1500ഓളം ഇടവക അംഗങ്ങൾ ഉള്ള വലിയ ഒരു ഇടവകയിലേക്ക് ആണ് ഫാദർ സാബു കുളമാക്കലിനു സ്ഥലംമാറ്റം കിട്ടിയത്. ഇതുവരെ അഞ്ഞൂറിൽ താഴെ അംഗങ്ങളുള്ള കൊച്ചു പള്ളികളിൽ ആയിരുന്നു ഫാദർ ജോലി ചെയ്തിരുന്നത്. വലിയൊരു പള്ളിയും നിറയെ ആളുകളും, ഏറ്റവും ആധുനിക രീതിയിലുള്ള സൗണ്ട് സിസ്റ്റവും, പള്ളിയുടെ രണ്ടുവശത്തും ക്ലോസ്ഡ് സർക്യൂട്ട് ടിവികളും. ഞായറാഴ്ചത്തെ ഉച്ച കുർബാന കൊച്ചച്ചൻ ആണ് ചൊല്ലേണ്ടത് എന്ന വികാരിയച്ചന്റെ കല്പന കേട്ടതോടെ ഫാദറിന് ആകെ ഒരു ഉൾഭയം. പള്ളിമേടയിലെ തൻറെ വിശ്രമമുറിയിലെ കണ്ണാടിയിൽ നോക്കി ഞായറാഴ്ച പ്രസംഗത്തിനുള്ള റിഹേഴ്സൽ നടത്തുകയാണ് കുളമാക്കൽ അച്ചൻ. തടിച്ചുകൂടുന്ന വിശ്വാസികളുടെ കൂട്ടത്തെ കാണുമ്പോൾ ഞാൻ വിക്കി പോകുമോ? വിറയൽ മാറാത്ത അച്ചൻ എന്ന് പറഞ്ഞു ഇടവകയിലെ കുഞ്ഞാടുകൾ അധിക്ഷേപിക്കുമോ? ഇത്തരം നൂറുനൂറ് ആകുലതകളാൽ ഉഴലു കയായിരുന്നു പാവം കൊച്ചച്ചൻ.ഇതെന്തൊരു ടെൻഷൻ? ശ്ശോ!! താങ്ങാനാവുന്നില്ല. ഇതിനെ അതിജീവിച്ചു തന്നെ ആകണം.
ഞായറാഴ്ച ഇങ്ങെത്തി.സമയമാം രഥം മുന്നോട്ടു കുതിച്ചു. ഒമ്പതേ മുക്കാൽ ആയപ്പോൾ കപ്യാര് വർക്കി അച്ചന്റെ കതകിനു തട്ടി. ധൈര്യം സംഭരിച്ച് കുളമാക്കൽ വർക്കിയുടെ കൂടെ പള്ളിയിലേക്ക് നടന്നു.10 മണിക്ക് തുടങ്ങിയ കുർബാന പതിനൊന്നരയോടെ തീർന്നു.വിക്കലോ വിറയലോ ഇല്ലാതെ ഒരു തീപ്പൊരി പ്രസംഗം തന്നെ നടത്തി വിശ്വാസികളുടെ മനം കവർന്നു അച്ചൻ. കുർബാന കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ ഇടവകയിലെ വല്യമ്മച്ചി മാർ തൊട്ടു ഒന്നിനും സമയമില്ലാത്ത ഞായറാഴ്ച ക്രിസ്ത്യാനികൾ വരെ അച്ചനെ അഭിനന്ദിച്ചു.
കുളമാക്കൽ അച്ചന്റെ മുഖം നിർവൃതിയുടെ ചിത്രമായി. വലിയൊരു മല തന്നെ മറിച്ചു എന്ന തോന്നലും ആയി അദ്ദേഹം തന്റെ വിശ്രമ മുറിയിലേക്ക് പോയി. തൻറെ പ്രസംഗത്തിലൂടെ ഒറ്റയടിക്ക് ലോകം തന്നെ മാറ്റിമറിക്കാം എന്ന അഹങ്കാരം കലർന്ന ചിന്തകളും വിശ്വാസികളുടെ നിലക്കാത്ത അഭിനന്ദനപ്രവാഹ ങ്ങളുടെ ഓർമ്മകളും അയവിറക്കി വിശ്രമമുറിയിൽ മലർന്നുകിടന്ന കുളമാക്കൽ അച്ചന്റെ മുറിയിൽ തീരെ പ്രതീക്ഷിക്കാതെ പിന്നെയും ഒരു മുട്ട് കേട്ടു. അച്ചൻ കതക് തുറന്നു. സാക്ഷാൽ വികാരിയച്ചൻ ആയിരുന്നു. എല്ലാവരെയും പോലെ അഭിനന്ദനം അറിയിക്കാൻ വന്നതായിരിക്കും എന്ന് കരുതി. “പ്രസംഗം ഒക്കെ നന്നായിരുന്നു. പക്ഷേ മുന്നോട്ടുള്ള അച്ചന്റെ പൗരോഹിത്യ ജീവിതത്തിൽ ശ്രദ്ധിക്കേണ്ട രണ്ടു ചെറിയ കാര്യങ്ങൾ പറഞ്ഞു തരാൻ ആണ് ഞാൻ വന്നത്. ഇന്നത്തെ അച്ചന്റെ തീപ്പൊരി പ്രസംഗത്തിൽ രണ്ട് തെറ്റുകൾ വരുത്തിയിരുന്നു. അതീവശ്രദ്ധയോടെ കുളമാക്കൽ അച്ചൻ ചെവികൂർപ്പിച്ചു. അച്ചൻ പ്രസംഗത്തിൽ പറഞ്ഞതുപോലെ കന്യകാമറിയം യേശുവിൻറെ പെങ്ങളല്ല, യേശുവിൻറെ അമ്മയാണ്. പിന്നെ യേശുവിനെ കുരിശുമരണത്തിന് വിധേയനാക്കുകയായിരുന്നു. അല്ലാതെ അച്ചൻ പറഞ്ഞതുപോലെ രണ്ടാംലോകമഹായുദ്ധകാലത്ത് വെടിയേറ്റ് അല്ല യേശു മരിച്ചത്.”
ഇടിവെട്ടേറ്റതുപോലെ നിന്ന കുളമാക്കൽ അച്ചൻ വികാരിയച്ചനോട് പറഞ്ഞു. “അയ്യോ അറിവില്ലായ്മയല്ലച്ചോ സഭാകമ്പത്തിൽ സംഭവിച്ചു പോയതാണ്. ഇത്രയും വലിയ രണ്ട് ആന മണ്ടത്തരങ്ങൾ ഞാൻ പ്രസംഗത്തിൽ പറഞ്ഞിട്ടും പള്ളിയിൽ എന്താ അച്ചാ ഒച്ചപ്പാട് ഒന്നും ഉണ്ടാകാതിരുന്നത്? ഉണ്ടായില്ലെന്നു മാത്രമല്ല പ്രസംഗം കഴിഞ്ഞ് എല്ലാവരും വന്ന് എന്നെ അഭിനന്ദിക്കുകയും ആണ് ചെയ്തത്.”
വികാരിയച്ചൻ ചിരിച്ചോണ്ട് പറഞ്ഞു വീട്ടിലാണെങ്കിലും പള്ളിയിൽ ആണെങ്കിലും പ്രാർത്ഥന തുടങ്ങിയാൽ സുഖനിദ്രയിലേക്ക് വഴുതുന്ന വിശ്വാസികൾ ആണ് നമുക്കുള്ളത്. ഇതിലും വലിയ മണ്ടത്തരങ്ങൾ പറഞ്ഞാലും അച്ചൻ പിടിക്കപ്പെടില്ല എന്ന് ഞാൻ ഉറപ്പു തരാം. എനിക്ക് ഒന്നേ പറയാനുള്ളൂ ഇന്ന് പറ്റിയ തെറ്റുകൾ ഇനി ആവർത്തിക്കരുത്. കുളമാക്കലച്ചാ കൊളമാക്കല്ലേ !!!