കോകില കൂജനം കേട്ടുണരുമ്പോൾ
പോരുളറിയാതെ മിഴിപാകി ദൂരെ
മധുരമാം നാദം പൊഴിയ്ക്കുമ്പോഴും
വിങ്ങുന്ന നോവിൻ തുണ്ടു കാണ്മു
സ്നേഹത്തിൻ അളവുകോലിൽ
ചതിയുടെ വർണ്ണം പുരണ്ടിരുന്നു
ഒളിയമ്പുകൾ എയ്യുന്ന കാലമേ നീ
നിന്നിലെ മാരിയ്ക്കു മൂർച്ച കൂട്ടി
ഹൃദയം പകുക്കുന്ന സൗഹൃദം പോലും
ഹൃദയത്തെ കീറിമുറിച്ചിടുന്നു
തെറ്റിൽ കാലം ജയിച്ചിരിക്കുമ്പോൾ
കലികാലമാണെന്ന് ഓർമ്മ വരും
ഇടറുന്ന വീഥിയിൽ കൈപിടിച്ചെത്തിയ
കരങ്ങളിൽ വിലങ്ങു പണിയുന്നവർ
കണ്ണീരിൻ ഉപ്പ് തികയാതെ വീണ്ടും
ആഴിയെ ഊറ്റിയെടുക്കുന്നവർ
വിശ്വാസമോ നരപിടിച്ചെത്തുന്നു
വിടരാതെ കൊഴിയും പൂവുപോലെ
വാക്കിൽ വിഷം പുരളുന്നതറിയാതെ
മറുവാക്കു ചൊല്ലിടും കോകിലം നീ
പറയാതെ അകലുന്ന നിമിഷങ്ങളിൽ
തിരതല്ലി കരയും തീരം പോലെ
വഴിതെറ്റി അണയുന്ന നോവുകളെല്ലാം
വിധി പോലെ ഇന്നും നടനമാർന്നു
ഉണരാത്ത സൂര്യനെ വിളിച്ചുണർത്താൻ
ഇരുളിൽ കരങ്ങൾക്ക് ശക്തിയില്ല
ഇരവിനെ പ്രണയിച്ച പെൺകൊടിക്കായ്
തമസ്സു പ്രവഹിച്ചു കാർവർണ്ണമായ്
ഇനിയും വിടരാത്ത പ്രഭാതങ്ങൾ നോക്കി
മിഴി വാർത്തു നിൽക്കും കോകിലമേ
പുഞ്ചിരി അറ്റുപോം കാലത്തിങ്കൽ നീ
മുഖപടം മറയ്ക്കും മാനസം കാണ്മു
സംഗീത✍