79-80 കാലഘട്ടത്തിൽ തൃശൂരിൽ കൂണ് പോലെ പടർന്ന് പൊങ്ങിയ ഒരു ബിസിനസ് ആയിരുന്നു കുറിക്കമ്പനികൾ. ഫൈനാൻസിയേഴ്സ്, ബ്ലേഡ് കമ്പനികൾ, ചിറ്റ് ഫണ്ട്സ് എന്നൊക്കെയായിരുന്നു അപര നാമങ്ങൾ. സമ്പന്നർ, കച്ചവടക്കാർ, സമൂഹത്തിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇതിൻറെ ഭാഗമായി. പ്രമുഖ ക്ലബ്ബിലെ അംഗത്വം പോലെ ഇത് ഒരു സ്റ്റാറ്റസ് സിംബലായി മാറാൻ തുടങ്ങി. ഒന്നോരണ്ടോ കുറി കമ്പനികളുടെ ചെയർമാനോ ഡയറക്ടറോ വൈസ് ചെയർമാനോ ഒക്കെ ആണെന്ന് പറയുന്നത് തന്നെ ഒരു അന്തസ്സായി കരുതി എല്ലാവരും. വിശേഷാവസരങ്ങളിൽ ക്രിസ്തുമസിനും ഓണത്തിനും കേക്കും വൈനും കായക്കുല കളും കമ്പനിയുടെ ബാനറിൽ ചുറ്റി വീട്ടിലെത്തിക്കാൻ തുടങ്ങി കമ്പനി ഉടമകൾ. എൻറെ അച്ഛൻ മൂന്നു കുറി കമ്പനികളുടെ ഡയറക്ടർ, ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനം വഹിക്കുന്നത് കൊണ്ട് മൂന്ന് സ്ഥലത്തുനിന്നും ഈ സമ്മാനങ്ങൾ ഒക്കെ ലഭിച്ചു എന്ന് പറയുന്നത് തന്നെ ആദ്യം ഒരു ഗമയായിരുന്നു. മാസത്തിൽ അംഗങ്ങൾക്ക് രണ്ട് മീറ്റിംഗ്, സിറ്റിങ് ഫീസ്, ഫുഡ്, സ്മോൾ അങ്ങനെ സമ്പന്നരെ ആകർഷിക്കാനുള്ള എല്ലാ ഘടകങ്ങളും ഉണ്ടായിരുന്നു. പിന്നെ പിന്നെ സമ്പന്നർ മാത്രമല്ല ഇടത്തരക്കാരും താഴെക്കിടയിലുള്ളവരും കുറികമ്പനികളിൽ ചേർന്ന് ഇല്ലാമേനി നടിക്കാൻ ഉള്ള ഒരു അവസരമായി ഇതിനെ കണ്ടു.
ബാംഗ്ലൂരോ ഹൈദരാബാദിലോ കൽക്കട്ടയിലോ റജിസ്റ്റർ ചെയ്ത കമ്പനികളായിരുന്നു അധികവും.മൂന്നാല് കമ്പനികൾക്കുവേണ്ടി ഒന്നോരണ്ടോ പേരായിരുന്നു ഇവിടെയൊക്കെ സ്ഥിരമായി പോയിരുന്നത്. അന്യസംസ്ഥാനങ്ങളിലെ ഹെഡ് ഓഫീസ് എന്ന് പറയുന്നത് ഏതെങ്കിലും വലിയ ഒരു ഓഫീസിൻറെ കോണി ചുവട്ടിലെ ഒരു മേശയും രണ്ട് കസേരയും ആയിരിക്കും.അഞ്ചു കുറികൾ മാത്രം നടത്താൻ അനുമതിയുള്ളപ്പോൾ 40 കുറികൾ വരെ കമ്പനി നടത്തും.സ്ഥാപന ഉടമകളുടെ ബിനാമികൾ ആയ ആളുകളുടെ പേരിൽ കുറി ചേരുകയും നറുക്ക് ആ കുറികൾക്കു തന്നെ ലഭിക്കത്തക്കരീതിയിൽ നറുക്കെടുപ്പ് നടത്തുകയും ചെയ്യും. ഒരു മൺകലത്തിൽ എല്ലാവരുടെ പേരും എഴുതി കുലുക്കി ഒരാൾ അത് എടുത്ത് പേര് വായിച്ച് ഇന്ന ആൾക്കാണ് കുറി കിട്ടിയിരിക്കുന്നത് എന്ന് അവിടെ നിന്ന് ഫോൺ ചെയ്ത് നാട്ടിൽ അറിയിക്കും.
പണത്തിന് അത്യാവശ്യക്കാർ കുറി എടുക്കാൻ പോകുന്ന ആളിനെ സ്വാധീനിക്കും. അയാളുടെ പേര് എഴുതിയ കുറി മൺകലത്തിൽ ഇടുന്നതിനു മുമ്പ് ചെയർമാനോ ഡയറക്ടറോ കുറച്ചു പശ അതിൽ തേച്ചുപിടിപ്പിക്കും. മൺകലത്തിൽ കയ്യിട്ടു ഇളക്കി കുറിയെടുക്കുമ്പോൾ പശ തേച്ച പേരുകാരൻ മാത്രം മൺകലത്തിലേക്ക് വീഴില്ല.ഇവർ ഉദ്ദേശിച്ച ആൾക്ക് തന്നെ കുറി കിട്ടും. അങ്ങനെ പലതരം ഉടായിപ്പുകളുമായി രണ്ടുമൂന്നു വർഷം ഈ ബിസിനസ് പച്ച പിടിച്ചു നിന്നു.വ്യാജ കുറി കമ്പനികൾ നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത ഓരോരുത്തർ പിടിയിലായി തുടങ്ങിയതോടെ ഈ കമ്പനികളുടെ ഗ്ലാമർ അവസാനിക്കാൻ തുടങ്ങി.
കുറി വട്ടം എത്തുമ്പോൾ പൈസ കിട്ടാതായി തുടങ്ങിയതോടെ ഇടപാടുകാർ പോലീസിൽ പരാതി കൊടുക്കുന്നതിനു പകരം സമ്പന്നരെയും ഉയർന്ന ഉദ്യോഗസ്ഥരെയും നേരിട്ട് സമീപിക്കാൻ തുടങ്ങി. നിങ്ങൾ ആണല്ലോ ചെയർമാൻ എന്ന് കരുതിയാണ് ഞങ്ങളും ചേർന്നത് എൻറെ പൈസ തിരിച്ചു തന്നില്ലെങ്കിൽ ഞാനും എൻറെ മകളും നിങ്ങളുടെ വീടിന് മുന്നിൽ സത്യാഗ്രഹം ഇരിക്കും, അല്ലെങ്കിൽ നിങ്ങളുടെ വീടിൻറെ ഉത്തരത്തിൽ കെട്ടിത്തൂങ്ങി ചാകും എന്നു പറഞ്ഞുള്ള ഭീഷണികളും കരച്ചിലുകളും തുടങ്ങിയതോടെ അതിസമ്പന്നരും ഉയർന്ന ഉദ്യോഗസ്ഥരും ഒക്കെ കയ്യിൽ നിന്ന് കാശ് എടുത്തു കൊടുത്തു കുടുംബത്തിന് മേൽ പതിക്കാൻ വഴിയുള്ള ശാപം ഒഴിവാക്കി.
വ്യാജ കുറി കമ്പനികൾ പെരുകിയതോടെ ഒറിജിനൽ ഏത് വ്യാജൻ ഏത് എന്ന് മനസ്സിലാക്കാൻ പറ്റാതെ പൊതു ജനം പരക്കം പാഞ്ഞു. ജനങ്ങളുടെ പരിഭ്രാന്തി കൊണ്ട് തന്നെ നന്നായി നടത്തുന്ന കുറി കമ്പനികളുടെ ബിസിനസ്സിനെയും അത് ബാധിച്ചു. ഒരു മൂന്നുവർഷം കൊണ്ട് ഈ ബിസിനസ് മൂക്കും കുത്തി വീണു. ചെയർമാനും ഡയറക്ടർക്കും കോടതിയിൽ നിന്നും പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങാൻ നേരം ഇല്ലാതായി. എല്ലാ പ്രതിസന്ധികളെയും മറികടന്ന് വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന ചുരുക്കം ചില കമ്പനികൾ ഇപ്പോഴും ഉണ്ട്. എന്നാലും ഏതൊരു തൃശ്ശൂർക്കാരനും കുറി കമ്പനിയിൽ നിക്ഷേപിക്കാൻ തുടങ്ങുന്നതിനു മുമ്പ് പല വട്ടം ആലോചിക്കും. അത്രയ്ക്ക് കൈപൊള്ളിയവരായിരുന്നു ആ കാലഘട്ടത്തിൽ കുറി കമ്പനിയിൽ ചേർന്നവരൊക്കെ.
അഞ്ചാറു വർഷം കഴിഞ്ഞപ്പോൾ ചെയർമാനും ഡയറക്ടറും ഒത്തുകൂടുന്ന ചടങ്ങിൽ പരസ്പരം കുശലാന്വേഷണം നടത്തിയിരുന്നത് കിട്ടിയ സമ്മാനങ്ങളെ കുറിച്ച് ആയിരുന്നില്ല പകരം മംഗളം കുറീസിൽ നിന്ന് ശ്രീലക്ഷ്മി ചിട്ടിയിൽ നിന്ന്, സെവൻ സ്റ്റാറിൽ നിന്ന് എനിക്ക് ഇത്ര പോയി നിങ്ങൾക്ക് എത്ര പോയി എന്നതായിരുന്നു. ചുരുക്കം ചില വില്ലൻമാർ ഇടയിൽ നിന്ന് നല്ല കാശുണ്ടാക്കി മിടുക്കന്മാരായി.