അന്തിക്കു മാനമിരുണ്ടൊരീ നേരത്ത്,
അമ്മേ നിനക്കു ഞാൻ താരാട്ടു പാടിടാം!
അന്തിത്തിരിയൊന്നണഞ്ഞൊരീ വേളയിൽ!
അമ്മേയുറങ്ങൂ മനശ്ശാന്തിയേകിടാം!
പച്ചിലച്ചാർത്താൽ മനോജ്ഞമായ് നിന്ന നിൻ,
മേനിയിന്നെന്തേ കരിഞ്ഞുപോയീ വിധം!
പാലൊളി തൂകി പരന്നൊഴുകിപ്പോയ,
പുഴകളിന്നെന്തേ മെലിഞ്ഞതിന്നീ വിധം!
നിൻ മുലപ്പാൽ കുടിച്ചുൻമത്തരായവർ,
നിന്റെ മാറിൽ തലചായ്ച്ചുറങ്ങിയോർ!
നിൻ മടിക്കുത്തഴിച്ചട്ടഹസിച്ചിന്നു,
നിന്റെ ദേഹവും ചുട്ടുപൊള്ളിക്കുന്നു!
എത്ര വസന്തം നീയേകി നിസ്വാർത്ഥ യായ്,
എത്ര മരങ്ങൾ, കനികൾ, മലമേടുകൾ!
ഒക്കെയും ആർത്തിയാൽ വെട്ടിയെടുത്തവർ,
ഒറ്റയ്ക്ക് പൊരുതുവാൻ നീയിന്നശക്തയായ്!
അബലയല്ലമ്മേ അനാഥയുമല്ല നീ,
മാപ്പിരക്കുന്നെന്റെ താരാട്ടിലൂടെ ഞാൻ!
വെന്തുരുകുന്ന നിൻ ദേഹശാന്തിക്കായ്,
ചിന്തകളുരുക്കി ഞാൻ താരാട്ടു പാടിടാം!
— സുരേന്ദ്രൻ കണ്ണൂർ
നല്ലെഴുത്ത്..തുടരുക..