തലേന്നാളത്തെ മദ്യസൽക്കാരത്തിന്റെ വീട്ടുമാറാത്ത തളർച്ചയോടെ മോഹൻ ഉമ്മറത്തെ കസേരയിൽ ഇരിപ്പുറപ്പിച്ചു. ഈ നാൽപത്തിരണ്ടാം വയസിലും ജീവിതത്തിൽ ഒന്നുമാവാൻ കഴിയാതെപോയ പാഴ്‌ജന്മമാണ് താനെന്നുള്ള അപകർഷതാബോധം അയാളെ വേട്ടയാടി.
കൗമാരകാലം മുതലേ എല്ലാവരാലും വെറുക്കപ്പെട്ട ജന്മം ആയിരുന്നു താൻ. കുഞ്ഞു പെങ്ങളൊഴിച്ച് ആരും തന്നെ സ്നേഹിച്ചിട്ടില്ല. വളരെ കഷ്ടപ്പെട്ട് പഠിച്ചാണ് ഒരു ഡിഗ്രി നേടിയത്. എന്നിട്ട് എന്തായി…! ജിവിതം ഒരു ചോദ്യച്ചിഹ്നമായി നില്ക്കുന്നു.
മോഹൻ ഒരു നെടുവീർപ്പോടെ ഒരു കാജാ ബീഡി കത്തിച്ചുവലിച്ച് പുക പുറന്തള്ളി. ചിന്തകളുടെ വേലിയേറ്റത്തിൽ നിന്ന് മോഹന് രക്ഷനേടണമെന്ന് തോന്നി.
“എടിയേ…, ഒരു ചായ.” അയാൾ ഉറക്കെ പറഞ്ഞു .
“ചായയൊക്കെ ഇറങ്ങുമോ… ചാരായം അല്ലേ നിങ്ങൾക്ക് ശീലം?” ഭാര്യ ദേവു പുച്ഛത്തോടെ പറഞ്ഞുകൊണ്ട് ചായ ഗ്ലാസ് കൈയിൽ കൊടുത്തു.
“ന്താ… നിനക്കൊരു പുച്ഛം? ഞാൻ മദ്യപിച്ചാലും ഈ വീട്ടിലെ അടുക്കളയിൽ പഞ്ഞം ബാധിച്ചിട്ടുണ്ടോ… നിനക്ക് വേണ്ടതൊക്കെ ഇവിടില്ലേ?” മോഹൻ അല്പം ദേഷ്യത്തോടെ ചോദിച്ചു.
“ഉം… എല്ലാം ഉണ്ട്. മനസമാധാനം എന്ന ഒന്നില്ലെങ്കിൽ പിന്നെ എന്താ കാര്യം!” ദേവു പിറുപിറുത്തുകൊണ്ട് അടു
ക്കളയിലേക്ക് പോയി.
“എടീ നമുക്ക് ഇന്നൊരു ഇടം വരേം പോകണം. പത്ത് മണിക്ക് പോകേണം… ഒരുങ്ങിക്കോളൂ.” അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു.
- * * * *
“എടീ കൊറേ നാളുകളായി ഞാൻ ഒരു കുറ്റബോധത്താൽ നീറുന്നു…!” മോഹൻ ദേവുവിനോടായി പഴയ ലൂണ വണ്ടി ഓടിക്കുന്നതിനിടയിൽ പറഞ്ഞു.
“നമ്മൾ എങ്ങോട്ടാ പോകുന്നെ… യേട്ടാ…?” ..
“നീ ഭയക്കേണ്ട… നമ്മൾ എന്റെ ഒരു പഴയ കോളേജ് അദ്ധ്യാപകന്റെ അടുത്തേയ്‌ക്കാണ് പോകുന്നത്.” അയാൾ മിറർ നോക്കി അവളോടായ് പറഞ്ഞു.”
അവൾ സംശയത്തോടെ ബാക്ക് സീറ്റിൽ ഇരുന്ന് അയാളുടെ തോളിൽ മുറുകെ പിടിച്ചു.
ഓർമ്മകൾ അയാളെ വല്ലാതെ വീർപ്പുമുട്ടിച്ചു കൊണ്ടിരുന്നു. അദ്ദേഹം തന്നെ മറന്നു കാണുമോ…? കോളേജ് പഠനകാലത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന തന്നെ മറക്കാൻ വഴിയില്ല. രാഘവൻ മാഷ് എന്നും എന്റെ ഹൃദയത്തിൽ ഒരു നെരിപ്പോടുപോലെ നീറിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ മനസ് നൊന്ത ശാപമാകാം താൻ എങ്ങും എത്താതെ ഇന്ന് ഈ അലസ ജീവിതം നയിക്കുന്നതിന് കാരണം. തന്റെ ജീവിതത്തിന്റെ താളം തന്നെ എന്നേ പിഴച്ചിരിക്കുന്നു. കോളേജിലെ തന്നെ ഏറ്റവും ടാലൻറഡ് ആയ പി കെ മോഹൻ കുമാർ. മദ്യപിച്ച് ക്ലാസ് എടുത്തതിന്റെ പേരിൽ ഇപ്പോൾ അദ്ധ്യാപക ജോലി പോലും നഷ്ടമായ അവസ്ഥയിൽ. ആര് കേട്ടാലും മോഹൻ മാഷ് ഇന്ന് ഒരു കള്ളുകുടിയൻ മാത്രം. എവിടെ പോയി തന്റെ കഴിവുകൾ…? ആദ്യ ഭാര്യ തന്നെ ഉപേക്ഷിച്ച് പോയപ്പോൾ എല്ലാവരാലും വെറുക്കപ്പെട്ടവനായി കുറേ പുസ്തകങ്ങളും, ഭക്ഷണം പോലും ഉപേക്ഷിച്ചുള്ള വായനയും ആയി ഉറക്കം ഇല്ലാതെ ഭ്രാന്തനെപ്പോലെ ഇരവുകളും പകലുകളും തള്ളി നീക്കി. കഞ്ചാവിന്റെ ഉപയോഗത്തിൽ ആശ്വാസം തേടി. ചിന്തകൾക്ക് ഒരുപാടു തലങ്ങൾ വന്നുകൂടിയെന്നല്ലാതെ ഒന്നും നേടിയില്ല. ഒരു കുഗ്രാമത്തിൽ നിന്നും ദേവുവിന്റെ കൈപിടിച്ച് കൂടെ കൂട്ടുന്പോൾ അവളുടെ അച്ഛൻ ഒന്നേ പറഞ്ഞുള്ളൂ അവൾടെ വയറു പട്ടിണിയാക്കരുത് എന്ന്. തന്റേതുപോലെ രണ്ടാം വിവാഹമായിരുന്നു അവളുടേതും. വറചട്ടിയിൽ നിന്ന് രക്ഷപ്പെട്ട അവൾ വന്ന് ചേർന്നത് ഞാനെന്ന എരിതീയിലേക്കാണ്…! പാവം, എന്നെ സഹിക്കാതെ അവൾക്ക് വേറെ മാർഗ്ഗം ഇല്ല… വണ്ടിയപകടത്തിൽ പെട്ട് കാലൊടിഞ്ഞ് കിടന്ന എനിക്ക് ബെവറജസിൽ വരി നിന്ന് മദ്യം വാങ്ങി തന്നവൾ ആണ് ദേവു… അത്രക്കും മദ്യമില്ലാതെ തനിക്ക് പറ്റില്ലെന്ന അവസ്ഥ അവൾ പോലും മനസിലാക്കിയിരുന്നു. ആ നിമിഷം മുതൽ ആഗ്രഹിക്കുന്നതാണ് താൻ നഷ്ടമാക്കിയ ആ ഗുരുത്വം അത് തിരിച്ച് കിട്ടില്ലെന്നറിയാം, എങ്കിലും ഒരു മനസ്സമാധാനത്തിനായി ഒരിക്കൽ അദ്ദേഹത്തെ കാണണം. പറ്റിപ്പോയ തെറ്റിന് കാലിൽ വീണ് മാപ്പപേക്ഷിക്കണം…!
ചിന്തകളിൽ മുഴുകി വാഹനം ഓടിച്ച മോഹന്റെ വണ്ടിയ്ക്ക് ഒരു വയസ്സൻ വട്ടം ചാടി. ഭാഗ്യം കൊണ്ട് ഒന്നും സംഭവിച്ചില്ല !
“ഏട്ടാ…, എന്ത് ആലോചിച്ചാ ഈ വണ്ടി ഓടിക്കുന്നേ…?” അവൾ നെഞ്ചിടിപ്പോടെ മോഹനെ മുറുകെ പിടിച്ചു.
അവർ യാത്ര തുടർന്നു. രാഘവൻ മാഷിന്റെ വീടിന്റെ മുൻപിൽ എത്തിയപ്പോൾ എന്തോ തന്റെ ശരീരം തളർന്നുപോകുന്നതായി അയാൾക്ക് അനുഭവപ്പെട്ടു. ഒരുവിധേന വീടിൻറെ കോളിംഗ് ബെൽ അമർത്തി.
മാഷ് തന്നെയായിരുന്നു വാതിൽ തുറന്നത്.
“മാഷേ…” വിറയ്‌ക്കുന്ന സ്വരത്തോടെ മോഹൻ വിളിച്ചു. തൊഴുകൈയോടെ അയാൾ അവിടെ നിന്നു.
ഒരു മാത്ര സ്തംഭിച്ച് നിന്ന ശേഷം നല്ലൊരു ചിരിയോടെ മാഷ് മോഹനേയും ഭാര്യയേയും അകത്തേക്ക് ക്ഷണിച്ചു.
“മോഹൻ കുമാർ… നീയോ…, നീയെന്താണു ഒരു മുന്നറിയിപ്പുമില്ലാതെ…? ഞാൻ ഓർക്കാറുണ്ട് നിന്നെ. എന്റെ മിടുക്കനായ സ്റ്റുഡൻറ്.”
“മാഷ് എന്നെ മറന്നില്ലല്ലേ…? എനിക്ക് വിശ്വസിക്കാനാകുന്നില്ല !” മോഹൻ ആദരവോടെ മാഷിന്റെ കാൽതൊട്ടു വന്ദിച്ചു.
“മാഷേ…, മാഷ് എന്നോട് ക്ഷമിക്കണം. ഈ ശിഷ്യൻ ഇന്ന് നാശത്തിന്റെ പടുകുഴിയിലാണ്.” നിറമിഴികളോടെ മോഹൻ പറഞ്ഞു.
“എന്താ മോഹൻ ഇത്… നിന്റെ ആത്മവിശ്വാസമൊക്കെ എവിടെ പോയി… ആ പഴയ മോഹൻ കുമാർ എവിടെ? ഇന്ന് നീ വേറെ ആരോ ആയിരിക്കുന്നു .” രാഘവൻ മാഷ് സഹതാപത്തോടെ അവനെ ചേർത്തുനിർത്തി തോളിൽ തട്ടി.
തന്റെ ജീവിതത്തിലെ തോൽവികൾ നിറഞ്ഞ കഥ അവൻ ആ ഗുരുവിന് മുൻപിൽ വെളിപ്പെടുത്തി.
“മാഷ് ഓർക്കുന്നുണ്ടോ പണ്ട് പ്രീഡിഗ്രി ക്ലാസിലെ അഹങ്കാരിയായ മോഹൻ കുമാറിനെ…? നോട്ട്സ് എഴുതിയെടുത്ത് പഠിക്കാൻ മാഷ് പറഞ്ഞപ്പോൾ, വാങ്ങാൻ പണം ഇല്ലാത്തതിനാൽ നോട്ട് ബൂക്കില്ലാത്ത ഞാൻ, നോട്ട്സ് ഇല്ലാതെ പഠിച്ചു കൊള്ളാമെന്ന് അന്ന് പറയുകയുണ്ടായി. പണം ഇല്ലാത്തതുകൊണ്ട് നീ നോട്ട്സ് എഴുതാതെ ഇരിക്കേണ്ട ബുക്കിനുള്ള പണം നല്കാമെന്ന് മാഷും പറഞ്ഞു. അത് കുറച്ചിലായി തോന്നിയ ഞാൻ നോട്ട്സ് എഴുതേണ്ട ആവശ്യം എനിക്കില്ല, ഞാൻ ലാങ്വേജ് നന്നായ് കൈകാര്യം ചെയ്‌യും, ഗ്രാമർ നോട്ട്സിന്റെ ആവശ്യം എനിക്കില്ലെന്ന് ധിക്കാര സ്വരത്തിൽ പറഞ്ഞു. മറ്റു കുട്ടികൾക്ക് മുന്നിൽ അന്ന് മാഷിനെ ഇൻസൾട്ട് ചെയ്‌യുകയായിരുന്നു ഞാൻ.
അന്ന് അതിന് മറുപടി ആയി അങ്ങ് പറഞ്ഞിരുന്നു; ഈ നിമിഷത്തെ ഓർത്ത് നാളെ നീ പശ്ചാത്തപിക്കും എന്ന്…”
രാഘവൻ മാഷ് തന്റെ കണ്ണുകൾ തുടച്ചു.
മോഹൻ നിറകണ്ണുകളുമായി തൊഴുകൈയോടെ മാഷിന് മുന്നിൽ നിന്നു.
“എന്റെ ആ നിമിഷത്തെ ധിക്കാരത്തിൻറെ വാക്കുകൾ എന്റെ ഗുരുമനസിനെ ഒരുപാട് നോവിച്ചു എന്നറിയാം… അതാവാം ഞാൻ ഒരു അദ്ധ്യാപകൻ ആയിട്ടും ഒരു മഹത്വമില്ലാത്തവനായി, മദ്യപാനിയായി നശിച്ചു പോയത്… ഗുരുത്വ ദോഷം. അതെ, അതിന് പരിഹാരം ഉണ്ടോ എന്നറിയില്ല. എന്നാൽ നോവിക്കപ്പെട്ട മാഷിനോട് മാപ്പ് ചോദിക്കാനും കാലിൽ വീണ് കരയാനുമാണ് ഈയുള്ളവൻ വർഷങ്ങൾ താണ്ടി ഇവിടെ വന്നിരിക്കുന്നത്. ഈ കുറ്റബോധം എന്നെ വിട്ടകലാൻ വേണ്ടി.”
“മോഹൻ, നീ കരുതും പോലെ ഇതിലൊന്നും എനിക്ക് ദുഃഖമില്ല. കുട്ടികളുടെ ആ പ്രായത്തിൽ ഇതൊക്കെ സർവ സാധാരണം… നീ കുറ്റബോധപ്പെടേണ്ട. ഇതൊക്കെ മനസിൽ നിന്നും ഉപേക്ഷിച്ച് നീ തിരികെ എന്റെ അഭിമാനമായ മോഹൻകുമാർ ആകണം. നിനക്ക് എൻറെ എല്ലാ അനുഗ്രഹവും ഉണ്ട്. ദുഃശീലങ്ങൾ മാറ്റി പുതിയ ഒരു മനുഷ്യനായി നീ ജീവിക്കണം…!” രാഘവൻ മാഷ് മോഹനെ നെറുകയിൽ കൈ തൊട്ട് അനുഗ്രഹിച്ച് അവരെ യാത്രയാക്കി.
മോഹനും ഭാര്യ ദേവുവും പടിയിറങ്ങുന്നത് നോക്കി രാഘവൻ മാഷ് വാതിൽക്കൽ നിന്നു.
തന്റെ ജീവിതത്തിൽ മാറ്റത്തിന്റെ തുടക്കം എന്നോണം മനസിന്റെ ഭാരം അവിടെ ഉപേക്ഷിച്ച് മോഹൻ ഭാര്യയ്‌ക്കൊപ്പം തന്റെ ജീവിതയാത്ര തുടർന്നു.