ലോകത്തെവിടെയും സംഭവിക്കുന്നതു മാത്രം ഞങ്ങൾക്കിടയിലും സംഭവിച്ചു.
ഞാനറിഞ്ഞപ്രണയം അവളറിഞ്ഞില്ല …!
എത്രയോ ദിനങ്ങളിൽ അവളറിയാതെ
ഞാനവളുടെ കാലടികളെ പിൻതുടർന്നിട്ടുണ്ട് വെറുതേ….
പുറം മറച്ചു കിടക്കുന്ന ഈറൻ മുടി
കുളിപിന്നലാൽ ഒതുക്കിയിട്ട് , നീളൻ മിഴി കൺമഷിയെഴുതി; വില്ലൊത്ത പുരികക്കൊടികൾക്ക് നടുവിലുള്ള ചെറിയ വട്ടപ്പൊട്ടും, കാതുകളിൽ തിളങ്ങുന്ന കല്ലുവച്ച കൊച്ചു സ്റ്റഡും, കഴുത്തിൽ പറ്റിക്കിടക്കുന്ന നൂൽ മാലയിൽ കൊരുത്ത വെള്ളക്കല്ലു പതിച്ച കുഞ്ഞു ലോക്കറ്റും, വില കുറഞ്ഞ ഭംഗിയുള്ള കോട്ടൺ സാരിയുമുടുത്ത് മെലിഞ്ഞ സുന്ദരി…. ഷീജ…
എന്റെ മനസ്സിലെ രാജകുമാരി.
ഇത്ര ലളിതമായും സുന്ദരമായും ഒരുങ്ങാൻ ഇവൾക്കെങ്ങിനെ കഴിയുന്നുവെന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരിക്കലും ചോദിച്ചിട്ടില്ല
അതിനുള്ള ധൈര്യവുണ്ടായിട്ടില്ലെന്നതാണ്
സത്യം.
വെളുത്ത കണങ്കാലിലെ വെള്ളിപ്പാദസരം അവളുടെ ലാളിത്യത്തിന് മാറ്റുകൂട്ടി.
വെള്ളിക്കൊലുസിട്ട ആ പാദങ്ങളെ പിന്തുടരുന്നത് എനിക്കൊരു ഹരമായിരുന്നു.
അവൾക്കും ഇഷ്ടമായിരിക്കും കളിക്കൂട്ടുകാരിയല്ലേ? മനസ്സു പറയും …!
പല പ്രാവശ്യം ഇഷ്ടം പറയാൻ ശ്രമിച്ചു.
പക്ഷേ…
പണവും പ്രതാപവുമുള്ള കുടുംബമാണെങ്കിലും ജോലിയില്ലാത്തവനെന്നെ അപകർഷത എന്നെ വേട്ടയാടിയിരുന്നതുകൊണ്ടാവും പറയാൻ ധൈര്യം കിട്ടാത്തത്. പറഞ്ഞാൽ അവളെന്താവും വിചാരിക്കുക !
അവൾക്കു ചെറിയൊരു ജോലിയുണ്ട്’
പക്ഷേ വീട്ടിൽ അത്ര നല്ല സ്ഥിതിയല്ല.
അതാണൊരു പ്രതീക്ഷ.
ഇത്തിരി ധൈര്യമൊക്കെ സംഭരിച്ച്
ഒരു ദിവസം വഴിയരികിൽ
കാത്തു നിന്നു, അടുത്തെത്തിയയുടനെ അവളുടെ ചോദ്യം “അനീഷേട്ടനെങ്ങോട്ടാ ” പുഞ്ചിരിച്ചുള്ള ചോദ്യത്തിനു മുന്നിൽ നാവിറങ്ങി ….വിളറി.. നിശ്ശബ്ദനായി…
പിന്നീട് പല ദിവസങ്ങളിലും ഇതുതന്നെയായി അവസ്ഥ. കൂട്ടുകാർ വഴി ശ്രമിച്ചാൽ, അവർ നാട്ടിൽ പാട്ടാക്കിയാലോ, നാണക്കേടാവും വേണ്ട !
അപ്പോഴാണ് തേടിയ വള്ളി കാലിൽ ചുറ്റിയെന്ന് പറഞ്ഞതുപോലെ …
അവളുടെ പാദസരം വഴിയിലെവിടെയോ നഷ്ടപ്പെട്ടതായറിഞ്ഞത്. ഉൽസാഹത്തോടെ
തിരയാൻ കൂടെക്കൂടി
കുറെ ദിവസങ്ങൾ അവളുടെ കളഞ്ഞു പോയ പാദസരം എന്റെ ഉറക്കം കളഞ്ഞു. അത് മറ്റാരും കണ്ടെടുക്കരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു. അവസാനം വഴിയരികിലെ പുല്ലിനിടയിൽ അതു ഞാൻ തന്നെ കണ്ടെത്തി. മണ്ണുപുരണ്ട ആ പാദസരം ഞാൻ കണ്ണിൽ ചേർത്തു, നെഞ്ചിൽ ചേർത്തു…
വെട്ടിത്തിളങ്ങുന്ന വെള്ളിപ്പാദസരത്തിലെ കുഞ്ഞു മണികൾ എന്നോട് കിന്നാരം ചൊല്ലി. തേടിയെടുത്ത ‘നിധി’ അവളുടെ മനസ്സിൽ കടക്കാനുള്ള വഴി തുറക്കുമെന്ന് ഞാനാശിച്ചു…
…….
ചന്നം പിന്നം മഴ പെയ്തു കൊണ്ടിരുന്ന ഒരു
വെള്ളിയാഴ്ച ഉച്ചയോടടുത്ത് വീട്ടുപടിക്കൽ പോസ്റ്റ്മാൻ ബെല്ലടിച്ചു.
നീണ്ട കാത്തിരിപ്പിന് വിരാമമിട്ട്, നേവിയിലേയ്ക്ക് സെലക്ഷൻ ലഭിച്ചുകൊണ്ടുള്ള ഉത്തരവ് ! അടുത്ത ദിവസം തന്നെ പുറപ്പെടണം.
ഭാഗ്യം വരുമ്പോൾ കൂട്ടത്തോടെ എന്ന ചൊല്ല് എന്നെ സംബന്ധിച്ചു ശരിയായതായി എനിക്കു തോന്നി. മനസ്സ് തുള്ളിച്ചാടി.
ഇനിയും വൈകിക്കൂടാ, പിറ്റേന്ന് തന്നെ അവളെക്കണ്ട് ജോലി കിട്ടിയ സന്തോഷം പങ്കുവയ്ക്കാനും, പാദസരം തിരികെ കൊടുത്ത് തന്റെ പ്രണയം അറിയിക്കാനും, ട്രെയ്നിംഗ് കഴിയും വരെ കാത്തിരിക്കണമെന്ന് പറയാനും തീരുമാനിച്ചു. അത് കേൾക്കുമ്പോൾ അത്ഭുതം കൂറി നാണം കൊണ്ട് വിടരുന്ന ആ മുഖത്ത്; ആ കവിളിൽ ഒന്നു തൊടണം !
ആ സ്പർശം ഇനിയുള്ള ജീവിതത്തിന്റെ ഊർജമാകണം. മോഹത്തിന്റെ പക്ഷികൾ ചിറകടിച്ചുയർന്നു…. വാനോളം !
വൈകുന്നേരമായി.
ഞാൻ കുളിച്ചൊരുങ്ങി വഴിയിലേക്കിറങ്ങി. “ഇരുട്ടും മുൻപ് ഇങ്ങെത്തണേ മോനേ,
ഒത്തിരി കാര്യങ്ങളുള്ളതാ” അമ്മ വിളിച്ചു പറഞ്ഞു
ഇതിനകം ജോലി കിട്ടിയ വിവരമൊക്കെ നാട്ടിലെല്ലാവരും അറിഞ്ഞിരുന്നു.
പലരും വിശേഷങ്ങൾ തിരക്കി. കൂട്ടുകാർ അഭിനന്ദനങ്ങളുമായെത്തി.
സമയം അഞ്ചരയാവുന്നു. അനുമോദിയ്ക്കാനെത്തിയ കൂട്ടുകാരെ തിരക്കിട്ടു പറഞ്ഞു വിട്ടു.
അവൾ വരുന്ന സമയമായപ്പോൾ ചെമ്മൺ റോഡരികിലെ മാഞ്ചോട്ടിൽ കാത്തു നിന്നു….
ഇടക്ക് വീശിയ ചെറുകാറ്റിൽ മാമ്പഴങ്ങൾ വീണു കിടക്കുന്നുണ്ട്. ചില്ലക്കൊമ്പിലിരുന്ന് അണ്ണാനും കിളികളുമൊക്കെ ചിലക്കുന്നുവെങ്കിലും മറ്റൊരു കിളിക്കൊഞ്ചലിനായ് ഞാൻ കാത്തു നിന്നു.
‘ഇന്ന് ഞാൻ എന്റെ പ്രേമം നിനക്കു തരും’
വിശുദ്ധ വേദപുസ്തകത്തിലെ പ്രേമാതുരനായ ശലമോൻ രാജാവിനെപ്പോലെ എന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.
അപ്പോഴും ചെറിയ മഴയുണ്ടായിരുന്നു. എന്റെ നെഞ്ചിടിപ്പേറിക്കൊണ്ടിരുന്നു.
ഒരു കൈ കൊണ്ട്, സാരിയൽപം ഉയർത്തിപ്പിടിച്ച് , കുട ചൂടി അവൾ മന്ദം, മന്ദം നടന്നു വന്നു. മഴയിൽ കുതിർന്ന കാൽപ്പാദങ്ങൾക്കെന്തു ഭംഗി! അവൾ അടുത്തെത്തിക്കഴിഞ്ഞു… ഹൃദയം
പടപടാ മിടിക്കാൻ തുടങ്ങി. രണ്ടും കൽപ്പിച്ച്
പോക്കറ്റിലുള്ള പാദസരത്തിൽ മുറുകെപ്പിടിച്ച് ധൈര്യം സംഭരിച്ച് വിളിച്ചു;
ഷീ…..ജേ…. പിന്നെയേ
ഒരു കാര്യം……?
മുന്നോട്ട് നടന്ന അവൾ തിരിഞ്ഞു നിന്നു;
മെല്ലെ പറഞ്ഞു.
“ജോലി കിട്ടിയ കാര്യമല്ലേ? അതു ഞാനറിഞ്ഞു, ഇന്നലെ അച്ഛൻ പറഞ്ഞു; മറ്റന്നാൾ പോകും അല്ലേ? അനീഷേട്ടന് അല്ലേലും ഭാഗ്യമുണ്ട്…!
അനീഷേട്ടൻ പോയാലും എന്റെ കല്യാണത്തിന് വരണട്ടോ; നിശ്ചയം കഴിഞ്ഞു. അടുത്തമാസം പതിനെട്ടിനാ കല്യാണം, പെട്ടന്ന് വന്ന ആലോചനയാ ഗൾഫ് കാരനാ; ഞാൻ പറഞ്ഞുന്നേയുള്ളു; അച്ഛൻ വരും കല്യാണം വിളിക്കാൻ…. വരണോട്ടോ ….”
അവളുടെ ശബ്ദത്തിനൽപം വിറയലുണ്ടോ…?
അവൾ നടന്നകന്നു…..പക്ഷേ
കൊലുസണിയാത്ത ആ പാദങ്ങൾക്ക് പഴയ ചന്തമില്ലായിരുന്നു!
നേരം തെറ്റിയ വിലാപം പോലെ മഴ ആർത്തു പെയ്തു കൊണ്ടിരുന്നു….ആ പെരുമഴയിലും വെട്ടി വിയർത്ത്, സർവ്വതും നഷ്ടപ്പെട്ടവനെ പോലെ ഞാനാ മാവിന്റെ തായ്ത്തടിയിലേക്ക് ചാരി, ദൂരേക്ക് കണ്ണുകൾ പായിച്ചു; മരുഭൂമിയിലെ
മരീചിക പോലെ, മോഹിപ്പിച്ച് തെന്നി നീങ്ങുന്ന അവളുടെ രൂപം അങ്ങകലെ അവ്യക്തമായി കാണാം…. ഒടുവിൽ കണ്ണുനീരും, മഴവെള്ളവും ചേർന്നാ കാഴ്ചയും മറച്ചു…
എങ്കിലും എന്റെ ഇടതു പോക്കറ്റിൽ എന്റെ ഹൃദയത്തോടു ചേർന്നും, പിന്നീട് പേഴ്സിന്റെ ഒരറയിലും, ആ പാദസരം കിലുക്കമില്ലാതെ ഏറെക്കാലം വിശ്രമിച്ചിരുന്നു !!
വായിച്ചിരുന്നു… നല്ല കഥപറച്ചിൽ..
സന്തോഷം …❤️❤️
ഒരു നിശ്ശബ്ദപ്രണയത്തിന്റെ കഥ.അസാധാരണത്വമൊന്നുമില്ലെങ്കിലും
വായനക്കാരെ ഒപ്പം കൂട്ടുന്ന കഥയാണിത്.വളരെ മെയ്യൊതുക്കം കാത്തുസൂക്ഷിക്കുന്ന പ്രതിപാദനചാരുത
ഈ രചനയെ സുന്ദരമായ ഒരു വായനാനുഭവമാക്കുന്നു.വായിച്ചുതീരുമ്പോൾ,
ചെറിയ ഒരു വിങ്ങൽ വായനക്കാർക്കു സമ്മാനിക്കുന്ന ഈ ചെറിയ കഥയെ മനസ്സിനോടു ചേർത്തുപിടിക്കാതിരിക്കാനാവില്ലെന്ന് നാം തിരിച്ചറിയുന്നു..
സന്തോഷം ….❤️❤️