17.1 C
New York
Saturday, September 18, 2021
Home Literature തെറ്റിദ്ധാരണ (സംഭവകഥ)

തെറ്റിദ്ധാരണ (സംഭവകഥ)

✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

കോളനിയിൽ പുതിയ താമസക്കാർ എത്തി. ഭർത്താവ് ഒരു പാസ്റ്ററും ഭാര്യ ഒരു കാർ ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന സ്ത്രീയും ആയിരുന്നു. ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന സ്ത്രീയെ കണ്ടാൽ ഒരു വനിതാ പോലീസിൻറെ രൂപഭാവങ്ങൾ ആയിരുന്നു. വളരെ സീരിയസായ ഒരു മുഖഭാവം. ആരോടും മിണ്ടാനോ പരിചയപ്പെടാനോ ഒന്നും ഉള്ള ഒരു മാനസികാവസ്ഥയിൽ അല്ലാത്തത് പോലുള്ള ഒരു ഭാവം. ഭർത്താവ് രാവിലെ പത്തുമണിയോടെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി സ്ഥലംവിടും. പുറകെ രണ്ടു മൂന്നു പെൺകുട്ടികൾ ഡ്രൈവിംഗ് പഠിക്കാൻ വരുന്നതോടെ അവരെയും കൊണ്ട് ഭാര്യയും സ്ഥലം വിടും.

രാവിലെ തന്നെ ഇവരുടെ വീട്ടിൽ എന്നും കലഹം പതിവായിരുന്നു. പാസ്റ്ററുടെ ശബ്ദം പുറത്തു കേൾക്കാറില്ല. ഈ സ്ത്രീയുടെ അലർച്ച കേൾക്കാം. ഇവർ അവിടെ വന്ന് താമസമാക്കി ഒന്ന് രണ്ടുമാസമായിട്ടും ആരും ഇവരെ പരിചയപ്പെടാനോ ഒരു കുശലം അന്വേഷിക്കാനോ പോലും പോകാൻ മുതിർന്നിരുന്നില്ല. കോളനിക്കാർ ഇവരെക്കുറിച്ച് പരസ്പരം സംസാരിക്കുന്നതല്ലാതെ ആർക്കും നേരിട്ട് പരിചയപ്പെടാൻ ചെല്ലാൻ ധൈര്യമുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.

കോളനിക്കാർ പച്ചക്കറി ഉന്തുവണ്ടിയിൽ കൊണ്ടുവരുന്ന തമിഴനോടും തുണി തേയ്ക്കുന്ന തേപ്പുകാരനോടും പത്രക്കാരനോടും വീട്ടുടമസ്ഥ നോടും ഇവരെ കുറിച്ച് ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അവർക്കൊന്നും ആർക്കും ഒരു പരാതിയും ഇല്ല. ‘കാശ് ഒക്കെ കൃത്യമായി തരും. സാർ ഒരു അപ്പാവി. അന്ത അക്ക താനെ എല്ലാ കാര്യവും അന്ത വീട്ടിൽ ചെയ്യറുത്. ‘എന്ന് പറയും.

ഇവരുടെ കാര്യങ്ങളൊക്കെ ആകെ ഒരു ദുരൂഹത നിറഞ്ഞ പോലെ തോന്നി എല്ലാവർക്കും. വീടിൻറെ ജനാലകൾ ഒന്നും തുറക്കില്ല.ചിലപ്പോൾ രാവിലെ കൊലവിളികൾ കേൾക്കാം. പിന്നെ ഇവരൊക്കെ പുറത്തുപോകും.അപൂർവ്വം ചില ദിവസങ്ങളിൽ വൈകുന്നേരവും ഈ വീട്ടിൽനിന്ന് ചില പൊട്ടിത്തെറികൾ ഒക്കെ കേൾക്കാം. സ്ത്രീയുടെ ശബ്ദം മാത്രമേ അപ്പോഴും എല്ലാവരും കേട്ടിട്ടുള്ളൂ. ഇവരെ ഒന്ന് പരിചയപ്പെടണം എന്ന് കരുതി വീട്ടുമുറ്റം വരെ ചെന്നിട്ട് അകത്തെ പൊട്ടിത്തെറിയും ബഹളവും കേട്ട് വേഗം ആ ശ്രമം ഉപേക്ഷിച്ചു വീട്ടിൽ തന്നെ തിരിച്ചുവന്നിട്ടുണ്ട് കോളനി നിവാസികളിൽ പലരും.

ഒരു ദിവസം ഇവരുടെ നേരെ മുമ്പിൽ താമസിക്കുന്ന സർക്കാർ ഉദ്യോഗസ്ഥൻ പറയുകയാണ്. “ഞാൻ പനിയായി ലീവ് എടുത്ത് വീട്ടിൽ ഇരിക്കുകയായിരുന്നു. ഈ സ്ത്രീയുടെ അലർച്ച കാരണം ഞാൻ ലീവ് കാൻസൽ ചെയ്തു ഓഫീസിലേക്ക് തന്നെ തിരിഞ്ഞോടി എന്ന്. ഇങ്ങനെയും സ്ത്രീകൾ ഉണ്ടാകുമോ? ഇവരുടെ ഭർത്താവ് വെറുതെയല്ല ഉപദേശിയായത്. അയാളുടെ സ്ഥാനത്ത് ഞാൻ വല്ലതും ആയിരുന്നെങ്കിൽ അവളുടെ പല്ല് അടിച്ചു കൊഴിച്ചേനെ “ എന്ന്.

അങ്ങനെയിരിക്കുമ്പോൾ ഇവരുടെ പേരും അഡ്രസ്സും ചോദിച്ച് ഒരു പെൺകുട്ടിയും അമ്മയും എത്തി. ഡിഗ്രി പഠനം കഴിഞ്ഞ് ഡ്രൈവിംഗ് പഠിക്കാൻ വേണ്ടി ഇവിടെ എവിടെയോ ആണ് ഇവർ താമസം എന്നറിഞ്ഞ് അന്വേഷിച്ചു കണ്ടു പിടിക്കാൻ വന്നിരിക്കുകയാണ്. ഇവരെ തേടി ആദ്യമായിട്ടാണ് ഒരു കൂട്ടർ എത്തുന്നത്. ആദ്യം കണ്ട കോളനിവാസി തന്നെ പെൺകുട്ടിയോടും അമ്മയോടും വളരെ ലോഹ്യത്തിൽ സംസാരിച്ചു. ഇവർ ആരാണ്, എന്താണ്, എന്നൊക്കെ ചോദിച്ചു മനസ്സിലാക്കിയപ്പോഴാണ് സംഗതികളുടെ ഗുട്ടൻസ് പിടികിട്ടിയത്.

ഇവർ പണ്ട് വലിയ സമ്പന്നരായിരുന്നുവത്രേ. ഒരു ആധുനിക കാർ വാഷ് ഷോപ്പ് ഒക്കെ സ്വന്തമായി നടത്തിവരികയായിരുന്നു. ചില സുഹൃത്തുക്കൾക്ക് വേണ്ടി ജാമ്യം നിന്ന് കേസിൽപ്പെട്ട് ഈ സ്ഥാപനം മാത്രമല്ല സ്വന്തം വീടുപോലും ജപ്തി ചെയ്ത് പോയി. ഇപ്പോൾ സാധാരണക്കാർ താമസിക്കുന്ന ഈ കോളനിയിൽ വന്ന് വീട് വാടകയ്ക്ക് എടുത്ത് രണ്ടോമൂന്നോ കുട്ടികളെ ഡ്രൈവിംഗ് പഠിപ്പിച്ചു ഉപജീവനം നടത്തേണ്ട അവസ്ഥ ആയതാണ് എന്ന്.

ജീവിതത്തിൻറെ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു വന്ന് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുന്ന അവർക്ക് അതുകൊണ്ടുതന്നെ ആരെയും പരിചയപ്പെടാനോ സൗഹൃദം സ്ഥാപിക്കാനോ ഒന്നും സമയമില്ല. താൽപര്യവുമില്ല. ചില അടുത്ത കൂട്ടുകാരികളെ സഹായിക്കാൻ ജാമ്യം നിന്നാണ് അവർക്ക് ഈ നില വന്നത്. അതുകൊണ്ട് ശിഷ്ടകാലം ആരോടും വലിയ ചങ്ങാത്തത്തിന് ഒന്നും പോകാതെ ജീവിക്കാം എന്ന് കരുതി ഇരിക്കുന്നവരാണ് അവർ.

അതൊക്കെ സമ്മതിച്ചു. പക്ഷെ വലിയ കലഹം കേൾക്കാമല്ലോ അവരുടെ വീട്ടിൽ നിന്ന്, എന്ന് പറഞ്ഞപ്പോൾ അവരുടെ മറുപടി ഇതായിരുന്നു. ഇവിടെ ഡ്രൈവിംഗ് പഠിക്കാൻ വന്ന വിമൻസ് ക്ലബ്ബിലെ ഒരു അംഗം അവരുടെ വാർഷികത്തിന് അവതരിപ്പിക്കുന്ന നാടകത്തിൻറെ റിഹേഴ്സൽ നടത്താൻ ഈ ചേച്ചിയോട് രണ്ടു മുറി വാടകയ്ക്ക് ചോദിച്ചു. ഉടമസ്ഥന്റെ അനുവാദമില്ലാതെ ഒരു വരുമാനം ആകുമല്ലോ എന്ന് കരുതി രണ്ടുമാസത്തേക്ക് രഹസ്യമായി സബ്‍ലെറ്റ് ചെയ്തു. കോളനിക്കാർ ഒന്നും അറിയരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. അതുകൊണ്ട് ആർക്കും സംശയം തോന്നാത്ത വിധം വെളുപ്പിന് എല്ലാവരുംകൂടി വന്ന് റിഹേഴ്സൽ നടത്തി ആരുടെയും ശ്രദ്ധയിൽപ്പെടാതെ മുങ്ങുകയായിരുന്നു രണ്ടുമാസമായി എല്ലാവരും.

റിഹേഴ്സൽ ക്യാമ്പിലെ ശബ്ദകോലാഹലങ്ങൾ ആണ് ഇവർ തമ്മിലുള്ള അടിപിടിയായി കോളനിക്കാർ തെറ്റിദ്ധരിച്ചത്.സീരിയലുകൾ മാത്രം കണ്ടു വീട്ടിലിരിക്കുന്ന വീട്ടമ്മ തിരക്കഥാകൃത്തുക്കൾ ബാക്കി ചേരുവകൾ ഒക്കെ ചേരുംപടി ചേർത്ത് ഒന്നാന്തരം ഒരു തിരക്കഥയാക്കി രൂപപ്പെടുത്തി എന്ന് മാത്രം. ഏതായാലും പുതിയ വിവരം പല ചെവി മറിഞ്ഞ് എല്ലാവരുടെ കാതുകളിലും എത്തി. തങ്ങൾക്കു പറ്റിയ അമളി ഓർത്ത് എല്ലാവരും പൊട്ടിച്ചിരിച്ചു. ആരും ഇവർക്കിട്ട് പണിയാൻ ഇതൊന്നും വീട്ടുടമസ്ഥനെ അറിയിച്ചതുമില്ല.

✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പാവയ്ക്ക തക്കാളി കറി

പാവയ്ക്ക കരൾരോഗങ്ങൾ, ആസ്മ, ചുമ, ജലദോഷം, മുഖക്കുരു, പ്രമേഹം അങ്ങനെ ഒരുകൂട്ടം രോഗങ്ങളെ പടിയടച്ച് പിണ്ഡം വയ്ക്കാൻ കപ്പാസിറ്റി ഉള്ള ആളാണ് നമ്മുടെ പാവയ്ക്ക. പക്ഷേ പണ്ടുമുതലേ പാവം പാവയ്ക്കയ്ക്ക് ഒരു വില്ലൻ പരിവേഷം...

സിന്ധു നദി.. (നദികൾ സ്നേഹപ്രവാഹങ്ങൾ)

നദിയും, കാറ്റും, സംഗീതവുമെല്ലാം ഒരേപോലെയാണ്. അത്, വർണ - വർഗ്ഗഭാഷാഭേദമില്ലാതെ ദേശാതിർത്തികൾ ഭേദിച്ചു സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ചൈനയുടെ പുത്രിയായി മാനസസരസിൽ പിറന്ന്, ഭാരതത്തിലെ കാശ്മീരിൽ വളർന്ന്, പാകിസ്ഥാന് ജീവജലമേകുന്ന സ്നേഹനിധിയായ സുന്ദരിയാണ്സിന്ധു നദി. ലോകത്തിന്റെ വിശുദ്ധതടാകം...

ഓർമ്മയിലെ മുഖങ്ങൾ – കേരള വ്യാസൻ – (കുഞ്ഞിക്കുട്ടൻ തമ്പുരാൻ)

ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിന് സാഹിത്യ ചരിത്രത്തിൽ ഒരു സ്ഥാനം നേടികൊടുത്തത് കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്‌ .ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ളോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത അത്ഭുത...

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ..(ബാല്യം മധുരം..4)

ആർ ആർ വി ഹൈസ്കൂൾ രാജ രവി വർമ്മ ഹൈസ്കൂൾ കിളിമാനൂർ അന്നും ഇന്നും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ്‌. എന്റെ അമ്മ ആർ ആർ വി ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്നു....
WP2Social Auto Publish Powered By : XYZScripts.com
error: