തരിശുഭൂമിയിൽ ഒറ്റയ്ക്കു നിന്ന വലിയ മരത്തിന് തൻ്റെ നാളുകൾ എണ്ണപ്പെട്ടു
കഴിഞ്ഞുവെന്ന് മനസ്സിലായി. തണൽ തേടി തൻ്റെ ചുവട്ടിലേക്ക് എത്തുന്നവരെ വേദനയോടെ നോക്കി നിന്നപ്പോൾ
“ഞാനധിക നാളുണ്ടാവില്ല ചങ്ങാതീ “
എന്നു പറയണമെന്നുണ്ടായിരുന്നു.
പിന്നെ,അറിയാതെ ഉച്ചമയക്കത്തിലേക്ക്
വഴുതി വീണു, തുടർന്ന് കരുതി വച്ച പോലെ മഹത്തായ ഒരു ദിവാസ്വപ്നത്തിലേയ്ക്കും.
മരങ്ങൾ തിങ്ങിനിറഞ്ഞ
ഒരു ഗ്രാമം. എല്ലാ കവലകളിലും തൂക്കിയിരിക്കുന്ന വലിയ ബോർഡുകൾ .
കോടാലിക്ക് ലൈസൻസ് നിർബന്ധം.
അനുവാദമില്ലാതെ മരംമുറിക്കുന്നത് ക്രിമിനൽ
കുറ്റം …..
പിന്നെ ഓലയും, പുല്ലും മേഞ്ഞ വാസയോഗ്യ മായ കൊച്ചു വീടുകൾ … മലിനമാകാത്ത
ജലസ്ത്രോതസുകൾ!
പുഴയിലെയും, തോട്ടിലെയും ,കുളങ്ങളിലെയും വെള്ളം മനുഷ്യർ കോരിക്കുടിക്കുന്നു, കിണർ വെള്ളം പോലെ ശുദ്ധം. വെള്ളം മലിനമാക്കുന്ന
കാര്യം അവർക്ക് കേട്ടുകേഴ് വിപോലുമില്ലായിരുന്നു.
കഴുത്തിലും നെഞ്ചിലും കയർ മുറുകി ശ്വാസം
മുട്ടിയപ്പോഴാണ് മരം ദിവാസ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നത്.
മുറിക്കുമ്പോൾ വലിച്ചിടാനായി തൻ്റെ കുരലിൽ ആരാച്ചാരൻമാർ കയർ മുറുക്കുന്നു.
ഒരാൾ പറയുന്നതു കേട്ടു .
“ഇക്കണ്ട മരമൊക്കെ മുറിക്കാമെങ്കിൽ പിന്നെ ഈ പൊണ്ണമരം മുറിക്കാനാണോ പണി? നല്ല തണലുള്ളതുകൊണ്ട് വെയിലറിയാതെ നിന്ന് മുറിക്കാം”
തൻ്റെ പ്രിയപ്പെട്ട ചങ്ങാതിക്കിളികൾ പറന്നകലുന്നതു മരം കണ്ടു.
പക്ഷേ, എന്തു ചെയ്യും ? എവിടെപ്പോകും പോകാതിരിക്കും എന്നറിയാതെ തന്റെ ചില്ലയിലെ കൂട്ടിൽ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ നോക്കിയിരിക്കുകയായിരുന്നു
ആൺകിളിയും, പെൺകിളിയും.
അവരുടെ സങ്കടം മരത്തിനു തീരാദു:ഖമായി.
പറക്കമുറ്റാനിനി കുറച്ചു ദിവസം കൂടി കാത്തിരിക്ക് മക്കളെ എന്ന് അമ്മ പറഞ്ഞത് മരം കേട്ടതാണ്. അതുവരെ എങ്ങനെയെങ്കിലും ജീവിച്ചേ പറ്റു.. തൻ്റെ കാലിൽ ചാരിവച്ചിരിക്കുന്ന കോടാലി അപ്പോഴാണു മരം കണ്ടത്.
നാലു ദിവസം കൂടി ആയുസ്സ് നീട്ടിത്തരാൻ കോടാലിയോടു മരം കരഞ്ഞു പറഞ്ഞു. പക്ഷിക്കുഞ്ഞുങ്ങളെ രക്ഷിക്കാനല്ലേ.
അവർ നാളെയുടെ വാനമ്പാടികളല്ലേ…”
സാധാരണ ഗതിയിൽ വെട്ടൊന്ന് മുറി രണ്ട് എന്നതാണ് സ്വഭാവമെങ്കിലും കോടാലിയ്ക്ക് മരത്തിന്റെ നന്മയിൽ അലിവു തോന്നി.
കയറിട്ട് താഴെയിറങ്ങി കോടാലിയെടുത്ത് ഒരു വെട്ട്. കോടാലി തന്റെ വായ്ത്തല ഒടിച്ചു മടക്കി പതുങ്ങിയിരുന്നു. വെട്ടുകാർ മരത്തിനെ തെറി വിളിച്ചു. അന്നങ്ങനെ കഴിഞ്ഞു. പലദിവസങ്ങളിലും കോടാലി വെട്ടുകാരന് ആപ്പുവെച്ചു. പക്ഷിക്കുഞ്ഞുങ്ങൾ നന്ദി ചൊല്ലി പറന്നകന്നു. “മതി ഇനിയീ തരുജന്മം അവസാനിപ്പിക്കാം.മരണം പുൽകാം.”
അഞ്ചാം ദിവസം മരം കോടാലിയോ
ടു പറഞ്ഞു. “നന്ദി, സ്നേഹം സഹോദരാ…
ഇനി നീ നിൻ്റെ കടമ ചെയ്തു കൊള്ളൂ”
ഒരു കോടാലി കരയുന്നത് നൂറ്റിയഞ്ചു വർഷത്തെ ജീവിതത്തിലാദ്യമായി മരം കണ്ടു.
കരഞ്ഞുകൊണ്ട് തന്നെ കോടാലി ആ
വലിയ മരത്തെ കൊന്നു വീഴ്ത്തി.
……………………
എൻ.രഘുനാഥക്കുറുപ്പ്.