17.1 C
New York
Tuesday, September 21, 2021
Home Literature കൊച്ചുണ്ണി മാഷും മാത്തിരി ടീച്ചറും (കഥ)

കൊച്ചുണ്ണി മാഷും മാത്തിരി ടീച്ചറും (കഥ)

✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

ഒരേക്കറിൽ താഴെ സ്ഥലവും പഴയ ഒരു ഓടിട്ട വീടും ആണ് ‘കൃപാ ഭവൻ’ എന്നറിയപ്പെടുന്ന കൊച്ചുണ്ണി മാഷിൻറെ വീട്. രണ്ടുപേരും ഗവൺമെൻറ് സ്കൂളിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുകയാണ്. എങ്കിലും ഇരുവരുടെയും മനസ്സിൽ ഒരു കച്ചവടക്കാരൻ ഒളിഞ്ഞിരിപ്പുണ്ട്. വീടിൻറെ മുമ്പിൽ നിൽക്കുന്ന തെങ്ങിൽ ഒരു പത്തടി ഉയരത്തിൽ ‘വിൽക്കപ്പെടും’ എന്നെഴുതിയ ഒരു ബോർഡ് തൂക്കി ഇട്ടിട്ടുണ്ട്. അതിനുതാഴെ സ്കൂളിലെ നോട്ടീസ് ബോർഡിൽ അതാത് ദിവസത്തെ വിവരങ്ങൾ എഴുതുന്നതുപോലെ അന്ന് ആ പറമ്പിൽ നിന്ന് എന്താണോ വിൽക്കാൻ ഉണ്ടാകുക. അത് ദിവസവും ഭംഗിയായി മാഷ് എഴുതി ചേർക്കും. സ്ഥിരമായി പട്ടികയിൽ മാറ്റങ്ങൾ വരുത്താൻ ഒരു ഏണി ആ പരിസരത്ത് തന്നെ വെച്ചിട്ടുണ്ടായിരുന്നു. ചിലപ്പോൾ ചിരട്ട, വൈക്കോൽ, പാൽ, തൈര്, കോഴിമുട്ട, പട്ട, ചാണകപ്പൊടി, കൊതുമ്പ്, ചക്ക, മാങ്ങ……….. അങ്ങനെ അവർക്ക് വേണ്ടാത്തെതെല്ലാം അവർ വിറ്റ് കാശാക്കും. അടുത്തുള്ള പാവപ്പെട്ട വീട്ടുകാരാണ് മാഷിൻറെ കസ്റ്റമർസ്. ‘ തുട്ടു മാഷിൻറെ നോട്ടീസ് ബോർഡ് വായിച്ചോ? ഇന്നെന്താ സ്പെഷ്യൽ ഐറ്റം?’ എന്ന് പരസ്പരം ആൾക്കാർ തമാശയായി ചോദിക്കും. ഓരോന്നിന്റെയും നേരെ കൃത്യം വില എഴുതിയിരിക്കും. ‘കടം കൊടുക്കില്ല’ എന്ന ഒരു മുന്നറിയിപ്പു കൂടി ഉണ്ടാകും ബോർഡിൻറെ ആദ്യഭാഗത്തു തന്നെ. അമ്പാടൻ പൊറിഞ്ചു എന്ന മാഷിൻറെ വിശ്വസ്തനായ പണിക്കാരനാണ് ഈ ജോലികൾ എല്ലാം ഭംഗിയായി നിർവഹിക്കുന്നത്.

ഇവരുടെ ഏക മകൻ നന്നായി പഠിച്ച് എൻജിനീയറായി ഉയർന്ന ശമ്പളത്തിൽ ഇൻഫോപാർക്കിൽ ജോലി ചെയ്യുകയാണ്. തൃശൂർ അടുത്ത് നെട്ടശ്ശേരിയിൽ സ്ഥലം വാങ്ങി വലിയൊരു ബംഗ്ലാവ് പണിത് കുടുംബമായി താമസിക്കുന്നു. പ്രായാധിക്യത്തിന്റെ അസുഖങ്ങളൊക്കെ മാഷിനും ടീച്ചറിനും തുടങ്ങിയപ്പോൾ ഇനി രണ്ടുപേരും തനിച്ച് ഇവിടെ തുടരേണ്ട, മകൻറെ കൂടെ വന്ന് നിൽക്കാൻ നിർബന്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവസാനം മകൻറെ താല്പര്യപ്രകാരം ‘സ്ഥലവും വീടും വില്പനയ്ക്ക്’ എന്ന ബോർഡ് തെങ്ങിൻ മുകളിൽ ഫിറ്റ് ചെയ്തു. ആദ്യപടിയായി രണ്ട് പശുവിനെയും 10 കോഴികളെയും വിറ്റു. ഇവിടെയുള്ള ഒരു സാധനവും പുതിയ വീട്ടിലേക്ക് കൊണ്ടുപോകേണ്ട എന്ന് മകൻ പറഞ്ഞിരുന്നു. അതുകൊണ്ട് മാഷ് വീട്ടു സാധനങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി. ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, സ്റ്റീരിയോ.. …അങ്ങനെ എല്ലാ ഇലക്ട്രോണിക് സാധനങ്ങളുടെ വാങ്ങിയതിന്റെ ബില്ലും അതിനു റിപ്പയറിനു വേണ്ടി വന്ന ചെലവും എഴുതിക്കൂട്ടി ഒരു ചെറിയ ലാഭം കൂടി ഇട്ട് വിലവിവര പട്ടിക തയ്യാറാക്കി. രണ്ടുദിവസം തെങ്ങിൻറെ മണ്ടക്ക് പ്രദർശിപ്പിച്ചെങ്കിലും ആരും വന്നില്ല. നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ ഒരു കാരണം കിട്ടി എന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടായില്ല. ജാംബവാൻറെ കാലത്തെ ടിവിയും വാഷിംഗ് മെഷീനും ഫ്രിഡ്‌ജും ഒക്കെ ആർക്ക് വേണം? ഈ മാഷ് കാലം മാറിയതൊന്നും അറിഞ്ഞില്ലേ? എന്ന് ചോദിച്ച് നാട്ടുകാർ പരിഹസിച്ചു. ഈ വർഷത്തെ ഏറ്റവും നല്ല വ്യവസായ സംരംഭകനുള്ള അവാർഡ് നമ്മുടെ മാഷ് അടിച്ച് എടുക്കും എന്ന് പറഞ്ഞ് എല്ലാവരും പുച്ഛിച്ചു.

പിന്നെ കുറച്ചു രൂപ മുടക്കി പത്രത്തിൽ പരസ്യം ചെയ്തു. രണ്ടുദിവസം കുറെ പേർ ഫോൺ ചെയ്തന്വേഷിച്ചു. ടിവിയുടെയും വാഷിംഗ് മെഷീന്റെയും കാലപ്പഴക്കം കേട്ട് വിളിച്ചവർ വിളിച്ചതിന്റെ ഇരട്ടി സ്പീഡിൽ വച്ചിട്ടോടി. എല്ലാവരോടും സംസാരിച്ച് സംസാരിച്ച് മാഷും ടീച്ചറും കുഴഞ്ഞു.

രണ്ടുപേരുംകൂടി വിലവിവരപ്പട്ടികയിൽ ചില ഡിസ്കൗണ്ട്കൾ ഒക്കെ ഇട്ട് ഒന്നുകൂടി പുതുക്കി തയ്യാറാക്കി. അപ്പോഴാണ് മാഷ് പഠിപ്പിച്ച ഇലക്ട്രീഷ്യൻ ചാക്കു വിവരം കേട്ടറിഞ്ഞ് എത്തിയത്. സാധനങ്ങളുടെ പഴക്കം കണ്ട് ചാക്കുവും അന്തംവിട്ടു. പിന്നെ മാഷിനെ വിഷമിപ്പിക്കരുതല്ലോ എന്ന് കരുതി ചാക്കു മാഷിനോട് പറഞ്ഞു. “ഈ സാധനങ്ങളൊന്നും മാഷ് വിട്ടുകളയരുത്. എന്തിനാണ് മകൻറെ വീട്ടിലേക്ക് പോകുന്നത്? ഇത് ഉപയോഗിക്കുന്നതാണ് നല്ലത്. ഇപ്പോ നാം പുതിയതായി വാങ്ങിക്കുന്ന ടിവിയും ഫ്രിഡ്ജും എല്ലാം അഞ്ചു വർഷത്തിൽ കൂടുതൽ നിൽക്കില്ല. ഇതിൻറെ എഞ്ചിൻ ഒക്കെ എത്ര നല്ലതാണെന്നോ? മാഷ് സൂക്ഷിച്ചു ഉപയോഗിച്ചതുകൊണ്ടാണ് ഇതൊക്കെ ഇപ്പോഴും ഇങ്ങനെ ഇരിക്കുന്നത്”. എന്ന് നല്ല വാക്ക് പറഞ്ഞ് മാഷിനെ ആശ്വസിപ്പിച്ച് ചാക്കുവും സ്ഥലംവിട്ടു. പിന്നെയും ദിവസങ്ങൾ കടന്നുപോയി. കച്ചവടം മാത്രം നടക്കുന്നില്ല. എന്നാൽ പിന്നെ ടീച്ചറിനെ വല്ലപ്പോഴും അടുക്കളയിൽ സഹായിക്കുന്ന എൽസിക്ക് ഇത് കൊടുക്കാം. അവൾ നെട്ടശ്ശേരിയിലെ ബംഗ്ലാവിൽ വന്ന് ജോലി ചെയ്ത് ഗഡു ഗഡുവായി പണമടച്ച് തീർക്കട്ടെ എന്ന് കരുതി വമ്പിച്ച ഡിസ്കൗണ്ട് ഇട്ട് എൽസിയെ വിളിച്ചു വരുത്തി. “ഏറ്റവും പുത്തൻ എൽ ഇ ഡി ടിവി, ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ, ഏറ്റവും കുറച്ച് കറണ്ട് ചെലവാകുന്ന ഡബിൾ ഡോർ ഫ്രിഡ്ജ് ഇതെല്ലാം എൻറെ വീട്ടിൽ ഉണ്ട്. ആർക്കുവേണം ഈ ചെമ്പിന്റെ വാഷിംഗ് മെഷീൻ? എനിക്കൊന്നും വേണ്ട. ഞാൻ ഇതിനൊക്കെ പറ്റിയ ഒരാളെ ഇങ്ങോട്ട് അയക്കാം.”എന്ന് പറഞ്ഞു എൽസിയും തടിയൂരി.

എൽസിയുടെ നിർദേശപ്രകാരം ലത്തീഫ് അവിടെ എത്തി. ലത്തീഫ് സാധനങ്ങളൊക്കെ കണ്ടിട്ട് പറഞ്ഞു. “എനിക്ക് കുറച്ചു പൈസ തന്നാൽ ഞാൻ ഇതെല്ലാം ഇവിടുന്ന് എടുത്തോണ്ട് പൊക്കോളാം എന്ന്.” അപ്പോഴാണ് മാഷിന് മനസ്സിലായത് ഇത് ആക്രിക്കാരൻ ആണെന്ന്.രണ്ടു പേരും വളരെ സൂക്ഷിച്ചു ഉപയോഗിക്കുന്നതുകൊണ്ടാണ് ഈ സാധനങ്ങൾ എല്ലാം ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ പ്രവർത്തിക്കുന്നത്. അതാണ് അവരെ ഏറെ വിഷമിപ്പിച്ചത്. 40 വർഷമായി ടിവി ഉപയോഗിക്കുന്നു. ഇറങ്ങിയ അന്നത്തെ മോഡലാണ്.രണ്ടുപേരും അതിൽ വാർത്ത മാത്രമേ കാണൂ. പതിനായിരം മണിക്കൂറാണ് ഒരു ടിവിയുടെ ആയുസ്സ്. അത് ഇനിയും തികഞ്ഞിട്ടില്ല. ഏതായാലും ലത്തീഫ് എല്ലാംകൂടി ഒരു വിലയിട്ട് മാഷിന് ഹൃദയാഘാതം വരണ്ട എന്ന് കരുതി ചെറിയൊരു തുക കയ്യിൽ വച്ച് കൊടുത്ത് സാധനങ്ങളൊക്കെ എടുത്തു കൊണ്ടുപോയി. ഇനി സ്ഥലവും വീടും വിറ്റാൽ മകൻറെ വീട്ടിലേക്ക് പോകാം. അങ്ങനെ നാട്ടുകാരുടെ പ്രിയപ്പെട്ട തുട്ടു മാഷും ഭാര്യയും അന്നുവരെയുള്ള നോട്ടീസ് ബോർഡ് തയ്യാറാക്കൽ പോലുള്ള കലാപരിപാടികൾ ഒക്കെ അവസാനിപ്പിച്ച് ഒരു ന്യൂജൻ ലൈഫ് നയിക്കാൻ പുറപ്പെടുന്നു. കാത്തിരുന്നു കാണാം!! ശേഷം കാഴ്ച യിൽ!!

✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: