സ്നേഹതീരത്തുള്ള ധ്യാനാശ്രമ കവാടത്തിന്റെ മുന്നിൽ ഒരു മൂലയിൽ തളർന്നിരിക്കുമ്പോഴും കണ്ണുകൾ ആരെയോ തേടുന്നുണ്ടായിരുന്നു.
മനഃശാന്തിക്കുവേണ്ടിയൊ ധ്യാനത്തിനൊ അല്ലല്ലൊ താനിവിടെ വന്നത്
അർദ്ധപ്രാണൻ നല്കി തന്നോടൊപ്പം നിന്ന ഒരു ഹൃദയമിവിടുണ്ട് ഈ ലോകത്തോടു വിടപറയുന്നതിനു മുമ്പ് ഒരു നോക്കു കാണണം എല്ലാം തുറന്നു പറയണം ആ മുഖത്തെ ഭാവങ്ങൾ തൊട്ടറിയണം
കഴിഞ്ഞ മുഖാമുഖത്തിൽ ഡോക്ടർ പറഞ്ഞിരുന്നു ഇനി ഒരു ദൂരയാത്ര പാടില്ലെന്ന്
മനസ്സ് പോകുന്ന വഴി ശരീരത്തിനന്യമായിരിക്കുന്നു
എത്ര നേരമായി താനിവിടിരിക്കുന്നു ? വഴിയാത്രക്കാരും ആശ്രമത്തിലേക്കു പോകുന്നവരും വരുന്നവരുമെല്ലാം ശ്രദ്ധിക്കുന്നുണ്ട് ചിലർ നാണയത്തുട്ടും മുന്നിലേക്കിട്ടു തരുന്നു താനൊരു ഭിക്ഷക്കാരിയാണെന്ന് ചിലരെങ്കിലും കരുതിക്കാണും
യാത്ര ചെയ്തു അവശതയാർന്നശരീരവും കാറ്റുകൊണ്ടു കോലം കെട്ട തലമുടിയും ക്ഷീണിച്ചു പ്രകാശം നഷ്ടപ്പെട്ട കണ്ണുകളും… അവരെ കുറ്റം പറയാൻ പറ്റില്ല
ഋഷീ നീ എവിടെയാണ്? എത്ര നേരമായി ഞാനിവിടെ നിന്നെക്കാണുവാനായ് കാത്തിരിക്കുന്നു എന്നും വാതോരാതെ നീ വർണ്ണിക്കാറുള്ള ഈ ആശ്രമവും കടൽത്തീരവും ചുറ്റിക്കാണുവാനാണ് ഞാനാരുമറിയാതെ ഇവിടെ എത്തിയത് വേഗം വന്നെന്നെ കൊണ്ടു പോകു… മനസ്സിൽ ഉറക്കെ വിളിച്ചു പറഞ്ഞിട്ടും ശബ്ദം പുറത്തേക്കു വരുന്നില്ല
എനിക്കു വല്ലാതെ സങ്കടം വരുന്നുണ്ടായിരുന്നു നെഞ്ചു പൊട്ടി പിളരുന്ന വേദന എന്റെ കണ്ണുകൾ പതുക്കെ അടഞ്ഞുതുടങ്ങിയിരുന്നു
ബോധമണ്ഡലത്തിൽ നിന്നും ഞാൻ അബോധമനസ്സിലേക്കു ഊഞ്ഞാലാടി അവിടെ എല്ലാം വ്യക്തമായ് ഒരു വെള്ളിത്തിരയിലെന്നപോൽ തെളിഞ്ഞു വന്നു
ഞാൻ മുഖനൂലിന്റെ ഇൻബോക്സിൽ എഴുത്തിന്റെ ലോകത്ത് അക്ഷരങ്ങളെ വായുവിൽ പരതുമ്പോഴാണ് ആദ്യമായ് ഒരു സൂര്യകാന്തിപ്പൂവ് എന്നോടു സംസാരിച്ചത്
”ഹായ്! യാമീ എനിക്കൊരു സഹായം ചെയ്യുമൊ?”
“ഓ യെസ് അതിനെന്താ എനിക്കു സാധിക്കുന്നതാണെങ്കിൽ ഉറപ്പായും സഹായിക്കാം ഞാനുടൻ മറുപടി കൊടുത്തു”
ആദ്യമായാണ് ഞാൻ ഉടൻ മറുപടി കൊടുക്കുന്നത് കൂട്ടുകാരുടെ ഇടയിൽ ജാടയ്ക്ക് ഡോക്ടറേറ്റ് എടുത്തവളെന്നും ജാട കണ്ടുപിടിച്ചതു ഞാനാണെന്നും വർത്തമാനമുണ്ട്
എനിക്കെന്തോ ആ സൂര്യകാന്തിയെ വല്ലാതങ്ങു ബോധിച്ചു
സൂര്യകാന്തി വീണ്ടും എന്നോടു ചോദിച്ചു “നൂർണിയിലാണൊ യാമിയുടെ വീട്?”
ഇപ്പോഴല്ല പക്ഷെ സ്ഥലമറിയാം എന്തെ? എനിക്കു ചോദിക്കാതിരിക്കാനാകുമായിരുന്നില്ല
ശിവനന്ദ കോളേജ് അറിയുമൊ?
കൃത്യമായറിയില്ല എങ്കിലും കൂട്ടുകാരോടു ചോദിച്ച് ഞാനാമേൽവിലാസം പറഞ്ഞു കൊടുത്തു
രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും മെസ്സേജ് വന്നു
നന്ദി! എന്റെ പേര് ഋഷി
ഞാനൊരു ടെക്നീഷ്യൻ ആണ് ബിഎസ് എന്നിൽ ജോലി ചെയ്യുന്നു
ഒരു നുണയിലൂടാരംഭിച്ച സൗഹൃദം മേലും നീ പറയുന്നതു നുണയാണെന്നറിഞ്ഞും ഞാനിഷ്ടപ്പെടുകയായിരുന്നു
അന്നത്തെ എൻ്റെ മനസ്സ് …
ഒറ്റപ്പെടലിൻ്റെ സിംഹക്കൂട്ടിൽ ഞാനേകയായിരുന്നു നിരാശയുടെ നിഴലിൽ നിന്നും നീ എന്നെ സ്നേഹത്തിൻ്റെ വിൺ മേഘക്കൂട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി കഥ പറഞ്ഞും കളി പറഞ്ഞും നീയെൻ്റെ ഏകാന്തതയെ തച്ചുടച്ചു
ഞാനെന്ന വഴിയമ്പലത്തിലെ വിരുന്നുകാരനായിരുന്നു നീ
വിരുന്നു കഴിഞ്ഞ് വിരുന്നുകാരൻ യാത്ര പറയുന്ന ലാഘവത്തിൽ നീ ഇറങ്ങിപ്പോകാനൊരുങ്ങുമ്പോൾ ആതിഥേയയായ എനിക്കു സങ്കടപ്പെടുവാനോ പദം പറഞ്ഞു കരയുവാനൊ അർഹതയില്ലായിരുന്നല്ലൊ
ബയോപ്സി റിസൾട്ട് എന്റെ കൈയ്യിലിരുന്നു വിറച്ചപ്പോൾ ഞാനാദ്യമോർത്തതു നിന്നെയാണ്
ഒരിക്കൽ ഒരിക്കലെങ്കിലും നിന്നെയൊന്നു നേരിൽ കാണുവാൻ ഉള്ളം അത്രമേലഗാധമായ് മോഹിച്ചിരുന്നു എൻ്റെ സ്നേഹം കാപട്യമായിരുന്നില്ലെന്ന് നിന്നോടു പറയുവാൻ ഞാനൊരുപാടാഗ്രഹിച്ചുപോയി
ആശുപത്രി കട്ടിലിൽ നിന്നാരു മറിയാതെ ഞാനിങ്ങോട്ടു വന്നതതിനാണ്
നിൻ്റെ മടിയിൽ തല ചായ്ച്ചു വേണം എനിക്കാ മേഘക്കൂട്ടിൽ മിന്നിത്തെളിയാൻ
ക്യാൻസർ വേരുകൾ ഉള്ളിൽ ശക്തമായിരിക്കുന്നു ഒരു മുറിച്ചു മാറ്റലിലൂടെ ജീവൻ രക്ഷിക്കാൻ ആകുമൊ? വേണ്ട അമ്മ തന്നതൊന്നും മുറിച്ചു മാറ്റാൻ എനിക്കവകാശമില്ല
“മാഡം ഋഷി സാർ ലീവിലാണ് നാളെ വിവാഹമാണെന്ന് മഠാധിപതി പറഞ്ഞു , മാഡത്തിനു കുടിക്കാനെന്തെങ്കിലും വേണൊ വല്ലാതെ പരവേശപ്പെട്ടതു പോലെ തോന്നുന്നല്ലൊ?”
സെക്യൂരിറ്റിയുടെ വാക്കുകൾ വിദൂരതയിലെന്ന പോലെ യാമിയുടെ കാതിൽ അലയടിച്ചു
എൻ്റെ കണ്ണുകളടയുകയാണ് ചിത്തത്തിൽ ഇരുൾ വ്യാപിക്കുന്നു
ഋഷീ…., നിന്നെ കാണാതെ ഞാൻ യാത്രയാവുകയാണ്
നമ്മൾ പരസ്പരം ഊട്ടിയുറപ്പിച്ച വാക്കുകൾ ജലരേഖകൾ മാത്രമായവസാനിച്ചപ്പോൾ കാലത്തിന്റെ ജാലകവാതിലിൽ ഒരുനോക്കുകുത്തിയാവാൻമാത്രം വിധിക്കപ്പെട്ടവൾ
കൂടുതലൊന്നും പറയുവാൻ എനിക്കവകാശമില്ല
നിൻ്റെ ഗന്ധവും ശ്വാസവും അലിഞ്ഞു ചേർന്ന ഈ അന്തരീക്ഷത്തിലേക്ക് ഞാനെൻ്റെ അവസാന ശ്വാസവും മറന്നു വയക്കുന്നു…,
ശ്രീ…,✍️
നന്നായിട്ടുണ്ട് ശ്രീ 🙏🙏🙏
അഭിനന്ദനത്തിന്റെ ഒരായിരം
സ്വർണ്ണപ്പൂക്കൾ 🌹🌹🌹
Super