എന്റെ പ്രിയൻ …
സൂര്യതേജസ്സുള്ളവൻ
പതിനായിരങ്ങളിൽ അതിശ്രേഷ്ഠൻ
കാക്ക കറുപ്പുള്ള നിന്റെ മുടിയിഴകൾക്ക്
കുന്തിരിക്കത്തിന്റെ സുഗന്ധം.
പ്രിയനേ…
നീ എന്നിൽ നിന്ന് നോട്ടം പിൻവലിക്കുക.
അത് എന്നെ പ്രണയപരവശയാക്കുന്നു.
എന്റെ മേനിയിലെ മദഗന്ധം നീയറിയുന്നുവോ?
കടലാഴത്തോളം പ്രണയപരവശനായി വരിക…
നീ എന്റെ മാത്രം ഒസ്യത്താണ്.
കോലാടിൻ പറ്റങ്ങൾ മേയുന്ന
മലഞ്ചരിവുകളിലേക്ക്
നമുക്കു പോകാം…
അവിടെ എരുക്കിൻ പൂക്കൾ വിതറിയ
തൽപ്പത്തിൽ ശയിക്കാം.
നീയെന്നിൽ ചെന്തീയായി പടരാമോ?
തേരും കുതിരയും കാലാൾപ്പടയും
കോട്ടകോത്തളങ്ങളും എനിക്ക് വേണ്ട
ഉടലുകൾ ഉന്മാദമണിയുന്ന വേളയിൽ
ഞാൻ കിറുക്കത്തിയാകാം…
ഉഷ്ണ ഗന്ധം വമിക്കുന്ന നിന്റെ ഉടലിൽ
സ്വേദകണികയായി ഞാൻ നിന്നിൽ അലിയാം…
ബന്ധങ്ങളൊന്നും മൃഗതൃഷ്ണയല്ല
ശാശ്വത ബന്ധനങ്ങൾ തന്നെയെന്നറിയുക.
അശ്വതി എൻ.വി✍
കിറുക്കത്തി (കവിത )
അശ്വതി എൻ. വി.✍