(വായിക്കുവാനും അതിലേറെ ചിന്തിക്കുവാനും)
നിങ്ങളുടെ വസ്ത്രങ്ങളെ നിങ്ങൾ എത്ര സൂക്ഷ്മമായാണ് തിരഞ്ഞെടുക്കുന്നത്?
വിലയേറിയ നിങ്ങളുടെ സമയം കളഞ്ഞു, നിറം നോക്കി, തുണിയുടെ തരം നോക്കി, നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കി….. അങ്ങനെ പോകുന്നു! അത് തന്നെ അല്ല, തുണി തിരഞ്ഞെടുത്ത് കഴിഞ്ഞാൽ പിന്നെ അത് ധരിച്ച് നോക്കണം.
ആ വസ്ത്രം ധരിച്ച് ഇരുന്ന്, നിന്ന് എന്ന് വേണ്ട, ചുരുക്കത്തിൽ, ഒരു വസ്ത്രം തിരഞ്ഞെടുക്കണം എങ്കിൽ അത് നിങ്ങളുടെ മനസ്സിനും ശരീരത്തിനും ചന്തം നൽകുമെന്ന് നിങ്ങൾക്ക് ഉറപ്പ് ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾ അത് വാങ്ങി ധരിക്കുകയൂള്ളു!
നിങ്ങളുടെ ചിന്തകളെ തിരഞ്ഞെടുക്കുന്നതിനെ പറ്റി എന്നെങ്കിലും ആലോചിച്ച് നോക്കിയിട്ടുണ്ടോ?
ചിന്തകളുടെ തിരഞ്ഞെടുപ്പ് നിങ്ങളിൽ തന്നെ ഉള്ള ഒരു ശക്തിയാണ്! നമ്മുടെ ചിന്തകൾ കുത്തി വെയ്ക്കുന്ന വിഷം ഏറ്റ്, നമ്മൾ എന്ത് കൊണ്ട് രോഗികൾ ആയെന്ന് അമ്പരപ്പെടുകയാണ് പലരും!
ചുരുക്കത്തിൽ, നമ്മുടെ യുദ്ധം എന്നും നമ്മോട് തന്നെ ആയിരുന്നു. ചരിത്രമായിരുന്നാലും, സാമ്പത്തികവും, രാഷ്ട്രീയവും, ഒക്കെ ഈ നന്മയും തിന്മാ ശക്തികൾ തമ്മിലുള്ള യുദ്ധം ആയിരുന്നു!
ഈ ഒരു ശക്തിയെ നിങ്ങളുടെ ഉള്ളിൽ തന്നെ നിങ്ങൾക്ക് നട്ട് വളർത്തി, പരിപാലിക്കാൻ സാധിക്കും. നിങ്ങളുടെ ജീവിതത്തിൽ, ഏറ്റവും ചീത്തയായ പല കാര്യങ്ങളെയും നിങ്ങൾക്ക് നിയന്ത്രിക്കണമെങ്കിൽ, ആദ്യം ചിന്തകളുടെ ഉത്ഭവത്തിനെ നിയന്ത്രണ വിധേയമാക്കുകയാണ് വേണ്ടിയത്!
ഉത്ഭവിക്കുന്ന ചിന്തകളുടെ നിയന്ത്രണം എന്ന് പൂർണമായും നിങ്ങളുടെ കൈയ്യിൽ ആകുന്നുവോ, അവിടെ നിന്നും ആണ് നിങ്ങളുടെ ആത്മശക്തിയും, ആത്മ ധൈര്യവും ബലപ്പെടുന്നത്.
വസ്ത്രം ധരിച്ച് കണ്ണാടിയിൽ നോക്കുമ്പോലെ, സ്വന്തം ചിന്തകളെ ഒന്ന് തിരിഞ്ഞ് നോക്കിയാലോ!
നിർദയമായ, നിങ്ങളെ ദുർബലപ്പെടുത്തുന്ന, ന്യായം വിധിക്കുന്ന, അതോ നിങ്ങളിൽ ഉത്ക്കണ്ഠ ഉളവാക്കുന്നതോ, വർദ്ധിപ്പിക്കുന്നതോ ആയ ചിന്തകൾ ആണോ നിങ്ങളുടെ മസ്തിഷ്കം അണിഞ്ഞിരിക്കുന്നത്?
അങ്ങനെ എങ്കിൽ, ഒരു ദീർഘ ശ്വാസമെടുത്ത്, ആ വക ചിന്തകളെ എടുത്തു മാറ്റുക. അല്ലെങ്കിൽ ചിന്തകളെ, അവയുടെ ഉത്ഭവത്തിൽ തന്നെ വ്രൃത്തിയാക്കുവാൻ ശീലമാക്കുക.
നിങ്ങളെ ദുർബലപ്പെടുത്തുന്ന എല്ലാ ചിന്തകൾക്കും നേരെയുള്ള വാതിലുകൾ കൊട്ടി അടയ്ക്കുവാൻ ധൈര്യം കാണിക്കണം. ഇനി അതിന് പകരം സ്നേഹത്തിന്റേയും, കരുണയുടെയും ചിന്തകളെ കൊണ്ട് നിറയ്ക്കാൻ ശ്രമിക്കുക.
ഇനി മുതൽ ഒരു പ്രതിഞ്ജ ചെയ്യുക!
സ്നേഹമയമായ, നിങ്ങൾക്ക് ശക്തിയേകുന്നതും മാത്രം ആയ ചിന്തകൾക്ക് മാത്രമേ ഇനി മുതൽ എന്നിൽ ഉടലെടുക്കുകയും, വളർത്തുകയും ചെയ്യുകയുള്ളുവെന്ന്!
ഒരു പക്ഷെ, ഇന്ന് നിങ്ങൾ അനുഭവിക്കുന്ന പല വ്യഥകൾക്കും കാരണം നിങ്ങളുടെ ഈ ചിന്തകൾ മാത്രം ആണ്.
ഈ പുതുവർഷത്തിൽ നന്മ നിറഞ്ഞ ചിന്തകൾ നേർന്നു കൊണ്ട്
സ്നേഹപൂർവ്വം
- ദേവു-