ഒന്നായിരിയ്ക്കുവാനെന്തുണ്ട് നേർവഴി
ഒറ്റയ്ക്കിരുന്നു ഞാൻ ചിന്തിച്ചു നാളുകൾ
ഒന്നുപോലാകണേലുണ്ടൊരു പോംവഴി
ഒപ്പത്തിനൊപ്പം നദിപോലൊഴുകണം!
ഓട്ടത്തിലൊന്നാമനാകണേൽ പോലുമെ
ഓടിക്കുതിച്ചങ്ങു മുന്നിലായെത്തണം
ഓർമ്മയുമോളവും ഓടി വന്നെത്തിടും
ഓടാതെയെങ്കിലും ഒന്നാമതായിട്ട്.
അർക്കനുദിച്ചുപരത്തുന്നു രശ്മികൾ
അത്രയ്ക്കകലത്തരികത്തുമൊന്നുപോൽ
അമ്പിളി തൂകും നിലാവിലും കണ്ടിടാം
അന്തികത്തൊപ്പമകലത്തൊരേ പ്രഭ!.
ആശിച്ചിടാനാർക്കുമെപ്പൊഴും സാധ്യമാം
ആകാശമാഴിയും കൂട്ടിമുട്ടും വരെ
ആരായിടേണമെന്നുള്ളതൊക്കെയും
ആശിച്ചു തീർത്തിടാനുള്ളതല്ലോർക്കണം.
ഹരിദാസ് പല്ലാരിമംഗലം.✍