17.1 C
New York
Thursday, October 28, 2021
Home Literature തന്റെതായ കാരണത്താൽ (കഥ)

തന്റെതായ കാരണത്താൽ (കഥ)

✍സുജ പാറുകണ്ണിൽ

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും മുൻപ് ജോലി എല്ലാം തീർത്തു വയ്ക്കണം. അല്ലേൽ മരുമോളുടെ മുഖം വീർക്കും. അവളുടെ കുടുംബത്തു ഒരു കല്യാണം ഉണ്ട്. അതിനു ഷോപ്പിംഗ് നടത്താൻ പോയതാണ്. രണ്ടാളും. പൊള്ളിയ കയ്യിൽ ഇത്തിരി തേൻ പുരട്ടി കസേരയിൽ ഇരുന്നു റോസ്‌ലിൻ.

ഗൾഫിൽ നിന്നും പോരുന്നു എന്ന് പറഞ്ഞപ്പോ എന്താരുന്നു ബഹളം. മമ്മി വാ. ഞങ്ങൾ നോക്കിക്കോളാം. മമ്മി ഇത്ര നാൾ കഷ്ട്ടപ്പെട്ടില്ലേ ഇനി റസ്റ്റ്‌ എടുക്കു. എന്തൊക്കെ ആയിരുന്നു. വന്നതിന്റെ പിറ്റേന്നു അടുക്കളയിൽ കയറിയതാണ്. പിന്നെ ഇതുവരെ മോചനം കിട്ടിയില്ല. മുകളിലത്തെ റൂം ആണ്‌ മമ്മിയുടേത് അവിടെ ഫ്രീഡം ഉണ്ട് എന്ന് ഷീന പറഞ്ഞപ്പോൾ പോത്ത് കച്ചവടക്കാരൻ പാപ്പിയുടെ മോളുടെ അതി ബുദ്ധി ആണെന്ന് മനസിലായില്ല. മുകളിൽ ആകുമ്പോൾ ഓടി ഓടി റൂമിൽ പോകില്ലല്ലോ. അടുക്കളയിൽ തന്നെ നിന്ന് പണി എടുത്തോളും പിന്നെ അവിടാകുമ്പോൾ A. C. യും ഇല്ലാ.

എബിക്കു ഷീനയെ കെട്ടാൻ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ എല്ലാവരും പറഞ്ഞതാ വേണ്ട നമുക്ക് പറ്റിയതല്ല എന്ന് . എന്റെ മോൻ വിഷമിക്കരുത് എന്ന് വിചാരിച്ചു. പെണ്ണുകാണാൻ ചെന്നപ്പോൾ മുഷിഞ്ഞ ഡ്രെസ്സും ഇട്ടു അടുപ്പിൽ ഊതിക്കൊണ്ടു നിന്നവൾ ആണ്‌. പത്തു പൈസ വാങ്ങാതെ ഗൾഫിൽ നിന്നും താൻ കൊണ്ടു വച്ച ഗോൾഡ് ഇട്ടു കെട്ടി കൊണ്ടു വന്നു. ഇന്ന് കാറിൽ കയറാൻ നേരം അവളുടെ അലർച്ച എത്ര നാൾ ആയി. എബിച്ചായനോട് ഈ പാട്ട വണ്ടി ഒന്ന് മാറ്റി വാങ്ങാൻ പറയുന്നു പുറത്തിറങ്ങുമ്പോൾ നാണക്കേട് ആണ്‌ എന്ന്. ലക്ഷങ്ങൾ കൊടുത്തു താൻ വാങ്ങിയ വണ്ടി ആണ്‌. ഇന്നുവരെ അധ്വാനിച്ചു പത്തു പൈസ ഉണ്ടാകാത്തവർ ആണ്‌. എത്ര ബിസിനസ്‌ തുടങ്ങി കൊടുത്തു എല്ലാം നശിപ്പിച്ചു. അവന്റെ ഉത്തരവാദിത്വം ഇല്ലായ്മയും അവളുടെ ദുർചിലവും. ആയുസ്സ് മുഴുവൻ ഗൾഫിൽ കിടന്നു ഉണ്ടാക്കിയ പൈസ ആണ്‌.

ജോർജ്കുട്ടിച്ചായൻ മരിച്ചു രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമായി വീട്ടിൽ തിരിച്ചു എത്തിയപ്പോൾ ജീവിക്കാൻ ഒരു വഴി കാണിച്ചു തന്നത് കൂട്ടുകാരി ഡെയ്സി ആണ്‌. കുഞ്ഞിലേ മുതലുള്ള കൂട്ട് ആണ് . ഗൾഫിൽ നഴ്സ് ആണ്‌. അവളുടെ ഹസ്ബൻഡ് ഗൾഫ് മലയാളികൾ സ്നേഹത്തോടെ ജെ. ജെ. എന്ന് വിളിക്കുന്ന ജെയിംസ് ജേക്കബ് ഒരു കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്ഥനാണു. ജോലി ശരിയാക്കി തന്നു. എല്ലാത്തിനും അവർ ഒപ്പം ഉണ്ടായിരുന്നു. താങ്ങും തണലുമായി. എവിടെ പോയാലും തന്നെയും ഒപ്പം കൂട്ടും. എത്ര സന്ധ്യകളിലാണ് അബുദാബി കോർണിഷിൽ കഥകൾ പറഞ്ഞു ഇരുന്നിട്ടുള്ളത്. അവധി ദിവസങ്ങൾ എല്ലാവരും ഡേയ്സിയുടെ വീട്ടിൽ ഒത്തുകൂടും. ഫുഡ്‌ ഉണ്ടാക്കലും ആകെ ഒരു ബഹളം ആണ്‌ പിന്നെ. മനസ് എപ്പോളും നാട്ടിൽ ആയിരിക്കും കുഞ്ഞുങ്ങളുടെ അടുത്ത്. ഡെയ്സി സമാധാനിപ്പിക്കും. അവരെ നോക്കാൻ നിന്റെ അപ്പച്ചനും അമ്മച്ചിയും ജോജിയും ഇല്ലേ പിന്നെ എന്താ.

ആകെയുള്ള കൂടപ്പിറപ്പാണ് ജോജി നാട്ടിൽ വന്നിട്ട് ആകെ ഒന്നോ രണ്ടോ തവണ ആണ്‌ കണ്ടത്. അവൻ ഇങ്ങോട്ട് വരാത്തത് എന്താണെന്നു ഇപ്പൊ മനസിലായി. താൻ ഗൾഫിൽ പോയ അന്ന് മുതൽ മക്കളെ പൊന്നുപോലെ നോക്കിയവൻ ആണ്. എബിയെ കൂടെ കൊണ്ടുനടന്നു വളർത്തിയത് അവൻ ആണ്. പെണ്ണ് കെട്ടിയതോടെ എബി എല്ലാം മറന്നു. ജോജിയുടെ തോളിൽ കയറി ഇരുന്നു എബി മാമ്പഴം പറിക്കുന്ന ഫോട്ടോസ് കണ്ടു കൂടെ ജോലി ചെയ്യുന്ന അറബ്‌സ് ചിരിയോടു ചിരി ആയിരുന്നു. സൈക്കിൾ ചവിട്ടാനും ബൈക്ക് ഓടിക്കാനും എല്ലാം അവൻ ആണ് പഠിപ്പിച്ചത്. അവൻ കെട്ടി കൊണ്ടു വന്നത് മാലാഖ പോലൊരു പെണ്ണിനെ. അപ്പച്ചൻ കിടപ്പായപ്പോൾ തനിക്കു വന്നു നോക്കാൻ കഴിഞ്ഞില്ല. അവൾ പൊന്നു പോലെ നോക്കി. അമ്മച്ചിയേയും. അവളെ കുറിച്ചാണ് ഷീന പറയുന്നത് മമ്മി വിചാരിക്കുന്ന പോലെ അല്ല എന്ന്.

എല്ലാം മനസ്സിലായി. ഗൾഫിൽ നിന്നും പോരണ്ടായിരുന്നു. ഡെയ്സി മരിച്ച ശേഷം അവിടെ നില്കാൻ തോന്നിയില്ല. .. കൂടപ്പിറപ്പിനെ പോലെ കൊണ്ടു നടന്നവൾ ക്യാന്സറിന് കീഴടങ്ങിയപ്പോൾ തകർന്നുപോയി. ജെയിംസ്നെയും മക്കളെയും ഫേസ് ചെയ്യാൻ വയ്യാതായി. ജെയിംസ് തകർന്നു പോയി ഡെയ്സി ഇല്ലാതെ ഒന്നിനും വയ്യാതെ …. ആരെയും അസൂയ പെടുത്തുന്ന സ്നേഹമായിരുന്നു അവരുടേത്. ഡെയ്സി പറയും, എടീ എല്ലാരും ഉറങ്ങി കഴിയുമ്പോൾ ഞങ്ങൾ ബില്ഡിങ്ങിന്റെ മുകളിൽ കയറും. അവിടെ ഒരു പെന്റ് ഹൗസ് ഉണ്ട് അതിന്റെ മുൻപിൽ ഷീറ്റ് വിരിച്ചു ഞങ്ങൾ ആകാശം നോക്കി കിടക്കും . പിന്നെ, ഒരു നക്ഷത്രം പോലും കാണാൻ ഇല്ലാത്ത ഗൾഫിലെ ആകാശത്തു എന്തു കാണാൻ ആണ്. എടീ,അത് നിന്റെ മനസ്സിൽ പ്രണയം ഇല്ലാത്തതു കൊണ്ടാണ് . നീ പ്രണയിക്കു ആകാശത്തു നക്ഷത്രങ്ങൾ പൂത്തിരി കത്തിക്കുന്നത് കാണാം.

തന്നെ വീണ്ടും കല്യാണം കഴിപ്പിക്കാൻ അവർ ആകുന്ന ശ്രമിച്ചതാണ്. വഴങ്ങിയില്ല. മക്കൾ എന്നു മാത്രം ചിന്തിച്ചു. ഡെയ്സി പോയി കുറെ നാൾ കഴിഞ്ഞപ്പോ ഫ്രണ്ട്‌സ് പറഞ്ഞതാണ് ജയിംസിന്റെ കാര്യം. വേറെ ആരെയും ജെയിംസ് കെട്ടുമെന്ന് തോന്നുന്നില്ല. നീ ആകുമ്പോൾ ജെയിംസിനും പിള്ളേർക്കും എതിർപ്പുണ്ടാവില്ല. നിന്റെ മക്കളെയും ജെയിംസ് പൊന്നുപോലെ നോക്കും. അതൊക്കെ ശരിയാണ് മക്കൾടെ പല ആവശ്യങ്ങൾക്കും ജെയിംസ് ആണ് നാട്ടിൽ വന്നിട്ടുള്ളതു. തനിക്കു വരാൻ കഴിയാത്തപ്പോൾ ഒക്കെ. അഡ്മിഷൻ അങ്ങനെ എല്ലാത്തിനും. വീട് പണി ടൗണിലെ സ്ഥലം വാങ്ങൽ എല്ലാത്തിനും ജെയിംസും ഡേയ്സിയും ഉണ്ടായിരുന്നു. തന്റെ വീട് അവർക്കു സ്വന്തം വീട് ആയിരുന്നു അപ്പച്ചനും അമ്മച്ചിയും അവർക്കു സ്വന്തം പോലെ. ജോജിയും. ജെയിംസ് അച്ചായൻ എന്നു പറഞ്ഞാൽ അവൻ ചാകും അത്ര സ്നേഹമാണ് അതുകൊണ്ടാണ് ജയിംസിന്റെ റിലേറ്റീവ് ആയ പെൺകുട്ടിയുടെ ആലോചന വന്നപ്പോള് അവൻ ചാടി കയറി സമ്മതിച്ചത്. ജെയിംസിനോളം നന്മയുള്ള ഒരാളെ ഇന്ന് വരെ കണ്ടിട്ടില്ല. എന്നാലും വേണ്ട ജെയിംസ് ഡെയ്‌സിയുടെ ആണ്. ഡെയ്‌സിയുടെ മാത്രം. ഒരിക്കൽ കണ്ടപ്പോ ജെയിംസ് പറഞ്ഞു പിള്ളാരെയും കൊണ്ടു വയ്യ. പറ്റുന്നില്ല എനിക്ക് അറിയില്ല എന്തു ചെയ്യണം എന്നു. ഇത്ര നിസ്സഹായനായി ആദ്യമായാണ് ജെയിംസിനെ കാണുന്നത്. എത്ര സന്തോഷം ഉള്ള മനുഷ്യൻ ആയിരുന്നു ആ തുറന്നു പറച്ചിലിൽ ഒരു അപേക്ഷ ഒളിഞ്ഞിരുപ്പുണ്ടായിരുന്നോ. എല്ലാ സങ്കടങ്ങളിലും കൂടെ നിന്നവൾ ആണ് ഡെയ്സിയും കുടുംബവും അവളുടെ കുടുംബത്തിന് ഒരു ആവശ്യം വന്നപ്പോ താൻ കയ്യൊഴിഞ്ഞു. മക്കളെ ഓർത്തു. എന്നിട്ട് മക്കളോ.

ജോജിയെ ഒന്ന് വിളിച്ചാലോ.ചേച്ചിയുടെ മരുമോൾ അത്ര പാവം ഒന്നും അല്ല.ചേച്ചി സൂക്ഷിച്ചോ അവൻ മുന്നറിയിപ്പ് തന്നതാണ്. അവിടെ ചെന്ന് ഗദ്ധാമ ആകരുതേ. ഓൾഡ് ഏജ് ഹോമിൽ വന്നു കാണാൻ ഇട ആകരുതേ. അവൻ വീണ്ടും വീണ്ടും മുന്നറിയിപ്പ് തന്നതാണ്. കോളിംഗ് ബെൽ അടിക്കുന്ന കേട്ടാണ് ഓർമകളിൽ നിന്ന് ഉണർന്നത്. ഡോർ തുറന്നപ്പോൾ മകൾ ആണ് സ്റ്റെഫി. കയറി വാ. മമ്മി അവൾ കെട്ടിപിടിച്ചു. ഇവിടെ ആരും ഇല്ലാ പുറത്തു പോയി. നന്നായി അവൾ പറഞ്ഞു. അതെന്താ. മമ്മി എന്തറിയുന്നു അങ്ങനെ ഒക്കെ ആണ്. അവർക്കു ഞാൻ വരുന്നത് ഒന്നും ഇഷ്ട്ടമല്ല. എബിച്ചായന്‌ എന്നോടിപ്പോ ഒരു സ്നേഹവുമില്ല. എന്റെ എന്തെങ്കിലും കാര്യം നോക്കുകയോ എനിക്കുവേണ്ടി എന്തേലും ചെയ്യുകയോ ഒന്നുമില്ല. അവൾ കരയാൻ തുടങ്ങി. മമ്മി സൂക്ഷിച്ചു നിന്നോ അല്ലേൽ കയ്യിലുള്ളത് അടിച്ചെടുക്കും. എനിക്കൊന്നും കിട്ടുകയുമില്ല. പിന്നെ എനിക്കു പേടി ഒന്നുമില്ല. ഞാൻ മമ്മിയുടെ ഒറ്റ മോൾ അല്ലെ എനിക്കുള്ളത് മമ്മി തരും എന്നു എനിക്കറിയാം. പഠിപ്പിച്ചു ജോലി ആക്കി എടുത്താൽ പൊങ്ങാത്ത പൊന്നും പണവും കാറും കൊടുത്തു കെട്ടിച്ചു വിട്ട മോൾ ആണ്. ജോർജ്കുട്ടിച്ചായൻ പണ്ട് പറയുമായിരുന്നു മോളെ നോക്ക് എന്റെ അമ്മച്ചിയെ പോലെ തന്നെ അല്ലെ എന്നു.

മകൻ മരിച്ചു കഴിഞ്ഞപ്പോൾ. മരുമോളെയും രണ്ടു കുഞ്ഞുങ്ങളെയും നൈസ് ആയിട്ടു ഒഴിവാക്കിയ അമ്മച്ചിയുടെ കുരുട്ടു ബുദ്ധിയും ഇവൾക്ക് കിട്ടിയിട്ടുണ്ട്. കാപ്പിയും കുടിച്ചു അവൾ കാറിൽ കയറി പോയി കഴിഞ്ഞപ്പോൾ ആണ്. എബിയും ഷീനയും വന്നത്. കൂടെ രണ്ടുപേരും. കയറി വന്നതേ എബി വിളിച്ചു മമ്മി ഇങ്ങു വന്നേ പറയട്ടെ. ഇവർ ആരാന്നു മനസ്സിലായോ? ഇവരാണ് നമ്മുടെ ഷോപ്പിംഗ് കോംപ്ലക്സ് പണിയുന്നത്. വന്നവർ ചിരിച്ചുകൊണ്ട് കയ്യിലിരുന്ന പേപ്പർ ചുരുൾ ടേബിളിലേക്കു നിവർത്തി. മമ്മി നമ്മുടെ ടൗണിലെ പ്ലോട്ട് ഇല്ലേ അവിടെ. ഇതു എപ്പോ ? അന്തം വിട്ട തന്റെ നോട്ടം കണ്ടു എബിയും കൂടെ വന്നവരും കാര്യങ്ങൾ വിശദീകരിച്ചു. . ചായയുമായി വന്ന ഷീന ഒരു കപ്പ്‌ തനിക്കും തന്നു മമ്മി കുടിക്കൂ. ഇതു എന്താന്ന് മനസ്സിലായോ അവൾ പേപ്പറിലേക്കു വിരൽ ചൂണ്ടി. ഇവിടെ ആണ് നമ്മുടെ ബ്യൂട്ടിക്. ഞാൻ ആണ് നടത്തുന്നത്. മമ്മിയുടെ പേരാണ് ഇടുന്നത്.എന്തൊരു സോപ്പ് ഇടൽ ആണ്.വന്നവർ പോയി. മമ്മി ക്യാഷ് കുറെ വേണ്ടി വരും. മമ്മിയുടെ അക്കൗണ്ടിൽ ഉള്ള ക്യാഷ് ഒക്കെ എടുക്കേണ്ടി വരും. പിന്നെ ബാക്കി ലോൺ എടുക്കാം. ആ പ്ലോട്ട് എന്റെ പേരിലോട്ടു ഒന്ന് മാറ്റേണ്ടി വരും. അത് ഒരു ദിവസം കൊണ്ടു ശരിയാക്കാം. മമ്മി ബാങ്കിൽ ഒന്നും കയറി ഇറങ്ങി നടക്കേണ്ട. മോൻ ഔദാര്യ പൂർവ്വം പറഞ്ഞു. അതിന്റെ പണി ഒന്ന് കഴിഞ്ഞിട്ട് വേണം എനിക്കൊന്നു തല ഉയർത്തി പിടിച്ചു ചില അവളുമാരുടെ മുൻപിൽ നടക്കാൻ. ഷീന ആണ്.

അപ്പന് പോത്ത് കച്ചവടം ആരുന്നു. എന്നത് അവൾ മറന്നു എന്നു തോന്നുന്നു. അരി തിളക്കും പോലെ ആണ് അഹങ്കാരം തിളക്കുന്നത്. മറ്റന്നാൾ ഇവളുടെ വീട്ടിലെ കല്യാണം അല്ലെ അത് കഴിഞ്ഞു അടുത്ത ദിവസം രെജിസ്ട്രേഷൻ നടത്താം. എബി പറഞ്ഞു. ഓൾഡ് ഏജ് ഹോമിന്റെ വാതിൽ തന്റെ മുൻപിൽ മലർക്കെ തുറക്കുന്നത് റോസ്‌ലിൻ കണ്ടു ഒന്നും മിണ്ടാതെ അടുക്കളയിലേക്കു പോന്നു. കണ്ണിൽ ഇരുട്ട് കയറും പോലെ. എന്തു ചെയ്യും. ഷീന പലതും പറയുന്നുണ്ട് എല്ലാം മൂളി കേട്ടു. രാത്രി ജോലി തീർത്തു റൂമിൽ എത്തിയപ്പോൾ ഒന്ന് പൊട്ടി കരയണം എന്നു തോന്നി. എന്തെല്ലാം സ്വപ്നങ്ങൾ ആയിരുന്നു അലാറം കേൾക്കാതെ ഇഷ്ട്ടം പോലെ ഉറങ്ങി കൊതി തീർക്കണം. ബന്ധു വീടുകളിൽ എല്ലാം പോകണം. ഒരുപാട് വായിക്കണം. എല്ലാവരുമായി സന്തോഷത്തോടെ കഴിയണം. എന്നിട്ടിപ്പോ കാൽ കീഴിലെ മണ്ണ് ഒലിച്ചു പോകുന്ന അവസ്ഥ. ഒരു അപകട സൈറൺ. ആകെ ഒരു എത്തും പിടിയും കിട്ടുന്നില്ല. വല്ലാത്ത ദാഹം. വെള്ളം തീർന്നിരിക്കുന്നു. ബോട്ടിൽ എടുത്തു താഴോട്ട് ഇറങ്ങി. എബിയുടെ റൂമിൽ ലൈറ്റ് ഉണ്ട്. ഷീനയുടെ സ്വരം. എന്തൊരു മധുരമുള്ള മാമ്പഴം അല്ലെ എബിച്ചായാ നിങ്ങളുടെ അമ്മ കണ്ടാൽ മുഴുവൻ തിന്നു തീർക്കും. അതാ ഞാൻ റൂമിൽ കൊണ്ടു പോന്നത്. മമ്മിക്ക്‌ പണ്ടേ മാമ്പഴം വലിയ ഇഷ്ട്ടം ആണ്. എബിയുടെ മറുപടി.

നെഞ്ചിൽ ഒരു വിങ്ങൽ. വീണ്ടും അവളുടെ സ്വരം. ഞാൻ വിചാരിച്ചില്ല ഇത്ര എളുപ്പത്തിൽ മമ്മി സമ്മതിക്കും എന്നു.എല്ലാം ഒന്ന് നടന്നാൽ മതി വേഗം. നിങ്ങൾടെ പെങ്ങൾ വന്നു എന്തേലും ഒടക്ക് ഉണ്ടാക്കും മുൻപ് വേഗം വേണം. പിന്നെ അവൾ ഇങ്ങോട്ട് വരട്ടെ. അവൾക്കെന്താ ഇവിടെ കാര്യം.
പിന്നെ ഞാൻ ഒരു കാര്യം പറയാം. പണി തുടങ്ങി തീരാറാകുമ്പോൾ ഇടക്ക് ഒന്ന് നിർത്തി വയ്ക്കണം. അത് എന്തിനാ ഷീന?എന്റെ പോന്നു മനുഷ്യ ഈ വീടും പറമ്പും അമ്മേടെ പേരിൽ അല്ലെ. പൈസ തീർന്നു പണി തീർക്കണേൽ ഇനിയും ലോൺ എടുക്കണം എന്നു പറഞ്ഞു ഇതു എഴുതി വാങ്ങാൻ നോക്കു. അല്ലേൽ നിങ്ങളുടെ തള്ള അത് മോൾക്ക് കൊടുത്താലോ?


എന്റെ പൊന്നെ നിന്റെ ഒരു ബുദ്ധി സമ്മതിച്ചു.
പിന്നെ കാര്യം ഒക്കെ കൊള്ളാം പണി കഴിയുമ്പോൾ ഓരോ ഷെയർ എന്റെ അപ്പനും അനിയനും എന്നു വാക്ക് പറഞ്ഞിട്ടുള്ളതാ മറക്കരുത്. മറന്നാൽ എന്റെ സ്വഭാവം മാറും കേട്ടോ. മറക്കില്ല പൊന്നെ. എല്ലാം ശരിയാക്കാം.
താഴെ വീഴാതിരിക്കാൻ ചുവരിൽ ചാരി നിന്നു. പൊന്നുപോലെ വളർത്തിയ മകൻ. അമ്മക്ക് ഒരു മാമ്പഴം തരാൻ മനസ്സില്ലാതെ ഒളിച്ചു വച്ചു തിന്നുന്നു. ഓരോ തവണയും ലീവ് കഴിഞ്ഞു തിരിച്ചു പോകുമ്പോൾ എയർപോർട്ടിൽ നിന്നു ആശ്വസിക്കും ഉടുതുണി തിരിച്ചു കിട്ടിയത് ഭാഗ്യം എന്ന് ഓർത്ത് .ബാക്കി എല്ലാം എല്ലാവരും കൂടി കൈവശം ആക്കിയിരിക്കും.

മരുഭൂമിയിൽ ജന്മം പാഴാക്കി ഉണ്ടാക്കിയ പണം തട്ടിയെടുക്കാൻ പ്ലാൻ ചെയ്യുന്നു. കിടപ്പാടം ഉൾപ്പെടെ. ടൗണിലെ പ്ലോട്ട് അന്ന് കുറഞ്ഞ വിലക്കു വാങ്ങിയതാണ്. ഇന്ന് കോടികൾ വില ഉണ്ട്. അവളുടെ അപ്പനും സഹോദരനും ഷെയർ വേണം പോലും. ഈ വിഷ പാമ്പുകൾക്കാണോ ഇത്ര നാളും പാല് കൊടുത്തത്. ബെഡിൽ വന്നു ഇരുന്നു. കണ്ണു നീര് തുടച്ചു. ആരോട് പറയും ജോജിയെ വിളിച്ചാലോ കൂടപ്പിറപ്പു അല്ലെ. അവനോടു പറയാം. ഫോൺ എടുക്കാൻ നോക്കുമ്പോൾ അതു റിംഗ് ചെയ്തു. ജോജി ആണ് പണ്ടും ഇങ്ങനെ ആണ്. മനസ് വിഷമിച്ചാൽ ഡെയ്‌സ്സിയോ ജോജിയോ വിളിക്കും. ഫോൺ എടുത്തതും ഒരു കരച്ചിൽ ആരുന്നു. എന്താ ചേച്ചി എന്തു പറ്റി. ഞാൻ വരണോ. അവൻ പേടിച്ചു. നടന്നതെല്ലാം അവനോട് പറഞ്ഞു. അവൻ പൊട്ടി തെറിച്ചു. അത്യാഗ്രഹി അവളുടെ ആക്രാന്തം കണ്ടില്ലേ. ചേച്ചിയോട് ഞാൻ അന്നേ പറഞ്ഞതല്ലേ. അവർക്കു അറിയാം ചേച്ചിക്ക് വേറെ ആരുമില്ല. അവരുടെ കാൽ ചുവട്ടിൽ കിടക്കും എന്നു. ആണും തൂണും ഇല്ലാത്തതിന്റെ കുഴപ്പം ആണ്.

ജെയിംസ് അച്ചായന്റെ കാര്യം എത്ര തവണ പറഞ്ഞതാ. ഇപ്പോളും വൈകിയിട്ടില്ല. ചേച്ചി മനസിലാക്കു. അല്ലേൽ ചേച്ചി തെണ്ടും ഇപ്പോൾ ഒരു തീരുമാനം എടുത്താൽ ഒരു നല്ല ജീവിതം ഉണ്ടാകും. ഇനിയിങ്ങനെ മണ്ടി ആകല്ലേ. ഞാൻ ജെയിംസ് അച്ചായനെ വിളിക്കട്ടെ. അവർ നാട്ടിൽ ഉണ്ട് . പിള്ളേർ അടുത്ത ആഴ്ച തിരിച്ചു പോകും. പപ്പയെ തനിച്ചാക്കി പോകുന്ന സങ്കടത്തിൽ ആണ് അവർ. ഞാൻ വിളിക്കട്ടെ. ഉം. അറിയാതെ മൂളി പോയി. സത്യം ആണോ ഞാൻ ദാ ഇപ്പൊ വിളിക്കാം. അവൻ ഫോൺ കട്ട്‌ ചെയ്തു. ദൈവമേ എന്താണ് സംഭവിക്കുന്നത് . വേറെ എന്തു ചെയ്യും. ഫോണിന്റെ ഡിസ്‌പ്ലേയിൽ ജോർജ് കുട്ടിച്ചായന്റെ ഫോട്ടോ. അച്ചായാ ക്ഷമിക്കണം. വേറെ വഴിയില്ല. നമ്മുടെ മക്കൾ ഇങ്ങനെ ആയി പോയി.ഞാൻ എന്തു ചെയ്യും.

ആലോചിച്ചപ്പോൾ വീണ്ടും ഒരു കല്യാണം കഴിക്കാൻ ഒരുപാട് കാരണങ്ങൾ തനിക്കു ഉണ്ട്. ഇപ്പോളെങ്കിലും ഇത് ചെയ്തില്ലായെങ്കിൽ ഏതെങ്കിലും ഓൾഡ് എജ് ഹോമിൽ കിടന്ന് മരിക്കേണ്ടി വരും. ഫോൺ റിംഗ് ചെയ്തു. ജെയിംസ് ആണ്. ഹലോ റോസമ്മേ പണ്ടും ജെയിംസ് തന്നെ റോസമ്മേ എന്നാണ് വിളിക്കുക. ഡെയ്സി പറയും അവൾ റോസമ്മ അല്ല റോസിലിൻ ആണ് എന്ന് . പക്ഷെ പുള്ളി റോസമ്മ എന്നേ വിളിക്കു.. റോസമ്മ വിഷമിക്കണ്ട ഞാൻ ഉണ്ട് കൂടെ.മക്കൾ ഉറങ്ങി ഞാൻ അവരെ ഉണർത്തി കാര്യം പറയട്ടെ. അവർക്കു സന്തോഷം ആകും. ജോജിയെ വിളിച്ചിട്ട് ഞാൻ വിളിക്കാം. ഫോൺ കട്ട്‌ ചെയ്ത ഉടനെ ജോജി വിളിച്ചു. അപ്പൻ മരിക്കും മുൻപ് ഒരു കാര്യം മാത്രമേ പറഞ്ഞുള്ളു. ചേച്ചിയെ വിഷമിപ്പിക്കരുത് എന്നു. എല്ലാം ഞാൻ അറേഞ്ച് ചെയ്തോളാം ചേച്ചി ഒന്ന് നിന്നു തന്നാൽ മതി. ജെയിംസ് അച്ചായൻ ചേച്ചിയെ പൊന്നുപോലെ നോക്കും. പ്ലാൻ എല്ലാം ഞാൻ പറയാം. അതുപോലെ ചെയ്താൽ മതി. അവർ കല്യാണത്തിന് പോകുന്ന അന്ന് മതി. നേരത്തെ എല്ലാം പാക്ക് ചെയ്തു വച്ചേക്കണം.


ഒരു ദിവസം കൊണ്ട് എന്തെല്ലാം ആണ് സംഭവിക്കുന്നത്. ഇതിനൊക്കെ എനിക്ക് കഴിയുമോ? ജെയിംസിനെ വിളിച്ചു ഒന്നും വേണ്ടാന്ന് പറഞ്ഞാലോ. ഫോൺ എടുത്തതു ജെയിംസിന്റെ മോൾ ആണ്. ഡെയ്‌സി യുടെ അതെ സ്വരം ആണ് അവൾക്ക് . താങ്ക്സ് ആന്റി. പപ്പയെ തനിച്ചു ആക്കി പോകാൻ വിഷമം ആയിരുന്നു. ഇനി കുഴപ്പം ഇല്ലാ. നിങ്ങൾ രണ്ടാളും ഉണ്ടല്ലോ. ഞാൻ പപ്പക്ക് കൊടുക്കാം.റോസമ്മേ ആരെ ആണ് പേടിക്കുന്നത് നമ്മുടെ ചിലവിൽ കഴിയുന്ന മക്കളെയോ അതു വേണ്ട. നമുക്കും ഒന്ന് ന്യൂജെൻ ആകാം. ഒന്നും പറയാൻ പറ്റിയില്ല. ഈ പ്രായത്തിൽ ഒരു ഒളിച്ചോട്ടം.ഇതായിരിക്കും വിധി.

ബെഡിനു അടിയിൽ നിന്നു ട്രോളി ബാഗ് വലിച്ചെടുത്തു. ഗൾഫിൽ നിന്നു പോന്നപ്പോ ഫ്രണ്ട്സിനോട് പറഞ്ഞതാണ് ഇതു ലാസ്റ്റ് പാക്കിങ് ആണ് എന്ന് പക്ഷെ വീണ്ടും. എല്ലാം എടുത്തു അടുക്കി പെറുക്കി പെട്ടിയിൽ വച്ചു. ഇനിയെങ്കിലും മക്കൾ അധ്വാനിച്ചു ജീവിക്കാൻ പഠിക്കട്ടെ. എബിയും ഷീനയും കല്യാണത്തിന് പോയ സമയത്തു ജോജി കാറുമായി വന്നു. ജെയിംസിന്റെ പിള്ളേരും ജോജിയും വൈഫും എല്ലാരുടെയും സാന്നിധ്യം ഉണ്ടായിരുന്നു. അപ്പച്ചാ അമ്മച്ചി, കൂടെ ഉണ്ടാകണേ പ്രാർത്ഥിച്ചു കൊണ്ടു ഒപ്പിട്ടു. രാത്രി ടെറസ്സിൽ വിരിച്ചിട്ട പായിൽ കിടന്നുകൊണ്ട് ജെയിംസ് പറഞ്ഞു നോക്കു റോസമ്മേ മുകളിലോട്ട് നക്ഷത്രങ്ങൾ പൂത്തിരി കത്തിക്കുന്നത് കണ്ടോ. റോസ്‌ലിൻ ജെയിംസിനോട് ചേർന്നിരുന്നു ആകാശത്തേക്ക് നോക്കി. അമ്മ വീണ്ടും കല്യാണം കഴിച്ചത് അറിഞ്ഞു ഓടി വന്ന മകൾ സ്റ്റെഫി കണ്ടത്,
അമ്മായി അമ്മ കല്യാണം കഴിച്ചതറിഞ്ഞു ബോധം പോയ ഷീനയെ. എബി വെള്ളം തളിച്ച് ഉണർത്തുന്നത് ആണ് സ്വപ്‌നങ്ങൾ എല്ലാം വേൾഡ് ട്രേഡ് സെന്റർ തകർന്ന പോലെ തകർന്നതോർത്തപ്പോൾ ഷീനക്ക് സഹിച്ചില്ല. പുതിയ കാർ, ഷോപ്പിംഗ് മാള്, ബുട്ടീക് എല്ലാം പോയി..

കരഞ്ഞു തളർന്ന അവളുടെ ബോധം വീണ്ടും വീണ്ടും പോയികൊണ്ടേ ഇരുന്നു. അത് കണ്ടു നിസ്സഹായനായ എബി എടുത്തു ചാട്ടം വേണ്ടായിരുന്നു എല്ലാം കുറച്ചു പതിയെ മതിയായിരുന്നു എന്നു ആലോചിച്ചു. പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലല്ലോ ? ഇനിയുള്ള കാലം ജോലി ചെയ്തു ജീവിക്കേണ്ടി വരും എന്നു ഉറപ്പായ അവൻ എന്തോ കളഞ്ഞുപോയ അണ്ണാനെ പോലെ ഭാര്യയെയും പെങ്ങളെയും നോക്കി നിസ്സഹായനായി ഇരുന്നു…..

സുജ പാറുകണ്ണിൽ

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: