ശ്രീദേവി സി. നായർ
ഭാഗം ഒന്ന്…
“ശ്രീക്കുട്ടീ…, തുളസിത്തറയിൽ വിളക്കു കത്തിക്കൂ..”
പാർവതിക്കുഞ്ഞമ്മ പൂജാമുറിയിൽ നിന്നും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
“ഇല്ല, മുത്തശ്ശി വേണമെങ്കിൽ വച്ചോളൂ ഇന്നു ശ്രീക്കുട്ടി വിളക്ക് വയ്ക്കൂല”
ഞാം തുളസിയോടു പിണക്കമാ ഇരുട്ടത്തിരിക്കട്ടെ അഹങ്കാരി.
“ശിവ ശിവ ഇക്കുട്ടി എന്തൊക്കെയാ ഈ പറയുന്നെ? ഇങ്ങനെയെല്ലാം മഹാലക്ഷ്മിയെ പറയാവൊ? കലികാലം ന്നല്ലാതെന്താ പറയുക… അതെങ്ങിനാ പരിഷ്ക്കാരം മൂത്തിട്ട് നാമജപമെല്ലാം വഴിപാടു പോലായില്ലേ? “
പാറുക്കുട്ടിയമ്മ കൊളുത്തിയ നിലവിളക്കുമായി ഉമ്മറത്തേക്കു പ്രാഞ്ചിപ്രാഞ്ചി വന്നു. മെലിഞ്ഞു നീണ്ടു മുന്നോട്ടല്പം വളഞ്ഞ ശരീരം വെളുത്തു കൊലുന്നനെ പഞ്ഞിക്കെട്ടുപോലുള്ള തലമുടി. പുളിയിലക്കരയുള്ള സെറ്റും മുണ്ടുമാണ് വേഷം, ഇടതുകൈ ഭിത്തിയിൽ പിടിച്ചാണ് നടക്കുന്നത് വലതുകൈയ്യിൽ കത്തിച്ച നില വിളക്ക്
“ഇങ്ങു തരൂ അമ്മെ ഞാൻ കത്തിക്കാം.”
രേവതി പറഞ്ഞുവെങ്കിലും മുത്തശ്ശിക്കതിഷ്ടമല്ല ശ്രീക്കുട്ടിക്കു മാത്രമേ തുളസിത്തറയിലും സർപ്പക്കാവിലും വിളക്കു വയ്ക്കാൻ അനുവാദമുള്ളു. മുത്തശ്ശിക്ക് ഒതുക്കു കല്ലിറങ്ങാൻ ബുദ്ധിമുട്ടാണ്. മൂന്നു വയസ്സു മുതൽ മുത്തശ്ശി ശ്രീക്കുട്ടിയെക്കൊണ്ടു വിളക്കു വയ്പിക്കുന്നതാണ്.
“ഒരിക്കലും മുടക്കം പറയാത്ത ന്റെ കുട്ടിയ്ക്കിതെന്തു പറ്റി എന്റെ കൃഷ്ണാ” എന്നു മുത്തശ്ശി ഭഗവാനെ വിളിച്ചു പരിതപിച്ചു.
മുത്തശ്ശിയുടെ ആവലാതിയും വെപ്രാളവും ശ്രീയെ സങ്കടത്തിലാക്കി.
“വിളക്കു തരൂ മുത്തശ്ശീ മോളു വച്ചിട്ടു വരാം. ശ്രീ യുടെ കൈയ്യിൽ ഇടതുകരം കൊടുത്തുകൊണ്ട് മുത്തശ്ശി പറഞ്ഞു
“വേണ്ട എന്റെ കൈ പിടിച്ചോളു
കുട്ടീ ഇന്നു ഞാൻ തന്നെ വച്ചോളാം.”
മെലിഞ്ഞു ചുക്കിച്ചുളിഞ്ഞ മൃദുലമായ കോലൻ വിരലിൽ പതുക്കെപ്പിടിച്ച് ശ്രീ മുത്തശ്ശിയെ ഒതുക്കുകളിറക്കി നടുമുറ്റത്തെ തുളസിത്തറയിൽ വിളക്കു വച്ചു സർപ്പക്കാവിലേക്കു നടന്നു കാവിൽ വിളക്കു കത്തിച്ചിട്ടുറക്കെ മൂന്നു പ്രാവശ്യം വിളിച്ചു പറഞ്ഞു “സർപ്പത്താന്മാരെ വിളക്ക്…. സർപ്പത്താന്മാരെ വിളക്ക്…. സർപ്പത്താന്മാരെ വിളക്ക്…. “
നിലവിളക്കുമായിമുത്തശ്ശി തിരിച്ചുനടന്നു. ഇലയും വള്ളികളും അനങ്ങുന്നുണ്ടൊ ശ്രീക്കുട്ടി ചെവി വട്ടം പിടിച്ചു നോക്കി ഉവ്വ് അനക്കം വ്യക്തമായ് കേൾക്കാം
“വരൂ ന്റെ കുട്ട്യേ , എന്തിനാ അവിടെ നില്ക്കുന്നെ?” ശ്രീ ഓടിച്ചെന്ന് മുത്തശ്ശിയുടെ കൈപിടിച്ചു. ഒതുക്കുകൾ കയറുന്നതിനിടയക്കു തിരിഞ്ഞു നോക്കി ഒരു തുളസിക്കതിർ പതുക്കെ തലയാട്ടുന്നുണ്ടൊ?
ഭാഗം രണ്ട്…
നാലുകെട്ടും നടുമുറ്റവും ഉള്ള ഒരു പഴയ രണ്ടുനിലയുള്ള നായർത്തറവാടാണ് മഠത്തിൽ തറവാട് തുണുകളും കതവും ജനലുമെല്ലാം മരം കൊണ്ടുണ്ടാക്കിയിരിക്കുന്നു. മച്ചിനു മുകളിൽ വലിയ വാർപ്പും പാത്രങ്ങളുമൊക്ക വച്ചിരിക്കുന്നു. ഒതുക്കു കല്ലുകൾ നീളത്തിൽ കീറിയ അത്താണിക്കല്ലുകൾ കൊണ്ടുള്ളതാണ്. ഉമ്മറ വാതിലിലെ ചിത്രപ്പണികൾ കേമമാണ്.
മുറ്റം കരിങ്കല്ലും നിലത്തോടും പാകിമനോഹരമാക്കിയിരിക്കുന്നു.
നടുമുറ്റത്തിനരുകിൽ മനോഹരമായ ഒരു കൊച്ചു പൂന്തോട്ടം, വടക്കുവശത്ത് താമര തിങ്ങിവളരുന്ന കുളമാണ്. കുളപ്പുരയും മാറ്റു മുറിയും അതിനോടു ചേർന്ന് നീളൻ വരാന്തയും ഒറ്റമുറിയുമുണ്ട്. മാസമുറയുണ്ടാകുമ്പോൾ മാറിത്താമസിക്കാനുള്ള പുരയാണത്. തറവാട്ടിലെ പ്രായപൂർത്തിയായ സ്ത്രീകൾ ഏഴുദിവസം അവിടെയാണ് ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം. സർപ്പക്കാവുള്ളതുകൊണ്ട് ശുദ്ധമായിരിക്കണമെന്ന് മുത്തശ്ശി എപ്പോഴും പറയും. ഇല്ലെങ്കിൽ സർപ്പകോപമുണ്ടാകുമെന്ന്..
കിഴക്കോട്ടു ദർശനമുള്ള നാലുകെട്ടിന്റെ പടിപ്പുരയിൽ നിന്നിറങ്ങുന്നതു നോക്കെത്താ ദൂരത്തോളം പാടശേഖരമാണ്. കൊച്ചു തോടും കനാലും ഉള്ളതുകൊണ്ട് പ്രകൃതി എപ്പോഴുംപച്ചപുതച്ചു കിടക്കും. പാടത്തിന്റെ അക്കരെ തറവാട്ടു വക UP സ്ക്കൂൾ ആണ്.
മുത്തശ്ശിയുടെ ഏഴുമക്കളിൽ മൂത്തമകനാണ് സോമശേഖര കൈമൾ. ജീവശാസ്ത്ര അധ്യാപകനാണ് ഭാര്യ രേവതിയും ഹൈസ്ക്കൂൾ ടീച്ചറാണ്. ഇഷ്ടവിഷയം കണക്ക്. വിവാഹം കഴിഞ്ഞ് പതിനേഴു വർഷം കഴിഞ്ഞാണ് മകൾ ശ്രീലക്ഷ്മി ഉണ്ടായത് പ്രാർത്ഥനയും വഴിപാടുമായി പതിനേഴുവർഷങ്ങൾ മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിൽപോയി പ്രാർത്ഥിച്ചിട്ടു കിട്ടിയതാണു ശ്രീലക്ഷ്മിയെ.
വീട്ടിലെ ഏക പെൺതരിയാണ് ശ്രീലക്ഷമി എന്ന ശ്രീക്കുട്ടി. വട്ട മുഖവും ചുരുണ്ടു നീണ്ടിടതൂർന്നകാർ കൂന്തലും കൗതുകമുണർത്തുന്ന കൂവളമിഴികൾക്കു പ്രത്യേകമായ ആജ്ഞശക്തിയാണ് ആരുകണ്ടാലും നോക്കിനിന്നുപോകുന്ന സൗന്ദര്യം. മുത്തശ്ശിയോടൊപ്പം കാലത്തും വൈകീട്ടും മുടങ്ങാതെ കുളിച്ചു ക്ഷേത്ര ദർശനം ചെയ്യുന്ന ശ്രീക്കുട്ടിയെ എല്ലാവർക്കും ഒരുപാടിഷ്ടമാണ്. കിളികളും പറവകളും മിണ്ടാപ്രാണികളും പൂച്ചെടികളും വൃക്ഷലതാതികളുമെല്ലാമാണ് ശ്രീയുടെ കൂട്ടുകാർ.
അകത്തളത്തിലേക്കു കയറിപ്പോകുമ്പോഴും ശ്രീയുടെ മനസ്സിൽ തലയാട്ടുന്ന തുളസിയായിരുന്നു. പൂജാമുറിയിൽ മുത്തശ്ശിയോടൊപ്പം ചെന്നിരുന്ന് അമ്പോടുമീ നായി വേദങ്ങൾ പൂണ്ടുള്ളോരമ്പുജ നാഥനെ കൈതൊഴുന്നേൻ എന്ന കീർത്തനം പാതിയും തെറ്റിച്ചു ചൊല്ലിയിട്ടും മുത്തശ്ശി തിരുത്തിയില്ല. ഭഗവാനെ എന്റെ കുഞ്ഞിനോടു പൊറുക്കണേമെ എന്നു മൗനമായ് പ്രാർത്ഥിച്ച് മുത്തശ്ശി കീർത്തനത്തിന്റെ പുസ്തകമടച്ചു വച്ചു.
“രേവൂ” അത്താഴമായെങ്കിൽ എടുത്തു വച്ചോളൂ ശ്രീക്കുട്ടി ഉറക്കം തൂങ്ങുന്നുണ്ട്.
“എനിക്കിന്നു കഞ്ഞി വേണ്ട മുത്തശ്ശീ..”
ചിണുങ്ങലോടെ ശ്രീ കൊഞ്ചി.
“പെൺകുട്ടികൾ അത്താഴപ്പഷ്ണി കിടക്കാൻ പാടില്ല മോളെ ഒരു പ്ളാവില കഞ്ഞിയെങ്കിലും കഴിക്കണം. ചേട്ടന്മാരോടൊപ്പം ചെല്ലൂ.”
“നിക്കു മുത്തശ്ശിയുടെ ഒപ്പം മതി.”
നല്ല കുത്തരിക്കഞ്ഞിയിൽ നെയ്യുചേർത്ത്
പപ്പടം വറുത്തതും ചെറുപയർ പുഴുക്കും ചുട്ടരച്ചതേങ്ങാച്ചമ്മന്തിയുമാണ് മുത്തശ്ശിയുടേയും ശ്രീക്കുട്ടിയുടേയും ഇഷ്ട വിഭവം
മുത്തശ്ശിക്കും മോൾക്കും കഞ്ഞിവിളമ്പിവച്ചിട്ടു രേവതി നീട്ടിവിളിച്ചു
“മോളേ മുത്തശ്ശിയേയും കൂട്ടി വന്നോളൂ അത്താഴം വിളമ്പിവച്ചിട്ടുണ്ട്.,
ഭാഗം മൂന്ന്…
അത്താഴം കഴിഞ്ഞ് അമ്മ പാത്രങ്ങൾ കഴുകുന്നതുവരെ ശ്രീക്കുട്ടി അമ്മയ്ക്കു കൂട്ടിരിക്കും അമ്മായിമാരും ചെറിയമ്മമാരുമെല്ലാം അത്താഴം കഴിച്ച് എല്ലാം വാരി കൊട്ടത്തളത്തിലിട്ട് അടുക്കള കഴുകിത്തുടയ്ക്കുന്ന പണിയിലാണ്
“രാധൂ പടിപ്പുര അടച്ചൊ?”
രേവതി ഇളയ നാത്തൂനായ രാധികയോടു വിളിച്ചു ചോദിച്ചു.
“ഇല്ലേട്ടത്തി”
എങ്കിൽ മോളേയും കൂട്ടിക്കൊണ്ടുപോയി അടച്ചിട്ടു വരൂ അമ്മ വഴക്കു പറയാനിടയാവണ്ട.
ജോലികൾ ചെയ്യുന്നത് രാധികയ്ക്കിഷ്ടമല്ല എല്ലാവരും ജോലികൾതീർത്തു വരുന്നതു വരെ രാധിക മാസികയും വായിച്ചിരിക്കും.
“ശരിയേടത്തീ,”
എന്നു പറഞ്ഞ് രാധികയും ശ്രീക്കുട്ടിയും പടിപ്പുരയിലേക്കു നടന്നു. പടിപ്പുരവാതുല്ക്കൽ നിന്ന് രാധിക പതിവുപോലെ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു.
“അത്താഴപ്പഷ്ണിക്കാരുണ്ടൊ അത്താഴപ്പഷ്ണിക്കാരുണ്ടൊ അത്താഴപ്പഷ്ണിക്കാരുണ്ടൊ?
“മോളൂ , ഇല്ല എന്നു പറയൂ..”
പടിപ്പുരയുടെ വെളിയിൽ നിന്നു ശ്രീക്കുട്ടി ഉച്ചത്തിൽ മറുപടിയായിപ്പറഞ്ഞു
“ഇല്ല ഇല്ല ഇല്ല..”
തിരിച്ചുള്ളിൽ കയറിവന്ന് ശ്രീക്കുട്ടി രാധികയോടു ചോദിച്ചു
“എന്തിനാ അമ്മായീ ഇങ്ങിനെ ചോദിക്കുകയും പറയുകയും ചെയ്യുന്നെ?”
ശ്രീക്കുട്ടിയുടെ ചോദ്യത്തിനു ഒരു മൂളൽ മാത്രം സമ്മാനിച്ച് രാധിക പടിപ്പുര അടച്ചു കുറ്റിയിട്ടു.
തിരിച്ചു നടക്കുമ്പോൾ ശ്രീ ഒന്നും മിണ്ടിയില്ല. നടുമുറ്റത്തെത്തിയപ്പോൾ തുളസിച്ചെടി തന്നെ മാടി വിളിക്കുന്നതായി ശ്രീക്കു തോന്നി
കുഞ്ഞികൈകൾ കൊണ്ട് തുളസിയെ ഒന്നു തലോടിക്കൊണ്ട് ശ്രീ ഉമ്മറപ്പടികൾ കയറി അമ്മയുടെ അരുകിലേക്കു ചെന്നു.
എന്തേ അമ്മയുടെ ലച്ചൂട്ടിക്ക് മുഖത്തൊരു വട്ടം. അമ്മായി കുട്ടിയെ ശാസിച്ചുവൊ?
ഊഹും, നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ട് അമ്മ ജോലി ചെയ്യുന്നതും നോക്കിയിരുന്നു.
“ലച്ചൂട്ടി വരൂ കൈയ്യും കാലും മുഖവും കഴുകിത്തരാം, പോയി മുത്തശ്ശിയുടെ കൂടെ കിടന്നോളൂ അമ്മ കിടക്കാൻ വരുമ്പോളെടുത്തു കിടത്തിക്കോളാം.”
ശ്രീക്കുട്ടി എന്നും അമ്മയോടൊപ്പമാണ് കിടക്കുക രേവതിക്കതു നിർബന്ധമാണ്.
കിടക്കുന്നതിനു മുൻപ് കൈകാൽ മുഖം കഴുകുന്നത് ശ്രീക്കുട്ടിക്കും നിർബന്ധമാണ്.
ശ്രീ പതുക്കെ അമ്മയുടെ അരുകിലേക്കു ചെന്നു.
“അമ്മെ മോളിന്ന് മുത്തശ്ശിയുടെ കൂടെ ഉറങ്ങിക്കോട്ടെ?”
“അതെന്താ ഇന്നങ്ങിനെ തോന്നിയതമ്മേടെ ലച്ചൂട്ടിക്ക്?”
“മുത്തശ്ശിക്ക് മോളു പറഞ്ഞതൊത്തിരി സങ്കടമായമ്മെ, മുത്തശ്ശിയെ ഞാൻ വല്ലാതെ വേദനിപ്പിച്ചൂന്നു തോന്നുന്നു.”
പ്രായത്തിലും കവിഞ്ഞ വിവേക ബുദ്ധിയാണ് ശ്രീലക്ഷ്മിക്ക് എന്ന് അധ്യാപികമാർ പറഞ്ഞതോർത്ത് രേവതി പതുക്കെ ഒന്നു മൂളി.
ധാന്വന്തരം ഗുളിക കഴിയ്ക്കുവാനുള്ള ജീരകവെള്ളം എടുക്കുവാൻ വന്ന മുത്തശ്ശി അമ്മയുടേയും മോളുടേയും സംസാരം കേട്ട് ഉള്ളു കൊണ്ടൊന്നാനന്ദിച്ചു. എന്നിട്ട് രേവതിയെ വിളിച്ചു
“രേവൂ കുറച്ചു ജീരകവെള്ളം ചെറുചൂടോടെ തരൂ ഇന്നെന്താന്നറിയില്ല ഒരു നെഞ്ചെരിച്ചിൽ, വായു ഗുളിക വെറ്റിലയിൽ പൊതിഞ്ഞു കഴിച്ചിട്ടും മാറിയില്ല. ഈ ധാന്വന്തരം ഗുളിക കഴിച്ചാൽ ശരിയാകുമായിരിക്കും.
ശ്രീക്കുട്ടി വേഗം അച്ഛനു രാത്രി കുടിക്കാൻ കൊണ്ടുപോകാനെടുത്തു വച്ച കൂജയിൽ നിന്നും ഓട്ടു ഗ്ലാസ്സിലേക്ക് വെള്ളം പകർന്ന് മുത്തശ്ശിക്കു കൊടുത്തുകൊണ്ട് പറഞ്ഞു
“ഇതാ മുത്തശ്ശി, ഇന്നു മോളു മുത്തശ്ശീടൊപ്പമാ ഉറങ്ങുന്നെ.”
“അതെന്തേ ന്റെ കുട്ട്യെ പ്പൊ ങ്ങനെ തോന്നാൻ, മോളുടെ അമ്മ സമ്മതിച്ചൊ.”
“ഉവ്വു മുത്തശ്ശീ, ഇനി മുതൽ ശ്രീക്കുട്ടി എന്നും മുത്തശ്ശിയോടൊപ്പമാകിടക്കുന്നത്. മുത്തശ്ശി മോൾക്കൊത്തിരി കഥകൾ പറഞ്ഞു തരണം ട്ടൊ.”
കൂടെക്കിടന്നുറങ്ങുന്നതിന് ഒരു കരാറുറപ്പിച്ചു ശ്രീക്കുട്ടി. എന്നും പാതി കഥ കേൾക്കുമ്പോഴേക്കും അമ്മ വന്നെടുത്തുകൊണ്ടു പോകും അല്ലെങ്കിൽ ശ്രീ ഉറങ്ങും. പിറ്റേ ദിവസം പുതിയ കഥയാവും മുത്തശ്ശി പറയുക. അപൂർണ്ണമായ ഒരു പാടു കഥകളുടെ കലവറയാണ് മുത്തശ്ശി…
ഭാഗം നാല്..
“മുത്തശ്ശീ ഇന്നു തുളസിയെന്തിനാ മോളെ സൂക്ഷിച്ചു നോക്കിയതും തലയാട്ടിയതും?”
കിടപ്പറയിൽ മുത്തശ്ശിയോടു ചേർന്നു കിടന്ന് വലത്തെക്കാൽ മുത്തശ്ശിയുടെ മേത്തു കയറ്റിവച്ച് കെട്ടിപ്പിടിച്ചു കിടന്നു കൊണ്ട് ശ്രീക്കുട്ടി കൊഞ്ചലോടെ ചോദിച്ചു.
“മോളിന്നു തുളസിയെ എന്തിനാ അഹങ്കാരിയെന്നു വിളിച്ചത്. മഹാലക്ഷമിയല്ലെ? ദേവിക്കതു വിഷമായിട്ടുണ്ടാകും.”
“അത് .. , മോൾക്കിന്നു ദേഷ്യം വന്നു മുത്തശ്ശീ”
പെൺകുട്ടികൾ ഭൂമിയോളം ക്ഷമിക്കണം മോളൂ, നല്ല അടക്കവും ഒതുക്കവും വേണം. നടക്കുമ്പോൾ കാലുറച്ചു ചവുട്ടരുത് ഭൂമി മാതാവാണ് ആ മാറിൽക്കൂടി നടക്കുമ്പോൾ അമ്മയ്ക്കു വേദനയുണ്ടാകാതെ മൃദുവായി നടക്കണം. ദേഷ്യം നാശത്തിനാ മുത്തശ്ശിയുടെ മോൾ ഇനി ഒരിക്കലും ആരോടും ദേഷ്യപ്പെടരുത് ട്ടൊ. എടുത്തു ചാട്ടം നല്ലതല്ല കുട്ടീ ഒരു ദേഷ്യത്തിനു കിണറ്റിൽ ചാടിയാ ഒൻപതു ദേഷ്യം വന്നാലും കയറാൻ പറ്റില്ല. മോൾക്ക് മുത്തശ്ശി പറയുന്നതു മനസ്സിലായൊ?”
ഉം ഉറക്കത്തിൽ ശ്രീക്കുട്ടി പതുക്കെ മൂളി.
“അമ്മെ മോളെ എടുത്തു കിടത്തണൊ?”
രേവതി വാതില്ക്കൽ നിന്നു വിളിച്ചു ചോദിച്ചു.
“വേണ്ട, ഇനി മുതൽ ശ്രീ തനിച്ചു കിടന്നു പഠിക്കട്ടെ രേവു, എന്നും അച്ഛൻേറയും അമ്മയുടേയുമൊപ്പം കുട്ടിയെ കിടത്തരുത്, മാറ്റിക്കിടത്തി ശീലിക്കണം അന്യവീട്ടിൽ പോയി ജീവിക്കേണ്ടതല്ലെ? ഇപ്പോൾ തന്നെ വൈകി ഒൻപതു വയസ്സായില്ലയൊ?
രേവതി തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ മുത്തശ്ശി തിരിച്ചുവിളിച്ചു.
“രേവൂ, നാളെ വെള്ളിയാഴ്ചയല്ലിയൊ ശ്രീക്കുട്ടിയെ കോടിയുടുപ്പിക്കണം ഒരു കോടി മുണ്ടു വാങ്ങിയതിരിപ്പില്ലെ ഇവിടെ?”
(തറവാട്ടിൽ വിളക്കിനു മുന്നിൽ വച്ച് കോടി മുണ്ടുകൊണ്ട് പെൺകുട്ടികളെ തറ്റുടുപ്പിക്കുന്ന ഒരു ആചാരമുണ്ട്.)
“ശരിയമ്മെ” എന്നു പറഞ്ഞ് രേവതി മടങ്ങി.
ഭഗവാനെ കൃഷ്ണാ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണേ എന്ന പ്രാർത്ഥനയോടെ മുത്തശ്ശി പതുക്കെ കണ്ണുകളടച്ചു.
ശ്രീക്കുട്ടി പുലർച്ചെമുത്തശ്ശിയോടൊപ്പം ഉണർന്ന് കുളിച്ചു വന്ന് പൂജാമുറിയിൽ വിളക്കു വച്ചു. കിണ്ടിയിൽ വെള്ളം നിറച്ച് തുളസിത്തറയുടെ സമീപം ചെന്നു
“ക്ഷമിക്കണം ട്ടൊ ഇനിയൊരിക്കലും ശ്രീക്കുട്ടി ദേഷ്യപ്പെടില്ല”
എന്നു പറഞ്ഞ് തുളസിത്തറയ്ക്കു ചുറ്റും നിലത്തു വീണു കിടന്ന ഇലകൾ പെറുക്കിയെടുത്ത് തറയ്ക്കുള്ളിലേക്കിട്ടു. സന്തോഷം കൊണ്ടൊ എന്തൊ തുളസിച്ചെടി പതുക്കെ ഒന്നാടിയുലഞ്ഞു
ശ്രീക്കുട്ടി പതുക്കെ തുളസിച്ചെടിയുടെ മുകളിലൂടെ വെള്ളം തളിച്ചു ഒപ്പം
ശ്രീ ആദ്യ ലക്ഷ്മീ നമഃ
ശ്രീ വിദ്യാലക്ഷ്മീ നമഃ,
ശ്രീ ഗൃഹലക്ഷ്മീ നമഃ,
ശ്രീ രാജലക്ഷ്മീ നമഃ,
ശ്രീ സത്യലക്ഷ്മീ നമഃ,
ശ്രീ സൗഭാഗ്യലക്ഷ്മീ നമഃ,
ശ്രീ യോഗലക്ഷ്മീ നമഃ,
ശ്രീ അമൃതലക്ഷ്മീ നമഃ
ശ്രീ മഹാലക്ഷ്മീ നമഃ,
എന്നിങ്ങനെ ലക്ഷ്മീ നാമങ്ങളും പതുക്കെ ഉരുക്കഴിച്ചു കൊണ്ടിരുന്നു. ഓരോ നാമങ്ങൾക്കും തുളസി പ്രാസാദിക്കുന്നതു പോലെ തലയാട്ടിക്കൊണ്ടിരുന്നു. നിഷ്കളങ്കമായ ഈ സ്നേഹമറിഞ്ഞതുകൊണ്ടൊ എന്തൊ സന്തോഷത്തോടെ മന്ദമാരുതൻ അവരെ മൃദുവായ് തലോടിക്കടന്നു പോയി.
ശ്രീക്കുട്ടി വൈകുന്നേരം സ്ക്കൂളിൽ നിന്നും വരുന്നതും നോക്കി ഒരു വേദനിപ്പിക്കുന്ന വാർത്തകാത്തിരിക്കുന്നുണ്ടായിരുന്നു.
ഭാഗം അഞ്ച്…..
പതിവുപോലെ സ്ക്കൂളിൽ നിന്നും വന്നതും പുസ്തകസഞ്ചി മേശപ്പുറത്തു വച്ചു കൈകാൽ മുഖം കഴുകി മുത്തശ്ശി ഉണ്ടാക്കി വച്ചിരുന്ന കൊഴുക്കട്ടയും തിന്ന് പാലും കുടിച്ച് പുന്തോട്ടത്തിനരുകിലുള്ള പടർന്നു പന്തലിച്ചു കിടക്കുന്ന മുവാണ്ടൻ മാവിന്റെ അടുത്തേക്കു ചെന്നു. അവിടെ മരത്തിന്റെ ഇടുങ്ങിയ കവരയിൽ അടക്കാക്കിളി കൂട്ടിൽ മൂന്നു നാലു കുഞ്ഞുങ്ങൾ വിരിഞ്ഞിട്ടുണ്ട്. മുത്തശ്ശി കൊടുത്ത ഞാലിപ്പൂവൻപഴം ആരും കാണാതെ ശ്രീ കിളികൾക്കു കൊടുക്കുവാൻ കൊണ്ടുവന്നതാണ്. വന്നപ്പോഴാണ് കണ്ടത് കിളിക്കൂടു താഴെ വീണു കിടക്കുന്നു മരത്തിനു ചുറ്റുമായി കുഞ്ഞിക്കിളിയുടെ തൂവലുകൾ ചിതറിക്കിടക്കുന്നു. തേങ്ങിക്കരഞ്ഞുകൊണ്ട് ശ്രീ മുത്തശ്ശിയുടെ അരുകിലേക്കോടിച്ചെന്നു.
“എന്തെ എന്തു പറ്റി മോളൂ”,
മുത്തശ്ശി ശ്രീക്കുട്ടിയെ തലോടിക്കൊണ്ടു കാര്യം തിരക്കി.
വിതുമ്പിക്കരഞ്ഞുകൊണ്ട് മോൾ കിളിക്കുഞ്ഞുങ്ങളുടെ കാര്യം പറഞ്ഞു. മുത്തശ്ശി ശ്രീയെ ആശ്വസിപ്പിച്ചു കൊണ്ട് കുളപ്പടവിലേക്കു പോയി. സന്ധ്യാ ദീപം കത്തിച്ചു നാമജപവും കഴിഞ്ഞ് മുത്തശ്ശി ശ്രീയെ തറ്റുടുപ്പിച്ചു മറ്റുള്ളവർ കുരവയിട്ടു.
ദിവസങ്ങളും മാസങ്ങളും ഓടിയകന്നു. പ്രകൃതി തന്റെ സൗന്ദര്യ കൂട്ടുകൊണ്ട് ശ്രീക്കുട്ടിയെ പതുക്കെ അണിയിച്ചൊരുക്കാൻ തുടങ്ങി.
ശ്രീക്കുട്ടിക്കു പതിനൊന്നു വയസ്സു കഴിഞ്ഞു വന്ന കുംഭത്തിൽ അവൾ ഋതുമതിയായി. തറവാട്ടിൽ അതൊരു ആഘോഷമായിരുന്നു. ശ്രീയെ അമ്മായിമാർ ചേർന്നു മഞ്ഞൾ തേച്ചു കുളിപ്പിച്ച് സർവ്വാഭരണ വിഭൂഷിതയാക്കി പുതുവസ്ത്രങ്ങളണിയിച്ച് നിലത്തു അറയുടെ വടക്കുകിഴക്കെ മൂലയിൽ പുല്ലുപായിട്ട് അതിനു മുകളിൽ കമ്പിളി വിരിച്ച് വെള്ളഷീറ്റു കൊണ്ടലങ്കരിച്ച് ഒരു വാൽക്കണ്ണാടിയും കൈയ്യിൽ കൊടുത്ത് കുരവയിട്ട് മൂലയിലിരുത്തി മുത്തശ്ശിയും രാധികയും ശ്രീക്കു കൂട്ടിരുന്നു.
അടുത്തുള്ള വീട്ടുകാരും സ്വന്തക്കാരുമെല്ലാം കൈ നിറയെ പലഹാരവും സമ്മാനപ്പൊതികളുമായ് ശ്രീക്കുട്ടിയെ കാണാൻ വന്നു.
ജേഷ്ഠ സഹോദരന്മാർ പന്തലിടാനും മറ്റുമായി തിരക്കിലായി. ശ്രീക്കുട്ടിയുടെ അച്ഛൻ മാത്രം ദിവസവും കാലത്തും വൈകീട്ടും വന്നു മകളെ കണ്ടു.
സഹോദരന്മാരെ കാണാൻ മുത്തശ്ശി അനുവദിച്ചില്ല. മുറിയ്ക്കു വെളിയിലിറങ്ങുന്നതു പോലും മറക്കുട പിടിച്ച് ആരും പുറത്തില്ലെന്നുറപ്പു വരുത്തിയ ശേഷം മാത്രം.
ഏഴാം നാൾ മുഹൂർത്തം നോക്കി തറവാട്ടിലെ സ്ത്രീകളും അയൽപക്കത്തെ സ്ത്രീകളുമെല്ലാം ചേർന്ന് കുരവയിട്ട് ശ്രീക്കുട്ടിയെ കുളിപ്പിക്കാൻ കൊണ്ടുപോയി വാഴപ്പോള കൊണ്ട് ത്രികോണാകൃതിയിൽ ചങ്ങാടമുണ്ടാക്കി അതിനു മുകളിൽ ശീലത്തുണികൊണ്ടുള്ള
പന്തമുണ്ടാക്കി എണ്ണയിൽ മുക്കി തയ്യാറാക്കി വച്ചിരുന്നു. ഇഞ്ചയും താളിയും പതപ്പിച്ചു അതും മഞ്ഞളും ആരുവേപ്പിലയും ചേർത്തരച്ചു ആചാരപ്രകാരം തേയ്പ്പിച്ചു. രാധികയുടെ കൈ പിടിച്ച് ശ്രീ മുങ്ങി നിവർന്നു
അതുവരെ ഉപയോഗിച്ചുകൊണ്ടിരുന്നതെല്ലാം വെള്ളത്തിൽ മുക്കി ശുദ്ധമാക്കാൻ വെളുത്തേടന്റെ വീട്ടിൽ നിന്നും അമ്മിണിയും വന്നു. വെളുത്തേടത്തികൊണ്ടു വന്ന മാറ്റുടുത്ത് ശ്രീയെ അറയിലേക്കു കൂട്ടികൊണ്ടു പോയി.
വീടെല്ലാം പുണ്യാഹം തളിച്ച് മുത്തശ്ശി നിലവിളക്കിനു മുന്നിൽ ശ്രീയെ ഇരുത്തി ചന്ദനം ചാർത്തിക്കൊടുത്തു. (കുളിപ്പിച്ചുകൊണ്ടു വന്നാൽ ഭഗവതിയെ ഒരുക്കുന്നതുപോലെ പെൺകുട്ടിയെഒരുക്കും. അന്നത്തെ ദിവസം ദേവിയായിട്ടാണ് സങ്കൽപ്പം.) അമ്മേ മഹാലക്ഷമീ എന്റെ കൊച്ചുമോളെ കാത്തോളണെ എന്നു പ്രാർത്ഥിച്ച് അഞ്ജനവും കുങ്കുമവും തൊട്ടു കൊടുത്തു. കരയടച്ചു സദ്യ കൊടുത്ത് അന്നദാനം നടത്തി.
ശ്രീ പതിവുപോലെ തുളസിക്കു വെള്ളമൊഴിച്ച് കുളിപ്പിച്ചു വിളക്കു കത്തിച്ചു. ശ്രീക്കുട്ടിയുടെ വിരൽസ്പർശമേറ്റതും തുളസി ആഹ്ളാദത്തോടെ വിടർന്നു ഇലകൾകൊണ്ടു തലോടി സന്തോഷം അറയിച്ചു.
കാവിൽ വിളക്കു വയ്ക്കുന്നത് രേവതിയാണ്. ഋതുമതിയായി പതിനാലു ദിവസം കഴിയാതെ കാവിന്റെ ഭാഗത്തേക്കുപോകരുതെന്നു മുത്തശ്ശി ശ്രീയോടു പറഞ്ഞിരുന്നു.
തറവാട്ടിൽ കിലുക്കാംപ്പെട്ടി പോലെ തുള്ളിച്ചാടി പൊട്ടിച്ചിരിച്ചു നടന്നിരുന്ന ശ്രീക്കുട്ടിയുടെ ശബ്ദം പതുക്കെ പതുക്കെ നേർത്തു വന്നു.
മുത്തശ്ശി സ്വന്തം അറയിലൊതുങ്ങിക്കൂടി.
പരസഹായമില്ലാതെ നടക്കുവാനൊ പറമ്പിലെ കാര്യങ്ങൾ നോക്കുവാനൊ വയ്യാതായി.
ദൂരസ്ഥലങ്ങളിലേക്കു സ്ഥലം മാറ്റം കിട്ടിയ മക്കൾ ഓരോരുത്തരായി താമസം ജോലി സ്ഥലത്തേക്കു മാറ്റി. നാലുകെട്ടിൽ മൂകത കൂടുകൂട്ടി.
ചില തീരുമാനങ്ങളെടുക്കുന്നതിനായ്
ആ ഓണത്തിനു മുത്തശ്ശി മക്കളേയും കൊച്ചുമക്കളേയും തറവാട്ടിലേക്കു വിളിച്ചു കൂട്ടി.
ഭാഗം ആറ്
പൂരാടത്തിന്റെന്നേതറവാട്ടിൽ ആളനക്കം തുടങ്ങി. ജേഷ്ഠന്മാർ മുവാണ്ടൻ മാവിൽ ഊഞ്ഞാലിട്ടു. സർപ്പക്കാവിരിക്കുന്നിടം പുല്ലു ചെത്തി വൃത്തിയാക്കി. ഇഷ്ടിക കൊണ്ട് ചുറ്റുമതിൽ കെട്ടി മരപ്പടി വച്ചു. കന്നിമാസത്തിൽ കളമെഴുത്തുംപാട്ടും നടത്തണമെന്നാണ് മുത്തശ്ശിയുടെ ആഗ്രഹം.
ജേഷ്ടൻമാരോടൊപ്പം പൂപറിക്കാൻ കുന്നിൻ ചരുവിൽ പോകാൻ ഒരുങ്ങിയ ശ്രീക്കുട്ടിയെ മുത്തശ്ശി വിലക്കി. ശ്രീയുടെ കൊച്ചു മനസ്സിനേറ്റ ആദ്യവിലക്ക്. സങ്കടത്തോടെ അമ്മയുടെ തോളിൽ ചാഞ്ഞു. അമ്മ ആശ്വസിപ്പിച്ച് അച്ഛന്റെ അരുകിലേക്കു വിട്ടു. സന്ധ്യ സമയത്തു പെൺകുട്ടികൾ പുറത്തിറങ്ങി നടക്കുന്നത് നല്ലതല്ല മോളൂ എന്ന് അച്ഛന്നാശ്വസിപ്പിച്ചു.
അത്തത്തിനു തുളസിയും തുമ്പപ്പൂവും ചിത്തിരയ്ക്കു വെളുത്ത പൂക്കൾ ചോതി നാളന്നേ ചുവന്ന പൂക്കൾ ഇടാൻ തുടങ്ങൂ മൂലത്തിൻറന്നു മൂല തിരിച്ചുപൂക്കളമിടും.
മണ്ണു കുഴച്ച് തൃക്കാക്കരയപ്പനേയും ജേഷ്ടൻമാരുടെ വക മഹാബലിയും വാമനനും പൂരാടക്കുട്ടികളും ഒക്കെ ഉണ്ടാക്കി വയ്ക്കും. ഉത്രാട സദ്യയും തിരുവോണ സദ്യയുമെല്ലാം ഉണ്ടാക്കുന്നത് തറവാട്ടിലെ പുരുഷ കേസരികളാണ്.
ഉത്രാടത്തിന്റെ അന്നു വെളുപ്പാൻ കാലത്ത് കുളിച്ച് ഓണക്കോടിയണിഞ്ഞ് ജേഷ്ടന്മാരോടൊപ്പം പൂക്കളമിട്ടു. ശ്രീലക്ഷമി മുത്തശ്ശിവരുത്തിച്ചു കൊടുത്ത ഹാഫ് സാരിയാണു അണിഞ്ഞത്. സന്ധ്യയ്ക്ക് വിളക്കുകത്തിച്ച ശേഷം മുത്തശ്ശി അറയിൽ സൂക്ഷിച്ചു വച്ചിരുന്ന ആഭര പെട്ടിയെടുത്ത് എല്ലാരും കാൺകെ ശ്രീക്കുട്ടിക്കു കൊടുത്തു. ഇനി ഇതിന്റെ അവകാശി മുത്തശ്ശിയുടെ ശ്രീലക്ഷ്മിയാണ് എന്നു പറഞ്ഞനുഗ്രഹിച്ചു.
രാത്രി അത്താഴം കഴിഞ്ഞപ്പോൾ അടുക്കള കഴുകി തുടച്ച് ഒരു കൊച്ചു തൂശനിലയിൽ ഒരു തവി ചോറും പപ്പടം കാച്ചിയതും എടുത്തു വച്ചു. ഉറുമ്പുകൾക്കുള്ളതാണത്. ഓണമുണ്ടു പോയാൽ പിന്നെ വീട്ടിനകത്ത് ഉറുമ്പിന്റെ ശല്യമുണ്ടാവില്ലത്രെ.
ഓണത്തപ്പനെ വയ്ക്കാൻ പൂവടയുണ്ടാക്കി തുമ്പക്കുടവും ശർക്കര പഴം തേങ്ങ എല്ലാമൊരുക്കിവച്ചു. മച്ചിനു മുകളിൽ നിന്നും ഓലക്കുടയും നിലവിളക്കും എടുത്തു വച്ചു പുലർച്ചെ നേരത്തെ തന്നെ എല്ലാവരുമുണർന്ന് കുളിച്ച് അലക്കിയതുടുത്തു (വെളുത്തേടൻ അലക്കി തേച്ചു കൊണ്ടുവന്നത്) നിലവിളക്കു കത്തിച്ച് അരിമാവു കൊണ്ടണിയിച്ച തറയിൽ തൃക്കാക്കരയപ്പനേയും ഓണത്തപ്പനേയും വച്ചു തുമ്പക്കുടമിട്ടു മൂടി. ഓലകൊണ്ടുള്ള കാലൻകുടയും വച്ചു. തൂശനിലയിൽ നിലവിളക്കു കത്തിച്ചു ഉപ്പില്ലാതെ പൂവടയുണ്ടാക്കി ശർക്കരയും പഴവും വച്ചു തുമ്പക്കുടവും തുളസിയും വച്ച് പൂജ ചെയ്തു. കിഴക്കോട്ടു തിരിച്ചു വച്ച കിണ്ടിയിൽ ശുദ്ധജലം നിറച്ചു വച്ചു. തറവാട്ടു കാരണവർ കിഴക്കോട്ടു തിരിഞ്ഞു നിന്ന് പ്രാർത്ഥിച്ച് തേങ്ങയുടച്ച് വെള്ളത്തോടെ വച്ചു തുമ്പപ്പൂ വിട്ട് ലക്ഷണം നോക്കി. സ്ത്രീകൾ കുരവയിട്ടു മറ്റെല്ലാവരും ആർപ്പുവിളിച്ചു.
സ്ത്രീകൾ അറയ്ക്കുള്ളിൽ കടന്നു വാതിൽ ചാരി. പുറത്തു നിന്നു കാരണവർ വിളിച്ചു ചോദിച്ചു
“അകത്താര് അകത്താര് “
ഉള്ളിൽ നിന്ന് മുത്തശ്ശി വിളിച്ചു പറഞ്ഞു
“ശിവോതിയും മക്കളും ശിവോതിയും മക്കളും”
പുറത്താര് പുറത്താര്
വെളിയിൽ നിന്നും മറുപടി വന്നു
“മാവേലിയും മക്കളും മാവേലിയും മക്കളും.”
ഓണം കൊണ്ട ശേഷം പുതുവസ്ത്രം ധരിച്ച് അടയും പഴംനുറുക്കും ശർക്കരവരട്ടിയും വറുത്തുപ്പേരിയും തിന്നിട്ടു തുമ്പിതുള്ളലും കളിയുമായി നടന്നു. ഉച്ചക്ക് പുറത്തിലവച്ച് പണിക്കാർക്കെല്ലാം രണ്ടു കൂട്ടം പായസം ചേർത്ത് സദ്യകൊടുത്തിട്ടെ മുത്തശ്ശി കഴിക്കൂ.
മുത്തശ്ശിയോടൊപ്പം ഉണ് കഴിഞ്ഞ് ഊഞ്ഞാലാടാനിറങ്ങി. ഊഞ്ഞാലാട്ടവും തിരുവാതിര കളിയുമായ് സന്ധ്യയാവാറായി. കുളിയും വിളക്കു വയ്ക്കലും കഴിഞ്ഞപ്പോൾ മുത്തശ്ശി കൈയ്യിൽ പട്ടിൽ പൊതിഞ്ഞ ഒരു സഞ്ചിയുമായ് വന്ന് പൂമുഖത്തേക്ക് എല്ലാവരേയും വിളിച്ചു വരുത്തി.
ഭാഗം ഏഴ്…
എല്ലാരും ആകാംക്ഷയോടെ നോക്കിയിരിക്കെ മുത്തശ്ശി സഞ്ചി ശ്രീ കുട്ടിയുടെ കൈവശം കൊടുത്തു കൊണ്ടു പറഞ്ഞു മോളിത് എല്ലാർക്കും എടുത്തു കൊടുത്തോളൂ. എന്നിട്ടു മുത്തശ്ശി എല്ലാവരോടുമായിപ്പറഞ്ഞു വസ്തു വകകളെല്ലാം കൃത്യമായി ഭാഗിച്ചിട്ടുണ്ട്. ഇനിയുമിത് ഒന്നിച്ചു കിടന്നാൽ എന്റെ കാലശേഷം നിങ്ങൾ വഴക്കിടാനിടയാകും. അതു കൊണ്ടാണ് കണ്ണടയുന്നതിനു മുൻപ് ഭാഗഉടമ്പടി ചെയ്തത്. എല്ലാവർക്കും തൃപ്തിയാകും വിധമാണ് ഭാഗങ്ങൾ.
ശ്രീ അവരവരുടെ പേരിലുള്ള തീറാധാരം വീതം വച്ചു കൊടുത്തു.
“എന്താമ്മെ ഇത്, ഭാഗം വയ്ക്കുന്നതിനെപ്പറ്റി ഒന്നും അമ്മ പറഞ്ഞിരുന്നില്ലല്ലൊ?
മകളെനോക്കി പരാതിപോലെ ചോദിച്ചു
ലച്ചൂ നീയും…?
സോമശേഖരന്റെ ചോദ്യത്തിനു മുത്തശ്ശി മറുപടി ഒന്നും പറഞ്ഞില്ല. തറവാടും സർപ്പക്കാവും മാത്രം മുത്തശ്ശി ഭാഗത്തിൽ ഉൾപ്പെടുത്തിയില്ല. എല്ലാവരും അവരവരുടെ അറയിലേക്കു മടങ്ങി.
തുളസിച്ചെടി തലോടി വിളിക്കുന്നതുപോലെ തോന്നിയിട്ടാണ് ശ്രീ കണ്ണു തുറന്നത്. നിറഞ്ഞ പൗർണ്ണമി വെളിച്ചം അറയ്ക്കുള്ളിൽ പാൽവർണ്ണമേകിയിരുന്നു. എഴുന്നേറ്റിരുന്ന ശ്രീ ഞെട്ടലോടെ അലറിക്കരഞ്ഞു മുത്തശ്ശീ….മു ത്ത ശ്ശീ….
മുത്തശ്ശി ഞെട്ടിയുണർന്നു നോക്കുമ്പോൾ കണ്ടു ഫണം വിരിച്ചു നിന്നാടുകയാണ് ശ്രീയുടെ കോസടിയിൽ കാല്ക്കലായി നാഗരാജൻ.
“ചതിച്ചൊ ൻെറ ഭഗവതീ” അവിടുത്തേയ്ക്കു വേണ്ടതെന്താന്നുവച്ചാലടിയൻ ചെയ്തോളാം ൻെറകുഞ്ഞിനെ ഒന്നും ചെയ്യാതെ പോകൂ. ശ്രീയുടെ കരച്ചിലും മുത്തശ്ശിയുടെ ഉച്ചത്തിലുള്ള ശബ്ദവും കേട്ട് എല്ലാവരും ഓടിയെത്തി. അറയ്ക്കുള്ളിലെകാഴ്ച കണ്ട് എല്ലാലരും പേടിച്ചു വിറച്ചു. ഭയം മൂലം ശ്രീ കട്ടിലിൽനിന്നും താഴേയ്ക്കു മയങ്ങി വീണു. നാഗരാജൻ ഒന്നുകൂടി ഉയർന്നു നിന്നാടിയിട്ടു ഉമ്മറക്കോലായവഴി നടുമുറ്റത്തേക്കറങ്ങി.
സോമൻ മകളെ വാരിയെടുത്ത് മുത്തശ്ശിയുടെ കട്ടിലിൽ കിടത്തി മുഖത്തു വെള്ളം തളിച്ചു. ശ്രീ കണ്ണു തുറന്ന് ചുറ്റും നോക്കി പേടിയോടെ അമ്മയെ കെട്ടിപ്പിടിച്ചു.
പിറ്റേന്നു പുലർച്ചെ കുളികഴിഞ്ഞു മത്തശ്ശിയോടൊപ്പം തുളസ്സിയെകുളിപ്പിക്കാൻ ചെന്ന ശ്രീ വിതുമ്പി പോയി. നാഗരാജൻ നടുമുറ്റത്തെ തുളസ്സിച്ചെടിയിൽ ചുറ്റി വരിഞ്ഞ് ശ്രീലക്ഷ്മിക്കായ്കൊണ്ടുവന്ന വിഷം ചെടിയുടെ ചുവട്ടിൽ കൊത്തി തീർത്തിരിക്കുന്നു.
അതിൽ തുളസ്സിയുടെ ഒരുവശം കരിഞ്ഞു പോയിരുന്നു.
മുത്തശ്ശി അപ്പോൾത്തന്നെ ആളെവിട്ട് കണിയാനെ വിളിപ്പിച്ച് പ്രശ്നം വയ്പ്പിച്ചു. പ്രശ്നത്തിൽ തെളിഞ്ഞപ്രകാരം മുടങ്ങിക്കിടന്ന കളമെഴുത്തും പാട്ടും നാഗപൂജയും ചെയ്യുവാനുള്ള ചാർത്ത് എഴുതിക്കൊടുത്തു. അതുപ്രകാരം അടുത്ത മാസമായ കന്നിമാസത്തിലെ ആയില്ല്യം നാളിൽ നാഗപൂജ ചെയ്യുവാൻ തീരുമാനമായി.
കന്നിമാസത്തിൽ കളമെഴുത്തും പാട്ടും നടത്തുമ്പോൾ എല്ലാവരും നിശ്ചയമായും വരണമെന്നു ഒന്നുകൂടി ഓർമ്മിപ്പിച്ചു കൊണ്ട് മുത്തശ്ശി എല്ലാവരേയും അവരവരുടെ ജോലിസ്ഥലത്തേക്കു പറഞ്ഞുവിട്ടു.
പൂജയ്ക്കുള്ള ഏഴു ദിവസം മുൻപേ ഒരുക്കങ്ങളാരംഭിച്ചു. വ്രത ശുദ്ധിയോടെയിരിക്കണമെന്ന മുത്തശ്ശിയുടെ താക്കീതനുസരിച്ച് ശ്രീ വ്രതമെടുത്തു.
സർപ്പപ്പാട്ടിൻെറയന്ന് പുഴയ്ക്കക്കരെ ഉളള ഗ്രാമത്തിൽ നിന്നും തറവാട്ടിലേക്ക് കാലത്തേതന്നെ പുള്ളുവ ദമ്പതിമാരെത്തി ആ ദൈന്യത നിറഞ്ഞമുഖഭാവങ്ങൾ അകത്തെ അറയുടെ മറയിൽ നിന്നും ശ്രീക്കു വ്യക്തമായ് കാണാം. ഒരു നാലുവയസ്സുകാരിയും ശ്രീയേക്കാൾ കഷ്ടിച്ചു ഒരുവയസ്സധികമുള്ള ചെറുക്കനുമുണ്ട് കൂടെ. അവർ കളമെഴുതി കരിപ്പൊട്ടി മഞ്ഞൾപ്പൊടി അരിപ്പൊടി കളർപ്പൊടി എന്നിവയെല്ലാം കൊണ്ട് വലിയ കോലമിട്ടു. നിലവിളക്ക് കിണ്ടി പന്തം നേദ്യം എല്ലാമെടുത്തൊരുക്കി വച്ചു. ഒരാഘോഷം പോലെ കരക്കാരെല്ലാം തറവാട്ടിലൊത്തുകൂടി.
ശ്രീക്കു മനസ്സിൽ അതുവരെ ഇല്ലാതിരുന്ന ഭയം ഫണം വിരിച്ചടി. ഒരുക്കങ്ങൾ കൂടും തോറും മനസ്സിൽ പേടി കൂടി വന്നു മുത്തശ്ശിയുടെ മടിയിൽ തല വച്ചാശ്വാസം കൊണ്ടു. ശ്രീയുടെ മനസ്സുകണ്ട് രേവതി വിഷമത്തോടെ അമ്മയെ നോക്കി. അതു വരെയില്ലാതിരുന്ന ഒരു പുഞ്ചിരിയും ചൈതന്യവും കണ്ട് ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി.
പൂജയും ചടങ്ങുകളും കഴിഞ്ഞു പുള്ളുവർ പാട്ടാരംഭിച്ചു. ഭർത്താവ് വീണയുടെ നേർത്ത നൂലിൽ ഉരസി വായിച്ചു ഉറക്കെ പാടുമ്പോൾ , ഭാര്യ തോലുപിടിപ്പിച്ച കുടത്തിലൂടെ നീട്ടി കെട്ടിയ നൂലിൽ കൈയ്യിലൊതുക്കിയ എന്തോ കൊണ്ട് തട്ടി താളം പിടിച്ചു ഏറ്റു പാടുന്നു
” സർപ്പങ്ങളെ പരദൈവങ്ങളെ……. “
പാട്ടിനനുസരിച്ച് കന്യകമാർ ഇരുന്ന ഇടത്തിരുന്നാടാൻ തുടങ്ങി. കളത്തിൽ കയറാതെ പുറത്തിരുന്നാടുന്ന കന്യകമാർക്കിടയിലൂടെ ശ്രീലക്ഷ്മി മുടി വിരിച്ചാടിയെത്തി. ഓരോ കളങ്ങളും മായുന്ന മുറയ്ക്ക് പാട്ടു മുറുകി വന്നു. തളർച്ചയിലും സ്വയമറിയാതെ ഇഴയുന്ന ശ്രീയെ നോക്കി മുത്തശ്ശി പ്രാർത്ഥിച്ചു അമ്മേ ദേവീ അനർത്ഥങ്ങളുണ്ടാവാതെ കാത്തുകൊള്ളണേ…
പുള്ളുവന്മാർ അവകാശങ്ങൾ സ്വീകരിച്ച് ചടങ്ങുകൾ പൂർത്തിയാക്കി പിറ്റേന്നു കാലത്തു പാടവരമ്പത്തൂടെ നടന്നകലുന്നത് വളർന്നു പന്തലിച്ചു പൂത്തു നില്ക്കുന്ന സൂര്യകാന്തിച്ചെടിയുടെ തണൽ പറ്റി നോക്കെത്താദൂരം വരെ ശ്രീലക്ഷമി നോക്കി നിന്നു.
ഭാഗം എട്ട്….
തിരിച്ചു വീട്ടിലേക്കു കയറുമ്പോൾ കണ്ടു തുളസിച്ചെടി വല്ലാതെ വാടി നില്ക്കുന്നു. ശ്രീക്കു സങ്കടം തോന്നി. ശ്രീ തുളസ്സിയെ തലോടിക്കൊണ്ടു നിന്നു.
ആ സന്തോഷത്തിൽ തുളസ്സിച്ചെടി സ്വകാര്യമായ് എന്തോ പറയുന്നതായ് ശ്രീക്കു തോന്നി.
“ശ്രീ ഇനി ഞാനിവിടെ ഉണ്ടാകില്ല. ജനിച്ചാലൊരിക്കൽ നശിക്കണം. എന്റെ നാശം ആരംഭിച്ചു. രണ്ടോ മൂന്നോ ദിവസം കൊണ്ട് ഞാൻ ഇലകൾ കൊഴിഞ്ഞ് കരിഞ്ഞു അസ്ഥികൂടം പോലെയാകും എന്നെ പറിച്ചെടുത്താ തോട്ടിൽ ഒഴുക്കി വിട്ടോളൂ. നാഗരാജനിൽ നിന്നും ഉതിർന്ന വിഷത്തുള്ളികളാണെനിക്കു ചുറ്റും അതിനാൽ ഞാനിരിക്കുന്ന ഈ തറയിലെ എന്റെ വേരും മണ്ണും നീക്കി ഇവിടെ എന്നിൽ നിന്നും അടർന്നു തെറിച്ചു പോയ് കിഴക്കുവശത്തു വളരുന്ന ഒരു തൈ കൊണ്ടുവന്ന് പുതിയ മണ്ണുവെട്ടിയിട്ട് നട്ടുനനയ്ക്കണം. ശ്രീക്കു നല്ലതേ വരൂ”
തുളസിച്ചെടിയുടെ മർമ്മരം കേട്ട മാരുതനു വല്ലാത്ത സങ്കടം തോന്നി വീശിയടിച്ച കാറ്റിൽ ഇലകൾ കൊഴിഞ്ഞതുളസിയെ കണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് മുത്തശ്ശിയുടെ അടുത്തേക്കോടിച്ചെന്നു.
കാര്യമറിയാതെ മുത്തശ്ശി പരിഭ്രമിച്ചു കൊണ്ടു ചോദിച്ചു
“എന്താകുട്ടീ, എന്തുണ്ടായി.”
ശ്രീക്കുട്ടി തുളസ്സിത്തറയെ ചൂണ്ടിക്കാട്ടിക്കൊണ്ട് ആ തുളസ്സി പറഞ്ഞതൊക്കെയും പറഞ്ഞു. മുത്തശ്ശി ശ്രീയെ ആശ്വസിപ്പിച്ചു. മറ്റുള്ളവർ ശ്രീയുടെ വാക്കുകൾ കേട്ട് മൂക്കത്തു വിരൽ വച്ചു. മുത്തശ്ശി തന്നെ തുളസ്സിത്തറയിൽ നിന്നും തുളസ്സിച്ചെടി പറിച്ചെടുത്ത് തറയിലെ മണ്ണും ചേർത്ത് തോട്ടിലെ ഒഴുകുന്ന ഭാഗത്ത് നിക്ഷേപിച്ചു.
ദിനരാത്രങ്ങൾ വായുവേഗത്തിലടർന്നു വീണു. പുതിയ തുളസ്സിച്ചെടിയെ നനച്ചും താലോലിച്ചും കൊച്ചു വർത്തമാനം പറഞ്ഞും ശ്രീ പരിപാലിച്ചുപോന്നു.
മണ്ഡല പൂജ ആരംഭിച്ചു. മണ്ഡലവൃത മെടുത്ത് മലയ്ക്കു പോകണമെന്ന വാശിയിൽ മുത്തശ്ശി ഉറച്ചു നിന്നു. നിവൃത്തിയില്ലാതെ എല്ലാവരും സമ്മതിച്ചു. ആ വർഷം വിളക്കും പാട്ടും കഴിച്ച് അന്നദാനവും കൊടുത്ത് തൃപ്തിയോടെ മുത്തശ്ശി ശബരിമലയ്ക്കുപോയി വന്നു. നേർച്ചക്കടമെല്ലാം ചെയ്തുതീർത്ത സന്തോഷമായിരുന്നു മുത്തശ്ശിക്ക്.
മരണം തറവാട്ടിലേക്കു വലതുകാൽ വച്ചു കയറാൻ തുടങ്ങുന്നതാരുമറിഞ്ഞില്ല. യാത്രകൾ കഴിഞ്ഞു തിരിച്ചു വന്നു കിടന്ന മുത്തശ്ശി പിന്നീടൊരിക്കലും എഴുന്നേറ്റില്ല. മുത്തശ്ശിയുടെ മരണം ശ്രീക്കുട്ടിയെ പാടെ തളർത്തി.
ഒരു മാറ്റത്തിനായി ശ്രീയുടെ അച്ഛനും അമ്മയും സ്ഥലമാറ്റം വാങ്ങി പാലക്കാട്ടേക്കു താമസം മാറ്റി.
ശുഭം….
ശ്രീ….
Nice
നല്ല കഥ. എന്റെ വീട്ടിൽ ഞാൻ കണ്ടിട്ടും കേട്ടിട്ടും ഉള്ളതുതന്നെ! ഏറെ സന്തോഷം അക്കൂ.