മാനം കറുക്കുന്നു… കാറ്റ് കനക്കുന്നു…
മാനത്തു തേരുകൾ പാഞ്ഞിടുന്നു.
ഇടവഴിയോരത്ത് കണ്ണൊന്നെറിഞ്ഞവൾ;
ഇടിയും മഴയുമിങ്ങെത്തിയല്ലോ!
തെങ്ങിന്റെ ചോട്ടിൽ തടമെടുത്തു; തുലാ-
വെള്ളം നിറയ്ക്കാൻ കുടമെടുത്തു;
തീയെരിക്കാനായ് വിറകെടുത്തു; അവ-
ളഴയിലെ തുണികൾ തിരിച്ചെടുത്തു.
പായിലുണങ്ങിയ പുന്നെല്ലെടുത്തവൾ
ശംഖൊത്ത കുട്ട നിറച്ചുവെച്ചു;
പൂവാലിപ്പയ്യിനെ കൂട്ടിലാക്കീട്ടവൾ
പൂമുഖത്തിണ്ണമേൽ ചാഞ്ഞിരുന്നു.
വീടകം പൂകുവാൻ വെമ്പുന്ന മക്കളെ
കാക്കണേ മന്നവാ… ദേവദേവ..!
ഇടറുന്ന മനമോടെ, ഭീതിയോടെ അവ –
ളിടവഴിയോരത്ത് കണ്ണെറിഞ്ഞു..!
മാനം കറുക്കുന്നു… കാറ്റ് കനക്കുന്നു…
മാനത്തു തേരുകൾ പാഞ്ഞിടുന്നു..!
- സുജ ഹരി