പ്രീതി രാധാകൃഷ്ണൻ
മണ്ണിൽ വിയർപ്പുതുള്ളി
ചിന്നിച്ചിതറിച്ചു
യുഗത്തിന്റെ പൈതൃകം
കാത്തവൻ
കർഷകൻ…
നെഞ്ചുപൊട്ടിയ
ഭൂമിതൻ
വിരിമാറിൽ
അന്നം കാണുന്നവൻ
കർഷകൻ…
ഓലപ്പായയിൽ
ദുരിതങ്ങളെണ്ണിയ
വിശപ്പിന്റെ രാത്രികളെ
തോൽക്കാൻ
സമ്മതിക്കാത്തവൻ
കർഷകൻ….
മണ്ണിന്റെ മക്കളെ
ഒറ്റു കൊടുത്തതാര്??
ഉത്തരം തരിക
ലോകമേ…
പഴയ കാലത്തിന്റെ
പേടി സ്വപ്നങ്ങളിൽ
നീരൊഴുക്കു നിലച്ച
നദി
നിശബ്ദനാകില്ല
കാലമേ…
പ്രഭാതം തിരി വെച്ച
നാളം അണയാതെ
കാക്കാം കൂട്ടരേ….
പോർനിലം ചുംബിച്ചു
തുടരാം ഈ യാത്ര
കനിവിൻ കരത്തിനായി….
നീതിപീഠംങ്ങളെ
മൗനം തുളുമ്പുന്ന
വയലേലകൾ
ഗർജ്ജനത്താൽ
പ്രകമ്പനം
കൊള്ളാതിരിക്കട്ടെ….
ഇന്നും ഇരുട്ടു പുതച്ച
വയലുകൾ
വിത്തിനെ
താരാട്ടു പാടി
ഉറക്കുന്നുണ്ടാകാം…
അവൻ കർഷകൻ
മണ്ണിന്റെ മണമറിഞ്ഞ
പോരാളി…..
–പ്രീതി രാധാകൃഷ്ണൻ