പ്രീതി രാധാകൃഷ്ണൻ
എന്റെ പേരും എന്റെ മുഖവും
എനിയ്ക്കപരിചിതം …
യോഗ്യത
നെഞ്ചിലെ തോണിയിൽ
കൊടുംങ്കാറ്റിന്റെ
മൗനപ്പുതപ്പ് ഉറങ്ങുന്നു…
ആസ്തി
ദുഃഖത്തിന്റെ തീനാമ്പ്
തുപ്പിയ ജീവിത നാടകത്തിന്റെ
കണ്ണീർ കിനാവുകൾ
അനുയായികൾ…
ജാതി
അനീതിയുടെ ചൂണ്ടുവിരലിൽ നീതിബോധത്തിന്റെ
സ്നേഹം വിടർത്തുന്നവർ…
അറിവ്
കാലക്ഷോഭത്തിന്റെ
ചാട്ടവാറടിയിൽ
ആമുഖമില്ലാത്ത
പച്ചയായ നേർകാഴ്ച…
മേഖല
തെന്നിമാറിയ
ചിതൽപ്പുറ്റ് രാപ്പകലുകൾ
ശോകഗീതം
പാടിയവരുടെ കൂടെ…
അജണ്ട
കാണാത്ത സ്വർഗം
കടമകൾ നിറവേറ്റി
ആഗതമാകുന്നത്…
ചിഹ്നം
ഹൃദയം ആർക്കും
വായിച്ചെടുക്കാവുന്ന
തുറന്ന
പുസ്തകം….
വോട്ട് പെട്ടിയിൽ തകരുന്ന
നീതികരണത്തിന്
ലോക മനസാക്ഷിയുടെ
സ്മരണാഞജലി…
കാലത്തിന്റെ മരുഭൂമിയിൽ
തുടരാവിഷ്കരണമോ ഈ പ്രക്രിയ ???
പ്രീതി രാധാകൃഷ്ണൻ