17.1 C
New York
Thursday, August 18, 2022
Home Literature നന്ദി ചാത്താ നന്ദി. (കഥ )

നന്ദി ചാത്താ നന്ദി. (കഥ )

കേണൽ രമേശ് രാമകൃഷ്ണൻ✍

“ അല്ല ശിവദാസാ, എന്താ നീ നേരത്തെ പറഞ്ഞെ ?”

കേട്ട കാര്യം ഒന്നു കൂടി കേൾക്കണമെന്ന് തോന്നി ഏഡ് കുട്ടൻ പിള്ളയ്ക്ക്.

“ സാറേ, അത്, അഞ്ചാലുംമൂട്ടിൽ പുതിയ പോലീസ് സ്റ്റേഷൻ വരുന്നു. നമ്മുടെ ഔട്ട്പോസ്റ്റ്, താമസിയാതെ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന്റെ ഭാഗമാകും. എന്റെ അയലത്തെ ഹസനാര് കൊല്ലം പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ അല്ലിയോ. അവിടുന്ന് കിട്ടിയ വിവരം ഇന്നലെ രാത്രി തന്നെ അയാൾ വീട്ടിൽ വന്നെന്നോട് പറഞ്ഞു.”

ഊഹാപോഹങ്ങൾ നേരത്തെ കുട്ടൻ പിള്ളയും കേട്ടിരുന്നു. അത് ഇത്രയും പെട്ടെന്ന് യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിച്ചില്ല. തന്റെ കാലുകൾക്കിടയിൽ നിന്നും മണ്ണ് ഒലിച്ചു പോകുന്നതായിത്തോന്നി കുട്ടൻ പിള്ളയ്ക്ക്. തന്റെ അധീനതയിലുള്ള ഒരു സാമ്രാജ്യം ആരോ പിടിച്ചെടുക്കുന്നതുപോലെ ഒരു തോന്നൽ.

“ അപ്പോഴിനി സാറിന്റെ കാര്യം ?” ഒരു സംശയം ചോദിച്ചു പോലീസുകാരൻ ശിവദാസൻ.

“ എനിക്കെന്താ ? എനിക്ക് റിട്ടയർ ആകാനിനി കൂടുതൽ നാളുകളില്ലല്ലോ . ഏത് പോലീസ് സ്റ്റേഷനിലും ഹെഡ് കോൺസ്റ്റബിൾ കാണും. ഞാൻ ഇവിടെത്തന്നെ അങ്ങ് കൂടും. അല്ല പിന്നെ. പോലീസ് സ്റ്റേഷൻ പോലും.”

പെട്ടെന്ന് എന്തോ ഓർത്തിട്ട് കുട്ടൻ പിള്ള പറഞ്ഞു

“ശിവദാസാ, ആ ലോക്കപ്പിൽ ഒരു കേശവൻ എന്ന കുറവൻ കിടപ്പുണ്ട്. മോഷണക്കുറ്റം ചാർത്തണം. എന്താണ് വേണ്ടതെന്ന് നിനക്കറിയാമല്ലോ? എനിക്ക് ഒരു മൂഡില്ല.”

“ അല്ല സാറേ, വല്ല തൊണ്ടിയോ തെളിവോ, അങ്ങനെയെന്തെങ്കിലും ?”

ശിവദാസന് പിന്നെയും സംശയം.

“ അതൊക്കെ നമുക്ക് ഉണ്ടാക്കാമെടോ. ആ രാമൻ നായർ പറഞ്ഞിട്ടാണ്. അല്ലെങ്കിൽ അഞ്ചാറ് ഇടിയും കൊടുത്തു പറഞ്ഞു വിട്ടേരെ.”

കുട്ടൻ പിള്ള എഴുന്നേറ്റ് നിന്ന് മൂരിയിട്ടു.
സാധാരണയായി കുറ്റവാളികളെയും അല്ലാത്തവരെയും ഇടിച്ചു പിഴിയുന്നത് കുട്ടൻ പിള്ളയാണ്. കയ്യിൽ വന്നു കിട്ടിയ അവസരം ശിവദാസൻ പോലീസ് നല്ലവണ്ണം മുതലാക്കി. ലോക്കപ്പിനുള്ളിൽ നിന്നും നിലവിളി കേട്ടപ്പോൾ കുട്ടൻ പിള്ള കെട്ടിടത്തിന്റെ മുറ്റത്തേക്കിറങ്ങി. നിക്കറിന്റെ പോക്കറ്റിൽ കയ്യിട്ടപ്പോൾ രാമൻ നായർ കൊടുത്ത നൂറിന്റെ കുറെ നോട്ടുകൾ കയ്യിൽ തടഞ്ഞു..

നിലവിളിയുടെ ശബ്ദം നിലച്ചെന്ന് മനസ്സിലായപ്പോൾ കുട്ടൻ പിള്ള തന്റെ കസേരയിൽ വന്നിരുന്നു. കുറച്ചു നേരം കഴിഞ്ഞ്, നിവർന്നു നിൽക്കാൻ ശേഷിയില്ലാത്ത കേശവനെയും പിടിച്ചു കൊണ്ട് ശിവദാസൻ പോലീസ് ലോക്കപ്പ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി. കരഞ്ഞുകൊണ്ട് കേശവൻ, കുട്ടൻ പിള്ളയോട് ചോദിച്ചു.

“മ്ബ്രാൻ പറയുമ്പോളെല്ലാം എന്തിനാ ഏമാനേ, എന്നെ ഇങ്ങനെ തല്ലിച്ചതക്കുന്നെ ? ഞാൻ ഒരു കൊലുസും കട്ടില്ല. ഞാനും എന്റെ പെണ്ണും അവരുടെ വീട്ടിലേം പറമ്പിലേം എല്ലാം പണിയും ചെയ്യുന്നു. എന്നാലും കള്ളക്കേസിൽ കുടുക്കി ഏമാനെക്കൊണ്ട് ഇടയ്ക്കിടെ തല്ലിക്കുന്നു. എന്നെയൊന്നു കൊന്നു തരാമോ ഏമാനേ ?” പൊട്ടിക്കരഞ്ഞു പോയി കേശവൻ.

“ നീ ഏതോ ചുവന്ന കൊടിയും പിടിച്ചുകൊണ്ട് ജാഥയ്ക്ക് പോയെന്ന് കേട്ടു. കമ്മ്യുണിസ്റ്റ് അല്ലേ ടാ നീ ? നാളെ അയാളുടെ തല അറുക്കില്ലെന്ന് ആരു കണ്ടു ?”

“ഇല്ലാത്തത് പറേല്ലേ ഏമാനേ “ ഒരു ചെറിയ പുഞ്ചിരിയോടെ കേശവൻ പറഞ്ഞു.

“ ഇബ്ഭ, വായ് മൂടെടാ നായിന്റെ മോനേ. ചവിട്ടി നിന്റെ എല്ല് ഞാനൂരും. പോടാ എന്റെ മുമ്പീന്ന്.”

കുട്ടൻ പിള്ള ചാടിയെണീറ്റു പറഞ്ഞു.
പോകാനായി വാതിലിനടുത്തെത്തിയ കേശവൻ എന്തോ ആലോചിച്ച് ഒന്ന് നിന്നു.കുട്ടൻ പിള്ളയുടെ മുഖത്ത് നോക്കി കേശവൻ പറഞ്ഞു

“ നിരപരാധികളായ പാവങ്ങളെ ചവിട്ടുന്ന ഈ കാലും ഇടിക്കുന്ന കയ്യും തളർന്നു കിടക്കും ങ്ങ്ള്. ന്റെ ചാത്താ !”

അലറി വിളിച്ചുകൊണ്ട് കേശവൻ പുറത്തേക്കോടി.

എന്തോ ഒരു ഷോക്കേറ്റത് പോലെ തോന്നി കുട്ടൻ പിള്ളയ്ക്ക്. പലരും പലതും പറഞ്ഞിട്ടുണ്ട്, പിരാകിയിട്ടുണ്ട്. പക്ഷേ ഇന്നുവരെ ആരും മുഖത്തുനോക്കി ഇങ്ങനെ പിരാകിയിട്ടില്ല. കേശവൻ നിരപരാധി ആണെന്ന് കുട്ടൻ പിള്ളയ്ക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ മനസ്സിൽ ഒരു ചെറിയ പേടിതോന്നി.

രണ്ട് ദിവസം കഴിഞ്ഞ്, കൊല്ലം പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും ഒരു ജീപ്പിൽ കുറെ പോലീസുകാർ ഔട്ട്പോസ്റ്റിൽ വന്നു. അവർ പോലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ വേണ്ടിയുള്ള കമ്മീഷണർ ഒപ്പിട്ട ഉത്തരവ് ഏഡ് കുട്ടൻ പിള്ളയുടെ കയ്യിൽ കൊടുത്തു. ഒരു പോലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ വേണ്ടിയുള്ള നടപടികൾ തുടങ്ങാൻ കുട്ടൻ പിള്ളയെ ചുമതലപ്പെടുത്തി. താമസിയാതെ ഇൻസ്പെക്ടർ എത്തുമെന്നും ആ ജീപ്പ് ഇൻസ്പെക്ടർക്ക് ഉപയോഗിക്കാനാണെന്നും പ്രത്യേകം പറഞ്ഞു. ജീപ്പ് അവിടെ വിട്ടിട്ട്, വന്ന പോലീസുകാർ ബസ്സിൽ കയറി കൊല്ലത്തേക്ക് പോയി. കുട്ടൻ പിള്ള ആ ഓർഡർ കയ്യിൽ പിടിച്ചുകൊണ്ട് കുറെനേരം അങ്ങനെ തന്നെയിരുന്നു.

പിറ്റേദിവസം രാവിലെ തന്നെ കുട്ടൻ പിള്ള പോലീസ് സ്റ്റേഷന് പറ്റിയ ഒരു കെട്ടിടം വാടകയ്ക്കെടുക്കാൻ അന്വേഷണം തുടങ്ങി. മൂന്നാം ദിവസം, അല്പം ദൂരെയായി റോഡരികിൽ തന്നെ ഒരു പുതിയ കെട്ടിടം കണ്ടെത്തി. നാലഞ്ച് മുറികളുള്ള ഒരു പുതിയ വീട്. ഒരാഴ്ചയ്ക്കുള്ളിൽ വീടും പരിസരവും എല്ലാം വൃത്തിയാക്കി ആദ്യം ഔട്ട്പോസ്റ്റിലെ സാധനങ്ങളെല്ലാം അങ്ങോട്ടുമാറ്റി. കുറച്ചു മേശയും കസേരയും ഒക്കെയുണ്ടാക്കാൻ ഏല്പിച്ചു. ഇൻസ്പെക്ടറുടെ മുറി പ്രത്യേകം തയ്യാറാക്കി. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സോമൻ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലെ ചാർജ് എടുക്കാൻ വരുന്നു എന്ന വിവരം കിട്ടി.

അതിന്റെ രണ്ടാം ദിവസം സബ് ഇൻസ്പെക്ടർ സോമൻ എത്തി. വേണ്ട രീതിയിൽ തന്നെ ഹെഡ് കോൺസ്റ്റബിൾ കുട്ടൻ പിള്ളയും മറ്റ് പോലീസുകാരും അയാളെ സ്വീകരിച്ചു. പോലീസ് സ്റ്റേഷനും പരിസരവും എല്ലാം കുട്ടൻ പിള്ള ഇൻസ്പെക്ടറെ കാണിച്ചു കൊടുത്തു. തന്റെ കസേരയിൽ ഇരുന്നതിനുശേഷം ഇൻസ്പെക്ടർ കുട്ടൻ പിള്ളയൊട് ഒരു ചോദ്യം

“ എന്തോന്നാ ഏഡ്ഡേയിത്. ഇത് പോലീസ് സ്റ്റേഷനാ. അതെങ്ങനാ, ജീവിതകാലം മുഴുവൻ ഔട്ട്പോസ്റ്റിലാരുന്നല്ലോ നിങ്ങളുടെ സർവീസ്. സാരമില്ല, എല്ലാം ഞാൻ ഇനി നോക്കിക്കോളാം”

തന്റെ തലയിൽ ഏതോ ഭാരമുള്ള സാധനം വന്ന് വീണതായി തോന്നി കുട്ടൻ പിള്ളയ്ക്ക്.

ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം രാവിലെ ഇൻസ്പെക്ടർ സോമൻ കുട്ടൻ പിള്ളയെ വിളിച്ചു പറഞ്ഞു.

“ പിള്ളേ, ജങ്ഷനിൽ കാഞ്ഞാവെളിയുടെ പലചരക്കു കടയുടെ പുറകിൽ ആരോ ഒരാളെ കുത്തി മലർത്തിയിട്ടിരിക്കുന്നു. താൻ മൂന്നാല് പോലീസുകാരുമായി അങ്ങോട്ട് ചെന്ന് വേണ്ടത് ചെയ്യ്.
ചത്തില്ലെങ്കിൽ വേഗം അടുത്തുള്ള ഏതെങ്കിലും ആശുപത്രിയിൽ എത്തിക്കണം. അഥവാ ചത്തുപോയിട്ടുണ്ടെങ്കിൽ മഹസ്സർ തയ്യാറാക്കി പോസ്റ്റ് മോർട്ടം ചെയ്യിക്കാൻ കൊല്ലത്ത് ഡിസ്ട്രിക്ട് ആശുപത്രിയിൽ കൊണ്ടുപോയി വേണ്ടത് ചെയ്യണം. ജീപ്പെടുത്തോളൂ. ഞാൻ പിന്നെ വരാം. എനിക്ക് വീട്ടിൽ അല്പം ജോലിയുണ്ട്”
എന്ന് പറഞ്ഞു കൊണ്ട് ഇൻസ്പെക്ടർ സ്റ്റേഷന് വെളിയിലേക്ക് നടന്നു പോയി.

കുട്ടൻ പിള്ളയ്ക്ക് പെട്ടെന്ന് ഒരു തലവേദന അനുഭവപ്പെട്ടു. അത് സാരമാക്കാതെ മൂന്ന് പോലീസുകാരെ കൂട്ടി ജീപ്പിൽ സംഭവസ്ഥലത്തേക്ക് പോയി.

ആദ്യമായിട്ടല്ല കുട്ടൻ പിള്ള കൊലപാതക കേസുകൾ നേരിടുന്നത്. എത്രയെത്ര ദുരൂഹ മരണങ്ങൾ, ആത്മഹത്യകൾ, കൊലപാതകങ്ങൾ. ബന്ധുക്കൾ ഉള്ളവരുടയും ആരോരും ഇല്ലാത്തവരുടെയും.

കാഞ്ഞാവെളിയുടെ കടയുടെ പുറകിൽ കണ്ട മൃതദേഹം അയാളെ ഒന്ന് ഞെട്ടിച്ചു. വളരെ മൃഗീയമായി ഒരാളെ കൊന്നിട്ടിരിക്കുന്നു. പതിനാറ് മുറിവുകൾ. മുഖം ആകെ വികൃതമായി, ആകെ രക്തത്തിൽ കുളിച്ച ജഡം. എന്തോ ഒരു അസ്വസ്ഥത തോന്നി കുട്ടൻ പിള്ളയ്ക്ക്. എന്തായാലും മഹസ്സർ തയ്യാറാക്കി. കടയിൽ നിന്നും രണ്ടു പുല്പായ വാങ്ങി ജഡം അതിൽ പൊതിഞ്ഞ് ജീപ്പിൽ കയറ്റി മറ്റ് പോലീസുകാരോടൊപ്പം കൊല്ലം ഡിസ്ട്രിക്ട് ആശുപത്രിയിലെ മോർച്ചറിയിൽ എത്തിച്ചു. എന്നിട്ട് അധികൃതരെ വിവരം അറിയിച്ചു. ഫോറൻസിക് വിഭാഗത്തിലെ ഡോക്ടർ വരാനായി കാത്തിരുന്നു.

പെട്ടെന്നാണ് വലത് കൈയ്യിൽ ഒരു വിറയൽ തുടങ്ങിയത്. താമസിയാതെ വലതുകാലിലും ഒരു ഞെട്ടൽ തുടങ്ങി. വായ് ഇടത്തോട്ട് കോടി. കൂടെ നിന്ന പോലീസുകാരോട് തന്റെ അവസ്ഥ പറഞ്ഞു. പക്ഷേ അവർക്കൊന്നും മനസ്സിലായില്ല. വാക്കുകൾ ആകെ കുഴഞ്ഞു. തലയിൽ കഠിനമായ വേദനയും പെരുപ്പം തോന്നി. കുട്ടൻ പിള്ള ബോധംകെട്ടു വീണു. കൂടെ വന്ന പോലീസുകാർ അയാളെയെടുത്ത് കാഷ്വാൽട്ടി വിഭാഗത്തിൽ എത്തിച്ചു. അവിടെ എമർജൻസി പരിശോധന നടത്തി.

കുട്ടൻ പിള്ളയ്ക്ക് പരാലിറ്റിക്ക് സ്ട്രോക്ക് ആണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. അതിനുള്ള നടപടികൾ ആരംഭിച്ചു.
കുട്ടൻ പിള്ളയ്ക്ക് ബോധം തെളിഞ്ഞപ്പോൾ അയാൾ ഐ. സീ. യുവിലായിരുന്നു. കുട്ടൻ പിള്ളയുടെ വലത് ഭാഗം തളർന്നു പോയി.
കുറെ ദിവസത്തെ ചികിത്സയ്ക്ക് ശേഷം അയാൾ വീട്ടിലെത്തി. ഭാര്യയുടെയും മകന്റെയും പരിരക്ഷയിൽ. കുഞ്ഞുരാമൻ വൈദ്യരുടെ ആയൂർവേദ ചികിത്സ തുടങ്ങി. നടക്കാനുള്ള പ്രാപ്തി നേടിത്തരാമെന്ന് വൈദ്യർ ഉറപ്പ് കൊടുത്തു.

ഇതിനിടെ കുട്ടൻ പിള്ളയുടെ സർവീസ് കഴിഞ്ഞു. ഇൻസ്പെക്ടറും മറ്റ് പോലീസുകാരും കുട്ടൻ പിള്ളയുടെ വീട്ടിലെത്തി ഒരു ചെറിയ സെന്റ് ഓഫ് കൊടുത്തു. അങ്ങനെ ഹെഡ് കോൺസ്റ്റബിൾ കുട്ടൻ പിള്ള പെൻഷനോടെ റിട്ടയർ ചെയ്തു.

ഒരുദിവസം കുട്ടൻ പിള്ള വീടിന്റെ വരാന്തയിൽ ചാരുകസേരയിൽ കിടന്ന് ഒന്ന് മയങ്ങുകയായിരുന്നു. എന്തോ തോന്നിയിട്ട് പെട്ടെന്ന് കണ്ണുതുറന്നു. അയാളൊന്നു ഞെട്ടി. മുന്നിൽ പുഞ്ചിരിയോടെ നില്ക്കുന്നു കേശവൻ.

“എന്താടാ ഇളിയ്ക്കുന്നത് ?” എന്ന് കുട്ടൻ പിള്ള അലറി. പക്ഷേ ഒരു മൂളലേ പുറത്ത വന്നുള്ളൂ.

കേശവൻ ആകാശത്തേക്ക് നോക്കി പറഞ്ഞു.

“ നന്ദി ചാത്താ, നന്ദി”…..

കേണൽ രമേശ് രാമകൃഷ്ണൻ✍

Facebook Comments

COMMENTS

- Advertisment -

Most Popular

കാർഷിക വായ്പ : കേന്ദ്ര പലിശയിളവ്‌ രണ്ടിൽനിന്ന് ഒന്നര ശതമാനമാക്കി.

മൂന്നു ലക്ഷം രൂപവരെയുള്ള ഹ്രസ്വകാല കാർഷിക വായ്‌പകൾക്ക്‌ അനുവദിച്ച പലിശയിളവ്‌ കേന്ദ്രസർക്കാർ രണ്ടിൽനിന്ന്‌ ഒന്നര ശതമാനമാക്കി. 2020 വരെ രണ്ടുശതമാനം പലിശയിളവ്‌ അനുവദിച്ചിരുന്നു. ബുധനാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര...

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു; 24 മണിക്കൂറിനിടെ 12,608 പുതിയ കേസുകൾ.

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,608 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 44,298,864 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ...

തൃശൂരിൽ 8.91 ലക്ഷം ഓണക്കിറ്റുകൾ തയ്യാർ.

തൃശൂർ ഓണത്തിന്‌ വിലക്കുറവിന്റെ ആഘോഷമൊരുക്കി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് തയ്യാറാവുന്നു. ജില്ലയിൽ 8,91,768 കുടുംബങ്ങളിലേക്ക്‌ 13 സാധനങ്ങൾ അടങ്ങുന്ന കിറ്റ്‌ റേഷൻകടകൾ വഴിയെത്തും.സപ്ലൈകോയുടെ നാല് ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് സാധനങ്ങളുടെ പായ്ക്കിങ് നടക്കുന്നത്....

വൈദ്യുതിയിൽ ഷോക്ക് മാസം തോറും; ഓരോ മാസവും നിരക്ക് വര്‍ദ്ധിപ്പിക്കാൻ ഭേദഗതിയുമായി കേന്ദ്രം.

ഇനി ഓരോ മാസവും വൈദ്യുതി നിരക്ക് കൂടാൻ സാധ്യത. ഓരോ മാസവും നിരക്ക് വർദ്ധിപ്പിക്കാവുന്ന ചട്ടഭേദ​ഗതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. വൈദ്യുതി വിതരണക്കമ്പനികൾക്ക് ഓരോ മാസവും വൈദ്യുതി നിരക്ക് കൂട്ടാൻ അനുവദിക്കുന്നതാണ് ചട്ടഭേദ​ഗതി....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: