വെയിൽ ചാഞ്ഞു തുടങ്ങിയിരിക്കുന്നു. മ്യാപ്പിലെ വഴികളിലൂടെ കാർ അതിവേഗം മുന്നോട്ട്. ഹൈവേയിൽ നിന്നും കാർ ഇടുങ്ങിയ ഒരു വഴിയിലേക്ക് കടന്നു. നേർത്ത ഇടവഴികൾ. വഴികളുടെ ഇരുവശത്തും ചെറിയ കടകൾ. പലതരം കൃഷ്ണവിഗ്രഹങ്ങളും വളകളും മാലകളും കൗതുകവസ്തുക്കളും തിങ്ങിനിറഞ്ഞ കടകൾ. തെരുവിൽ തിരക്കാവുന്നതേയുള്ളൂ. അങ്ങിങ്ങായി പലഹാരങ്ങളും ലസ്സിയും പാനും വിൽക്കുന്ന കടകൾക്കു മുൻപിലെല്ലാം ചെറിയ ആൾക്കൂട്ടങ്ങൾ. വഴി നീളെ പശുക്കളെ കാണാം, കൂറ്റൻ കാളകളും.
ശരിക്കും ഒരു ക്ഷേത്രനഗരിയിൽ എത്തിപ്പെട്ട അത്ഭുതത്തോടെ കാറിന്റെ വിൻഡ്ഷീൽഡിലൂടെ പുറത്തെ കാഴ്ചകൾ കാണുകയായിരുന്നു ജിതേന്ദ്രൻ.
“അച്ഛാ, വിശക്കുന്നു “
ചിന്നുവിന്റെ ശബ്ദം ജിതേന്ദ്രനെ ജാലകത്തിനു പുറത്തെ മായക്കാഴ്ചകളിൽ നിന്ന് തിരിച്ചു വിളിച്ചു. പ്രിയ ഇപ്പോഴും ഉറക്കത്തിലാണ്. അഹമ്മദാബാദിൽ നിന്നും രാവിലെ നേരത്തെ പുറപ്പെട്ടതാണ്. ഇത്രയും ദൂരം യാത്ര ചെയ്ത ക്ഷീണം എല്ലാരുടെയും മുഖങ്ങളിൽ പ്രകടമാണ്.
” നമ്മൾ ഹോട്ടലിൽ എത്താറായി. അവിടെയെത്തിയിട്ട് എന്തെങ്കിലും കഴിക്കാം “
ചിന്നുവിനെ പറഞ്ഞു സമാധാനിപ്പിച്ചു ജിതേന്ദ്രൻ പ്രിയയെ തട്ടിയുണർത്തി.
“ഹോട്ടൽ എത്താറായി “
മനസ്സില്ലാമനസ്സോടെ കണ്ണുകൾ തിരുമ്മി അവൾ സീറ്റിൽ ചാരിയിരുന്നു. അവളുടെ കുറേക്കാലത്തെ ആഗ്രഹമാണ് ദ്വാരകയിലെ കൃഷ്ണനെ കാണണമെന്നത്. ആ ആഗ്രഹമാണ് ഈ യാത്രയ്ക്ക് പിന്നിൽ. ലോകത്തുള്ള എല്ലാ കൃഷ്ണന്മാരോടും ഇവൾക്ക് എന്താണ് ഇത്രമാത്രം പരിഭവം പറയാനുള്ളതെന്നു തികച്ചും നിരീശ്വരവാദിയായ ജിതേന്ദ്രൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അവളോട് ചോദിച്ചിട്ടുമുണ്ട്. അതിനെല്ലാം കൃത്യമായ മറുപടിയും അവൾ കൊടുക്കാറുണ്ട്.
“വിശ്വാസം ഒരു ഊന്നുവടിയാണ്. തളരുമ്പോൾ എനിക്ക് താങ്ങാവുന്ന ഊന്നുവടി. ജിതന്റെ യുക്തിചിന്തയെ ഞാൻ ചോദ്യം ചെയ്യുന്നില്ലാലോ. അതുപോലെ എന്റെ വിശ്വാസത്തെയും ചോദ്യം ചെയ്യാതിരിക്കുക “
ആ അവസാന വാചകത്തോടെ ജിതേന്ദ്രന്റെ ചോദ്യങ്ങൾ അവസാനിക്കും. അവൾ പറഞ്ഞത് സത്യമാണ്. രണ്ടുപേരും രണ്ട് വ്യക്തികളാണെന്ന് ഉൾക്കൊണ്ട് പരസ്പരം അംഗീകരിച്ചു മുന്നോട്ട് പോകുന്നതാണ് വിവാഹജീവിതത്തിലെ വിജയം എന്ന് ജിതേന്ദ്രനും തോന്നാറുണ്ട്.
ഇടവഴികൾ കടന്നു കാർ ഹോട്ടലിന്റെ മുൻപിൽ എത്തി. ഹോട്ടൽ കടൽത്തീരത്ത് തന്നെയാണ്. ക്ഷേത്രത്തിന് വളരെ അടുത്ത്. കുളിയും ഭക്ഷണവും കഴിഞ്ഞു അവർ പെട്ടന്ന് തന്നെ തയ്യാറായി.
“ക്ഷേത്രത്തിൽ തിരക്കാവും മുൻപ് എത്തണം. എന്നാലേ കൃഷ്ണനെ ശരിക്കും കാണാൻ പറ്റൂ.”
പ്രിയ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു ഇടയ്ക്ക്. നടക്കാവുന്ന അകലമേയുള്ളൂ ക്ഷേത്രത്തിലേക്ക്. ഹോട്ടൽ റിസപ്ഷനിൽ നിന്ന് ജിതേന്ദ്രൻ വഴി ചോദിച്ചറിഞ്ഞു. കടൽത്തീരത്ത് കൂടി നടന്ന് ഘാട്ടിലെ വഴിയിലൂടെ ക്ഷേത്രത്തിനു അടുത്ത് എത്തിച്ചേരാം.
കടൽത്തീരത്തു കൂടിയുള്ള കോൺക്രീറ്റ് പാകിയ നടവഴിയിലൂടെ ക്ഷേത്രം ലക്ഷ്യമാക്കി അവർ നടന്നു. നടപ്പാതയ്ക്കു ഇരുവശവും കോൺക്രീറ്റ് ബെഞ്ചുകൾ. അസ്തമയം കാണാൻ ആളുകൾ കാത്തിരിക്കുന്നു.
“അച്ഛാ, നമുക്കും സൺസെറ്റ് കണ്ടിട്ട് പോകാം പ്ലീസ്”. ചിന്നുവിന്റെ കൊഞ്ചിക്കൊണ്ടുള്ള ആവശ്യം നിരാകരിക്കാൻ അവർക്കായില്ല. അധികം തിരക്കില്ലാത്ത ഒരു ഭാഗത്തു കോൺക്രീറ്റ് ബഞ്ചിൽ അവരും ഇരുന്നു.
അസ്തമയം കാണാൻ കൂടിയിട്ടുള്ള ആളുകൾ, കപ്പലണ്ടിയും ലഘു ഭക്ഷണവും വിൽക്കുന്ന കച്ചവടക്കാർ, കുതിര സവാരിക്കാർ, കടൽത്തീരത്ത് ഓടിക്കളിക്കുന്ന കുട്ടികൾ… അങ്ങനെ പലവിധ ആളുകളെക്കൊണ്ട് ശബ്ദമുഖരിതമായ അന്തരീക്ഷം. പെട്ടന്നാണ് ജിതേന്ദ്രൻ ആ അവിശ്വസനീയമായ കാഴ്ച കാണുന്നത്. തൊട്ടടുത്ത ബെഞ്ചിൽ ഇരിക്കുന്ന സ്ത്രീ തന്നെത്തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്. അയാളും അവരെ സൂക്ഷിച്ചു നോക്കി. മനസ്സിൽ പതിഞ്ഞ ഒരു മുഖം. അയാൾ കണ്ണിമ ചിമ്മാതെ അവരെ നോക്കിയിരുന്നു.
അതേ, അത് അവൾ തന്നെയാണ്… മീര. ഒരിക്കൽ തന്റെ പ്രണയവും പ്രാണനുമായിരുന്നവൾ. ഇന്നും തന്റെ ഹൃദയത്തിൽ മറ്റാർക്കും കടന്നു ചെല്ലാൻ കഴിയാത്തൊരിടത്തു താൻ ഒളിപ്പിച്ചു വച്ചിരിക്കുന്നവൾ. തന്റെ കവിതകളിലൂടെ ജീവൻ തുടിക്കുന്നവൾ. പ്രിയയ്ക്ക് പോലുമറിയാത്ത തന്റെ പ്രിയ രഹസ്യം!
“ജിതാ, എന്നെ മനസ്സിലായോ? ഞാൻ മീര!”
ചിരപരിചിതമായ ആ ശബ്ദം ജിതേന്ദ്രനെ ഞെട്ടലിൽ നിന്നുണർത്തി. ഏതോ സ്വപ്നലോകത്തെന്ന പോലെ അയാൾ എഴുന്നേറ്റ് നിന്നു. അവൾക്കും തനിക്കുമിടയിൽ കയ്യെത്തും ദൂരം മാത്രം. സ്ഥലകാലബോധമില്ലാതെ അയാൾ അവളെ തന്നെ നോക്കി നിന്നു. കാഷായ വസ്ത്രം, രുദ്രാക്ഷമണിഞ്ഞ കഴുത്തും കൈകളും. നെറ്റിയിൽ നീട്ടി വരച്ച ഭസ്മക്കുറി. പ്രായത്തിന്റെ വെള്ളി വരകളുള്ള മുടിക്കെട്ട്. കണ്ണിലെ തിളക്കത്തിനും ചുണ്ടിലെ പുഞ്ചിരിക്കും മാറ്റു കുറഞ്ഞെന്നാലും അവളിലെ കാന്തികശക്തി ഒട്ടും കുറഞ്ഞിട്ടില്ലെന്നു ജിതേന്ദ്രന് തോന്നി. ഒരു നിമിഷം അയാൾക്ക് ശ്വാസം നിലയ്ക്കുന്നതായി തോന്നി.
“ഇത് ജിതന്റെ വൈഫും മോളുമാണല്ലേ? ഞാൻ മീര, ജിതന്റെ പഴയ ഒരു കൂട്ടുകാരിയാണ്. ഇപ്പോൾ ഇവിടെ ഒരു ആശ്രമത്തിലെ സ്വാമിനി.”
ചുണ്ടിലെ പുഞ്ചിരി മായാതെ അവൾ സ്വയം പരിചയപ്പെടുത്തുമ്പോൾ പ്രിയ അവരിരുവരെയും അന്ധാളിച്ചു നോക്കി നിൽപ്പായിരുന്നു.
“ഞങ്ങൾക്ക് പ്രാർത്ഥനയ്ക്കുള്ള സമയമായി. ഞാൻ പോകട്ടെ. നിങ്ങളെയെല്ലാം കണ്ടതിൽ വളരെ സന്തോഷം. എന്നും നല്ലതേ വരൂ “
ഒരു മറുപടിയ്ക്ക് പോലും കാത്തുനിൽക്കാതെ മീര തിരിഞ്ഞു നടന്നു. നടന്നതെന്തെന്ന് വ്യക്തമാവാതെ പ്രിയ മീര നടന്നകലുന്നത് നോക്കി നിന്നു.
അസ്തമയ സൂര്യന്റെ അവസാന കിരണവും ആഴിയിൽ അലിഞ്ഞില്ലാതാവുമ്പോൾ ജിതേന്ദ്രന്റെ മനസ്സ് കൊടും വേനലിലെന്ന പോലെ ചുട്ടു പൊള്ളുകയായിരുന്നു. ഉത്തരമില്ലാത്ത ഒരായിരം ചോദ്യങ്ങൾ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിക്കും പോലെ തോന്നി അയാൾക്ക്.
“ജിതാ, എന്നിലെ ആത്മീയത എന്നിലെ പ്രണയത്തെ കീഴടക്കിയിരിക്കുന്നു. ഇനിയുമെന്നെ കാത്തിരുന്നു തന്റെ ജീവിതം നശിപ്പിക്കരുത്. എന്റെ വഴികളിൽ താനൊരു തടസ്സവുമാവരുത്.”
ഇരുപതാണ്ടുകൾക്കപ്പുറമൊരു അസ്തമയക്കാഴ്ച ജിതന്റെ മനസ്സിൽ തെളിഞ്ഞു വന്നു. അന്ന് ഉറച്ച കാൽവയ്പ്പുകളോടെ തന്നിൽ നിന്നകന്നു പോയ പ്രണയം വീണ്ടുമൊരു അസ്തമയത്തിന് വേണ്ടി മാത്രം പുനർജ്ജനിച്ചുവോ? ഇരുപത് വർഷക്കാലം ആരുമറിയാതെ മനസ്സിലടക്കി വച്ച മൗനനൊമ്പരം മുന്നിലെ അലയാഴിയോളം വലുതായി തന്നെ വിഴുങ്ങുന്നതായി അയാൾക്ക് തോന്നി. അത് വാചാലമായി അയാളുടെ കണ്ണുകളിൽ പെയ്തിറങ്ങി.
ദിവ്യ എസ് മേനോൻ
മനോഹരമായി കഥ. ആശംസകൾ
Thank you chechi 🙏
വളരെ നല്ല അവതരണം ദിവ്യ…
Thank you anju 🙏
Wonderful write, excellent
Thank you sir 🙏