17.1 C
New York
Thursday, January 27, 2022
Home Literature ഗോമയം ….(കഥ)

ഗോമയം ….(കഥ)

വി.കെ. അശോകൻ

വടക്കേ അറയിൽ, ചാരുകസ്സേരയിൽ എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് കാരണവർ കിടന്നിരുന്നത്. വരാന്തയിൽ പെണ്ണ് കാണൽ ചടങ്ങിനെത്തിയ കൂട്ടർ അഞ്ചു പേരാണെന്നും ഓരോരുത്തരും കൈവിരലുകൾ പോലെ വ്യത്യസ്തരാണെന്നും, ചെറുക്കന്റെ അമ്മ തള്ളവിരലിന്റ ആകൃതി ഉള്ളവരാണെന്നും ഉൾകാഴ്ചയിൽ കാരണവർ മനസ്സിലാക്കി കഴിഞ്ഞിരുന്നു. ചായക്കൊപ്പം വെച്ച കായ വറുത്തത് പയ്യൻ എത്ര കൊറിച്ചു എന്നതും കാരണവർ മനസ്സിലാക്കി എന്ന് പറയുമ്പോൾ അത്യുഗ്രൻ എന്ന കഥകളി പദം പാടേണ്ടത് തന്നെ ആണ്. എന്നാൽ കഥ മാത്രം മതി, കഥകളി വേണ്ടതില്ലെന്ന് പത്രാധിപർ മുൻകൂട്ടി പറഞ്ഞു വെച്ചിട്ടുള്ളതാണ്. ഗുളിക രൂപം കാണുന്നതേ ഇഷ്ടമല്ല….. ഗുളികന്റെ അപഹാര കാലമാണെങ്കിലും….. അതുകൊണ്ടു ” അറക്കകത്തെ വലിയ അരിയാണ് കാരണവർ എന്ന് മാത്രം വിശേഷിപ്പിക്കുന്നു.

പയ്യന് പെണ്ണിനെ കണ്ടു ബോധിച്ചു. പെണ്ണിന് തിരിച്ചും ബോധമുണ്ടായത്രേ. തമ്മിൽ കുശലം പറഞ്ഞു. രണ്ടു വർഷത്തെങ്കിലും അടിച്ചു പിരിയില്ലെന്നും ഈ കാലയളവിൽ മറ്റൊരാൾ ഇരുവർക്കും ഇടയിൽ കടന്നു വരാൻ പാടില്ലെന്നും ഉഭയകക്ഷി കരാറുണ്ടാക്കി. പയ്യൻ തിരിച്ചു പോയി വീണ്ടും കായ വറുത്തത് എടുത്തു കൊറിച്ചുകൊണ്ട് വായ നോക്കി ഇരുന്നു. കുട്ടിക്കാലം മുതൽ ഉള്ള ശീലമാണ്.

അത് കണ്ട്‌ സഹിക്കാൻ വയ്യാതെ ഒന്ന് ശ്രദ്ധ തിരിച്ചു വിടാനായി, പയ്യന്റെ കൂടെ വന്ന അമ്മാവൻ എന്ന് പറയാൻ മടിക്കുന്ന ആൾ പറഞ്ഞു – ഇവിടെ ആ പഴമ അങ്ങിനെ തന്നെ നിലനിർത്തിയിരിക്കുന്നു…നന്നായി …

ഇവിടത്തെ വലിയമ്മാവന്‌ അത് നിർബന്ധാ….തറവാട് പഴയത് പോലെ നില നിർത്തണംന്ന്… പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു….

ഏയ് … ഞാനതല്ല ഉദ്ദേശ്ശിച്ചേ…ഇപ്പൊ കായ വറുത്തതൊന്നും ആരും വെക്കാറില്ല…കുക്കിസും സാൻഡ്‌വിച്ചും ഒക്കെ ആണേ….അതാ പറഞ്ഞത്…

ആരും അതിനു മറുപടി പറഞ്ഞില്ല. താൻ പറഞ്ഞതിന് പ്രസക്തിയില്ല എന്ന് മനസ്സിലാക്കിയ അമ്മാവൻ ജാള്യം മറയ്ക്കാൻ ഒരു ചോദ്യമെറിഞ്ഞു…….

കുട്ടീടെ നാളെന്താന്നാ പറഞ്ഞെ….

“ഭരണി” – കുട്ടീടെ അച്ഛൻ ഠപ്പേന്ന് മറുപടി നൽകി.

ഭരണി….അമ്മാവൻ അതൊന്നു ഏറ്റു പറഞ്ഞുകൊണ്ട് സ്വയം വയറൊന്നു തടവി.

പയ്യന്റെ അച്ഛൻ അമ്മാവനെ ചൊറിഞ്ഞു….അളിയനോട് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നതല്ലേ…..പത്തിൽ ഒൻമ്പതു പൊരുത്തം ഉണ്ടെന്നറിയില്ലേ…… അല്ലാ അളിയന് മറവി ഉണ്ടെന്നറിയാം….എന്റെ സ്ത്രീധനം ബാക്കിയുള്ളത് മറക്കുന്ന ആളല്ലേ …

അളിയൻ ഒന്നും കേൾക്കാത്ത ഭാവത്തിൽ കഴുക്കോൽ എണ്ണി തുടങ്ങി.

അപ്പൊ …ഇനിയെന്താ വേണ്ടത് …നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം….പയ്യന്റെ അച്ഛൻ കാര്യഗൗരവത്തിലേക്കു കടന്നു.

വലിയമ്മാമ അകത്തുണ്ട്…..പയ്യൻ അമ്മാമയെ ഒന്ന് കണ്ടോട്ടെ….ഒന്ന് സംസാരിച്ചോട്ടെ …

ഒരു പാട് പെണ്ണ് കാണൽ ചടങ്ങുകളുടെയും, അഭിമുഖങ്ങളുടെയും, അനുഭവമുള്ള പയ്യൻ ”അതിനെന്താ” എന്ന് പറഞ്ഞുകൊണ്ട് ചാടി എഴുന്നേറ്റു.

അകത്തേക്ക് ചൂട്ടു കാണിച്ചുകൊടുത്തത് പെൺകുട്ടിയുടെ അച്ഛനാണ്. ഇരുളും നിഴലും പിണഞ്ഞു കിടന്ന ഇടനാഴിയിലൂടെ മച്ചിനകത്തെ കെടാവിളക്കും കണ്ട് പയ്യൻ വടക്കേ അറയുടെ മുന്നിലെത്തി, വാതിൽ പടി കടന്ന് ചുമരും ചാരി നിന്നു, ഒരു ഗുഹാമുഖത്തേക്കു കയറിയത് പോലെ….അകത്തെ സിംഹം അനങ്ങുന്നില്ല…

പയ്യൻ ആവേശത്തോടെ ഗുഡ് മോർണിംഗ് രണ്ടുതവണ പറഞ്ഞിട്ടും പ്രതികരണം ഉണ്ടായില്ല. ഇരിക്കാൻ കൂടി പറയുന്നില്ല. പയ്യൻ നിന്നു വിയർത്തു. വിയർപ്പിൽ കുതിർന്നു ഒരു പരുവമായപ്പോൾ അറിയാതെ കൈകൾ കൂപ്പി മലയാണ്മയിലേക്കു കയറി നമസ്കാരം പറഞ്ഞു.

അപ്പൊ, എന്താ പേര് ?

ശിവശങ്കർ….

എവിടുന്നെന്ന പറഞ്ഞെ….ഘനഗംഭിര ശബ്ദം ഉയർന്നു….

പയ്യൻ സ്ഥലം പറഞ്ഞു.

അവിടെ എവിടെയായിട്ടു വരും….

യൂപി സ്കൂളിന്റെ പിറകിലായിട്ടു വരും…

അതെയോ…അപ്പൊ റെയ്ൽവേയിൽ നിന്നും വിരമിച്ച അച്യുതൻ നായരെ അറിയ്യോ…

ഇല്ല …അച്ഛനറിയായിരിക്കും …

കാരണവർ ഒന്നിരുത്തി മൂളി….ഡെപ്യൂട്ടി കളക്ടർ ഗോവിന്ദമേനോൻ ?

പയ്യൻ – അറിയില്ല

അപ്പൊ ..ഒരു ഹിന്ദി വിദ്ധ്വാൻ നമ്പീശൻ മാഷ് ….എന്താ അറിയ്യോ ….

പയ്യൻ മനസ്സിൽ പറഞ്ഞു …നെഗറ്റീവ് മാർക്കിലേക്കു പോയി കൊണ്ടിരിക്കുകയാണ്….ഇതും അറിയില്ല …. ഇല്ല എന്ന് പറയേണ്ട….. അത് കൊണ്ട് അച്ഛന് അറിയാമായിരിക്കും എന്ന് മാത്രം പറഞ്ഞു…

ഒരു പാലാക്കാരൻ സിറിയക്ക് തോമസ്സുണ്ടായിരുന്നല്ലോ….

ഈ കിളവന് ഇതൊക്കെ ചോദിക്കേണ്ട വല്ല ആവശ്യവും ഉണ്ടോ എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ കാരണവർ ഗർജ്ജിച്ചു.

തന്നോടാണ് ചോദ്യം…..എന്താ താൻ ജനിച്ചതും വളർന്നതും അവിടെ തന്നെ അല്ലെ.

പയ്യൻ നന്നേ വിരണ്ടു. പതിഞ്ഞ സ്വരത്തിൽ അതെ…എന്ന് മൊഴിഞ്ഞു…

അപ്പോൾ ഗോമയം എന്നറിയപ്പെടുന്ന ഒരു കൂട്ടായ്മ ഉണ്ടായിരുന്നു….ഇപ്പോഴും ഉണ്ടോ ആവൊ….സമീപ പ്രദേശത്തു മാത്രല്ല അയൽ ജില്ലകൾ വരെ കേൾവി കേട്ടവരാണ് ……. എന്താ കേട്ടിട്ടുണ്ടോ?

പയ്യന്റെ മുഖത്ത് പ്രകാശം കയറി, കണ്ണുകൾ തിളങ്ങി…രോമകൂപങ്ങൾ എഴുനേറ്റു നിന്നു.

ഉവ്വ്..അറിയാം….. അല്ലാ എങ്ങിനെ ഇവരെയൊക്കെ അറിയാ….

കാരണവർ ആ സംശയം അവഗണിച്ചു കൊണ്ട്…അവരിപ്പോഴും സിനിമയിലൊക്കെ ഉണ്ടോ….പണ്ട്കാലത്തു സ്ഥിരം കുളിച്ചിരുന്നത് അഭ്രപാളികളിലാണ്….അവരെത്ര കുളം കണ്ടു …..നിശ്ചയല്ല്യ…ചിത്രീകരണത്തിന് തോനെ സമയം കുളിച്ചിട്ടുണ്ടാവില്ലേ…. അത് കൊണ്ട് പുറത്തെ കുളിമുറി ഗോമയം സൂക്ഷിക്കുന്ന ഇടമാക്കി മാറ്റിയിരുന്നു, അവരുടെ തന്തപ്പടി…. അങ്ങനെയാണല്ലോ വീട്ടുപേര് പോലും അങ്ങിനെയായത്…..

പയ്യൻ എല്ലാം ശരി വെച്ചു. ഇപ്പോൾ കളത്തിൽ രണ്ടാം തലമുറയാണ്.

അവർ മൂന്നു പേരായിരുന്നു….രണ്ടാം തലമുറയിൽ എത്രപേരുണ്ട്…

മൂന്ന് പേർക്കും രണ്ടു വീതം ആറു പേർ……പയ്യൻ ആവേശത്തോടെ കഥാകഥനം നടത്തി . കൂടുതൽ മാർക്ക് സ്കോർ ചെയ്യുക എന്ന ആപ്തവാക്യമായിരുന്നു മനസ്സിൽ.

കാരണവർ പറഞ്ഞു …ശരി, പൊയ്ക്കോളൂ….

ഇടനാഴിയിലൂടെ തിരിച്ചു നടക്കുമ്പോൾ പയ്യൻ മനസ്സിൽ കരുതി…..കാരണവർ ആൾ മോശക്കാരനല്ല…എല്ലാവരെയും പരിചയം…എന്നാലും ആ ഗോമയം സഹേദരിമാരെ എങ്ങനെയാവും പരിചയപ്പെട്ടിരിക്കുക. അങ്ങേരും ആയ കാലത്തു പുളകം കൊണ്ടിരിക്കണം….. ഗോമയം എന്ന് പറയുമ്പോൾ തന്നെ ഒരു രോമാഞ്ചം …

വരാന്തയിൽ എത്തിയപ്പോൾ തന്നെ ചോദ്യം വന്നു ….എങ്ങനെയുണ്ടായിരുന്നു അഭിമുഖം ?

പയ്യൻ പറഞ്ഞു …കുഴപ്പമില്ല….

അപ്പോൾ അകത്തു നിന്നും ശബ്ദമുയർന്നു….

ദേ, അമ്മാമ വിളിക്കുണു എന്ന് പറഞ്ഞു കൊണ്ട് പെൺകുട്ടിയുടെ അച്ഛൻ അകത്തേക്കോടി.

ജാതകം നോക്കി പത്തിൽ ഒൻമ്പതു പൊരുത്തമുണ്ടെന്നു ഏതു കോന്തനാടോ പറഞ്ഞെ …കാരണവർ ചോദിച്ചു ..

നമ്മടെ കിഴക്കേതിലെ തിരുമേനി….അമ്മാമക്ക് വിശ്വാസവും തിരുമേനി മാത്രമല്ലെ……അവരും തവനൂര് പണിക്കരെ കൊണ്ട് നോക്കിച്ചിരിക്കുണു….പിന്നെ മേട്ടുപ്പാളയത്തെ ഒരു അസ്വാമിയും നോക്കിയത്രേ….

തന്റെ ന്യായികരണമൊന്നും വേണ്ട….ഈ ബന്ധം വേണ്ടാ….അവരെ പറഞ്ഞയച്ചോളു…..കാരണവർ ഉറപ്പിച്ചു പറഞ്ഞു.

പെണ്ണിന്റെ അച്ചന് നിരാശ തോന്നിയെങ്കിലും തലയാട്ടി കൊണ്ട് പറഞ്ഞു….ആയിക്കോട്ടെ …… ന്നാലും അറിഞ്ഞാൽ കൊള്ളന്നുണ്ട്….അല്ലാ അവർക്കൊക്കെ ഇഷ്ടായിന്നു പറഞ്ഞതോണ്ടാ….

കാരണവർ – ഞാൻ ഒരു പൊരുത്തം മാത്രേ കാണുന്നുള്ളൂ…

അതെന്താണാവോ …..

അറിഞ്ഞേ പറ്റുന്നുണ്ടോ ?

ഇല്ല നിർബന്ധമില്ല…അത്രയും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ കാരണവർ പറഞ്ഞു

ഇനി താൻ സംശയവുമായി ഇരിക്കേണ്ട…..എന്റെ നോട്ടത്തിൽ ചെറുക്കന് യോനി പൊരുത്തം മാത്രേ ഉള്ളു. രാശിയിൽ ഗോമയമാണ് തെളിഞ്ഞത്. ഇനി നിങ്ങടെ ഇഷ്ടം.

ഇടനാഴിയിലൂടെ അയാൾ തിരിഞ്ഞു നടക്കുമ്പോൾ ഗോമയത്തിന്റെ അർത്ഥം തേടുകയായിരുന്നു.

വി.കെ. അശോകൻ,
“സാകേതം” കൊച്ചി

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലളിത രാമമൂർത്തി : മയൂഖം വേഷ വിധാന മത്സര വിജയി

ആവേശവും, ഉദ്വേഗവും നിറഞ്ഞുനിന്ന മണിക്കൂറുകൾ നീണ്ട മത്സരത്തിനൊടുവിൽ, ഗ്രേറ്റ് ലേക്‌സ്‌ മേഖലയിൽ നിന്നുള്ള ബഹുമുഖ സംരംഭകയും . ഭരതനാട്യത്തിലും കർണാടക സംഗീതത്തിലും പ്രാവീണ്യവുമുള്ള ലളിത രാമമൂർത്തി കീരീടം ചൂടി. മത്സരങ്ങൾ തത്സമയം ഫ്ലവർസ് ടിവിയിൽ...

ഓർമ്മകൾ മായുന്നു ( കവിത )

മറന്നുപോകുന്നു മനസിലോർമ്മകൾമറഞ്ഞു പോകുന്നു കണ്ണിലീകാഴ്ചകളൊക്കെയും.വിങ്ങുന്നു മാനസം കാഴ്ചയില്ലാതെവരളുന്നു മിഴികൾ -ഉഗ്രമാം വിജനത പേറുമീവഴികളിൽഏറുംഭയത്താൽ നൂറുങ്ങുന്നുഹൃദയവും.അരികിലായ്, അങ്ങകലെയായ്ഓർമ്മകൾ പുതപ്പിട്ട കാഴ്ചകളെങ്ങോമറഞ്ഞുപോയ്.കാണ്മതില്ലെൻ നാടിൻ തുടിപ്പായൊ -രടയാള ചിത്രങ്ങളെങ്ങുമെങ്ങും,കാൺമതില്ലെൻ നാടിന്നതിരിട്ടകാഴ്ചത്തുരുത്തിന്നോർമ്മകളും .മറന്നു പോയ് ഓർമ്മയിൽ വരച്ചിട്ടസംസക്കാര സുഗന്ധത്തുടിപ്പുകളും...

തങ്കമ്മ നൈനാൻ (78) ഡാളസിൽ നിര്യാതയായി

ഡാളസ്: ആലപ്പുഴ മേൽപ്പാടം അത്തിമൂട്ടിൽ പരേതനായ എ.പി.നൈനാന്റെ ഭാര്യ തങ്കമ്മ നൈനാൻ (78) ഡാളസ്സ് ടെക്സാസ്സിൽ അന്തരിച്ചു. കോഴഞ്ചേരി ഇടത്തി വടക്കേൽ കുടുംബാംഗമാണ് പരേത.ഗാർലാൻഡ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച് അംഗമാണ് മക്കൾ: മോൻസി-ജോൺ...

റിപ്പബ്ലിക് ഡേ – ജനുവരി 26

നാം ഇന്ന് ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യദിനം പോലെതന്നെ അതി പ്രധാനമായ ദിനമാണ് റിപ്പബ്ലിക് ഡേ. പതിറ്റാണ്ടുകൾ നീണ്ട സഹനസമരത്തിനോടുവിലാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നുംഇന്ത്യ മോചനം നേടിയ...
WP2Social Auto Publish Powered By : XYZScripts.com
error: