നീലക്കുറിഞ്ഞി. എന്റെ താഴ്‌വരയിൽ വീണ്ടും നീലക്കുറിഞ്ഞി പൂത്തു. പന്ത്രണ്ടു വർഷത്തെ കാത്തിരിപ്പ്. ഹൻസ താഴ്‌വരയോ, കോടമഞ്ഞു മൂടിയ, മരവിപ്പിക്കുന്ന തണുപ്പുള്ള നീലഗിരി താഴ്‌വരയോ അല്ല. എന്റെ മനസ്സിന്റെ താഴ്‌വര. ആരോ വരച്ച നിറം മങ്ങിയ ചിത്രമാണ് ഞാൻ. വെട്ടി പരിക്കേൽപിച്ച് മണ്ണിലേക്ക് വലിച്ചെറിയപെട്ടവൾ. നഖക്ഷതങ്ങളുടെ നീറ്റലും പേറി, വീർപ്പുമുട്ടി പുകഞ്ഞുനിക്കുന്ന താഴ്‌വര. മൗനം ഘനീഭവിച്ച ശൂന്യതയിലൂടെ ഒരു അരുവി ഒഴുകിവരുന്നുണ്ട്. വഴിതെറ്റി വന്നതാണോ അറിയില്ല. അതിന്റെ ഓരത്തിലൂടെ സ്വപ്നങ്ങൾ ഊർന്നിറങ്ങാൻ തുടങ്ങി. കുറിഞ്ഞിപ്പൂക്കളെ കാണാൻ ഉറുമ്പിൻകൂട്ടവും കിളികളും വന്നുകൊണ്ടിരുന്നു. ഒരു സന്ന്യാസിക്കാറ്റ് പിശറൻതാടി തടവി എന്റെ മുഖത്തേയ്ക്ക് പാളിനോക്കുന്നു. സന്ന്യാസം അവന്റെ കള്ളത്തരം. ഉന്മാദിനിമാരായ മരങ്ങൾ വികാരങ്ങളാൽ സുഗന്ധം പൊഴിച്ച് അവന്റെ വരവ് ആഘോഷിക്കുന്നു.കുന്നിറങ്ങി വരുന്ന അവന്റെ ചുംബനം അഗ്‌നിപർവ്വതത്തിലെ ലാവയാണെന്ന് മരങ്ങൾ അറിയുന്നില്ല. സത്യത്തിൽ അവൻ ഒരു ഡമ്മി മാത്രം. പിറകെ വരുന്ന ആർക്കോവേണ്ടി വേഷം കെട്ടുന്നു. മേഘപാളികൾക്കിടയിൽനിന്നും ചിലമ്പലുകളുമായി കരുമാടി കുട്ടൻ എത്തിനോക്കി സ്വരഭേദങ്ങൾ തീർത്തു കലമ്പാൻതുടങ്ങി. പാവാട ഉലഞ്ഞിരുന്ന എന്റെ ഉന്മാദ പടവുകളിലും അവൻ ഇങ്ങിനെയാണ് വന്നത്. പിന്നീട് നിഴൽപാകി, പുതുവഴികൾ തേടി അവൻ കടന്നു കളഞ്ഞു. നനഞ്ഞ ആകാശത്തിനു താഴെ കുന്നിറങ്ങിവരുന്ന അവനെനോക്കി, ഓർമ്മകളിലൂടെ അവനെ അലോസരപ്പെടുത്താൻ എന്റെ താഴ്‌വരയിൽ വീണ്ടും നീലകുറിഞ്ഞു പൂത്തു. അവന്റെ മുന്നിൽ വീണ്ടും തോൽക്കാൻ മനസ്സില്ലാത്തതുകൊണ്ട്.