കുഞ്ഞനന്തനെ ഞങ്ങള്‍ക്കെല്ലാം ഇഷ്ടമാണ്.
ആരെയും ആകര്‍ഷിക്കുന്ന വാക്ചാതുരിയും, ഇടപഴകുന്നവരുടെ അംഗീകാരം പിടിച്ചു പറിക്കാനുള്ള വിവേകവും, ഏതൊരു മനസ്സിനെയും എളുപ്പം തൊട്ടുണർത്തുന്ന വിനയവും സന്നിവേശിപ്പിച്ച പെരുമാറ്റവുമാണ് കുഞ്ഞനന്തനെ ഞങ്ങളുടെ എല്ലാവരുടെയും പ്രിയപ്പെട്ടവനാക്കിയത്.
നീണ്ട നാളുകൾക്ക് ശേഷം ഇന്നലെ അവനെ കണ്ടപ്പോള്‍ അവന്റെ ഓൺ ലൈൻ എഴുത്തിനെക്കുറിച്ചും നിരൂപണങ്ങളെ കുറിച്ചും കുശലാന്വേഷണം നടത്തി.
ഒരിക്കല്‍ എന്റെ ഒരു നാലുവരി കവിതയെ നിരൂപിച്ച് കുഞ്ഞൻ മുഖപുസ്തകത്തിൽ എഴുതിയ വിശേഷണങ്ങൾ വീടിനേക്കാളും വലിയ പടിപ്പുര പണിത പോലെയായിരുന്നു.
അതുപോലെ വിത്യസ്തമായിരുന്നു പലരുടെയും കഥകൾക്കും കവിതകൾക്കും കുഞ്ഞൻ എഴുതിയിരുന്ന നിരൂപണ, അഭിപ്രായങ്ങളുടെ നിലവാരം.
കുഞ്ഞന്റെ കമന്റിനും ലൈക്കിനും കറക്ഷനും വേണ്ടി വിത്യസ്ത എഴുത്തു ഗ്രൂപ്പിലെ സാഹിത്യ കോകിലങ്ങൾ വരിവരിയായി അവനെ നേരിട്ട് ബന്ധപ്പെടാനും തുടങ്ങിയത്രെ.
ഞങ്ങളുടെ ചര്‍ച്ച ഓണ്‍ലൈനിലെ സൌഹൃദങ്ങളെ കുറിച്ചും ബന്ധങ്ങളെ കുറിച്ചുമെല്ലാം കാട് കയറി.
സോഷ്യല്‍ മീഡിയയുടെ ആവിര്‍ഭാവവും അണുകുടുംബ സമ്പ്രദായത്തിന്റെ പ്രസരണവും പലരുടെയും ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് അവന്‍ ഉദാഹരണങ്ങള്‍ നിരത്തി സമര്‍ത്ഥിച്ചു.
പലരുടെയും മാനസിക, വൈവാഹിക, ഗാർഹിക, പ്രണയ വിസ്ഫോടനങ്ങളെ കുറിച്ചും ആർക്കും പരിഹാരങ്ങൾ കാണാൻ കഴിയാത്ത ജീവിതാന്തർനാടകങ്ങളിലെ നിറം കെട്ട രംഗങ്ങളെക്കുറിച്ചും സംവദിച്ച്, തന്നിൽ അഭയവും വെളിച്ചവും തേടുന്ന അനേകം സ്ത്രീ സുഹൃത്തുക്കളെ സ്വാന്തനപ്പെടുത്തി അവരുടെ ദുഖങ്ങൾ ഏറ്റുവാങ്ങുന്ന അത്താണിയായി മാറിയ കദന കഥ തന്റെ സ്വതസിദ്ധമായ സാഹിത്യ ഭാഷയിൽ പറഞ്ഞു നിറുത്തി.
പഠിക്കുന്ന കാലത്ത് പെണ്ണായി പിറന്ന ഒറ്റൊരുത്തിയുടെയും മുഖത്ത് നോക്കി സംസാരിക്കാൻ ത്രാണിയില്ലാതിരുന്ന കുഞ്ഞനന്തന്റെ ചുറ്റും ഇന്നുള്ള സുന്ദരികളായ സഹോദരിമാരുടെ നീണ്ട നിര കണ്ടപ്പോൾ കുശുമ്പും കുനിഷ്ടും നിറഞ്ഞ ചിന്തകൾ എന്നെ വല്ലാതെ അലോസരപ്പെടുത്തുകയും ഒരുപൊടിക്ക് അസൂയ രൂപപ്പെടുകയും ചെയ്തു എന്ന് പറയാതെ വയ്യ.
“കുഞ്ഞാ ഇവരെയെല്ലാം നിനക്കെങ്ങിനെ സഹോദരിമാരായി കാണാൻ കഴിയുന്നു..”?
എന്ന അസഹിഷ്ണുത നിറഞ്ഞ എന്റെ ചോദ്യത്തിന്
“അതെ, നമ്മുടെ വീട്ടിലുള്ളവളെ കുറിച്ചാലോചിക്കുമ്പോ ഇവരെ സഹോദരിമാരായി കാണുകയല്ലാതെ വേറെ നിവൃത്തിയില്ല ഇഷ്ടാ…”
എന്ന അത്യധികം നിസ്സഹായത കുത്തി നിറച്ച മറുപടിയോടെ മൊബൈൽ സ്ക്രീനിലേക്ക് ചൂണ്ടി അവൻ തുടർന്നു.
“ഇവളൊരു ഏക മകൾ…. മുറച്ചെറുക്കനെയും കെട്ടി സസന്തോഷം വാഴുന്നതിനിടയിലാണ്, കെട്ടിയോനിപ്പോൾ പരപുരുഷ ബന്ധം ആരോപിച്ച് അത്യാവശ്യം ദേഹോപദ്രവം തുടങ്ങിയത് മക്കളെ ഓർത്ത് എല്ലാം സഹിച്ച് ജീവിതം തുടരുന്ന ഈ സഹോദരിയെ തേടിയെത്തുന്ന എല്ലാ ഫോൺ കാളുകളും അവളുടെ ജാരന്റെതാണെന്ന് പറഞ്ഞാണ് അവൻ കലഹിക്കുന്നത് “……
“ദാ ഇവളൊരു പുസ്തകപ്രേമിയാണ് അത്യാവശ്യം ഭാഷയും എഴുത്തും ചിന്തയുമൊക്കെയുണ്ടു് ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവിനെ ഭയന്ന് ഒരു ഫേക്ക് ഐഡി ” അപ്പുക്കിളി ” എന്ന പേരിൽ സൃഷ്ടിച്ചാണ് എഴുത്തും വായനയും നടത്തുന്നത്….. അയാൾക്ക് ഇവളോടുള്ള അതിരുവിട്ട പ്രണയവും അതിലുപരി താനവൾക്ക് മികച്ചൊരു ഭർത്താവല്ലല്ലോ എന്ന അപകർഷബോധവുമാണ്
ഇവവൾക്ക് ജീവിതം ദുരിതമായത് “….
“..ഈ ചിത്രം നോക്കു… ഈ സഹോദരിയുടെ പ്രശ്നം പ്രാണനെപ്പോലെ സ്നേഹിച്ചിട്ടും തിരിച്ചു അവളെ സ്നേഹിക്കാത്ത ഭർത്താവിന്റെ അവഗണന നിറഞ്ഞ പെരുമാറ്റമാണ് … ഇവളെ ഞാൻ എന്തു പറഞ്ഞു സമാധാനിപ്പിക്കും എന്ന് ചിന്തിച്ച് ഒരെത്തും പിടിയും കിട്ടുന്നില്ല…” എന്നും പറഞ്ഞു വച്ച് നീട്ടിയ ചിത്രത്തിലേക്ക് നോക്കിയപ്പോള്‍ എന്റെ ശ്വാസം നിലച്ചു തലകറങ്ങുന്ന പോലെ തോന്നി.
കാരണം, അതെന്റെ ഭാര്യയായ, മൂന്ന് പെൺമക്കളുടെ അമ്മയായ, എനിക്ക് അത്രയ്ക്ക് പ്രിയപ്പെട്ടവളെന്ന് കരുതിയിരുന്ന നന്ദിനിയുടെ ചിത്രമായിരുന്നു……
-കമർ ബേക്കർ