മഞ്ഞു പൊഴിയുന്ന ഒരു പ്രഭാതത്തിൽ ഓക്‌ലാന്റിലെ വീടിന്റെ ഉമ്മറത്തേക്ക് വീൽ ചെയർ പതിയെ തള്ളി നീക്കിക്കൊണ്ടു സാം പറഞ്ഞു..
“നിരോഷാ.. ഒന്ന് പുറത്തേക്ക് നോക്കൂ.. നീ ഏറ്റവും ഇഷ്ടപ്പെടുന്ന വയലറ്റ് ബോൾസ് പൂക്കളിൽ മഞ്ഞു പൊഴിയുന്ന ആ മനോഹര കാഴ്ച..”
കണ്ണുകൾ മുറുക്കി അടച്ച് ഉറക്കത്തിലെന്നപോലെ എന്തോ ആലോചിച്ചിരുന്ന നിരോഷ സാമിന്റെ ശബ്ദം കേട്ട് തലയുയർത്തി നോക്കി..
“ഇല്ല സാം..എനിക്ക് ആസ്വദിക്കാൻ കഴിയുന്നില്ല.എന്റെ കണ്ണിലെ വർണ്ണങ്ങൾ മാഞ്ഞു തുടങ്ങിയിരിക്കുന്നു..”തല വല്ലാതെ വേദനിക്കുകയും ചെയ്യുന്നു..”
“നിന്റെ ഇഷ്ടങ്ങൾക്കൊപ്പം നടക്കാൻ ഇനിയൊരിക്കലും സാധിക്കില്ല എന്നറിഞ്ഞിട്ടും നീ എന്നെ വിട്ടു പോകാത്തത് എന്താണ് സാം..? “
“ഞാൻ കരുതി നീ എന്നേ ഉപേക്ഷിച്ചു പോകുമെന്ന്..”
“ഇനിയും എത്രനാൾ എന്നേ ഇങ്ങനെ സഹിക്കാൻ കഴിയും സാം നിനക്ക്..? “
നിനക്ക് കണക്കുകൂട്ടൽ ഉണ്ടോ എന്റെ മരണത്തെപ്പറ്റി.? ഇനിയും എത്ര നാൾ ഞാൻ ഇങ്ങനെ നിനക്ക് ഭാരമാകുമെന്നു.?.. “
“നിരോഷാ..നീ എന്തൊക്കെയാണ് പറയുന്നത്..?.നിന്നോടുള്ള സ്നേഹത്തിനു ഒരു കുറവും വന്നിട്ടില്ല എന്റെ മനസ്സിൽ..”
എന്റെ സ്നേഹം നീ വെറും സഹതാപമായി കാണുന്നതിൽ മാത്രേ എനിക്ക് സങ്കടമുള്ളൂ..”
“ഇല്ല സാം..എന്റെ ചിന്തകൾക്കും വിലയിരുത്തലുകൾക്കും അപ്പുറമാണ് നീ..പണ്ട് നിന്റെ അനിഷ്ടങ്ങൾ നീ കോപത്തോടെ പറയുമായിരുന്നു…ഇപ്പോ എനിക്ക് വയ്യാതായതിൽ പിന്നേ നീ ഒരിക്കൽപോലും ദേഷ്യപ്പെട്ടിട്ടില്ല..”
അത് എന്നോടുള്ള സഹതാപമാണെന്നു ഞാൻ കരുതുന്നതിൽ എന്താണ് തെറ്റ്..? “
“ഒരിക്കലുമല്ല നിരോഷാ..നിന്റെയീ മഞ്ഞിന്റെ തണുപ്പും നൈർമല്യവുമുള്ള കരം ഗ്രഹിച്ചു എനിക്ക് എങ്ങനെ നിന്നോട്
ദേഷ്യപ്പെടാൻ കഴിയും”..
“അതുമാത്രമല്ല അന്നത്തെ നിന്റെ കുറുമ്പുകൾ, വാശികൾ ഒക്കെ എന്നെ ദേഷ്യംപിടിപ്പിക്കുന്നവ ആയിരുന്നു താനും..”
“ഇപ്പോ അത്തരം കുറുമ്പുകൾ ഒക്കെ നീ മറന്നു തുടങ്ങിയില്ലേ..?..”
“സാം..എന്റെ കൈകൾ ഒന്ന് നീ നെഞ്ചോടു ചേർത്ത് മുറുക്കി പിടിക്കൂ.. നിന്റെ നെഞ്ചിലെ ചൂടിൽ എന്റെ കരങ്ങൾ വിശ്രമിക്കട്ടെ..!”.
“സാം..ഏതൊരു അവസ്ഥയിലും ഒരാൾക്ക് മറ്റൊരാളെ അനന്തമായി, അഗാധമായി പരിധികളില്ലാതെ ജീവിതകാലം മുഴുവൻ സ്നേഹിക്കാൻ കഴിയുമോ..? “
“തീർച്ചയായും നിരോഷാ..എന്താണ് സംശയം..? നിന്നോടുള്ള സ്നേഹം ശാരീരികം മാത്രമായിരുന്നില്ല എന്നതാണ് അതിന്റെ ഉത്തരം..”
ആത്മാർത്ഥമായ സ്നേഹം ഹൃദയത്തിൽ ഒരു അടയാളപ്പെടുത്തലാണ്..”
ഒരുതരം പച്ചകുത്തൽ..”അത് അപൂർവങ്ങൾ ആണെങ്കിൽ പോലും..
“വഞ്ചനയുടെ തീപ്പൊള്ളലുകളിൽ മാത്രമേ അത് മാഞ്ഞുപോകാനിടയുള്ളു..”
“നീ ഓർക്കുന്നുണ്ടോ നിരോഷാ ഓക്‌ലാന്റിലെ മഞ്ഞു പൊഴിയുന്ന ഒരു സായാഹ്‌നത്തിൽ ഒരു ചുവപ്പ് ജാക്കറ്റും കറുത്ത കമ്പിളിത്തൊപ്പിയും ധരിച്ചു ആ കോഫീ ഷോപ്പിൽ എന്റെ സീറ്റിന് അരികിൽ വന്നിരുന്നത്..?..
ഒരു ചെറു പുഞ്ചിരിയിൽ എന്റെ ഹൃദയം കവർന്നവൾ..നിന്റെ കണ്ണുകളുടെ തിളക്കത്തിൽ ഞാൻ എന്നെത്തന്നെ ആ കണ്ണുകളിൽ കണ്ട നിമിഷം..
പരിചയപ്പെടലിന്റെ ഔപചാരിതകൾ ഇല്ലാതെ മിഴികളിൽ കോർത്തു എന്നെ വലിച്ചു കൊണ്ടുപോയവൾ..
ഒട്ടും സങ്കോചം കൂടാതെ എന്റെ പ്രണയം പറയാൻ പ്രേരിപ്പിച്ച ആ നിമിഷം ഒരിക്കലും മറക്കാൻ കഴിയില്ലല്ലോ എനിക്ക്…ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു നീ നടന്നകന്നതും,
തിരിച്ചു നിന്റെ ഇഷ്ടത്തിന് വേണ്ടി
ആകാംക്ഷയോടെ കാത്തിരുന്ന ചില ദിവസങ്ങൾ..വീണ്ടും കണ്ടുമുട്ടാൻ കാത്തിരുന്ന നാളുകൾ…
“അതെ നിരോഷാ..അന്നത്തെ അതേ കൗതുകം ഇന്നും എന്റെ കണ്മുന്നിൽ ഉണ്ട്..”.
“ഒരു കുഞ്ഞിന്റെ വാത്സല്യത്തോടെ നിന്നെ വാരിയെടുക്കാനും ആ കവിളുകളിൽ മുത്തം തരാനും കൊതിച്ച അതെ കൗതുകം…”
“നിന്റെ സാമിപ്യങ്ങളിൽ എന്റെ ഹൃദയം തുള്ളിക്കളിച്ച അതെ നാളുകളുടെ തീവ്രത ഇന്നുമുണ്ട് നിരോഷാ..”നീ എന്റെ പ്രണയത്തെ വിലകുറച്ചു കാണരുത്.അതെനിക്ക് സങ്കടമാണ്..”
“സാം..ആകെ തളരുകയാണ് ഞാൻ..എനിക്കീ വേദന സഹിക്കാൻ കഴിയുന്നില്ല..എന്നോടുള്ള സ്നേഹം സത്യമെങ്കിൽ..എന്റെ വേദന നിന്റെ സങ്കടമാകുമെങ്കിൽ..നിനക്ക് എനിക്കൊരു ദയാവധം തന്നുകൂടെ..?”
“നിരോഷാ..നീ എന്തൊക്കെയാണീ പറയുന്നത്.? “.
“ഒരു സെർവന്റിന്റെ കാരുണ്യത്തിനു നിന്നെ വിട്ടുകൊടുക്കാതെ എന്റെ ജോലിപോലും വേണ്ടാന്ന് വെച്ച് നിന്റെ അരികിൽ ഇരിക്കുന്നത് അതിനാണോ.? “.
“സാം..നീ അടുത്തുള്ളപ്പോ മരണത്തിന്റെ കാലൊച്ചകൾ എന്നിൽ നിന്ന് അകന്നു പോകുന്നപോലെ തോന്നുന്നു..” എന്നിൽ നിന്നും നിനക്കൊന്നും ഇനി ലഭിക്കാനില്ല..”
“നീ എന്നെ വിട്ടുപോകാൻ മരണമല്ലാതെ മറ്റൊന്നും എനിക്ക് തോന്നുന്നുമില്ല…”
“നിന്നോടുള്ള അഗാധമായ സ്നേഹമാണ് എന്നെ അങ്ങനെ ചിന്തിപ്പിക്കുന്നതും..”
“എന്റെ വയ്യാഴ്കയിൽ നിന്റെ ജീവിതത്തിലെ നല്ല ദിവസങ്ങൾ നീ എന്തിന് നഷ്ടപ്പെടുത്തണം.? “
“നിരോഷാ..നിന്റെ അരികിൽ നിന്റെ കരം ഗ്രഹിച്ചു ഇങ്ങനെ ഇരിക്കുന്നതിൽ കൂടുതൽ നല്ല നിമിഷങ്ങൾ എനിക്ക് വേറെ എന്താണുള്ളത്..? “
“നമ്മൾ ഒരുമിച്ചുകണ്ട സ്വപ്‌നങ്ങൾ തച്ചുടച്ച ആ ആക്‌സിഡന്റ് ഒരു നിമിത്തം ആയതാവാം..നിന്റെ ഈ തളർന്ന ശരീരത്തിന് ശക്തി പകരുവാൻ ഇപ്പോൾ ഞാൻ അരികിലുണ്ടല്ലോ..”
“നീ അന്ന് പറഞ്ഞിരുന്നില്ലേ എപ്പോഴും ഞാൻ അരികിൽ ഉണ്ടാവണം എന്ന്..”
“ഒരുപക്ഷെ ഞാൻ സിഡ്‌നിയിലേക്ക് തിരിച്ചു പോയിരുന്നിരിക്കാം..എന്റെ ജോലി ഉപേക്ഷിക്കാൻ എനിക്ക് തോന്നുമായിരുന്നില്ല എന്ന് വേണം അനുമാനിക്കാൻ..”
“സാം..ശരിയായിരിക്കാം.പക്ഷെ ഇന്നത്തെ അവസ്ഥയിൽ എന്നെ ഇങ്ങനെ വേദന തീറ്റിക്കുന്നതിൽ നിനക്ക് സന്തോഷിക്കാൻ കഴിയുമോ..? “
“നിരോഷാ.എന്നെ നീ ധർമ്മസങ്കടത്തിൽ ആക്കരുത്..!”
“നിന്റെ വേദനകൾക്ക് ഞാൻ കൂട്ടിരിക്കുകയല്ലേ..”
“സാം..അതാണ് എനിക്ക് കൂടുതൽ വേദന സമ്മാനിക്കുന്നത്..”
എന്നെ ഇങ്ങനെ കഷ്ടപ്പെടുത്താതെ മരണത്തിലേക്ക് പറഞ്ഞയക്കൂ…”
അതാണ് എന്നോട് നിനക്ക് ചെയ്യാവുന്ന ഏറ്റവും വലിയ പരിഗണന..”
“എന്റെ ആഗ്രഹങ്ങൾ നിരസിക്കാറില്ലാത്ത ആളല്ലേ നീ..അപ്പോൾ എനിക്ക് ഇത് കൂടി അവസാനമായി ചെയ്തു തന്നുകൂടെ…”
“നിരോഷാ..നിനക്ക് നിർബന്ധമാണേൽ അതും ഞാൻ തീർച്ചയായും ചെയ്യും..”
“സാം..എങ്കിൽ എനിക്ക് അതിൽ കൂടുതൽ ഒരു സന്തോഷം വേറെയുണ്ടാവില്ല…” മറ്റൊരു ആഗ്രഹം കൂടിയുണ്ട്..നീ അതിനുശേഷം മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യണം..” നിങ്ങൾക്ക് പിറക്കുന്ന കുഞ്ഞ് പെൺകുട്ടി ആണേൽ എന്റെ പേരിടണം അവൾക്ക്..”
“നിരോഷാ.നീ എന്റെ ഹൃദയം കൂടുതൽ മുറിപ്പെടുത്തുകയാണ്..എങ്കിലും നിനക്ക് വേണ്ടി ഞാൻ ചെയ്യും..”
“സാം..എനിക്ക് നിന്റെ നെഞ്ചിൽ മുഖമമർത്തി കിടക്കണം മരണത്തെ പുൽകുന്ന ആ സമയം..”
എന്റെ ശരീരം നിശ്ചലമാകുമ്പോൾ, തണുപ്പ് അരിച്ചിറങ്ങുമ്പോൾ നിനക്ക് എന്നിൽ നിന്ന് അടർന്നു മാറാം..”
“ഞാൻ ഇപ്പോ വരാം നിരോഷാ..”
സാം അടുത്ത റൂമിലേക്ക് പോയി അലമാര തുറന്ന് ഒരു വൈൻ ബോട്ടിൽ കൈയിലെടുത്തു…
നിരോഷക്ക് വേദന സംഹാരിയായും ഉറക്കം ലഭിക്കാനായും ഡോക്ടർ കൊടുത്ത ഉറക്കഗുളികൾ മുഴുവൻ അതിൽ പൊടിച്ചു ചേർത്തു..!
“സാം.എവിടെ നീ..?.എത്ര നേരമായി പോയിട്ട്..അടുത്ത് വരൂ..”
നിരോഷയുടെ ശബ്ദം ഉയർന്നു പൊങ്ങിയപ്പോൾ സാം ഒരു ഗ്ലാസിൽ നിറച്ച വൈനുമായി അവളുടെ അടുക്കലെത്തി…
“നിരോഷാ..ഈ മധു ചഷകം നിനക്കായുള്ളതാണ്..നിന്റെ ആഗ്രഹം പോലെ വേദനയില്ലാത്ത ലോകത്തേക്ക് നിന്നെ ആനയിക്കുന്ന പാനീയം..”
“സാം..എനിക്ക് നിന്നോടുള്ള സ്നേഹത്തിന്റെ ആഴം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്..”
“നിന്നെ വിട്ടുപോകുന്നതിൽ എന്റെ ഹൃദയം അത്യഗാധമായി വ്യസനിക്കുമെങ്കിലും, കരണീയമായത് അത് തന്നെയാണ് എനിക്കും നിനക്കും..”
“നിനക്ക് തണുക്കുന്നുണ്ടോ നിരോഷാ..? “
“ഇത് ഒറ്റ വലിക്കു കുടിച്ചോളൂ..
എന്നിട്ട് എന്റെ നെഞ്ചിൽ മുഖം അമർത്തി എന്റെ നെഞ്ചിലെ ചൂടിൽ കിടന്നോളു..”
നിരോഷയുടെ മുഖത്ത് കുറച്ച് ദിവസങ്ങൾക്കു ശേഷമാണ് ഒരു പുഞ്ചിരി വിടർന്നത്..സാമിന്റെ കൈയിൽ നിന്ന് ആ ഗ്ലാസ് വാങ്ങി അതിലെ വൈൻ മുഴുവൻ ഒറ്റ വലിക്ക് കുടിച്ചു തീർത്തു..!
“സാം.. മനുഷ്യർക്ക് മറുജന്മം ഉണ്ടോ..? ഇനിയൊരു ജന്മം ഉണ്ടാകുമോ നമുക്ക്.? ” ഉണ്ടെങ്കിൽ അന്ന് നമ്മൾ വീണ്ടും കണ്ടുമുട്ടുമോ.? “.
സാം അവളെ നെഞ്ചോടു ചേർത്തു പിടിച്ചു..അവൾ ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവനോടു ചേർന്ന് നിന്നു..
“സാം..ഞാൻ എത്ര ഭാഗ്യവതിയാണ്.. നിന്റെ ഈ സ്നേഹത്തിൽ…, പ്രണയത്തിൽ അലിഞ്ഞു ഇങ്ങനെ ഇല്ലാതാകുമ്പോൾ..”
“നീ ഒരിക്കലും എന്നെ മറക്കില്ല എന്ന് കരുതുന്നു ഞാൻ..മറ്റൊരു സ്ത്രീ നിന്റെ ജീവിതത്തിൽ വന്നാലും.! “
നിരോഷയുടെ നാവ് കുഴയുന്നത് സാം അറിയുന്നുണ്ടായിരുന്നു..
“നിരോഷാ..നീയല്ലാതെ മറ്റൊരു സ്ത്രീയും എന്റെ ജീവിതത്തിൽ ഇനി വരില്ല..കാരണം ഞാനും നിനക്കൊപ്പം വരികയല്ലേ..”
“സാം.എന്താ പറഞ്ഞത് നീ..? “
നാവ് കുഴഞ്ഞുകൊണ്ടു നിരോഷ അവനോടു ചോദിച്ചു..
“അതേ നിരോഷാ..നീയില്ലാത്ത പകലുകളും രാവുകളും എനിക്ക് സങ്കല്പിക്കാവുന്നതിലും അപ്പുറമാണ്..”
“അതുകൊണ്ട് തന്നെ നിനക്കൊപ്പം, നിന്റെ ഇഷ്ടങ്ങൾക്കൊപ്പം ഞാനും വരാൻ തീരുമാനിച്ചു..നീ കുടിച്ച അതേ പാനീയം ഞാനും ആദ്യമേ കുടിച്ചിരിക്കുന്നു…”
“മരണത്തിന്റെ ഇടനാഴികളിലും നമുക്ക് കൈകോർത്തു ഒരുമിച്ചു നടക്കാം..”.
പ്രണയം മാംസനിബന്ധമല്ല എന്ന് ലോകത്തോട് നമുക്ക് വിളിച്ചു പറയാം…”
“സാം..നീ എന്നേ തോൽപ്പിച്ചു കളഞ്ഞല്ലോ പ്രിയനേ..”
സാമിന്റെ വായിൽ നിന്ന് ഒലിച്ചിറങ്ങിയ രക്തം തുടച്ചുകൊണ്ട് അവന്റെ നെഞ്ചിൽ മുഖമമർത്തി നിരോഷ തളർന്ന നാവിനാൽ പുലമ്പിക്കൊണ്ടിരുന്നു..
അനന്തമായ, അഗാധമായ ഒരു പ്രണയത്തിന്റെ ജീവൻതുടിപ്പുകൾ അവസാനിക്കുമ്പോൾ
അവളുടെ വായിൽ നിന്ന് ഒലിച്ചിറങ്ങിയ രക്തം സാമിന്റെ നെഞ്ചിൽ തളം കെട്ടിയിരുന്നു…!
നിരഞ്ജൻ.
(ഈ കഥ ഷോർട് ഫിലിം ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക)
മനോഹരമായ കഥ 👍👍👏👏