സന്ധ്യ ചായുന്നിതാഴിനീർത്തിയ
ബന്ധുരത്തൂവൽ ശയ്യയിൽ
ബന്ധമെന്തിതീ താമരത്താരിൻ
സുന്ദരാനനം മങ്ങുവാൻ ?
കാന്ത വിഗ്രഹമാഴിയിൽ നിത്യ
ശാന്തി തേടിയെന്നോർത്തുവോ?
ഭ്രാന്തമാനസ യാകൊലാ നാളെ
കാന്തി സംഭരിച്ചെത്തിടും !
കുഞ്ഞിതളിലൊളിച്ച സ്വപ്നങ്ങൾ
മഞ്ഞലയിൽ കുതിരവേ
മന്ദമാരുതൻ കൂട്ടുവന്നിടു
മിന്ദുകവലായെത്തീടും !
മിന്നും താരങ്ങൾ മാരനേകുവാൻ
പൊന്നു ഹാരങ്ങൾ തീർക്കവേ !
കൊന്ന പൂക്കുന്ന കാടകങ്ങളിൽ
വന്നണഞ്ഞഖദ്യോതങ്ങൾ
ചിങ്ങ രാത്രിയുടുത്ത ചേലയിൽ
തങ്ങും വൈഡൂര്യക്കല്ലു പോൽ
മിന്നിമായുന്നു കുഞ്ഞു താരകൾ
കണ്ണിറുക്കുന്ന മാതിരി !
പ്രേമ ഗായക നേതോരാക്കിളി
രോമ ഹർഷക ഗീതിക
സോമരശ്മിയിൽ മുങ്ങി നിൽക്കുമാ
മാമരക്കൊമ്പിൽ പാടവേ !
തൊട്ടിലാട്ടിയുറക്കുകയാവാ-
മൊട്ടുകായലിനോളങ്ങൾ
ഒട്ടുറങ്ങുക ! യാമിനി പോകെ
തൊട്ടുണർത്തും നിൻ നായകൻ !
ബാലകൃഷ്ണൻ കുറ്റിപ്പുറം
താളത്തിൽ ചൊല്ലാൻ പറ്റിയ നല്ലൊരു കവിത..