17.1 C
New York
Monday, January 24, 2022
Home Literature നിലാ (ചെറുകഥ )

നിലാ (ചെറുകഥ )

ദിവ്യ എസ് മേനോൻ✍

“അച്ഛാ… മുറ്റത്തേയ്ക്ക് നോക്കൂ. എന്ത് ഭംഗ്യാലെ ഈ നിലാവിൽ കാറ്റത്ത് തെങ്ങോല ഇങ്ങനെ ആടണത് കാണാൻ!”

ഓടിട്ട പഴയ തറവാട് വീടിന്റെ പുമുഖത്തിണ്ണയിൽ അച്ഛനരികിൽ ഇരുന്നുകൊണ്ട് അവൾ പറഞ്ഞു. പടിക്ക് പുറത്ത് നോക്കെത്താ ദൂരം പരന്നു കിടക്കുന്ന നെൽവയലുകളിലേക്ക് അലക്ഷ്യമായി നോക്കിയിരിക്കയായിരുന്ന അച്ഛന്റെ മുഖത്തു ഒരു നേർത്ത പുഞ്ചിരി വിടർന്നു. ഒരു നെടുവീർപ്പോടെ അവൾ അച്ഛന്റെ മടിയിൽ തല ചായ്ച്ചിരുന്നു.

നേർത്തൊരു തെന്നൽ അവളെ തഴുകി കടന്നുപോയി. അവൾ കണ്ണുകളടച്ചു കിടന്നു.

“കുട്ട്യേ, അവിടെ നോക്കൂ മുറ്റത്തേയ്ക്ക്. തേങ്ങോലകൾക്ക് ഇടയിലൂടെ നിലാവ് അരിച്ചിറങ്ങണത് നോക്കൂ. എന്ത് ഭംഗ്യാ! നമുക്ക് ചുറ്റുള്ള ഈ മരവും മണ്ണും കാറ്റും വെയിലും നിലാവും ഒക്കെ തന്ന്യാ നമ്മുടെ എറ്റവും വലിയ സമ്പാദ്യവും സന്തോഷവും.ഏത് പ്രായത്തിലും ഇതൊക്കെ കണ്ട് സന്തോഷിക്കാൻ കഴിഞ്ഞാൽ അതില്പരം ഭാഗ്യം ഈ ലോകത്ത് ഇല്ല കുട്ട്യേ “

പ്രകൃതി സ്നേഹിയായിരുന്ന അച്ഛന്റെ വാക്കുകൾ അവിടമാകെ അലയടിക്കുന്നതായി അവൾക്ക് തോന്നി. കുട്ടിയായിരിക്കുമ്പോൾ നിലാവുള്ള രാത്രികളിൽ അച്ഛൻ അവളുടെ കയ്യും പിടിച്ചു തൊടിയിലൂടെയും പാട വരമ്പിലൂടെയും നടക്കുമായിരുന്നു. കഥകളും കൊച്ചുവർത്തമാനങ്ങളുമായി അവരുടേത് മാത്രമായ ലോകത്ത് ഒരു അച്ഛനും മകളും!

അവളുടെ അച്ഛൻ ഒരു സാധാരണ അച്ഛനായിരുന്നില്ല. മകൾക്ക് വേണ്ടി മാത്രം ജീവിച്ച ഒരച്ഛനായിരുന്നു…സ്വന്തം ചോരയിൽ പിറക്കാതെ തന്നെ അയാളുടെ ജീവന്റെ ജീവനായി മാറിയ മകൾക്ക് വേണ്ടി മാത്രം ജീവിച്ച അച്ഛൻ!

വായനയും എഴുത്തും സാമൂഹ്യ പ്രവർത്തനവും താൻ വിശ്വസിച്ചിരുന്ന പ്രസ്ഥാനവും ജീവവായു പോലെ കൊണ്ടുനടന്ന ആളായിരുന്നു ശ്രീധരൻ മാസ്റ്റർ. നാട്ടിലെ തന്നെ ഒരു സ്കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ യൗവന കാലഘട്ടത്തിലാണ് ജീവിത ഗതി തന്നെ മാറ്റിമറിച്ച ഒരു സംഭവം നടക്കുന്നത്. ഒരു ദിവസം രാത്രി വൈകി വായനശാലയിൽ നിന്ന് വീട്ടിലേക്ക് നടന്നു വരുമ്പോൾ പാടവരമ്പിന് അടുത്തുള്ള കുളത്തിനരികിൽ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ അയാൾ കേട്ടു. കരച്ചിൽ കേട്ട ഭാഗത്തേക്ക്‌ നടന്ന അയാൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. തുണിയിൽ പൊതിഞ്ഞ ഒരു ചോരകുഞ്ഞു കുളത്തിനരികിലെ കുറ്റി ചെടികൾക്കിടയിൽ കിടക്കുന്നു. അയാൾ അടുത്തുപോയി ആ കുഞ്ഞിനെ കോരിയെടുത്തു. നല്ല നിലാവുള്ള രാത്രിയായിരുന്നു. കണ്ണ് പോലും മിഴിക്കാതെ ഞരക്കം പോലെ മാത്രം കരയുന്ന ആ കുഞ്ഞിന്റെ മുഖം നിലാവിൽ അയാൾ തെളിഞ്ഞു കണ്ടു.

കൂടുതലൊന്നും ചിന്തിക്കാതെ അയാൾ കുഞ്ഞുമായി വീട്ടിലേക്ക് പോയി. വീട്ടിലെത്തി നടന്ന കാര്യങ്ങൾ എല്ലാം വിവരിച്ചു കൊണ്ട് കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ചു. പിറ്റേന്ന് എങ്ങനെയെങ്കിലും കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താമെന്നായിരുന്നു അവർ ഇരുവരുടെയും പ്രതീക്ഷ. പക്ഷെ പിറ്റേന്ന് അവരെ തേടിയെത്തിയ വാർത്ത ഞെട്ടിക്കുന്നതായിരുന്നു. നാട്ടിലെ അവിവാഹിതയായ ഒരു യുവതി കുളത്തിൽ ചാടി ആത്മഹത്യ ചെയ്തിരിക്കുന്നു. അവളുടെ കുഞ്ഞാണ് ഇന്നലെ കുളക്കരയിൽ നിന്ന് കണ്ടുകിട്ടിയ കുഞ്ഞ്.

അച്ഛൻ ആരെന്നറിയാത്ത കുഞ്ഞിനെ ഏറ്റെടുക്കാൻ യുവതിയുടെ വീട്ടുകാരോ ബന്ധുക്കളോ തയ്യാറായില്ല. മനുഷ്യത്വത്തിന്റെ ആൾരൂപമായ ശ്രീധരൻ മാഷിന് ആ കുഞ്ഞിനെ ഉപേക്ഷിക്കാനും തോന്നിയില്ല. ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു. ആ കുഞ്ഞ് ശ്രീധരൻ മാഷിന്റെയും അമ്മയുടെയും ജീവിതത്തിന്റെ ഭാഗമായി മാറി. മറ്റൊന്നിനും, മറ്റാർക്കും അവളെ വിട്ടുകൊടുക്കാൻ ആവാത്ത വിധം ആ കുഞ്ഞ് അവരുടെ ജീവിതങ്ങളിൽ അലിഞ്ഞു ചേർന്നു. അവളുടെ പാൽപ്പുഞ്ചിരി അവരുടെ ജീവിതങ്ങളിൽ നിലാവ് പോലെ നിറഞ്ഞു നിന്നു. നിലാവിൽ കണ്ടെടുത്ത, നിലാവായി മാറിയ അവൾക്ക് അവർ പേരിട്ടു… ‘നിലാ’!

അവൾക്ക് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞു വച്ച മാഷ് വിവാഹം പോലും വേണ്ടെന്നു വച്ചു. ലാളിച്ചും ഓമനിച്ചും മാഷ് അവളുടെ അച്ഛനും അമ്മയുമായി മാറി. മാഷ് അവളിൽ നിന്നൊന്നും മറച്ചു വച്ചില്ല. സ്വന്തമല്ലാഞ്ഞിട്ടും തന്നെ സ്വന്തം ചോരയേക്കാൾ സ്നേഹിക്കുന്ന അച്ഛനെ അവളും ജീവനെ പോലെ സ്നേഹിച്ചു.

വർഷങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. പഠിക്കാൻ മിടുക്കിയായ നിലായ്ക്ക് എം ബി ബി എസിനു സെലെക്ഷൻ കിട്ടി. പഠിപ്പ് കഴിഞ്ഞ് ഒരു സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് തുടങ്ങിയ അവൾ തന്റെ സഹപാഠിയായ അലനെ വിവാഹം കഴിച്ചു. മകളുടെ ഒരു ഇഷ്ടത്തിനും എതിര് നിൽക്കാത്ത വിശാല ഹൃദയനായ ആ അച്ഛന് മകളുടെ തീരുമാനങ്ങളിൽ അഭിമാനം മാത്രമേയുണ്ടായിരുന്നുള്ളൂ.

വർഷങ്ങൾ പിന്നെയും കടന്നുപോയി. അമ്മയുടെ മരണം ശ്രീധരൻ മാസ്റ്ററെ മാനസികമായി തളർത്തി. പതുക്കെ പതുക്കെ അദ്ദേഹം മറവിയുടെ കാണാക്കയങ്ങളിലേക്കു വീണു കൊണ്ടിരുന്നു. പക്ഷെ സ്വന്തം വീട് ഉപേക്ഷിച്ചു നിലായ്‌ക്കൊപ്പം പോകാൻ അദ്ദേഹം സമ്മതിച്ചില്ല. അങ്ങനെയാണ് നിലായ്ക്ക് ഒരു കടുത്ത തീരുമാനം എടുക്കേണ്ടി വന്നത്.

“അലൻ, എനിക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങൾ വേണ്ടെന്ന് വച്ചയാളാണ് എന്റെ അച്ഛൻ. ഇപ്പോൾ എന്റെ അച്ഛന് വേണ്ടി ഞാൻ എന്റെ ഇഷ്ടങ്ങൾ വേണ്ടെന്ന് വയ്ക്കുന്നു. അച്ഛനെക്കാൾ വലിയൊരു ഇഷ്ടം ഇല്ലെനിക്ക്. ഹോസ്പിറ്റലിലെ ജോലി ഉപേക്ഷിച്ചു ഗ്രാമത്തിൽ അച്ഛന്റെ കൂടെ പോയി നിൽക്കാനാണ് എന്റെ തീരുമാനം. അവിടെ വീട്ടിൽ തന്നെ ഒരു ചെറിയ ക്ലിനിക് തുടങ്ങി പ്രാക്ടീസ് ചെയ്യണം. അങ്ങനെ ആവുമ്പോൾ എനിക്ക് അച്ഛന്റെ കൂടെത്തന്നെ നിൽക്കാം എപ്പോഴും “

എന്നും സ്വന്തമായ തീരുമാനങ്ങളും ദൃഢമായ കാഴ്ചപ്പാടുകളും ഉള്ള പെണ്ണായിരുന്നു നിലാ. അതറിയാവുന്ന അലൻ അവളെ എതിർത്തില്ലെന്ന് മാത്രമല്ല അവളുടെ തീരുമാനത്തിൽ അയാൾക്ക് അവളോട്‌ ആരാധനയും അഭിമാനവും തോന്നി. ഒഴിവ് കിട്ടുമ്പോഴൊക്കെ നിലായ്ക്കും അച്ഛനും അടുത്തെത്താമെന്ന വാക്കോടെ അയാൾ അവൾക്ക് ധൈര്യം പകർന്നു.

നിലായുടെ സാമീപ്യം ശ്രീധരൻ മാസ്റ്ററിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. മറവിയുടെ ആഴങ്ങളിലും നിലാവ് പോലുള്ള അവളുടെ പുഞ്ചിരി അദ്ദേഹം തിരിച്ചറിയുന്നുണ്ടായിരുന്നു.

ഓടിയെത്തിയ ഓർമ്മകളെ തിരിച്ചയക്കുമ്പോൾ നിലായുടെ കണ്ണുകൾ നനഞ്ഞിരുന്നു. അവൾ പതുക്കെ തലയുയർത്തി അച്ഛനെ നോക്കി. ആ മുഖത്ത് ഒരു പുഞ്ചിരി വിടരുന്നത് അവൾ കണ്ടു…

“കുട്ട്യേ, അവിടെ നോക്കൂ മുറ്റത്തേയ്ക്ക്. തെങ്ങോലകൾക്ക് ഇടയിലൂടെ നിലാവ് അരിച്ചിറങ്ങണത് നോക്കൂ. എന്ത് ഭംഗ്യാ!”

ദിവസങ്ങൾക്കു ശേഷം അച്ഛനിൽ നിന്ന് അർത്ഥവത്തായ സംസാരം കേട്ട സന്തോഷത്തോടെ, അത്ഭുതത്തോടെ അവൾ അച്ഛനെ നോക്കി. ആ കണ്ണുകളിൽ വാത്സല്യം തുളുമ്പി നിന്നത് അവൾ തിരിച്ചറിയുന്നുണ്ടായിരുന്നു. അച്ഛനെ മുറുകെ കെട്ടിപ്പിടിക്കുമ്പോൾ നിലാവ് പോലും അവരെ നോക്കി പുഞ്ചിരിക്കുന്നതായി അവൾക്ക് തോന്നി!

ദിവ്യ എസ് മേനോൻ✍

COMMENTS

12 COMMENTS

  1. നല്ല അവതരണം.. നല്ല ശൈലി… നിലാവ് പോലൊരു പെൺകുട്ടി… മകളാകാൻ സ്വന്തം രക്തത്തിൽ പിറക്കണമെന്നില്ല.. അച്ഛനാകാൻ ജന്മം നൽകേണ്ടതുമില്ല.. കറ കളഞ്ഞ സ്നേഹം നിർമ്മലമാണ്.. നന്നായി എഴുതി dear ❤

  2. A beautiful story in simple language touches human hearts like the heart of the protogonist, sreedharan master. Wish the writer all the best.

  3. നല്ല എഴുത്ത് ! കഥാസാരം ഇഷ്ടമായി. അവതരണവും ! അഭിനന്ദനങ്ങൾ, കഥാകാരി ദിവ്യക്ക് 🌹🌹🙏

  4. മനോഹരമായി കഥ. നിലാവിനെ സ്നേഹിച്ച അച്ഛനും മകളും അവരെ മനസിലാക്കിയ മരുമകനും. ഇതാണ് ഭൂമിയിലെ സ്വർഗം.. ഇഷ്ടം ദിവ്യ. ആശംസകൾ

  5. കഥ വായിച്ചു, മനോഹരമായ ശൈലിയിൽ അവതരിപ്പിച്ചു. ഇഷ്ടപ്പെട്ടു. ഇനിയും നല്ലെഴുത്തിനായി ആശംസകൾ.. 🌹

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജെയ്ക്ക് ചാക്കോ റെസ്റ്റ്ലിങ് ചാമ്പ്യൻ

ഡാളസ്: ടെക്സാസ് സ്റ്റേറ്റ് തലത്തിൽ നടന്ന റസ്റ്റ്ലിങ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളീയായ ജെയ്ക്ക് ചാക്കോ ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രിസ്കോ സിറ്റിയിലെ റോക്ക്ഹിൽ ഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ...

ഹൂസ്റ്റണിൽ പോലീസ് ഓഫീസർ വെടിയേറ്റ് മരിച്ചു

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഹൂസ്റ്റൺ ഹാരിസ് കൗണ്ടി ബീച്ച്നട്ടിൽ ജനുവരി 23 - നു ഞായറാഴ്ച ഉച്ചയ്ക്കുശേഷം വാഹന പരിശോധന നടത്തുന്നതിനിടയിൽ ഡപ്യൂട്ടി കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചു. ട്രാഫിക് നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന്റെ...

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...
WP2Social Auto Publish Powered By : XYZScripts.com
error: