ഇത്തവണത്തെ കർക്കിടകം പ്രവചനത്തിനതീതമായിരുന്നു. കർക്കിടകം വെളുത്തിരിക്കുമെന്ന് ചിലവില്ലാതെ കാലാവസ്ഥ കേന്ദ്രം പറഞ്ഞതാണ്. സ്ഥിരം വായനക്കാർ പത്രത്തിൽ അതുവായിച്ചെങ്കിലും പ്രകൃതി അറിഞ്ഞ മട്ടു കാണിച്ചില്ല. കോരി ചൊരിഞ്ഞു എന്നല്ല, കോരി കോരി ചൊരിഞ്ഞു…… നിവർത്തിയില്ലാത്തതിനാൽ ഭൂമി അത് ഏറ്റു വാങ്ങി നിറഞ്ഞു. ഭൂമി ദേവി പുഷ്പിണിയായി എന്ന ഗാനത്തിന് ഫ്.എം റേഡിയോയിൽ ആവശ്യക്കാരേറി.
ഇതൊന്നുമറിയാതെ തലപ്പിള്ളി താലൂക്കിൽ, തിരുവില്യാമല പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറിദേശത്തിൽ പാറുക്കുട്ടിയമ്മ കിടപ്പിലായിരുന്നു. കുടിയേറ്റക്കാരനായി വന്ന് സ്ഥലവാസിയായി മാറിയ അപ്പോത്തിക്കിരി വീട്ടിൽ വന്ന് കൈ നോക്കി പറഞ്ഞു, ആയുർ രേഖ മാഞ്ഞു തുടങ്ങി. അറിയിക്കേണ്ടവരുടെ പട്ടിക എടുത്തോളൂ.
മൂപ്പര് പറഞ്ഞ അച്ചട്ടാ….പറഞ്ഞ പറഞ്ഞേന്ത്യേ….
വീട്ടുകാർ വന്നു, കാത്തിരുപ്പു തുടങ്ങി. അയൽക്കാർ പലതവണ വന്നു നോക്കി. മരണത്തിന്റെ ലക്ഷണങ്ങൾ പറഞ്ഞു, സ്വർഗ്ഗാരോഹണത്തിന്റെ കഥകൾ പറഞ്ഞു……അടിയന്തരത്തിന്റെ വിഭവങ്ങളെ കുറിച്ചും ചർച്ച നടന്നു. എല്ലാം കണ്ടും കെട്ടും അവ്യക്‌തമായി എന്തോ പറയാൻ ശ്രമിച്ചും വായ പൊളിച്ചു പാറുക്കുട്ടിയമ്മ കിടന്നു. തൊണ്ണൂറ്റെട്ടു വയസ്സായി….ഒരു സെഞ്ച്വറി അടിക്കണമെന്നു ഏതു വാലറ്റക്കാരനാണ് ആഗ്രഹിക്കാത്തത് എന്ന് ലോകത്തോട് വിളിച്ചുപറയണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ വയ്യന്നെ……
മൂത്തമകൻ, ഗോവിന്ദനുണ്ണി കാശിയിൽ പോയി പാപങ്ങളെല്ലാം തീർത്തുവരുമ്പോൾ അമ്മക്ക് വേണ്ടി കൊണ്ടുവന്ന ഗംഗാ ജലം ചായ്പ്പിന്റെ മൂലയിൽ നിന്നും തപ്പിയെടുത്തു.. അമ്മക്ക് ദാഹം കുറച്ചിധികമാണെന്ന ധാരണയിൽ, തേനാരിയിൽ നിന്നും കുറച്ചു തീർത്ത ജലവും ശേഖരിച്ചു. എന്ത് കൊണ്ടാണെന്ന് അറിയില്ല, ഗോവിന്ദനുണ്ണിക്ക് അങ്ങനെ തോന്നി. ശ്രീരാമൻ സീതാദേവിക്കായി അംമ്പെയ്‌തു സൃഷിടിച്ച ദാഹജലമാണ് എന്നാണ് കേട്ട് കേൾവി.
വാവ് കടക്കില്ല….ഉറപ്പന്നെ ….എന്ന് അയൽവീട്ടിലെ വിലാസിനി ചേച്ചി മൂവന്തി നേരത്തു പറഞ്ഞത്, മകൾ മല്ലികക്ക് ഒട്ടും ഇഷ്ടമായില്ലെങ്കിലും ‘ആണോ’ എന്ന പ്രതികരണം നടത്തി.
പണ്ട് കുളക്കടവിൽ നടത്താറുള്ള പോലെ പരദൂക്ഷണം നടത്തി. ആരൊക്ക വന്നു .എന്തൊക്കെ കൊണ്ടുവന്നു…ഇനി ആരെങ്കിലും വരാനുണ്ടോ…..എന്താവും കാരണം എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നപ്പോൾ ന്യൂസ് ചാനലുകളിൽ വാർത്ത നേരം തുടങ്ങി.
എല്ലാം കേട്ട് കിടന്നിരുന്ന പാറുക്കുട്ടിയമ്മ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി. കട്ടിലിനു ചുറ്റും എല്ലാവരും ഏതാനും മണിക്കുറുകൾ കാത്തു നിന്നു. പുറത്തു നായ്ക്കൾ ഓരിയിട്ടു…. വേശ്ശേ കാണണം ….വേശ്ശേ കാണണം ….പാറുക്കുട്ടിയമ്മ അവ്യക്തമായി പറഞ്ഞു തുടങ്ങി. കിഴക്കേ ഭാഗത്തു പതിനഞ്ച് സെൻറ് അവൾ ചോദിച്ചിട്ട് കൊടുത്തിട്ടില്ല. അനിയത്തിയാണ് ….അവിടെ നിൽക്കുന്ന പ്ലാവിലാണ് നോട്ടം….നല്ല വരിക്ക ചക്ക കായ്കണ പ്ലാവ് ….കൊടുക്കാൻ പറ്റോ…. ആ പിണക്കം ഇനിയും മാറിയിട്ടില്ല. അവളെ കണ്ടില്ല.
മല്ലിക ചെവിചേർത്തു പിടിച്ചു നോക്കി.
എന്താ അമ്മ പറയണേ …… ഗോവിന്ദനുണ്ണി ചോദിച്ചു.
ദോശ വേണം ….ദോശ വേണംന്നു പറയുണു….മല്ലിക ഗലീലിയോ ഗലീലിയെ പോലെ ഉറക്കെ പറഞ്ഞു.
എടി, പെട്ടെന്ന് ദോശ ചുട്….മാവില്ലേ …ഉള്ളി ചമ്മന്തീം അരച്ചോ. അമ്മക്ക് ഭയങ്കര ഇഷ്ടാ. അവസ്സാനത്തെ ആഗ്രഹമായിരിക്കും. ഗോവിന്ദനുണ്ണി എല്ലാവരോടുമായി പറഞ്ഞു. പിന്നെ അയയിൽ നിന്നും ഒരു തോർത്തെടുത്തു തോളത്തിട്ടു. ഒരു ചടങ്ങാവുമ്പോൾ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് തോർത്ത്. ഗാന്ധിജിയാണ് സത്യം.
ദോശ മറിച്ചിടുന്ന ശുഭ മുഹൂർത്തത്തിലാണ് അടുക്കള വാതിലിലൂടെ കാലൻ കടന്നു വന്നത്. പണ്ടേയുള്ള പതിവാണത്. അങ്ങിനെയാണ് കാലൻ കള്ളനെ പോലെ പതുങ്ങി വരും എന്ന ചൊല്ലുണ്ടായത്.
വളരെ വേഗത്തിൽ അകത്തേക്ക് കയറാൻ നിന്ന കാലനെ ദോശയുടെ മണം പിടിച്ചു നിർത്തി. ദോശ കല്ലിന്റെ അടുത്തേക്ക് പതിയെ നടന്നു. മിക്സിയുടെ ജാറിൽ നിന്നും അരച്ചെടുത്ത ഉള്ളി ചമ്മന്തി രുചിച്ചു നോക്കി രണ്ടു തുള്ളി വെളിച്ചെണ്ണ ഒഴിക്കുന്ന തിരക്കിലായിരുന്നു മല്ലിക. അമ്മ കഴിച്ചോ ഇല്ല്യോ, ദോശ കണ്ടാൽ പലരും കൈയിട്ടു വാരും എന്ന ദീർഘ വീക്ഷണം മല്ലികക്കുണ്ടായിരുന്നതിനാൽ ശ്ശി ദോശ ചുട്ടു വെച്ചിരുന്നു.
കാലന്റെ വായിൽ വെള്ള മൂറി. ഇഡ്ഡലിയെ കുറിച്ച് വി.കെ.ൻ പറഞ്ഞു കൊതിപ്പിച്ചിട്ടുണ്ട്. ചിരിപ്പിക്കാൻ മത്രമല്ല, കൊതിപ്പിക്കാനും മൂപ്പര് കേമനാണ്. കൊതി സഹിക്ക വയ്യാതെ കാലൻ അകത്തു കയറി ഒരു അപ ശബ്ദമുണ്ടാക്കി. അത് കേട്ട് വലിയ വായിൽ എല്ലാവരും നിലവിളിച്ചു. പാത്രങ്ങൾ തട്ടി മറിച്ചുകൊണ്ട് മല്ലികയും അകത്തേക്കോടി.
കാലൻ ഓരോ ദോശയും ഉള്ളി ചമ്മന്തിയിൽ മുക്കി ആസ്വദിച്ചു കഴിച്ചു. പൊതുവെ ഒരു കർമ്മത്തിനായി വന്നവർ അവിടെ നിന്നും ഒന്നും കഴിക്കാൻ പാടില്ലാ എന്നാണ്. മാത്രമല്ല ആയുസ്സ് തീരും മുമ്പേ വന്ന കാര്യം നേരിൽ പറഞ്ഞു മനസ്സില്ലാക്കിച്ചോ, പേടിപ്പിച്ചിട്ടോ ആത്മാവിനെ കൂടെ കൂട്ടണം. സമയം കഴിഞ്ഞാൽ ചിത്രഗുപ്‌തന്റെ കണക്ക് തെറ്റും. രക്തസമ്മർദ്ദമേറി ചീത്ത വിളിക്കും.
വിളിച്ചു. കാലന്റെ ചെവി പൊട്ടുന്ന തെറി ചിത്രഗുപ്‌തൻ വിളിച്ചു. പിന്നെ സഹി കെട്ട് ചോദിച്ചു….
ഏന്താടോ വാര്യരെ താൻ നന്നാവാത്തെ …..
കാലൻ പറഞ്ഞു. പറ്റി പോയതാണ്. നല്ല ദോശയും ചമ്മന്തിയും…നല്ല രുചി. പണ്ട് കുട്ടിശ്ശങ്കരൻ നായരുടെ ഹോട്ടലിൽ നിന്നെ ഇങ്ങനെ കഴിച്ചിട്ടുള്ളു. തൽക്കാലം ക്ഷമിക്കണം. രണ്ട് ദോശ പൊതിഞ്ഞു കൊണ്ടുവരാം.
അതിൽ ചിത്രഗുപ്‌തൻ വീണു.
പണ്ടൊരിക്കൽ, കടമ്പഴിപ്പുറത്തെ ബന്ധുവീട്ടിൽ പോകും വഴി മംഗലാംകുന്നിൽ നിന്നും കഴിച്ച ഓർമയുണ്ട്.
ഇലയിലായിരുന്നു അവനെ വിളമ്പിയത്. രണ്ട് തരം ചട്ണിയും, മേമ്പൊടിയായി പൊടിയും….കേമായിരുന്നുട്ടോ. ചിത്രഗുപ്‌തൻ വാചാലനായി.
നമ്മുടെ ഭാവഗായകൻ ദോശയും ഉള്ളിച്ചമ്മന്തിയും കണ്ടാൽ അതൊന്ന് ആസ്വദിച്ചേ ആലാപനത്തിറങ്ങു എന്നും കേട്ടിട്ടുണ്ട്. കാലനും വാചാലനായി.
ഏൽപ്പിച്ച പ്രവർത്തിയിൽ വീഴ്ച വരുത്തി കഥ പറയുന്നത് കേട്ട് ഗുപ്‌തൻ ഗൗരവത്തിലായി.
എങ്കിലും നിങ്ങൾ പോയ കാര്യം സമയത്തിനുള്ളിൽ തീർത്തില്ല. ഇനി മൂന്ന് വർഷത്തേക്ക് പാറുക്കുട്ടിയെ തൊടാൻ പറ്റില്ല എന്ന പരിഭവം പറഞ്ഞു.
പകരത്തിനു ആരെങ്കിലും……കാലൻ ഒരു സംശയം ചോദിച്ചു.
കണക്കു തെറ്റിയതിൽ അസ്വസ്ഥനായ ചിത്രഗുപ്‌തൻ പറഞ്ഞു …….ഇജ് അന്നേ കൊണ്ട് ആവണ മാതിരി ചെയ്തോ…..എനക്കറിയില്ല.
കാലൻ അകത്തേക്കൊന്ന് എത്തിനോക്കി. പാറുക്കുട്ടിയമ്മ കട്ടിലിൽ ഇരുന്ന് പല്ലില്ലാ മോണ കാട്ടി ചിരിക്കുന്നു. എല്ലാവരും ചിരിക്കുന്നു. കാലനും ചിരി വന്നു. ചിരിച്ചു കൊണ്ടാണ് പുറത്തേക്കിറങ്ങിയത്.
അപ്പോഴാണ് അപ്പുറത്തെ വീട്ടിൽ തൂണും ചാരിയിരിക്കുന്ന വാരസ്യാരെ കണ്ടത്. കാലൻ മനസ്സിൽ പറഞ്ഞു …നന്നെ മൂത്തിരിക്കുണു….
ഒരു ലോഹ്യമാവാം എന്ന് ധരിച്ചു ചോദിച്ചു….എന്താ ഉറങ്ങില്ലേ….
ഇല്യാ. ഉറക്കം വരിണില്ലാ. അപ്പുറത്തു പാറു പോണതും കാത്തിരിക്കാ……അല്ലാ, ആരാ മനസ്സിലായില്ലാ.
ശുദ്ധഗതി കൊണ്ട് കാലൻ സ്വയം പരിചയപ്പെടുത്തി.
ഏതാനും നിമിഷങ്ങൾക്കുള്ളിൽ വിലാസിനി അയൽപക്കത്തേക്കോടി വാതിൽ തട്ടി വിളിച്ചു. വാതിൽ തുറന്ന ഗോവിന്ദനുണ്ണിയോട് ചോദിച്ചു….ഉണ്ണ്യേട്ടാ, ആ ഗംഗെലെ വെള്ളോ, തേനാരിയിലെ വെള്ളോ ഇത്തിരി തരോ.
വെള്ളം എടുത്തു കൊടുത്തു. പിന്നെ അയയിലെക്ക് തിരിച്ചിട്ട തോർത്തെടുത്തു വിലാസിനിയുടെ പിറകെ ഓടി.
സരസമായ കഥാ ആവിഷ്ക്കരണം
🙏🙏🙏