ഇന്നിന്റെ കടംകഥകളിലൊരു
ഇരുട്ടുമുറിയുണ്ട്
ലക്ഷ്മിമാരും അoബമാരും
തേങ്ങിക്കരയുന്ന
ആർത്തവത്തിന്റെ രക്തക്കറപുരണ്ട
ഒരു ഒറ്റ ജനാല മുറി.
അലങ്കാരമായൊരു
തഴപ്പായ മാത്രം തൂങ്ങിയാടുന്ന
വടക്കിനിയെന്ന ചെല്ലപ്പേരിലൊരു
മൺചുവരിൻ തണുപ്പിഴയുന്ന
ഒറ്റപ്പെടലിന്റെ ഇരുട്ടുമുറി
ദൂരത്തായ് പുറത്തായ്
അടുക്കളയും കിണറും
തൊടാതെ കുളിച്ച്
ആർത്തവമെന്ന പാപശാപം
കാഴ്ചകളീന്നും മൂടിവെച്ച
ഒരു ഇരുണ്ടയിടം.
അവിടെ ജീവിച്ചു മരിച്ച
ഇന്നും ജീവിക്കുന്ന
പെൺമനസ്സുകളുണ്ട്.
പറയരുതാത്തത് പറഞ്ഞതിന്
അടക്കമൊതുക്കമെന്ന വിലക്ക്
ഇന്നുമുണ്ടാകും ഇരുണ്ടയിടങ്ങളിൽ.
കൂട്ട് അണുവായി മാറിയതും
തീണ്ടാരിത്തുണിയുരഞ്ഞ
മുറിവുകൾ പൊറുത്തതും
അജ്ഞതയ്ക്കതിജീവനമായതും ഒറ്റപ്പെടലിന്റെ കറുത്ത ദിനങ്ങളിൽ
വെളിച്ചമരിച്ചിറങ്ങിയതുമറിയാതെ
അoബയും ലകഷ്മിയുമിന്നും
സ്വപ്നങ്ങളിൽ കണ്ണുനീരൊപ്പുന്നു.
ആനി ജോർജ്ജ്✍