17.1 C
New York
Monday, June 27, 2022
Home Literature ചെമ്പകവും_കല്ലറയും

ചെമ്പകവും_കല്ലറയും

സുനി ഷാജി കോട്ടയം

അച്ഛന്റെ മരണശേഷം പുതുക്കി പണിത വീടാണ്… താഴത്തെ നിലയിൽ അമ്മയും, ചേട്ടനും ചേട്ടത്തിയമ്മയും. പെങ്ങളുടെ കല്യാണ ശേഷം, മുകളിലത്തെ നില പൂർണമായും എന്റെ നിയന്ത്രണത്തിലാണ്…ആരും അങ്ങോട്ട് ശല്യം ചെയ്യാൻ വരാറില്ല. അങ്ങനെ അവിടെ ഒറ്റയാനെ പോലെ വിലസുമ്പോളാണ്, ആ സംഭവം നടക്കുന്നത്.

അന്ന്, പതിവുപോലെ രാവിലെ ജോലിക്ക് പോകാൻ ഇറങ്ങിയ സമയത്ത്, ഞങ്ങളുടെ പറമ്പിലെ തെക്കേ അതിരിലുള്ള വക്കച്ചൻ ചേട്ടന്റെ… കടുംവെട്ടിനു കൊടുത്തിട്ടുള്ള റബർ മരങ്ങൾ മെഷീൻ ഉപയോഗിച്ച് വെട്ടി മാറ്റുന്നത് കണ്ടു…രണ്ടേക്കറോളം നീണ്ടു കിടക്കുന്ന റബർ തോട്ടം…എന്തു പെട്ടെന്നാണ് മരങ്ങൾ വെട്ടി മുറിക്കുന്നത്…ആ കാഴ്ച നോക്കി കൊണ്ട് ബൈക്ക് സ്പീഡ് കുറച്ച്, റോഡരികിലേക്ക് ചേർത്തുനിർത്തി…

തോട്ടത്തിൽ ഒരു തുവർത്തു തലയിൽ വട്ടം കെട്ടി… കൈകൾ രണ്ടും എളിയിൽ കുത്തി, ചിരിച്ചു കൊണ്ട് നിൽക്കുന്ന വക്കച്ചൻ ചേട്ടനോട് വെറുതെ ലോഹ്യം ചോദിച്ചതാണ്…

“എന്താ ചേട്ടാ രാവിലെ തന്നെ തോട്ടം വെളിപ്പീര് ആണോ…….? ” തമ്മിൽ കാണുമ്പോൾ നല്ല കാച്ചിക്കുറുക്കിയ ഡയലോഗ് പറയാറുണ്ട് ഞങ്ങൾ.

“അതേടാ… മോനെ എല്ലാം മൂത്തു നരച്ചു…വെട്ടി കൊടുത്തേക്കാം എന്നു കരുതി.”

അവരുടെ മുറ്റത്തു നിൽക്കുന്ന ചേട്ടന്റെ മോൾ റോസിയെ നോക്കി മീശ പിരിച്ചുകൊണ്ട് ആണ് ഞാൻ അടുത്ത ഡയലോഗ് കാച്ചിയത്.

“അത് നന്നായി… മൂത്തുകഴിഞ്ഞാൽ പിന്നെ വച്ചോണ്ട് ഇരിക്കരുത് പെട്ടെന്ന് പറഞ്ഞു വിടണം.”

“ഓഹോ… അപ്പടിയാ….ടാ നിനക്ക് വയസ്സ് 30 ആയില്ലേ…മൂത്തുനരച്ചല്ലോ…. ഇനിയെന്ന് പെണ്ണുകെട്ടാനാണ് നിന്റെ പ്ലാൻ…? ആ കാന്താരി പെണ്ണ് ഞാൻ പറഞ്ഞത് ഏറ്റു പിടിച്ചു……തിരിച്ചു എനിക്കിട്ടു താങ്ങി…!
ചക്കിനു വെച്ചത് കൊക്കിനു കൊണ്ടല്ലോ….. ന്റെ ഭഗവാനെ!

“ആ കല്യാണി ചേച്ചിയെ ഇനിയും ബുദ്ധിമുട്ടിക്കാൻ ആണോ നിന്റെ ഭാവം… മര്യാദയ്ക്ക് വേഗം പെണ്ണുകെട്ടാൻ നോക്കിക്കോ… ” വക്കച്ചൻ ചേട്ടനാണ്.
“ഹേയ്…. മുപ്പത് അത്ര വല്യ പ്രായമൊന്നുമല്ല ചേട്ടാ… ഇനിയും കിടക്കുന്നു സമയം……. ” പറഞ്ഞത് വക്കച്ചൻ ചേട്ടനോട് ആണെങ്കിലും റോസിനെ നോക്കി ഒന്നൂടെ മീശ പിരിച്ചു ഞാൻ.

“ഞാനിങ്ങനെ സന്തോഷത്തോടുകൂടി നടക്കുന്നത് ചേട്ടൻ സഹിക്കുന്നില്ല… അല്ലേ….”

“ആകെ ആശ്വാസം ‘കെട്ടാത്ത പെണ്ണും പിറക്കാത്ത മക്കളും’ആണെന്ന് സ്റ്റാറ്റസ് ഇട്ടു നടക്കുന്ന എന്നോടോ ബാലാ ഈ സാഹസം!!!” അത് അവളാണ് ആ കാന്താരി.

ഇനി ഇവിടെ നിന്നാൽ ശരിയാവില്ല…

“പോകട്ടെ ചേട്ടാ…പിന്നെ കാണാം.”

അവളെ നോക്കി…. ‘നിനക്കിട്ടു പിന്നെ ഞാൻ വച്ചിട്ടുണ്ട് മോളെ എന്ന് ആക്ഷനിൽ കാണിച്ചു കൊണ്ട്’
ഞാൻ വേഗം അവിടെ നിന്നും മുങ്ങി.

ഒരു ചെറിയ കുന്നിൽ മുകളിൽ ആണ് ഞങ്ങളുടെ വീട്… താഴേക്ക് പള്ളി റോഡ് ആണ്….സെമിത്തേരി കഴിഞ്ഞു വേണം ടാറിട്ട റോഡിലേക്ക് പ്രവേശിക്കാൻ… വലിയ മതിൽ കെട്ടി തിരിച്ചിട്ടുണ്ട് സെമിത്തേരി… അതുകൊണ്ട് റോഡിലൂടെ പോയാൽ സെമിത്തേരിക്ക് അകം കാണാൻ സാധിക്കുകയില്ല. ഞാൻ വേഗം വണ്ടി വിട്ടു.
വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ പതിവില്ലാതെ ഒരു ഉന്മേഷം തോന്നി…എന്നാൽ പിന്നെ ഈ രാത്രി ഒന്ന് ആഘോഷിച്ചു കളയാം….ഒരു പായ്ക്കറ്റ് സിഗരറ്റ് വാങ്ങി പോക്കറ്റിൽ വച്ചു.
അമ്മ കണ്ടാൽ പ്രശ്നമാണ്.

അത്യാവശ്യം എഴുത്തും വരയും ഉള്ളതുകൊണ്ട് ഞാൻ വല്ലപ്പോഴും സിഗരറ്റ് വലിക്കാറുണ്ടായിരുന്നു. രാത്രി ടെറസിൽ ചാരുകസേരയിലിരുന്ന് കൊണ്ട് ആകാശം നോക്കി മീശ പിരിക്കുക…താടി തടവുക…. സിഗരറ്റ് പുകച്ചു…ആ പുകച്ചുരുൾ നോക്കി കിടക്കുക…ഒക്കെ എന്റെ ഹരമാണ്.

വീട്ടിൽ എത്തി കുളിയും ഭക്ഷണവുമൊക്കെ കഴിഞ്ഞ് ടെറസിന് മുകളിൽ പോയി കുറെ നേരം ഇരുന്നു….അപ്പോഴാണ് കണ്ടത് വീടിന്റെ തെക്കേ ഭാഗം മുഴുവനും തെളിഞ്ഞിരിക്കുന്നു… റബ്ബർ മരങ്ങൾ വെട്ടിമാറ്റിയതിനാൽ ഇപ്പോൾ സെമിത്തേരിക്ക് അകം വളരെ വ്യക്തമായി കാണാം…

വീട് ഇരിക്കുന്നത് കുറച്ചു പൊക്കത്തിൽ ആണ്…ഞാൻ ഇരിക്കുന്നത് രണ്ടാം നിലയിലെ ടെറസിലും…സമയം ഏകദേശം പന്ത്രണ്ട് മണി ആയിക്കാണും…. എല്ലാവരും ഉറങ്ങിയെന്നു തോന്നുന്നു… ഞാൻ സിഗരറ്റ് പാക്കറ്റ് തുറന്നു…..ഒരണ്ണം എടുത്തു തീകൊളുത്തി, വലിക്കാൻ തുടങ്ങി…അങ്ങനെ ഊതി വിടുന്ന പുക ചുരുളുകളിലേക്കായി പിന്നെ എന്റെ ശ്രദ്ധ…
കുറച്ചു കഴിഞ്ഞു… എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടായി വലി…! ടെറസ്സിൽ നിന്നാൽ നല്ല വിശാലമായ മുറ്റവും റോഡും ഒക്കെ കാണാം…
നരച്ച നിലാവ്….ആകെ മൂടിക്കെട്ടിയ അന്തരീക്ഷം….
എന്തൊ ഒരു ശബ്ദം കേട്ടതോടെ താഴേക്ക് നോക്കിയതാ….. അവിടെ അതാ ഒരു പൂച്ച റോഡിലൂടെ നടന്നു പോകുന്നു… എന്റെ കാഴ്ചയ്ക്ക് അപ്പുറം അത് നടന്നു മറയുന്നത് വരെ ഞാൻ നോക്കി നിന്നു.

പെട്ടെന്ന് കണ്ണുകൾ സെമിത്തേരിയിലേക്ക് പതിഞ്ഞു!
അവിടെമാകെ വല്ലാത്ത പ്രകാശം!!!

മറ്റുള്ള ഭാഗങ്ങളിൽ നരച്ചനിലാവും സെമിത്തേരിയുടെ മുകൾഭാഗത്ത് നല്ല പ്രകാശവും…!

‘അങ്ങനെ പേടിക്കാൻ ഒന്നും എന്നെ കിട്ടില്ല മക്കളേ….’

പ്ലസ്ടുവിന് മേരിക്കുട്ടി മിസ്സിന്റെ, ബയോളജി ക്ലാസിലെ രംഗമാണ്… ഓർമ്മ വന്നത്.. ടീച്ചറുടെ സ്വരം ചെവികളിൽ മുഴങ്ങി…

“മനുഷ്യ ശരീരത്തിലെ ഫോസ്ഫറസ്, ശരീരം മണ്ണിൽ അലിഞ്ഞു ചേരുമ്പോൾ, സ്വതന്ത്രമായി അന്തരീക്ഷത്തിൽ എത്തുന്നു… പകൽസമയങ്ങളിൽ അത് പ്രകാശത്തെ ആഗിരണം ചെയ്‌യും…
രാത്രിസമയങ്ങളിൽ ആ പ്രകാശത്തെ പ്രതിഫലിപ്പിക്കയും ചെയ്യുന്നു.

രാത്രി കാലങ്ങളിൽ സെമിത്തേരിയിൽ ഈ പ്രകാശത്തെ കണ്ടു പേടിക്കുന്ന മനുഷ്യർക്ക്‌ അതിന്റെ സയൻസ് അറിഞ്ഞുകൂടാ… “

ടീച്ചറുടെ വാക്കുകൾ തന്ന ധൈര്യത്തിൽ ഒരു പേടിയും കൂടാതെ ഞാൻ എന്റെ നോട്ടം ഞങ്ങളുടെ തോട്ടത്തിലേക്ക് മാറ്റി..
അവിടെ നിറയെ മരങ്ങൾ ആണ്. പറമ്പിന്റെ ഇടതു മാറി രണ്ടു വലിയ മഹാഗണികൾ ഉയരത്തിൽ പടർന്നു നിൽക്കുന്നു…അതിൽ നാലഞ്ചു വവ്വാലുകൾ തൂങ്ങിക്കിടക്കുന്നത് സ്ഥിരം കാഴ്ചയാണ്… പതിവുപോലെ വവ്വാലുകൾ തൂങ്ങി കിടക്കുന്നത് അവ്യക്തമായ കാഴ്ചയായി കാണാം.

നോക്കിയിരുന്നപ്പോൾ മരങ്ങൾക്കിടയിൽ ഒരു ചിറകടി ശബ്ദം…അതൊക്കെ മിക്കവാറും കേൾക്കാറുള്ളതിനാൽ പേടി തോന്നിയില്ല.
കുറച്ചു കഴിഞ്ഞപ്പോഴാണ് മൂങ്ങകൾ കൊക്ക് ഉരുമ്മുന്ന സ്വരം കേട്ടത്.. പരിസരം മറന്ന് പൂർണ്ണമായും പ്രകൃതിയിലേക്ക് നോക്കി നിൽക്കുകയാണ് ഞാൻ… അതിലെ ഓരോ ചലനങ്ങളും സ്വരങ്ങളും…..ഒക്കെ കാണുകയും അനുഭവിക്കുകയുമായിരുന്നു ഞാൻ..
എന്റെ ബുദ്ധി മുഴുവനും ആസ്വാദന ത്തിലേക്ക് വഴിമാറി.
കാഴ്ചക്കപ്പുറം എന്തോ ഒരു ഫീലിംഗ്… ശരീരത്തിലേക്ക് ഒരു ഇരുട്ട് കയറിയതുപോലെ….

പറമ്പിന്റെ തെക്കേഅതിരിൽ നിന്നും ഒരു തണുത്ത കാറ്റ് വരുന്നതായി എനിക്ക് തോന്നി…തൊട്ടടുത്തെത്തി അത് എന്റെ പാദങ്ങളിൽ തൊട്ടു… ഐസു പോലെ തണുപ്പ്….ഞാൻ പാദങ്ങൾ അമർത്തിപ്പിടിച്ചു… കാലുകളിലൂടെ തണുപ്പ് മുകളിലേക്ക് ശരീരം മുഴുവനും അരിച്ചു കയറാൻ തുടങ്ങി…!

മെല്ലെ അത് എന്റെ മുഖത്ത് തൊട്ടു… പുരികത്തിൽ തൊട്ടു… മൃദുവായ് കവിളിൽ തഴുകി….അപ്പോഴും കണ്ണുകൾ തുറന്ന് നിശ്ചലമായി ഇരിക്കുകയായിരുന്ന, എന്റെ ഇടംകണ്ണ് പെട്ടെന്ന് തുടിച്ചു… ആ തണുപ്പും, ഇരുട്ടും എന്റെ ശ്വാസം മുഴുവനും വ്യാപിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ ഇരുട്ടിലൂടെ ഇരുട്ട് കടന്നു പോകുന്നത് പോലെ തോന്നി എനിക്ക്.

അതിനെ പിന്തുടർന്ന എന്റെ കണ്ണുകൾ, കണ്ടത് തോട്ടത്തിലെ മുല്ലവള്ളികൾ പടർന്നുകയറിയ ഊങ്ങു മരത്തിലേക്ക്, ആ കാറ്റ് പ്രവേശിക്കുന്നതായിട്ടാണ്… മറ്റെല്ലാ ഭാഗത്തെയും മരങ്ങൾ നിശ്ചലമാണ്. ഈ ഭാഗത്ത് മാത്രമാണ് മരങ്ങൾ ചലിക്കുന്നത്… ആദ്യം മുല്ലയുടെ ഇലകൾ കാറ്റിൽ ചാഞ്ചാടി…പിന്നെ മരത്തിന്റെ ശിഖരങ്ങളിൽ നിന്നും മുകളിലേക്ക്…മുകളിലേക്ക്… കടന്നുപോയി… അവസാനം തുമ്പത്ത് നിന്നും തൊട്ടടുത്ത ഇലഞ്ഞിമരത്തിലേക്ക് കാറ്റ് പ്രവേശിച്ചു… അവിടെനിന്നും തൊട്ടടുത്ത് നിൽക്കുന്ന പ്ലാവിലേക്ക് അതിന്റെ അവസാന ഇലയെയും തഴുകി ആ കാറ്റ് അന്തരീക്ഷത്തിൽ മറഞ്ഞു !!!

ഞാൻ എന്നിലേക്ക് തിരിച്ചു വന്നു. എന്താണ് സംഭവിക്കുന്നത്, എന്ന് അറിയാതെ ചാരുകസേരയിൽ കിടക്കുകയാണ് ഞാൻ…
പെട്ടെന്ന് അവിടെമാകെ ചെമ്പകപ്പൂവിന്റെ മണം വ്യാപിച്ചു..!
അതി രൂക്ഷമായ ഗന്ധം….
എന്റെ നാസികയിൽ ആരോ പൂവുകൊണ്ട് മണപ്പിക്കുന്നത് പോലെ !!? എന്റെ കണ്ണുകൾ താനേ അടഞ്ഞു…
ആ തണുത്ത കാറ്റ്‌ വീണ്ടും എന്നെ മൂടി… ആ അന്തരീക്ഷവും…ഈ ലോകം തന്നെയും നിശ്ചലമായത് പോലെ…ഞാൻ എന്തോ ഒന്നിൽ വിലയം പ്രാപിച്ചത് പോലെ…ഒന്നും കാണുകയോ കേൾക്കുകയോ ചെയ്യാതെ എല്ലാം നിശ്ചലമായി ഇരിക്കുന്ന അവസ്ഥ.
അതിൽ നിന്നും പുറത്തിറങ്ങണമെന്നും… എന്നിലേക്ക് തന്നെ മടങ്ങണമെന്നും ഉണ്ട്…പക്ഷേ സാധിക്കുന്നില്ല… ആവുന്നത് ശ്രമിച്ചു നോക്കി ഒന്നനങ്ങാൻ പോലും സാധിക്കുന്നില്ല… എനിക്കിനി തിരിച്ചു പോകാൻ ആവില്ലേ… അകാരണമായ ഭയം എന്നെ മൂടി…എന്താണ് എന്നിൽ സംഭവിക്കുന്നത് എന്നറിയാതെ അങ്ങനെ തന്നെ കിടന്നു പോയി ഞാൻ.

രാവിലെ ഉണർന്നപ്പോൾ നേരം നന്നേ വെളുത്തിരുന്നു. ഞാൻ അപ്പോഴും ചാരുകസേരയിൽ തന്നെയാണ്… അവിടെ കിടന്നുകൊണ്ട്, രാത്രി സംഭവിച്ച കാര്യങ്ങൾ ഓർത്തെടുത്തു…

പെട്ടെന്ന് ഞാൻ ചാടിയെഴുന്നേറ്റു… എന്റെ ശരീരത്തിൽ നിന്നും എന്തോ ഒന്ന് താഴേക്ക് വീണു…നോക്കിയപ്പോൾ
‘ഒരു ചെമ്പകപൂവ്… !!!???? ‘

അൽഭുതം ഇതല്ല എന്റെ അറിവിൽ ഞങ്ങളുടെ നാട്ടിലെങ്ങും… എന്തിന് സമീപപ്രദേശത്ത് പോലും ഒരു ചെമ്പകമരം ഇല്ല…പിന്നെ എങ്ങനെ ഈ പൂവ് ശരീരത്തിൽ വന്നുവീണു!!! അപ്പോൾ രാത്രി എന്താണ് സംഭവിച്ചത്????
ഞാൻ കുനിഞ്ഞു ആ പൂവ് കയ്യിലെടുത്തു…. വല്ലാത്ത തണുപ്പ്!!!
കുളിച്ചു, ഭക്ഷണം കഴിച്ച് ജോലിക്ക് പോകാൻ ഒരുങ്ങി ഇറങ്ങിയപ്പോൾ…ആ പൂവ് എടുത്ത്, പോക്കറ്റിൽ ഇടാൻ മറന്നില്ല ഞാൻ. ബൈക്കുമെടുത്ത് താഴെ പള്ളിയുടെ അടുത്ത് എത്തിയപ്പോൾ എന്തോ ഒരു ഉൾപ്രേരണയാൽ ഞാൻ അവിടെ വണ്ടി ഒതുക്കി.
പള്ളിയിലേക്ക് കയറുന്നതിന്റെ, വലതുഭാഗത്തായി മുകളിലേക്ക് കുത്തനെ, കിടക്കുന്ന നടകൾ ഓടിക്കയറി…അത് അവസാനിക്കുന്നത് സെമിത്തേരിയിലാണ്…!

ആർക്ക് എപ്പോൾ വേണമെങ്കിലും അകത്തുകയറി പ്രാർത്ഥിക്കുകയോ… പൂക്കൾ വയ്ക്കുകയോ… മെഴുകുതിരി കത്തിക്കുകയോ… ഒക്കെ ചെയ്യാം…ഗേറ്റ് ചാരി ഇടുക മാത്രമാണ് ചെയ്യുക, ഒരിക്കലും പൂട്ടില്ല.

ഞാൻ വേഗം ഗേറ്റ് കടന്ന് സെമിത്തേരിയിൽ പ്രവേശിച്ചു…
ഇടതു വശത്തേക്ക് നടന്നു… കാലുകളെ ആരോ നിയന്ത്രിക്കുന്നത് പോലെ തോന്നി എനിക്ക്…
അവിടെ നിന്നും മുന്നോട്ട്…
ഒന്ന്……
രണ്ട്………
മൂന്ന്…
ആറാമത്തെ കല്ലറയുടെ മുമ്പില് എന്റെ പാദങ്ങൾ നിശ്ചലമായി…

ഓർമ്മവെച്ച നാൾ മുതൽ എന്റെ കളിക്കൂട്ടുകാരിയായ…
സ്കൂളിലും കോളേജിലും ഒരുമിച്ച് പഠിച്ച… വക്കച്ചൻ ചേട്ടന്റെ മൂത്ത മകൾ സെലിന്റെ കല്ലറയാണത്…

ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ക്യാൻസർ ബാധിച്ചു… മരണക്കിടക്കയിൽ കിടന്നുകൊണ്ട് അവൾ എന്നോട് പറഞ്ഞ കാര്യങ്ങൾ എന്റെ ചെവിയിൽ മുഴങ്ങി…കണ്ണീരണിഞ്ഞ ആ കണ്ണുകൾ എന്റെ മുമ്പിൽ തെളിഞ്ഞുവന്നു…അതുവരെ ആരും അറിയാതെ മനസ്സിൽ സൂക്ഷിച്ച പ്രണയം…. ഭൂമി വിട്ടു പോകുന്ന അവസാന നിമിഷങ്ങളിൽ തന്നോട് പറഞ്ഞ വാക്കുകൾ ആ സെമിത്തേരി മുഴുവനും അലയടിക്കുന്നതായി എനിക്ക് തോന്നി…
“മരിച്ചാലും…ഞാൻ നിന്നെ വിട്ടു പോകില്ല നരേന്ദ്രാ… എനിക്ക് അതിനാവില്ല…അത്രയ്ക്ക് ഇഷ്ടമാണ് നിന്നെ…”

കണ്ണുകൾ മുറുകെ അടച്ച് അസഹ്യമായ നൊമ്പരത്താലെ തല കുടഞ്ഞു ഞാൻ…
അവൾ ഉറങ്ങുന്ന, മാർബിൾ പതിച്ച കല്ലറക്കു മുകളിലേക്ക്, നോക്കിയ എനിക്ക്, എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല… അവിടെ അതാ…

‘ഒരു ചെമ്പകപ്പൂവ്…!!!’

എന്റെ പോക്കറ്റിൽ കിടന്ന ചെമ്പകപ്പൂ എടുത്ത് അതിനോട് ചേർത്തു വച്ചു ഞാൻ.
കൂടുതൽ സമയം അവിടെ നിൽക്കാൻ എനിക്കാവില്ല…
പെട്ടെന്ന് തിരിഞ്ഞുനടന്നു.
കണ്ണുകൾ നിറഞ്ഞിരുന്നു അപ്പോൾ…

ചില നേരങ്ങളിൽ മനുഷ്യന്റെ യുക്തിക്കും ചിന്തകൾക്കുമപ്പുറം ചിലതൊക്കെ സംഭവിക്കും!
അതിന്റെ അഹം പൊരുൾ തേടാൻ കേവലം നിസ്സാരനായ മനുഷ്യന് ആവില്ല.

ഗേറ്റിനടുത്ത് എത്തിയിരുന്നു ഞാൻ അപ്പോൾ…
വീണ്ടും ഒരിക്കൽ കൂടി അവൾ ഉറങ്ങുന്ന കല്ലറയിൽ തിരിഞ്ഞു നോക്കാനുള്ള ശക്തി എനിക്കില്ല… വേഗം ഗേറ്റ് കടന്ന് താഴേക്കിറങ്ങി. അപ്പോൾ എവിടെ നിന്നോ വന്ന ഒരു തണുത്ത കാറ്റ് എന്നെ തഴുകി കടന്നു പോയി… അതിന് ചെമ്പകപൂവിന്റെ മണമായിരുന്നു.

സുനി ഷാജി
കോട്ടയം

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വണ്‍ പ്രവേശനം: എല്ലാ വിദ്യാര്‍ത്ഥികൾക്കും ജാതി സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍.

പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികൾക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എൽസി പാസ്സായ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ...

കൊല്ലത്ത് 10,750 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.

കൊല്ലം ആര്യങ്കാവിൽ നിന്ന് വൻതോതിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് 10,750 കിലോ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടന്നത്. ഇന്നലെ അർദ്ധരാത്രിയായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...

‘ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ’.

ഭക്ഷ്യക്ഷാമവും ഭൂകമ്പത്തിന്റെ കെടുതികളും അനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. പാകിസ്താൻ വഴി കടൽമാർഗം 3000 മെട്രിക് ടൺ ഗോതമ്പാണ് ശനിയാഴ്ച ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്. അഫ്ഗാൻ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വിധ...

വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരൻ (65), ഭാര്യ സുജാത (60) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ ആണ് മൃതദേഹം കണ്ടെത്തിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: