ചിതലേ.. . നിങ്ങൾ പെറ്റുപെരുകുക..
തിന്നു തീർത്തീടുക ചില തത്വസംഹിതകളെ.
മനുഷ്യത്വമേറെ മരിച്ചൊരു കാലത്തിൽ
അഹന്തയ്ക്ക് മുകളിൽ നീ കൂടൊരുക്കീടുക.
ഇന്നിന്റെ ഹൃദയത്തിൽ വേരാഴ്ന്നിറക്കിയ
കാട്ടുമുൾ ച്ചെടികൾതൻ വേരിൽ പടരുക.
കാട്ടുമുൾച്ചെടികളുണങ്ങി വീഴും വരെ
തായ്‌വേര് തിന്നു നീ പെറ്റു പെരുകുക.
ഇന്നലെ നാം കണ്ട പലവർണ്ണ പൂക്കളും
കാട്ടുമുൾ ച്ചെടികളാൽ മുരടിച്ചു നിൽക്കുന്നു.
വിഷമുള്ള ജിഹ്വയിൽ നീ പടർന്നീടുക
ആ നാവുകൾക്കുമേൽ കൂടൊരുക്കീടുക.
കാലം വളർത്തിയ അർബുദ ചിന്തകൾ
കാർന്നു നീ തിന്നവമാറ്റിയെടുക്കുക.
ചിതലിൽ നിന്നും പഠിക്കുവാനുണ്ടേറെ
ചിതലിന്റെ ക്ഷമയും ഐക്യവും കാണുക.
ഹൃദയങ്ങളകലുവാൻ കെട്ടിയ പാശത്തിൽ
ചിതലായ് മാറുക പാശം തകർക്കണം.
അത്ര നിതാന്തമായ് ജാഗ്രതകാട്ടുന്ന
ചിതലിൽ നിന്നും നാമേറെ പഠിക്കണം.
മനോജ് കാലടി