“ഒരു മടക്കയാത്രക്കിനി സാധ്യതയുണ്ടോ?”
പ്രഭാകരൻ തന്റെ ഭാര്യ ഭാരതിയോട് തിരക്കി.
“ഇനിയെന്തിനു മടക്കം?”
ഭാരതി തന്റെ ഭർത്താവിനെയൊന്ന് നോക്കി.
“ജീവിച്ച ജീവിതം തന്നെ ധാരാളം.. ഈ യാത്രയിൽ ഞാൻ ഒരുപാട് സന്തോഷവതിയാണ്. നിങ്ങളൊപ്പം ഉണ്ടല്ലോ!”
ഭാരതിയുടെ വാക്കുകൾ കെട്ടിട്ടും പ്രഭാകരന് നിരാശതന്നെയാണ് ബാക്കി. ഈ യാത്രക്ക് ആയൾ ആഗ്രഹിച്ചുകാണില്ല. കഴിഞ്ഞ അരനുറ്റാണ്ടുകാലം ഭാരതിയും പ്രഭാകരനും ഒരുമിച്ചു ജീവിച്ചു.
“നമ്മൾ ബാക്കി വെച്ചത്?”
പ്രഭാകരൻ ചോദിച്ചു.
“എന്താണ് നമ്മൾ ബാക്കി വെച്ചത്?”
ഭാരതി തിരിച്ചും ചോദിച്ചു.
“അത്….”
“അത് ഒന്നുമില്ല.. നമ്മൾ ചെയ്യേണ്ടതും അതിൽ കുടുതലും ചെയ്തിട്ടുണ്ട്. ബാക്കി അവർ സ്വയം നോക്കിക്കോളും.”
ഭാരതിയുടെ വാക്കുകൾക്ക് വല്ലാത്ത കട്ടിയുണ്ടായിരുന്നു.
“നീ നമ്മടെ നാല് മക്കളെയും സ്നേഹിച്ചിരുന്നില്ലേ?”
“നിങ്ങളെക്കാൾ സ്നേഹിച്ചു.”
ഭാരതി മറുപടി നൽകി.
“എന്നിട്ടും അവരെ കുറിച്ച് നീ യാതൊരു വേവലാതിയും കാണിക്കുന്നില്ല.”
“എന്തിന് വേവലാതി? മക്കൾ നാലും നല്ലനിലയിൽ അവരുടെ ജീവിതം ജീവിക്കുന്നു. നമ്മളെ പറ്റി ഒരിക്കൽ പോലും അവർ ചിന്തിച്ചിരിക്കില്ല.”
“നമ്മടെ മക്കളല്ലേ.. നമ്മൾ വേണ്ടേ ക്ഷമിക്കാൻ..”
“അതിന് കുട്ടികളോട് എനിക്ക് വിരോധമുണ്ടെന്നു ഞാൻ പറഞ്ഞില്ലല്ലോ!”
ഭാരതി ചോദിച്ചു.
പ്രഭാകരൻ ഒന്നുമിണ്ടിയില്ല. യാത്രയിനിയെത്ര ദൂരം കാണുമെന്ന ചിന്തയിലാണ് അയാൾ. ഇടയിൽ എവിടെയും സ്റ്റോപ്പില്ല . ഒറ്റ ഡെസ്റ്റിനേഷൻ.
“നോക്ക് . നിങ്ങളിങ്ങനെ ചിന്തിച്ച് ഒരന്തവുമില്ലാതെയിരുന്ന് ഈ യാത്രയുടെ സുഖം കളയാതെ. ദേ…പുറത്തേക്ക് ഒന്ന് നോക്കിയേ.. കാഴ്ചകൾ.. ഹ… എത്ര മനോഹരം..”
പ്രഭാകരൻ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി.
” ശരിയാണ്.. മനോഹരം!”
“ജീവിച്ചകാലത്തോളം ഇങ്ങനെയൊരു കാഴ്ച്ച കാണാനായി കഴിഞ്ഞിട്ടില്ല.. ഇതെന്നല്ല.. ഒരു കാഴ്ചയും കാണാനായി കഴിഞ്ഞില്ല. അല്ലേൽ തന്നെ എവിടെയായിരുന്നു കാഴ്ചകൾ കാണാനായി സമയം.. പറക്കമുറ്റാത്ത നാല് പിള്ളേരെ വളർത്തിയെടുക്കുന്നതിനിടയിൽ എവടെ സമയം?”
ഭാരതി പ്രഭാകരനോടായി പറഞ്ഞു.
“ശരിയാണ്.. നീ പറഞ്ഞതെല്ലാം ശരിയാണ്.”
“നിങ്ങൾ ഇത് ശ്രദ്ധിച്ചോ! “
ഒരു തീവണ്ടി പോലെ വലിപ്പമുള്ള നീളമുള്ള വാഹനത്തിൽ ഏറെയും പ്രായമുള്ളവരാണ്.
“നോക്ക് !ഇതിൽ നമ്മടെ പ്രായമുള്ളവർ മാത്രമാണ് ഉള്ളത്..”
“അതെ ശരിയാണ്..”
പ്രഭാകരൻ വാഹനത്തിൽ നിന്നും എഴുനേറ്റ് ചുറ്റും നോക്കി..
” നീ പറഞ്ഞത് ശരിയാണ്.. പ്രായമായവർ മാത്രമാണ് ഇതിൽ!”
ഭാരതിയെഴുനേറ്റ് കണ്ടക്ടനിനോട് തിരക്കി.
“ഇതിൽ പ്രായമായവർ മാത്രമേ ഒള്ളോ?”
“അതെ അമ്മേ.. ഭൂമിയിൽ ജീവിതം പാഴാക്കി കളഞ്ഞ പ്രായമായവർ മാത്രമേ ഇതിലുള്ളൂ .. രണ്ടാമതും മൂന്നാമതും വണ്ടി ചെന്നാലും ആളുകൾ ഭൂമിയിൽ ബാക്കിയാണ്…”
ഭാരതിക്ക് അതിശയം തോന്നി.. തന്നെ പോലെ.. തന്റെ ഭർത്താവിനെ പോലെ ജീവിതം മക്കൾക്കായി മാറ്റിവെച്ച്, സ്വന്തം ജീവിതം മറന്നുപോയ ആയിരങ്ങൾ… പതിനായിരങ്ങൾ.അല്ല ലക്ഷകണക്കിന് ആളുകളുണ്ട് ഈ വാഹനത്തിൽ.. ഈ യാത്രയിൽ…
ഭാരതി ഭർത്താവിന്റെ അടുത്തായി ചെന്നിരുന്നു.
ഇതിനോടകം ഭൂമിയിൽ തങ്ങളുടെ ചടങ്ങുകൾ ഭംഗിയായി മക്കൾ ചെയ്ത് നാട്ടുകാരുടെയും ബന്ധുക്കരുടെയും പ്രീതി പിടിച്ചു പറ്റിയിട്ടുണ്ടാകും.
“പ്രഹസനം… വെറും പ്രഹസനം”
ഭാരതി പറയുന്നത് കേട്ട് പ്രഭാകരൻ തിരക്കി.
“പ്രഹസനം?”
“ഒന്നുമില്ല… ഭൂമിയിൽ പ്രഹസനങ്ങൾ നിരവധിയുണ്ടല്ലോ!.. എന്തൊക്കെയോ ചെയ്‌തെന്ന് കാണിക്കാൻ… കാട്ടികൂട്ടുന്ന വിഡ്ഢിത്തങ്ങൾ ഓർത്തതാ.”
ഭാരതിയും പ്രഭാകരനും പരസ്പരം നോക്കി.. ഇരുവരും ഒരേപോലെ പൊട്ടിച്ചിരിച്ചു.. ഇരുവരും പുതിയ പ്രതീക്ഷകളുമായി പുതിയ ലോകത്തേക്ക് യാത്ര തുടരുന്നു…
അതെ…
യാത്ര തുടരുന്നു….
✍നിഥിൻകുമാർ ജെ പത്തനാപുരം