പൂമണമില്ലാത്ത പൂമരം ഞാൻ സഖേ,
പൂക്കുവാനേറെക്കൊതിച്ചവളും….
പൂക്കാലമെത്തുവാൻ കാത്തിരുന്നോളിവൾ –
പൂവാക – ഞാനിന്നു പൂത്തുവല്ലോ
പ്രാവുകളായിരം കൂകിക്കുറുകുന്ന
ചില്ലകളെല്ലാമൊഴിഞ്ഞുവല്ലോ
പ്രണയികളാരുമേ വന്നതില്ല ; പ്രേമ-
സല്ലാപമൊന്നുമേ കേൾപ്പതില്ല!
കൂകിയണയുന്ന തീവണ്ടി വന്നില്ല;
കൂട്ടിലേയ്ക്കോടും പഥികരില്ല ;
ഏകാന്ത വീഥിയിലെന്നെതനിച്ചാക്കി –
എങ്ങിതു പോയ്മറഞ്ഞെല്ലാവരും?
പൂക്കാലമൊഴിയുന്നു പുതുമഴയെത്തുന്നു
ചെഞ്ചോരപ്പൂക്കളുതിർന്നിടുന്നു.
ചെമ്പട്ടു ചേലവിരിച്ച പോൽ കണ്ണീരു-
മണ്ണിലുതിർക്കുന്നു, ഗുൽമോഹർ ഞാൻ!
ഞാനിങ്ങു നിൽക്കുന്നിതേകനായി
കാഴ്ചകൾ കാൺമൂ വിമൂകമായി
ഞാനൊരു സാക്ഷി വിരഹത്തിനും
മോഹത്തിനും മോഹഭംഗത്തിനും.
സുജ ഹരി✍