്ങി പിടയുന്ന എനിക്ക് ശേഷമുള്ള നിന്‍റെ അനാഥത്വത്തിന്റെ ചിത്രം, എന്നെ വല്ലാതെ പേടിപ്പെടുത്തുന്നു ഭാനു.’
ഇളകിയാടുന്ന കാറിനുള്ളിലേക്ക് ചന്ദ്ര വെളിച്ചം, മെല്ലെ കടന്നു വരുന്നു, ഇടയ്ക്കിടയ്ക്ക്. ഏതോ രാപ്പക്ഷികൾ മരച്ചില്ലകളിൽ ചിലച്ചു ശബ്ദിക്കുന്നു.
‘ഭരത്,എന്‍റെ വ്യാകുലതകളിലും നീ മാത്രമേയുള്ളു. കാലം കരുതി വച്ചിരിക്കുന്ന അവസാന യാത്രയിൽ ഞാൻ, നിനക്ക് മുൻപേ യാത്രാമൊഴി ചൊല്ലി പോകേണ്ടി വന്നാൽ, പിന്നെ നിന്‍റെ ദുരിതദിവസങ്ങൾ ഞാനും കാണാറുണ്ട് പലവട്ടം, ഉറക്കത്തിൽ പോലും’. ഭാനുവിന്റെ ശബ്ദം വിറക്കാതെ ഉറച്ചതു പോലെ തോന്നി.
‘ഭരത്,നമ്മുടെ പിഴച്ച ഗണിതങ്ങൾ ഇനി ശരിയാക്കാൻ ദൈവങ്ങൾക്കും, രാശിപലകൾക്കും ഇനി കഴിയില്ല അല്ലെ’. ?ഭാനു ചോദിച്ചു.
നാവിൽ വിറച്ചു പോയതൊക്കെയും വല്ലാതെ വിഴുങ്ങി,ഇടം കൈ കൊണ്ടു ഭാനുവിന്റെ നെറ്റിയിൽ വീണ്ടും പാറിവീണ മുടിയിഴകൾ ഞാൻ ഒതുക്കി വച്ചു. പദ്മിനി കിതച്ചു മലമുകളിൽ എത്തിയിരിക്കുന്നു.
നീലിമല മുഴുവൻ സ്വർണ്ണം
വാരിവിതറിയത്പോലെ പ്രകാശിച്ചു നിൽക്കുന്നു. ഇടയ്ക്കു പറക്കുന്ന മേഘങ്ങളും,മഞ്ഞും വെട്ടി തിളങ്ങുന്നു. ഞാൻ കാർ നിറുത്തി പുറത്തു വന്നു ഭാനുവിന്റെ ഡോറിനു ചേർന്ന് നിന്നു.
‘ഭാനു….പുറത്തു വരുന്നോ’…. ?
ഭാനു ഇല്ലെന്നു തലയാട്ടി.
‘ഭാനു,ഗണിതങ്ങൾ പിഴക്കാനുള്ളതാണ്, ജീവിതത്തിലും. ചിലപ്പോൾ മാത്രം ശരിയാകാൻ അവസരം കിട്ടും,അതും ചിലർക്ക്. നമ്മുടെ ഗണിതങ്ങൾ പിഴച്ചു പോയതാണ്.ഇനി തിരുത്തിയെഴുതാനാവാതെ. എന്‍റെ മരണം ആദ്യമെങ്കിൽ നിനക്ക് ചെയ്യേണ്ടതും, അതല്ല നിന്റെയെങ്കിൽ എനിക്ക് ചെയ്യേണ്ടതും നമ്മൾ ഗണിച്ചു നോക്കി വച്ചതെല്ലാം തെറ്റായി പോയിരിക്കുന്നു. നീയില്ലെങ്കിൽ ഞാനും ,ഞാനില്ലെങ്കിൽ നീയും വെറും നിസ്സഹായാർ മാത്രമെന്ന തിരിച്ചറിവ് നമ്മൾ സമയോചിതമായി ശ്രമിച്ചു ജീവിതത്തിലുടനീളം.കടന്നു പോകുന്ന ഈ വിഷമ ദിനങ്ങൾ തീവ്രമായി ഓർമ്മപെടുത്തും വരെ’.
‘ഭാനു,നമ്മുടെ നാളെകൾ ഭീകരമാണ്. ഒരുപക്ഷെ ഒരു കവിൾ ചോര ശർദിച്ചു നിശ്ശബ്ദനാകുന്ന ഞാനില്ലാതെ നിനക്കോ, തളർച്ചയിൽ നീണ്ട ഉറക്കത്തിന്റെ പടി കയറി പോകുന്ന നീയില്ലാതെ എനിക്കോ പിന്നെ സ്വസ്ഥ ദിനങ്ങളില്ല. പിന്നെയൊരു ജീവിതവും. വിരൽ തുമ്പു തൊട്ടുനിൽക്കുന്ന സഹായ ഹസ്തങ്ങൾ, ബന്ധു മുഖങ്ങൾ ഒന്നും കണ്ടു മറക്കാത്ത സ്വപ്നങ്ങളുടെ ഇടനാഴികളിൽ പോലും തെളിഞ്ഞു വരുന്നുമില്ല’.
‘ഭരത്, ശരിയാണ് പറയുന്നത്. എന്റെയും, നിന്റെയും വിഷമതകൾക്കപ്പുറം മനസിലാക്കേണ്ട സത്യം.ഞാൻ അതറിയുന്നു, വിഷമത്തോടെ മനസ്സിലാക്കുന്നു, കുറച്ചു വൈകിയെങ്കിലും ഭരത്’.
നമുക്ക് നമ്മൾ മാത്രം.നമ്മളിൽ നിന്നും ഞാനും, നീയുമാകുന്ന ചുരുങ്ങലുകൾ ഓർത്തെടുക്കാൻ പോലുമാകുന്നില്ല. അടുത്ത് വച്ച ദാഹജലത്തിനെ എത്തിപ്പിടിക്കാനാവാത്ത കൈകവിരലുകളും, ജീവന്‍റെ തുടിപ്പും മാത്രമുള്ള ആ നമ്മൾ, നമ്മൾക്ക് തന്നെ ഭാരമാകും, ഭരത് , വിദൂരമല്ലാതെ. സാന്ത്വനങ്ങൾ പോലും ഇല്ലാതെ ഇരുണ്ട തുരുത്തിൽ ഒറ്റപ്പെട്ട അന്ധരെ പോലെ.അല്ലെ’.?
തണുത്ത കാറ്റ് എന്‍റെ താടി ഇഴകളെ പാറിച്ചു കൊണ്ടിരുന്നു. ഞാനും ഭാനുവും മൂകരായിരുന്നു.
ഒരേ വാക്കും വരിയും തന്നെ, ഞങൾ രണ്ടു തലച്ചോറുകളിലിട്ടു പാകപ്പെടുത്തികൊണ്ടിരുന്നു. ആർക്കോ ആകാശ നഗരിയിലേക്ക് കയറിവരാനെന്നപോലെ, മേഘങ്ങൾ പണിതു പോകുന്ന പടവുകൾ, ആകാശത്തിൽ വ്യക്തമായി കാണാൻ കഴിയുന്നു.
‘ഭാനു,ചില തീരുമാനങ്ങൾ ജീവിതത്തിൽ പെട്ടെന്നെടുക്കണം. നിന്‍റെ ശബ്ദവും സാന്ത്വനങ്ങളുമില്ലാതെ ഞാനില്ല, എന്നെനിക്കറിയാം. അത് പോലെ എന്‍റെ കരുതലുകൾ തീരുന്നിടത്തു നീയുമവസാനിക്കുമെന്ന സത്യം നിനക്കുമറിയാം.പരസ്പരം തൊടുത്തു വിടുന്ന മൃദുല സാന്ത്വനങ്ങളിൽ കുരുങ്ങി പോയവരാണ് നമ്മൾ. ഇനി ഇഴ പിരിച്ചെടുക്കുവാനാകാത്തവിധം’.
‘ഈ പരസ്പര തലോടലുകളാണ് നമ്മളെ ജീവിപ്പിച്ചത് ഇതുവരെ, നമ്മൾ പോലുമറിയാതെ. ഈ തലോടലുകൾ ആർക്ക് നഷ്ട്ടമായാലും മറ്റൊരാൾ ശ്വസിക്കുന്ന ഒരു ശവം മാത്രമാണ്’.
കരുതിവച്ച മൗനത്തിന്റെ നിമിഷങ്ങൾ ഞാൻ ഭാനുവിന് കൊടുത്തു സ്വയം നിശബ്ദനായി അൽപ്പനേരം. രാപ്പാടികളുടെ ചിറകടികൾ തീർന്നു പോയ ഏതോ നേരത്തു ഞാൻ മെല്ലെ പറഞ്ഞു.
‘ഭാനു.ഞാൻ ഒരുങ്ങിയാണ് വന്നത്,എല്ലാ രീതിയിലും.
നിന്‍റെ തയ്യാറെടുപ്പുകളുടെ ഗ്രഹപാഠത്തിനു സമയം തീരെ കുറവാണെന്നു അറിയാം, എങ്കിലും ചോദിക്കുന്നു, കാലം തന്ന ഈ സന്ദർഭത്തിൽ നിന്നും ഇനി ഒരു തിരിച്ചു പോക്ക് വേണമോ’.? കാത്തിരിക്കാൻ ആരുമില്ലാതെ കരുതിവയ്ക്കാൻ ഒന്നുമില്ലാതെ കടം കൊണ്ട് പോയ രണ്ടു ജീവിതങ്ങളാണ് ഇനി ഈ നീലിമല ഇറങ്ങണോ നമ്മൾ’.?
എന്‍റെ കിതച്ചു പറച്ചിലുകൾ എന്നെ തെല്ലു തളർത്തിയിരുന്നു. നെറ്റിയിൽ വിയർപ്പും, കരളിൽ അർബുദത്തിന്റെ അണുക്കളും മത്സരിച്ചു ഓടിനടക്കുന്നത് എനിക്കറിയാൻ കഴിഞ്ഞു.
ഭാനു എന്നെ ഒരു മാത്ര തുറിച്ചു നോക്കി. ഇടംകയ്യാൽ കണ്ണുകളും, കവിളുകളും അമർത്തി തുടച്ചു. വിറയ്ക്കുന്ന ഇടം കൈവിരലുകൾകൊണ്ടു അവൾ എന്‍റെ വലംകൈ തൊട്ടു. വിരലുകൾ നിരക്കിനീക്കി എന്‍റെ വിരലുകളെ അവൾ ചേർത്തമർത്തി. എന്‍റെ നീണ്ട വിരലുകൾ പതുക്കെ ഉയർത്തി ചുണ്ടുകളിൽ ചേർത്ത് വച്ചു. കൺപീലികളിൽ ഒരു നനവിന്റെ തിളക്കം നിലാവിൽ എനിക്ക് കാണാൻ കഴിഞ്ഞു.
എത്രയോനേരം അവൾ എന്‍റെ ഇടതുകരത്തിൽ മുഖം അമർത്തിയിരുന്നു. ഞാൻ
വലതുകരംകൊണ്ടു അവളുടെ മുടിയിഴകൾ മാടിയൊതുക്കി കൊണ്ടുമിരുന്നു.
ഒരു ഉറക്കത്തിൽ നിന്നെന്നപോലെ എപ്പോഴോ ഉണർന്ന ഭാനു മുഖമുയർത്തി, എന്തിനോ അനുവാദം തരുന്ന പോലെ എന്‍റെ വിരലുകൾ മൃദുവായി തട്ടി കൈ വിട്ടൊഴിഞ്ഞു. ഭാനുവിന്റെ കണ്ണുകളിൽ ഇപ്പോൾ നനവില്ലായിരുന്നു, മറിച്ചു എന്തിനോ ഉള്ള ഒരു വിശ്വാസ തിളക്കം തിളങ്ങി നിന്നിരുന്നു.
അറിയാത്ത ഉത്തരങ്ങളുടെ ചോദ്യങ്ങളുമായി നിൽക്കുന്ന ഒരു കുട്ടിയെ പോലെ ഞാൻ വീണ്ടും കുറച്ചു നേരം പദ്മിനിയെ ചാരി നിന്നു. ഭാനു അനുവാദം തന്നിരിക്കുന്നു. അവൾക്കു ഇങ്ങനെയേ അത് പറയാനാവൂ. ഞാൻ ഉത്തരങ്ങളെല്ലാം തേടിപിടിച്ചവനെ പോലെ ആശ്വസിച്ചു.
‘ഭാനു,ഞാൻ ഒരു സിഗരറ്റു വലിക്കുന്നു. നിന്‍റെ അനുവാദത്തോടെ’.
ഞാൻ പറഞ്ഞു.
ഡാഷ് ബോർഡിൽ എപ്പോഴോ എടുത്തു മറന്നുവച്ച സിഗരറ്റിനു തീ കൊടുത്തപ്പോൾ ഭാനു എന്നെ നോക്കി കൗതുകത്തോടെ.ഊതി പറപ്പിച്ച പുകകൊണ്ടു വെറുതെ വളയങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചു, പതിവ്പോലെ പരാജയപെട്ടു ഭാനുവിനെ നോക്കി ചിരിച്ചു, ചെറിയ ചമ്മലോടെ.
ആകാശത്തു പടികൾ പണിത മേഘങ്ങൾ അവ്യക്തമാകുന്നു. മഞ്ഞിന്റെ നേർത്ത പാളികൾ പടികളെ പൊതിഞ്ഞു നിൽക്കുന്നു. ഏറ്റവും മുകളിലത്തെ പടികൾ കാണാൻ ഞാൻ എന്‍റെ കണ്ണടകൾ ഒരു വട്ടം തുടച്ചു വച്ചു വീണ്ടും ശ്രമിച്ചു, പക്ഷെ വ്യക്തമാകുന്നില്ല. തണുത്ത കാറ്റ് പെട്ടെന്ന് ശക്തമായ പോലെ. കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു. പദ്മിനിയുടെ പഴമയുടെ മണമുള്ള വിൻഡോയിലും, സ്റ്റിയറിംഗ് വീലിലും വെറുതെ വിരലുകളാൽ തടവി. സ്റ്റിയറിംഗ് വീലിൽ ഒട്ടു നേരം ചുണ്ടുകൾ ചേർത്ത് അമർത്തി ചുംബിച്ചു. വിളക്കുകൾ ഞാൻ പല പ്രാവശ്യം അണച്ചും തെളിച്ചും ഇരുന്നു.
ഭാനു നിശ്ശബ്ദയായിരുന്നു.
‘ഭാനു’,ഞാൻ വിളിച്ചു.
ഒരു നേർത്ത മൂളലിൽ ഭാനു ഉത്തരം തന്നു.
‘ഭാനു,എന്നെ ഒന്ന് നോക്കൂ’ ഞാൻ പറഞ്ഞു.
വിഷമിച്ചു വശം തിരിഞ്ഞ ഭാനു എന്‍റെ കണ്ണുകളിലേക്കു ഉറ്റു നോക്കി. കഴിഞ്ഞു പോയ കാലങ്ങൾ ചലച്ചിത്രം പോലെ ഞാൻ ആ കണ്ണുകളിൽ കണ്ടു. വിളറിയ ചിരിയോടെ ഭാനു പറഞ്ഞു.
‘തീരുമാനങ്ങൾക്കു ഇനി അമാന്തമരുതു ഭരത്, നിന്‍റെ കണ്ണുകളിൽ അധിക നേരം നോക്കിയിരുന്നാൽ എന്‍റെ സംഭരിച്ച ഊർജം ചോർന്നു പോകും’.
‘ഭരത്,എപ്പോഴും ചെയ്യാറുള്ള
പോലെ എന്നെ ആ മാറിൽ ഒന്ന് കിടത്തു. എന്‍റെ തലയിൽ നിന്‍റെ കീഴ്ത്താടി ചേർത്ത് വയ്ക്കു. നിന്‍റെ നെഞ്ചിന്റെ മിടിപ്പോന്നു ഞാൻ കേൾക്കട്ടെ. എന്‍റെ ചുമലുകളിൽ നിന്‍റെ വിരലുകളാൽ വെറുതെ താളം പിടിക്കു. ഉറങ്ങിയടയാൻ വെമ്പുന്ന കണ്ണുകൾ നിന്‍റെ ഹൃദയം തൊട്ടിരിക്കട്ടെ. എന്‍റെ നാസരന്ധ്രങ്ങളിൽ നിന്‍റെ വിയർപ്പിന്റെ പരിചിത ഗന്ധം പതിവ് പോലെ നിറയട്ടെ. നീലി മലയുടെ ചന്ദ്രോത്സവം കണ്ടു എന്‍റെ കണ്ണുകൾ കഴച്ചിരിക്കുന്നു.വേഗമാകട്ടെ നമ്മുടെ യാത്ര’.
ഞാൻ ഭാനുവിനെ ചേർത്ത് പിടിച്ചു. ബ്ലാങ്കറ്റിന്റെ ഒരു വശം ചേർത്ത് അവൾ എന്നെയും പുതപ്പിച്ചു. എന്‍റെ നെഞ്ചിലേക്ക് പതിയെ മുഖം ചേർത്ത ഭാനു, ഹൃദയഭാഗത്തു അമർത്തി ചുംബിച്ചു. ഞാൻ എന്‍റെ കീഴ് താടി ഭാനുവിന്റെ നിറുകയിൽ ചേർത്ത് വച്ചു. വിറയ്ക്കുന്ന ഇടം കയ്യിലെ വിരലുകളാൽ ചുമലിൽ താളമിട്ടു. ഭാനുവിന്റെ ചുണ്ടുകൾ നിരന്തരം എന്‍റെ നെഞ്ചിൽ ചുംബിച്ചു കൊണ്ടിരുന്നു. കണ്ണുകൾ പൂട്ടി ഞാൻ എന്തിനെന്നെറിയാതെ നിമിഷങ്ങളോളം അങ്ങിനെ തന്നെയിരുന്നു. വിറയ്ക്കുന്ന വിരലുകൾ ചേർത്ത് ഇഗ്‌നേഷൻ കീ തിരിച്ചു. പദ്മിനി ഒരു മുരൾച്ചയോടെ സ്റ്റാർട്ട് ആയി. അവളുടെ, കിതക്കുന്ന ഹൃദയവും എന്നോടെന്തോ പറയുന്നുണ്ടോ’…. ?
ഞാൻ ഭാനുവിന്റെ തല പിടിച്ചുയർത്തി. നിലാവിൽ തിളങ്ങുന്ന അവളുടെ മെല്ലെ നനഞ്ഞു വരുന്ന കണ്ണുകളിലേക്കു നോക്കി. എന്‍റെ ചുണ്ടുകളുടെ വിതുമ്പലും, കരയാൻ വെമ്പുന്ന കണ്ണുകളും ഭാനു കാണരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു. അവളുടെ വരണ്ട ചിണ്ടുകളിൽ ഞാൻ വിറച്ചു അമർത്തി ചുംബിച്ചു. എണ്ണമറിയാതെ എന്‍റെ ആർദ്ര ചുംബനങ്ങൾ അവളുടെ കണ്ണുകളിലും,കവിളിലും പടർന്നു കൊണ്ടിരുന്നു. ഉന്മാദങ്ങളുടെ വിറയലോടെ ഞാൻ ചോദിച്ചു
‘ഭാനു,നമുക്ക് പോകാം’.
ഉത്തരം പറയാത്തെ, പതിവ് മൂളലുകൾ പോലും ഇല്ലാതെ, ഭാനു എന്നെ വന്യമായി ഒരു കയ്യാൽ ഇറുകെ പുണർന്നു. ഒരു പക്ഷി കുഞ്ഞിനെ പോലെ എന്‍റെ നെഞ്ചിലെ നരച്ച രോമങ്ങളിൽ, ഉതിരുന്ന വിയർപ്പിൽ വീണ്ടും തല താഴ്ത്തി. വിയർത്ത വിറയ്ക്കുന്ന വലം കയ്യാൽ ഞാൻ പദ്മിനിയെ ഗിയറിലേക്കു തട്ടി വിട്ടു. ഞാൻ ആക്‌സിലേറ്ററിൽ വലതു കാൽ ചേർത്ത് വച്ചു,എന്‍റെ എല്ലാ ഊർജത്തോടും. പദ്മിനി മുന്നോട്ടു പായുവാൻ തുടങ്ങി.
ഭാനുവിന്റെ വിറയ്ക്കുന്ന ശരീരം ആകാവുന്നത്ര ഞാൻ ചേർത്ത് പിടിച്ചു. വലതു
കൈവിരലുകൾകൊണ്ടു ഞാൻ അവളുടെ ചുമലുകളിൽ താളമിട്ടുകൊണ്ടിരുന്നു പതിയെ,ഭാനുവിന്റെ വിഷമങ്ങളിൽ എപ്പോഴും സാന്ത്വനിപ്പിക്കാറുള്ള പോലെ.
പദ്മിനി വല്ലാതെ കുലുങ്ങി നീലി മലയുടെ അഗ്രത്തിലെ കനത്ത പാറകഷ്ണങ്ങളിൽതട്ടി ആസുരമായ ഒരു ഹുങ്കാര ശബ്ദത്തോടെ ഉയർന്നു പറന്ന് അഗാധ ആഴങ്ങളിലേക്ക് മെല്ലെ കൂപ്പു കുത്താൻ തുടങ്ങിയിരിക്കുന്നു. ആകാശത്തിലെ മേഘങ്ങളുടെ പാതിപണിത പടിക്കെട്ടുകൾ ഒരു വട്ടംകൂടി ഞാൻ
എത്തിനോക്കി.ആസുര ചൂളം വിളിക്കുന്ന തണുത്ത കാറ്റ് ബ്ളാങ്ക്റ്റു പറത്തി കളഞ്ഞിരിക്കുന്നു. കൂടെ പദ്മിനിയുടെ ചില്ലുകളും.ഞങ്ങളെ പറിച്ചെറിയാൻ വെമ്പുന്ന ശക്തമായ കാറ്റിനെ പദ്മിനിയുടെ പൂട്ടി പോയ വാതിലുകൾ പ്രധിരോധിക്കുന്നുണ്ടായിരുന്നു.
പ്രജ്ഞയറ്റവരെ പോലെ ഭാനു എന്നെയും ,ഞാൻ ഭാനുവിനെയും മുറുകെ പുണർന്നിരുന്നു. എന്‍റെ വിരലുകൾ ഭാനുവിന്റെ ചുമലിൽ തഴുകി സാന്ത്വനിപ്പിച്ചു കൊണ്ടിരുന്നു. ഭാനുവിന്റെ വിയർത്ത കവിളിൽ ഉരസിയ എന്‍റെ ചുണ്ടുകൾ കർണ്ണ തടങ്ങളെ അമർത്തി ചുംബിച്ചു. എനിക്ക് പോലും കേൾക്കാനാവാത്ത അടഞ്ഞു പോയ പതിഞ്ഞ ശബ്ദത്തിൽ ഞാൻ മന്ത്രിച്ചു.
‘ഭാനു….ഭയക്കേണ്ട…ഞാനില്ലേ കൂടെ….എന്‍റെ വിരൽ തുമ്പിന്റെ സാന്ത്വനങ്ങളും’…..
നെഞ്ചിൽ അമർന്നു പോയ ഭാനുവിന്റെ തീർത്തും പതിഞ്ഞ ഒരു മറുപടി മൂളൽ അലറുന്ന കാറ്റ് തട്ടിയെടുത്തിരുന്നു.
പദ്മിനി നീലി മലയുടെ താഴെ അഗാധതയുടെ ആഴത്തിലേക്ക് ഒരു തൂവൽ പോലെ താഴ്ന്നു പറന്ന് കൊണ്ടിരുന്നു. ചൂളം വിളിക്കുന്ന കാറ്റും, പരന്നൊഴുകുന്ന നിലാവും അവളെയും സാന്ത്വനിപ്പിക്കുന്നുണ്ടാവാം……
Harish Moorthy