ഞാനെന്ന വാക്കുച്ചരിക്കുമ്പോ ഞാനോർത്തു ഞാനാര് ഞാനെന്ന് പറയുവാനായ്.
ഞാനെന്നഹങ്കരിച്ചീടുവാനെന്തുണ്ട് എന്റെതായ് ഭൂമിയിൽ എന്നതോർത്തു.
ഉത്തരം കിട്ടാതിരിക്കുന്ന നേർത്ത് പേർ വിളിച്ചമ്മയങ്ങ് ഓടി വന്നു.
പേരിട്ടതച്ഛനുമമ്മയും കൂടിയാണതു പോലും ഞാനല്ല സത്യമല്ലെ.
പിന്നെയോ എന്നെ ഞാനാക്കുവാൻ യത്നിച്ച എത്രയോ പേരെ ഞാനോർത്തു പോയി.
അക്ഷര പാതയിൽ നേർവഴി താണ്ടുവാൻ താങ്ങായി മാറിയ ഗുരുവിനെയും.
ജീവിച്ച വഴികളിൽ വഴികാട്ടിയായ് വന്ന കൂട്ടിനെയും പിന്നെ നാട്ടിനെയും.
പിന്നെ ഞാനെങ്ങിനെയുച്ചരിച്ചീടുമീ ഗർവിന്റെ വാക്കിനീ കൊച്ചു ഭൂവിൽ.
പണമല്ല തുണയാണ് വലുതെന്നയതിശയം കാതിൽ പെരുമ്പറ കൊട്ടിയപ്പോൾ.
എല്ലില്ല നാവിനോടുച്ചത്തിലോതി ഞാൻ ഞാനെന്ന കെട്ടു പൊട്ടിച്ചിടാനായ്.
ഞാനെന്ന ഭാവമത് ഞെട്ടറ്റ് വീണപ്പോ തട്ടിത്തെറിപ്പിച്ചു ശക്തിയിൽ ഞാൻ.
ഞാനെന്ന ഭാവവും വാക്കതുമൊക്കെയും ശവമഞ്ചമൊന്നതിൽ യാത്രയാക്കി.
ആശ്വാസമോടെ ഞാൻ കൈ വെച്ചു നെഞ്ചതിൽ വിഷമൊന്ന് കൊടിയത് പോയതിനാൽ.
നാടാകെ ഓടി നടക്കുവാൻ കൊതിയായി നമ്മളെ നാവിൽ കുടിയിരുത്തി.
ഞാനെന്ന വാക്കിനെ ചിന്തയെ ഓർമയായ് മാറ്റി ഞാൻ പാറിപറന്നു വാനിൽ.
ടി.എം. നവാസ്. വളാഞ്ചേരി .