രംഗം ഒന്ന്.
നാടകം തുടങ്ങാനുള്ള ബെല്ലടിച്ചു
ഇന്ന് ഞാൻ അഭിനയിക്കേണ്ടത് ഒരു മകളായി
പുഞ്ചിരി കൊണ്ടും കണ്ണുനീർ കൊണ്ടും
ഞാൻ സദസ്സിന്റെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി
എല്ലാവർക്കും നന്ദി.
രംഗം രണ്ട്
മാറ്റമില്ലാത്ത കർട്ടൻ അതേ ബെല്ലടി അതേ സദസ്സ് പക്ഷേ ഞാനോ കുഞ്ഞുടുപ്പിൽ നിന്നും പാവാടയിൽ എത്തിയ സോദരി പൊടി സഹോദരങ്ങളെ തോളിലേറ്റി അങ്ങോളമിങ്ങോളം പായുന്ന പൂമ്പാറ്റ.
രംഗം മൂന്ന്.
കർട്ടൻ മാറുന്നില്ല പക്ഷേ ഞാൻ ഇതാ വീണ്ടും വേഷം മാറി
ഇന്നൊരു കൂട്ടുകാരി കൂട്ടുകാരൻ പാടത്തു തള്ളിയിട്ട് അപ്പോൾ കരഞ്ഞു നിന്ന പെൺകൊടി പാവം കുട്ടി സദസ്സ് നെടുവീർപ്പിട്ടു.
രംഗം നാല്
വീണ്ടും കർട്ടൻ ബെല്ലടി സദസ്സ് ഇന്നു ഞാൻ അല്പം വളർന്നു ഇന്നെനിക്ക് കാമുകിയായ അഭിനയിക്കാം എൻറെ പ്രണയം കണ്ട് സദസ്സ് കോരിത്തരിച്ചു ആസ്വാദകർക്ക് നന്ദി.
രംഗം അഞ്ച്
ആകാംക്ഷാഭരിതമായ സദസ്സ് മികച്ച പ്രകടനം ആകുന്ന വിശ്വാസം കണ്ണിൽ നിറച്ചവർ ഇന്നുഞാൻ ഭാര്യയായി തകർന്നുവീണ പുരുഷനെ മനസ്സുകൊണ്ടും കൈകൊണ്ടും താങ്ങിനിർത്തിയ പതിവ്രത.
ആഹാ ആശ്ചര്യം തന്നെ സദസ്സ്..
എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദി..
രംഗം ആറ്
എണ്ണമറ്റ ജനങ്ങൾ
നീളവും വീതിയും കൂടിയ സദസ്സ്
അമ്മയായി ഞാനിതാ രംഗത്ത് പാലൂട്ടി യും താരാട്ടു പാടിയും കുഞ്ഞിനെ സ്നേഹംകൊണ്ട് വീർപ്പുമുട്ടിച്ച അവൾ
ഇതുപോലൊരു അമ്മയ്ക്ക് എനിക്കും വേണം സദസ്സ് പുലമ്പി
നന്ദിപറഞ്ഞുകൊണ്ട് ഞാനിതാ രംഗം വിടുന്നു
എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദി
രംഗം ഏഴ്
പഴയ സദസ്സു തന്നെ
പക്ഷേ എൻറെ വേഷങ്ങൾ മാറിമാറി വരുന്നു
ഇന്നു മുത്തശ്ശി
കഥകൾ പറഞ്ഞു നാമം ജപിച്ചു കാലം നീക്കുന്ന വൃദ്ധ
അത്ഭുതകരമായ മാറ്റം തന്നെ ജനം..
രംഗം എട്ട്
കണ്ണീർ വാർക്കുന്ന സദസ്സ്
ചിത കൂട്ടാൻ ഓടിനടക്കുന്ന ജനങ്ങൾ
വെള്ള പട്ടുടുത്ത ജഡം
ഭയക്കേണ്ട ഞാൻ തന്നെ കത്തുന്ന ചിത എരിയുന്ന കനലുകൾ
ഏങ്ങലടിക്കുന്ന സദസ്സ്
എല്ലാവര്ക്കും വിട
അടുത്ത നാടകത്തിൽ കാണാം.
ജിസിമോൾ.
മസ്കറ്റ്