ഞാൻ കറുത്തവനെന്നും നീ വെളുത്തവനെന്നും.
ഞാൻ വടക്കനും നീ തെക്കനെന്നും
ഞാൻ പൗരസ്ത്യനും നീ പാശ്ചാത്യനെന്നും
പേരിട്ട്, നീ ശണ്ഠ കൂടി!
ദിക്കുകളിൽ കേൾക്കുമാറ്,
ഉച്ചത്തിൽ വിളിച്ചുകൂവി!
ദിശയറിയാതെ,
പേരില്ലാത്ത,
എൻ്റെ പാരമ്പര്യത്തിന് മേൽവിലാസമില്ലാത്രേ!
കഥയില്ലാത്ത,
കാറ്ററിയാത്ത,
കരയറിയാത്ത,
എൻ്റെ ഗമനങ്ങളെ,
ഞാൻ കടലറിയാതെ,
ആഴിയിൻ നെഞ്ചിൽ,
ജീവൻ്റെ നുകവും പേറി,
കദനത്തിൻ്റെ തോണി തുഴഞ്ഞു.
അഴലിൻ്റെ അലകളെ കീറിമുറിച്ച്,
മ്രൃതുവിൻ പാശങ്ങളിൽ നിന്നും
ഓടിയൊളിച്ചു,
എത്തിയീ മറുകരയിൽ!
നിന്റെ “മാത്രം” എന്ന് നീ വീമ്പിളക്കുന്ന, “നിന്റെ”ധരയുടെ കരയിലടിഞ്ഞവൻ,
ഞാൻ കുടിയേറ്റക്കാരൻ!!
നിൻ്റെ കുറ്റക്കാരൻ!!
നീതി നിഷേധിക്കപ്പെട്ട ധർത്തീപുത്രൻ!
നിന്റെ വർണ്ണഭേദങ്ങൾകൊണ്ട്
നീതിതൻ തുലാസിൽ ചവിട്ടി താഴ്ത്തി,
എന്നേ, കടത്തിലാഴ്ത്തിയ ഉടപ്പിറന്നോനേ!
നീയും ധരയുടെ പുത്രൻ തന്നേയല്ലയോ?
ഞാനും നിൻ സഹജനല്ലയോ?
നെഞ്ചകത്തൊരുരുൾ പ്പൊട്ടി
നിശ്ബദതയിൻ ചിലങ്കയണിഞ്ഞ്
മിഴികളിൽ ഇരുട്ടിന്റെ പുതപ്പിട്ടു
പാദങ്ങളിൽ പൂത്ത വ്രൃണങ്ങളിൽ നിന്ന്
നിണമൊഴുകി, പഴുപ്പിൻ ഗന്ധവും പേറി
കൊട്ടിയടയ്ക്കപ്പെട്ട നിന്റെ കൊത്തളങ്ങൾക്ക് മുന്നിൽ,
നാളെയെന്ന പ്രതീക്ഷയും
കെട്ടടങ്ങിയൊരെൻ പട്ടടയിന്നും
വഴിയരികിൽ ആളിക്കത്തുന്നു!
ലോകസദസ്സത് കണ്ട്, വട്ടമേശാ സമ്മേളനങ്ങൾ നടത്തുന്നു
ആരൊക്കെയോ, സമരവാക്യങ്ങൾ വിളിക്കുന്നു!
അതിന്നിടയിൽ-
സോദരിതൻ ഗാത്രം സഹകാരികൾ പങ്കിട്ടെടുക്കുന്നു,
അമ്മിഞ്ഞവറ്റിയ അമ്മതൻമാറിൽ
എന്നുണ്ണി ഞരങ്ങിടുന്നു,
അവൻ്റെ മാതാവ് പിടഞ്ഞിടുന്നു,
മ്രൃതപ്രായമെത്തിയെൻ മാതാവും പിതാവും
ദൈന്യതയൂറും മിഴിമുനയേറ്റ്,
കലിതുള്ളുമെന്നന്തരംഗം,
മരിയ്ക്കാതെ മരിയ്ക്കുന്നു
എന്നിലോരോ ദിനങ്ങളും!
ദേഹവും ദേഹിയും
സമമായ മനുഷ്യൻ
ജാതിമതദേശത്തെയും കൂട്ടി
മ്രൃഗീയ ചിന്തകളെ
നടുന്നു , വളമിടുന്നു,
തെരുവ് നായയേ പോലും
അവനൂട്ടി വളർത്തുന്നു,
ഭ്രാതാവാമെന്നേയോ ആട്ടിപ്പായിക്കുന്നു!
അന്യൻ മാത്രമല്ല ഞാൻ,
അന്യഗ്രഹജീവിയ്ക്ക് പോലും
മേൽവിലാസമുണ്ടത്രേ!
ഒടുവിൽ ഞാൻ
ഭൂമിക്ക് ഭാരവും, ഭീഷണിയുമായി പ്രഖ്യാപിതനായി!
അത് കേട്ട്
മർത്യർ വിജയകാഹളം മുഴക്കുന്നു! അവനുള്ളിലെ-
“ഞാൻ” എന്ന ഭാവം
അട്ടഹസിക്കുന്നു!
ക്ഷോണി വിതുമ്പുന്നു!
കടൽ കരയെ പുണരുന്നു!
മന്ത്രവും തന്ത്രവും
ഹോമയാഗങ്ങളിലും നരനാശ്രയം വെയ്ക്കുന്നു!
കാണാത്ത ദൈവത്തെ പ്രീതിപ്പെടുത്തുവാൻ
കൺമുന്നിൽ കാണുന്നയെന്നേ നീ
കുരുതിയ്ക്ക് കൊടുക്കുന്നു!
കാലം ചിരിക്കുന്നു!
എന്നേയോ –
ദൈവം വിളിക്കുന്നു….
ഞാൻ യാത്ര തുടരുന്നു…..
സീമകളില്ലാത്ത പറുദീസയിലേക്ക്!
-ദേവു-
ഫോട്ടോ കടപ്പാട് ഫേസ്ബുക്ക്

Good one. Now a days I wait for your write ups
സ്നേഹപൂർവ്വം ദേവു
Very true and meaningful poem. Relevant in today’s world where human life is given no value.
അന്യഗ്രഹ ജീവികൾക്ക് പോലും മേൽവിലാസം നൽകി, ചുറ്റുമുള്ള മനുഷ്യന്റെ ജീവന് പുല്ലുവില പോലും കൊടുക്കാത്ത തലമുറ ആണിത്. എത്രയോ ആഴമേറിയ വിരോധാഭാസം!
വായനയ്ക്ക് നന്ദിയും, സന്തോഷവും അറിയിക്കുന്നു.
സ്നേഹപൂർവ്വം ദേവു
നല്ല വരികൾ… വളരെയധികം ഇഷ്ടപ്പെട്ടു
സ്നേഹപൂർവ്വം ദേവു
Beautiful ❤️❤️
നന്ദിയും സ്നേഹവും ❤️🙏
കാലികപ്രസക്തം. നന്നായി
സ്നേഹപൂർവ്വം ദേവു
Nice👍
വായനയ്ക്ക് നന്ദിയും സ്നേഹവും ❤️🙏
മനോഹരം
❤️🙏
True 👌
❤️🙏
മനോഹരമായ വരികൾ, അതിലും ശ്രേഷ്ഠം വരികൾക്കിടയിലെ ആധുനിക മനുഷ്യന്റെ ചിന്താ . ഗതിയോടുള്ള നിശബ്ദ്ധമായ വിയോജിപ്പ്
വിരോധാഭാസങ്ങളുടെ ലോകമാണ് ഇന്ന് നമ്മുക്ക് ചുറ്റും
Beautiful lines
❤️🙏
നന്ദിപൂർവ്വം ദേവു ❤️🙏
വിരോധാഭാസങ്ങളുടെ ലോകമാണ് ഇന്ന് നമ്മുക്ക് ചുറ്റും
നന്നായി എഴുതി നല്ല വരികൾ. Congrats 💐
നന്ദിപൂർവ്വം ദേവു ❤️🙏
Well written Devu . Best wishes . Keep inspiring
❤️🙏
അർത്ഥവത്തായ വരികൾ !!
നന്നായെഴുതി
ആശംസകൾ
Nannayirikkunnu Devu! The part that gave me a heart ache 👇🏼
“അമ്മിഞ്ഞവറ്റിയ അമ്മതൻമാറിൽ
എന്നുണ്ണി ഞരങ്ങിടുന്നു,
അവൻ്റെ മാതാവ് പിടഞ്ഞിടുന്നു,
മ്രൃതപ്രായമെത്തിയെൻ മാതാവും പിതാവും
ദൈന്യതയൂറും മിഴിമുനയേറ്റ്,
കലിതുള്ളുമെന്നന്തരംഗം,
മരിയ്ക്കാതെ മരിയ്ക്കുന്നു
എന്നിലോരോ ദിനങ്ങളും”
Awesome, deeply in touch with reality… beautiful thought provoking lines