ഏതുകഥയും പോലെ
ഇക്കഥയും പഴയതുതന്നെ,
…. ഒരു തോണിക്കാരൻ്റെ കഥ!
അല്ലെങ്കിൽ,
തോണിക്കാരനോട്
വീരവാദം പറഞ്ഞ്
സമാധിയായ
(‘നീന്തോളജി’ യറിയാത്ത) –
ദാർശനികൻ്റെ കഥ !
മരിക്കുംമുൻപ്,
മഹാമുനി
ലോകായതമൊഴികെ,*
അറിവുകളെക്കുറിച്ചു –
പറഞ്ഞുപറഞ്ഞു നാവു കുഴഞ്ഞുപോയത്രേ !
ദർശന – ഉപനിഷദ് – വചനങ്ങളും
യമ – നിയമങ്ങളും
കപിലൻ്റെ സാംഖ്യവും ;
പിന്നെയോ ……
ജൈമിനി മഹർഷിയുടെ മീമാംസയും @
കണാദൻ്റെ വൈശേഷികവുമടക്കം
അങ്ങിനെയങ്ങിനെ…..
മഹാത്മൻ ധ്യാനത്തിലാർജ്ജിച്ചതും
നേടിയതുമായ
വിജ്ഞാന പാരാവാരങ്ങളിലാകെ
നീന്തിത്തുടിച്ച കഥ ചൊല്ലിച്ചൊല്ലി
വീമ്പിളക്കിയിളക്കി …..
അപ്പോൾ
പരിഹാസ മുനയേറ്റ്
തോണിക്കാരനും, കടത്തുതോണിയുമാകെ
ആടിയുലഞ്ഞുവത്രേ…..
പിന്നെ,
തോണിക്കാരനൊന്നു പുഞ്ചിരിച്ചുവത്രേ….
സായാഹ്ന സൂര്യകിരണമേറ്റ്
അവൻ്റെ മെയ്യിലെ പേശിക്കൊപ്പം
പുഞ്ചിരിപ്പൂവും
തിളങ്ങിയത്രേ…..!
ഗംഗക്കു കുറുകെ നടന്ന ®
കഥവിളമ്പിയ
ഹഠയോഗിവര്യനോട്,
പാഴായ സംവത്സരങ്ങളെയോർമ്മിപ്പിച്ച
പരമഹംസരെപ്പോലെ,
വഞ്ചിക്കാരൻ ഏറെപ്പറഞ്ഞതില്ല !
“എനിക്കൊന്നുമറിയില്ലെ” ന്ന്
എളിമയായ് അജ്ഞത ചൊല്ലി
ഇത്തിരി മൊഴിഞ്ഞ്
വഞ്ചി തുഴഞ്ഞുവത്രേ…..
കാറ്റും കോളും വന്ന്
തോണി മുങ്ങിയപ്പോൾ….
മാമുനി-മഹാമുനി
നിരന്തരപ്രാണായാമം ചെയ്ത –
നാസികയിലൂടെയും,
മൃത്യുഞ്ജയമന്ത്രമുരുവിട്ട –
വായയിലൂടെയുമത്രേ
വരുണദേവൻ അകത്തുകടന്നതും;
യമദേവൻ ജീവനെടുത്തതും….
ഹാ….കഷ്ടം
കഷ്ടാൽ കഷ്ടം …..!!
അയാളെ,
കാറ്റു തുണച്ചില്ല….
കരയൊട്ടും തുണച്ചില്ല….!
എല്ലാമറിഞ്ഞവൻ
മുങ്ങിച്ചത്തപ്പോൾ,
ഒന്നുമറിയാത്ത തോണിക്കാരൻ…..
കടത്തുതോണി പോലുമില്ലാതെ
ജീവൻ്റെ പാരാവാരം താണ്ടി –
ജ്ഞാനത്തിൻ്റെ മറുകര തേടിയത്രേ!
ഇതു കഥ,
ഒരു ജ്ഞാനകഥ.
- ലോകായതം: ചാർവാക ദർശനം
@ ഭാരതീയ ദർശനങ്ങൾ
® ജലത്തിനുമീതെ നടന്നുവെന്നു പറഞ്ഞ ഹഠയോഗിയും ശ്രീരാമകൃഷ്ണ പരമഹംസരും നടത്തിയ സംവാദം