“കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി അതേക്കുറിച്ചൊന്നും ആലോചിക്കണ്ട”നമുക്ക് തറവാട്ടിലേയ്ക്ക് പോകണം.. നിന്നെ കൂട്ടിക്കൊണ്ട് ചെല്ലാൻ വിഷ്ണുവേട്ടൻ പറഞ്ഞിട്ടുണ്ട്.. അവിടെ എല്ലാവരും നിന്നെ കാത്തിരിക്കുന്നുണ്ട്.. വിഷ്ണുവേട്ടൻ വീട്ടിലേയ്ക്ക് തിരിച്ചു കഴിഞ്ഞു”..അവളെ ചേർത്തുപിടിച്ചു ഹീര പറഞ്ഞു
“ഞാൻ ഇല്ല.. ആരെയും കാണാൻ ഉള്ള ശക്തിയില്ല… നാദം നിലച്ച ചിലങ്കയാണ് ഞാൻ.. ഇനിയൊരു തിരിച്ചു വരവില്ല” തേങ്ങിക്കരയുന്ന അവളോടായി ഹീര തുടർന്നു
“കുഞ്ഞിനെ കൂടുതൽ കരയിച്ചു വിഷമിപ്പിക്കാതെ നീ യാത്രയ്ക്ക് തയ്യാറെടുക്ക്”.
യാത്രയിൽ മൗനമായിരുന്നു.. ദേവികയുടെ കണ്ണുകൾ പെയ്തൊഴിയാമഴപോൽ പെയ്തുകൊണ്ടേയിരുന്നു. കുഞ്ഞിനെ നെഞ്ചോടുചേർത്തുപിടിച്ചു തന്റെ അടുത്തിരിക്കുന്ന അവളെ തെല്ലു ആശ്വാസത്തോടെ അവൾ നോക്കി.
കാർ തന്റെ നാട്ടിൽ എത്തിയിരിക്കുന്നു. ഒത്തിരി മാറ്റങ്ങൾ കാണാനാകുന്നു. അമ്പലം പുതുക്കിപ്പണിഞ്ഞിരിക്കുന്നു, റോഡുകൾ താറിട്ടിട്ടുണ്ട്, എല്ലാം മാറിപ്പോയിരിക്കുന്നു.കാർ വീടിന്റെ ഉമ്മറത്തേയ്ക്ക് കടന്നു. കാറിന്റെ അടുത്തേയ്ക്ക് അച്ഛൻ ഓടിവന്നു. അച്ഛനെ കണ്ടതും അവളുടെ കരച്ചിൽ ഇരട്ടിച്ചു.. കൈകൂപ്പി നിൽക്കുന്ന അവളെ വിഷ്ണുവേട്ടൻ ചേർത്തു പിടിച്ചു..
“കഴിഞ്ഞതൊക്കെ കഴിഞ്ഞു… ഇനി നിനക്ക് എല്ലാവരും ഉണ്ട്.. പഴയ ജീവിതം നമുക്ക് തിരിച്ചു പിടിക്കണം.നമ്മുടെ അമ്മയ്ക്ക് ഇതിൽപ്പരം സന്തോഷം മറ്റൊന്നും ഉണ്ടാകില്ല”.. അവളെ ചേർത്തുപിടിച്ചു അകത്തേയ്ക്ക് നടക്കുന്ന തന്റെ ഭർത്താവിനെ അവൾ അതിശയത്തോടെ നോക്കി… അവൾക്കെതിരെ സംസാരിക്കുമ്പോഴൊക്കെ താൻ ഈ സ്നേഹം തിരിച്ചറിഞ്ഞിട്ടുണ്ട് അവൾ ഓർത്തു.
ദിവസങ്ങൾ വേഗം കടന്നുപോയി.മടങ്ങിപ്പോകാൻ തനിക്കു വല്ലാത്തൊരു വിഷമം. വീടാകെ ഉണർന്നിരിക്കുന്നു. ദേവി, കുട്ടികളെ നൃത്തം പഠിപ്പിക്കുവാൻ തുടങ്ങിയിരിക്കുന്നു. പാട്ടും നൃത്തവുമൊക്കെയായി വീട് വീണ്ടും ഉണർന്നു. വിഷ്ണുവേട്ടന്റെ അമ്മയും ദേവിക്ക് സഹായിയായി കൂടിയിട്ടുണ്ട്.
യാത്രയ്ക്ക് ഒരുങ്ങുന്ന തന്നെ നോക്കി പുഞ്ചിരിക്കുന്ന അവളെ നോക്കി ഹീര തുടർന്നു
“നാദം നിലച്ച ചിലങ്ക… അതു പഴങ്കഥ… ഈ ചിലങ്ക ഇനി ചിരിച്ചുണരണം… ഒരു സ്വപ്നാടനം പോലെ ചിലതൊക്കെ മറക്കണം. ചില താളുകൾ പുസ്തകത്തിൽ നിന്നു പിഴുതെടുക്കാം”.. അവൾ ദേവിയെ ചേർത്തുപിടിച്ചു. അച്ഛന്റെ കണ്ണുകളിൽ പഴയ തിളക്കം തിരിച്ചുവന്നിരിക്കുന്നു.
“ഇറങ്ങാം..ഇനി വൈകണ്ട”.. വിഷ്ണുവേട്ടന്റെ ഓർമ്മപ്പെടുത്തൽ എത്തി.
“മോളെവിടെ.. അവളെ കണ്ടില്ലല്ലോ “.. തന്റെ ചോദ്യത്തിനുത്തരമായി ദേവി മാവിൻ ചുവട്ടിലേയ്ക്ക് കണ്ണുകാണിച്ചു.. അതേ തങ്ങളുടെ പഴയ താവളത്തിലേയ്ക്ക് അടുത്ത ആൾക്കാർ ചേക്കേ റിയിരിയ്ക്കുന്നു. അവൾ പതിയെ തന്റെ വയറിൽ കയ്യോടിച്ചു.. വെളിയിലെ ബഹളത്തിനനുസരിച്ചു മാമിയുടെ നൃത്തത്തിന്റെ താളം അകത്തു കിടന്നു തന്റെ മുകളിൽ തീർക്കുന്നു… അവൾ നിർവൃതിയോടെ ചിരിച്ചു.
പതിയെ പടികൾ ഇറങ്ങുമ്പോൾ നിറഞ്ഞപുഞ്ചിരിയുമായി മനുവേട്ടൻ തന്റെ നേരെ കൈകൾ വീശുന്നതായി ഹീരയ്ക്കുതോന്നി.
വീണ്ടും വേഗത്തിൽ മടങ്ങിയെത്താനുള്ള മോഹത്തോടെ മെല്ലെ നീങ്ങിയ കാറിനുള്ളിൽ നിന്നു ഹീര ദേവിക്കുനേരെ കൈകൾ വീശി.
അവസാനിച്ചു 🥰
ശ്രീജ സുരേഷ്, ഷാർജ✍