17.1 C
New York
Sunday, June 13, 2021
Home Literature കാവൽ പട (സംഭവ കഥ )

കാവൽ പട (സംഭവ കഥ )

മേരി ജോസ്സി മലയിൽ തിരുവനന്തപുരം.✍

കമ്മ്യൂണിറ്റിഹാളിൽ ഫ്ലാറ്റ് ഉടമകൾക്ക് മാത്രമുള്ള വാർഷിക യോഗം നടക്കുകയാണ്. ഈരണ്ട് വർഷം കൂടുമ്പോൾ പ്രസിഡൻറ്, സെക്രട്ടറി, ട്രഷറി, കമ്മിറ്റി അംഗങ്ങൾ അങ്ങനെ എല്ലാ സ്ഥാനത്തേയ്ക്കും തിരഞ്ഞെടുപ്പ് ഉണ്ടാകും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പഴയ പ്രസിഡൻറ് പുതിയ ആൾക്ക് സ്ഥാനം കൈമാറുന്നതിന് മുമ്പ് നന്ദി പ്രസംഗത്തിൽ പ്രത്യേകം എടുത്തു പറഞ്ഞ ഒരു പേരായിരുന്നു ശ്രീ പൊറിഞ്ചുവിന്റേത്. എല്ലാ കാര്യങ്ങളും ചെയ്യുന്നതിനുമുമ്പ് ഞാൻ പൊറിഞ്ചുവേട്ടനോട്‌ അഭിപ്രായം ചോദിച്ചിരുന്നു. അതാണ് എനിക്ക് ഇത്രയും ഭംഗിയായി കാര്യങ്ങൾ ചെയ്യാൻ സാധിച്ചത് എന്ന് പ്രത്യേകം പറഞ്ഞു. പുതിയ ഭരണസാരഥികൾ എല്ലാം തന്നെ നാൽപ്പതിൽ താഴെ പ്രായമുള്ളവരായിരുന്നു. പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ആൾ ആദ്യം തന്നെ ചെയ്തത് പൊറിഞ്ചുവേട്ടനെ വ്യക്തിപരമായി കാണാനുള്ള ഒരു അനുവാദം വാങ്ങി ക്കുകയായിരുന്നു. ഏതു സ്ഥാനം ഏറ്റെടുത്താലും അവിടുത്തെ പഴയ കാര്യങ്ങൾ അന്വേഷിച്ച് അറിയുക എന്നത് പുള്ളിയുടെ ഒരു സ്വഭാവം ആണത്രേ.

പൊറിഞ്ചു താമസത്തിന് എത്തിയപ്പോഴുള്ള ആ ഫ്ളാറ്റിന്റെ അവസ്ഥകൾ കേൾക്കാൻ പുതിയ പ്രസിഡൻറ് പൊറിഞ്ചുവിന്റെ വീട്ടിലെത്തി. പൊറിഞ്ചുവേട്ടൻ ആ ഫ്ലാറ്റിൽ എത്തിയിട്ട് 30 വർഷം ആയിരുന്നു. അദ്ദേഹം വരുമ്പോൾ ഫ്ലാറ്റുകൾ മുഴുവൻ പണി തീർന്നിട്ടില്ല. അദ്ദേഹത്തിൻറെ വീട് പണി കഴിഞ്ഞ് താക്കോൽ കിട്ടിയതും കുടുംബത്തോടൊപ്പം താമസത്തിന് എത്തി. പിന്നാലെ ഒരു അമ്പതോളം വീട്ടുകാരും എത്തി. എല്ലാവരും വളരെ വേഗം പരിചയപ്പെട്ടു ഒരു കുടുംബം പോലെ ആയിരുന്നു കഴിഞ്ഞത്. അന്ന് പല ഫ്ലാറ്റുകളിലേയും ഇൻറീരിയർ വർക്കുകൾ, പൊതു ആവശ്യത്തിനുള്ള ജിം, പാർക്ക്, സ്വിമ്മിംഗ് പൂൾ ഇതിന്റെയൊക്കെ പണി പുരോഗമിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. അമ്പത് വീട്ടുകാർ ചേർന്ന് യോഗം കൂടി അന്നേ പ്രസിഡൻറ്, സെക്രട്ടറിയെ ഒക്കെ തിരഞ്ഞെടുത്തിരുന്നു.

അക്കാലത്ത് ഏറ്റവും കൂടുതൽ പൊറുതി മുട്ടിയത് സെക്യൂരിറ്റിക്കാരെ കൊണ്ടായിരുന്നു. ഇന്നിപ്പോൾ യാതൊരു ബുദ്ധിമുട്ടുമില്ല. ഏജൻസിയിൽ വിളിച്ചു പറഞ്ഞാൽ അവർ തന്നെ സെക്യൂരിറ്റിക്കാരെയും ക്ലീനിങ് സ്റ്റാഫിനെയും എല്ലാം അറേഞ്ച് ചെയ്തു തരും. അവർക്ക് കൊടുക്കാൻ ഉള്ള തുക കൃത്യമായി അടച്ചാൽ നമ്മുടെ പ്രശ്നം തീർന്നു. രാത്രി മാത്രം ആയിരുന്നു അന്നൊക്കെ കാവൽ.അന്ന് ഗേറ്റ് ഒന്നും പണി തീർന്നിട്ടില്ല. ഒരു കാബിൻ ഉണ്ട് സെക്യൂരിറ്റിക്ക്. അവിടെ ഒരു കസേരയും ഫാനും ചെറിയൊരു കട്ടിലും ഉണ്ട്. രാത്രി ഉറങ്ങാതെ കാവൽ ഇരിക്കണം. വലിയ ശമ്പളം ഒന്നും കൊടുക്കാൻ നിവൃത്തിയില്ല. ഈ അമ്പതു വീട്ടുകാർ കൂടി പിരിവെടുത്ത് വേണം ഇയാൾക്ക് ശമ്പളം കൊടുക്കാൻ. അതുകൊണ്ടുതന്നെ ആ റേറ്റിന് കിട്ടുന്ന ആൾക്കാരുടെ ഗുണവും അതുപോലെ തന്നെയാണ്. രാത്രി ഉറക്കക്കുറവ് ഉള്ളവരൊ മദ്യപിച്ചിട്ട് വീട്ടിൽ ചെന്നാൽ അങ്ങോട്ട് കയറ്റാത്തവരോ വയസ്സന്മരോ ഒക്കെ ആണ് മിക്കവാറും ഈ ജോലി ഏറ്റെടുക്കുക. കൃഷ്ണൻ, ശങ്കരൻ, പൈലി, കരുണൻ അങ്ങനെ നാലുമാസത്തിനുള്ളിൽ മൂന്നാല് പേര് വന്നു പോയി. ആരും ഉറച്ചു നിൽക്കില്ല. ഏറിയാൽ ഇരുപത് ദിവസം.

ആദ്യം നിയമിച്ചത് കൃഷ്ണൻ എന്ന ഒരു സെക്യൂരിറ്റിയെ ആയിരുന്നു. വൈകുന്നേരം അഞ്ചര മണിക്ക് വന്ന് എല്ലാവരുടെ അടുത്തും ‘ഞാൻ വന്നു’ എന്ന് അറിയിക്കും. ഫ്ലാറ്റ് നിവാസികൾ ഒക്കെ വീട്ടിൽ കയറുമ്പോൾ ഏഴര മണിയോടെ മദ്യം അകത്താക്കി നല്ല ഉറക്കം തുടങ്ങും. ഒരു ദിവസം കൂട്ടുകാരൻ മദ്യപിച്ചിരുന്ന ഷാപ്പിൽ നിന്ന് കൃഷ്ണനെ സ്കൂട്ടറിൽ കയറ്റി നേരെ ഈ കസേരയിൽ കൊണ്ട് ചാരി ഇരുത്തി പോയി. കുറേ നേരം ഇയാൾ പ്രതിമപോലെ അവിടെയിരുന്നു. അതുകഴിഞ്ഞ് കസേരയിൽ നിന്ന് ഉരുണ്ട് താഴെ വീണ് അവിടെ കിടന്നു. രാത്രി 11:00 ആയതോടെ ബോധം വന്നപ്പോൾ അവിടുന്ന് എഴുന്നേറ്റ് പുറത്തിറങ്ങി അടുത്ത വീട്ടിൽ ഒരാൾ ബീഡി വലിച്ച് നിൽപ്പുണ്ടായിരുന്നു അയാളോട് ഒരു ബീഡി ചോദിച്ചു അതിനുശേഷം ചോദിച്ചു. “ഞാൻ എങ്ങനെ ഇവിടെ എത്തി? എനിക്ക് വൈകുന്നേരം ഷാപ്പിൽ പോയത് മാത്രമേ ഓർമ്മയുള്ളൂ. നീയല്ലേ എന്നെ ഇവിടെ കൊണ്ട് ഇരുത്തിയത് എന്ന്”. “ഒന്ന് പോ ചേട്ടാ രാത്രി മണി പതിനൊന്നായി. ഉറക്കത്തിൽ പിച്ചും പേയും പറയുന്നോ? എന്ന്‌ പറഞ്ഞു രണ്ടുപേരും ഉന്തും തള്ളുമായി. രാത്രി നേരത്ത് ഫ്ലാറ്റിനു മുമ്പിൽ തല്ലു നടക്കുന്നു എന്ന് ആരോ ഫോൺ ചെയ്തു പറഞ്ഞ് ഓടിച്ചെന്ന് പൊറിഞ്ചുവേട്ടൻ രണ്ടുപേരെയും പിടിച്ചുമാറ്റി.

പിന്നെ വന്നത് ഒരു പൈലി. ആൾ ഒരു മാന്യൻ. ഏഴുമണിക്ക് തന്നെ ക്രിസ്തുവിൻറെ പടത്തിന് മുമ്പിൽ രണ്ട് മെഴുകുതിരി കത്തിച്ചു വെച്ച് ഉറക്കെ ഉറക്കെ കൊന്ത ചൊല്ലും. എല്ലാവർക്കും പയിലിയെ ഇഷ്ടപ്പെട്ടു. എല്ലാ വീട്ടമ്മമാരും നിങ്ങള് പയിലിയെ കണ്ടു പഠിക്ക് എന്നുകൂടി പറയാൻ തുടങ്ങി. അര മുക്കാൽ മണിക്കൂർ നേരം 53 മണി ജപം ഉറക്കെ വ്യക്തതയോടെ ചൊല്ലുന്നത് കേട്ടാൽ ദൈവം പോലും ഭൂമിയിലേക്ക് ഇറങ്ങിവരും. ഹോ!! അവസാനം നമുക്ക് നല്ലൊരു സെക്യൂരിറ്റിയെ കിട്ടി എന്ന് സമാധാനിച്ചു എല്ലാവരും, ഒരു ഫ്ലാറ്റ് നിവാസി അവിചാരിതമായി പാതിരാത്രി ട്രെയിനിൽ വന്നിറങ്ങതുവരെ. രാത്രി വന്നിറങ്ങിയ ഫ്ലാറ്റ് നിവാസി വന്നപ്പോൾ സെക്യൂരിറ്റി ക്യാബിനിലും ആ പരിസരത്തും ഒന്നും പയ്‌ലിയെ കാണാനില്ല. പിന്നെയാണ് മനസ്സിലായത് പയ്‌ലി അടുത്തുള്ള കാർത്ത്യായനി ചേച്ചിയുടെ വീട്ടിലാണ് ഉറക്കമെന്ന്. ഫ്ലാറ്റ് നിവാസികൾ ഒക്കെ ഉറക്കം പിടിക്കുന്നതോടെ ആളു സ്ഥലംവിടും. വിശദീകരണം ചോദിച്ചപ്പോൾ പറയുകയാണ്. “പിന്നെ എനിക്ക് ഭ്രാന്ത് അല്ലേ? ആ കൊതുക് കടിയും കൊണ്ട് അവിടെ ഇരിക്കാൻ. ഞാൻ കൊന്ത ചൊല്ലി കുറെ അനുഗ്രഹങ്ങൾ ഒക്കെ അതുങ്ങൾക്ക് വാങ്ങി കൊടുത്തില്ലേ? തരുന്ന കാശിനുള്ള പണി ഞാൻ ചെയ്യുന്നുണ്ട് എന്ന്. “

പിന്നെ എത്തിയത് കരുണൻ. ഇവിടെയൊക്കെ ഒന്നു നടക്കാത്തത് എന്താ എന്ന് ചോദിച്ചാൽ ഉടനെ കരുണൻ പറയും ഞാൻ കണ്ണടച്ചിരുന്നു ഉറങ്ങുകയല്ല. നല്ല ചെവിട്ടോർമ്മയുണ്ടെന്ന്. അയാളും ഒരാഴ്ച കഴിഞ്ഞപ്പോൾ പോയി. ഇനി വയസ്സന്മാരെയും മദ്യപാനികളെയും ഈ പണിക്ക് വേണ്ട, ഊർജ്ജസ്വലരായ ചെറുപ്പക്കാരെ മതിയെന്ന് തീരുമാനമായി യോഗത്തിൽ.

അങ്ങനെ പകൽ ലോട്ടറി കച്ചവടം നടത്തുന്ന ഒരു ചെറുപ്പക്കാരൻ എത്തി. രഘുവരൻ. ആള് വലിയ കുഴപ്പമില്ല. സ്വഭാവദൂഷ്യമോ മദ്യപാനമോ ഒന്നുമില്ല. ആയിടക്കാണ് ഫ്ളാറ്റിൽ താമസം തുടങ്ങിയിട്ട് ആദ്യത്തെ ഓണം വരുന്നത്. 50 വീട്ടുകാരും കൂടി ഓണസദ്യ ഒരുക്കുക, കുട്ടികളുടെ ഡാൻസ് പാട്ട്, വീട്ടമ്മമാരുടെ തിരുവാതിരകളി, പുരുഷന്മാരുടെ വടംവലി. അങ്ങനെ എല്ലാം നടന്നുകൊണ്ടിരിക്കുന്നതിന് ഇടയിലേക്കാണ് രഘുവരൻ വന്നത്. ഇയാൾ പകൽ വരാത്തതുകൊണ്ട് രഘുവരൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. ഒരു ദിവസം വൈകുന്നേരം രഘുവരൻ വന്നപ്പോൾ ഇവിടെ ഓണസദ്യയും ഡാൻസും പാട്ടും ഒക്കെ നടക്കുകയാണ്.അപ്പോൾ രഘുവരൻ പൊറിഞ്ചു വേട്ടനോട് ചോദിച്ചു. “ചേട്ടാ ഞാൻ ഒരു ഐറ്റം അവതരിപ്പിച്ചോട്ടേ? സ്കൂളിൽ പഠിക്കുമ്പോൾ കുഷ്ഠരോഗി, ക്ഷയരോഗി ഒക്കെയായി അഭിനയിച്ചിട്ടുണ്ട്.” അതിനെന്താ, രഘുവരൻ അവതരിപ്പിച്ചോ എന്ന് പറഞ്ഞു പൊറിഞ്ചു. അവസാന ഐറ്റം ആയിരുന്നു രഘുവരന്‍റെത്. ഇയാൾ അതിനിടക്ക് ഒരു സൂട്ട് കേസ്, വെട്ടുകത്തി, കൂളിംഗ് ഗ്ലാസ്, സ്‌കാഫ് ഒക്കെ ഫ്ലാറ്റിന് നിവാസികളിൽ നിന്ന് സംഘടിപ്പിച്ചിരുന്നു. ഇതൊക്കെ ആയി ഇദ്ദേഹം സ്റ്റേജിൽ കയറി. അന്ന് ഈ മൊബൈൽ ഫോൺ വന്നു തുടങ്ങിയിട്ടേയുള്ളൂ. മൊബൈലിൽ സംസാരിക്കുന്നത് പോലെ അഭിനയിച്ചു കൂളിംഗ് ഗ്ലാസ്, സ്‌കാഫ് തോളിൽ ഒക്കെ ധരിച്ച് സൂട്ട്കേസുമായി സ്റ്റേജിലൂടെ നടന്നു. പിന്നെ ഫോൺ ഓഫ് ചെയ്ത് അവിടെ വച്ചിട്ട്, ആദ്യം കൂളിംഗ് ഗ്ലാസ്, പിന്നെ വാച്ച്, പിന്നെ സ്കാഫ് അങ്ങനെ ഓരോന്നായി അഴിച്ചു മാറ്റി. പിന്നെ ഷർട്ട് അഴിച്ചു മാറ്റി. ഇത്രയുമായപ്പോൾ പൊറിഞ്ചുവിന്റെ ബി.പി. കൂടി.ഇയാൾ എന്തിനുള്ള പുറപ്പാടാണ് ദൈവമേ? സദസ്യർക്കിടയിൽ അധികവും വീട്ടമ്മമാരും മുതിർന്ന പെൺകുട്ടികളുമാണ്. അത് കഴിഞ്ഞു പാന്റൂരി. പൊറിഞ്ചുവിനു ദേഹം തളരുന്നത് പോലെ തോന്നി. ഭാഗ്യം ഒരു ബർമുഡ ഇട്ടിട്ടുണ്ട്. പെട്ടെന്ന് സൂട്ക്കേസ്‌ തുറന്ന് അതിൽ നിന്ന് തളപ്പ് എടുത്ത് തൻറെ റോൾ തെങ്ങുകയറ്റക്കാരന്റെ താണ് എന്ന് സദസ്യരെ വെളിപ്പെടുത്തി, തെങ്ങ് കയറുന്നതൊക്കെ അസ്സലായി അഭിനയിച്ചു കൈയ്യടി വാങ്ങി പോയി. എന്നാലും പൊറിഞ്ചു പറയുകയായിരുന്നു അന്ന് ഞാൻ അനുഭവിച്ച ടെൻഷൻ പിന്നീട് മകളുടെ കല്യാണം നടക്കുമ്പോൾ പോലും ഉണ്ടായിരുന്നില്ല എന്ന്. ഒരു നോർത്തിന്ത്യൻ ദമ്പതിമാരുടെ ഫ്ലാറ്റിലെ കിടപ്പറയിലേക്ക് ഒളിഞ്ഞ് നോക്കിയത് കയ്യോടെ പിടിച്ച് അവനെയും പറഞ്ഞു വിടേണ്ടിവന്നു. എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് ചോദിച്ചപ്പോൾ അവന്റെ മറുപടി കേരളത്തിൽ ഭാര്യഭർത്താക്കന്മാർ കൈകോർത്തുപിടിച്ച് റോഡിലൂടെ നടക്കാറില്ലല്ലോ, ഇവർ എപ്പോഴും കൈകോർത്തുപിടിച്ച് ആണത്രേ റോഡിലൂടെ നടക്കുക. എപ്പോഴെങ്കിലും അടികൂടുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി ഞാൻ അവരുടെ ബെഡ്റൂമിൽ നോക്കിയത് എന്നായിരുന്നു വിശദീകരണം. പൊറിഞ്ചു പഴയ കഥ പറഞ്ഞു നിർത്തി.

പിടിവാശി അല്ല വിട്ടുവീഴ്ചയാണ് സംഘടനാപ്രവർത്തനം. എത്ര ചെറിയ കാര്യം ആയാലും മറ്റ് അംഗങ്ങളോടുകൂടി ഒന്ന് ആലോചിക്കുക. സ്വയം തീരുമാനങ്ങൾ എടുത്ത് മറ്റുള്ളവരെ അത് അടിച്ചേൽപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. എല്ലാവരോടും അഭിപ്രായം ആരായുക. പിന്നെ അധികാര കസേരയിൽ കടിച്ചു തൂങ്ങാതെ പുതുതലമുറയ്ക്ക് വഴിമാറി കൊടുക്കുക.അഭിപ്രായവ്യത്യാസം ഇല്ലെങ്കിൽ പോലും ആലോചിക്കാത്തത് കൊണ്ട് മാത്രം എതിർക്കുന്നവർ ഉണ്ടാകും. ഇത്രയും കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി എന്ന് പറഞ്ഞു പുതിയ പ്രസിഡണ്ടിന് എല്ലാ ഭാവുകങ്ങളും നേർന്ന് പൊറിഞ്ചു അദ്ദേഹത്തെ യാത്രയാക്കി.

മേരി ജോസ്സി മലയിൽ
തിരുവനന്തപുരം.✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പിസയിലെ ചരിഞ്ഞ ഗോപുരവും അനുബന്ധ കാഴ്ചകളും – (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 32)

 ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു  ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന്‌ ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ്...

തിരിഞ്ഞു നോക്കുമ്പോൾ – ഭരത് ഗോപി

മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ...

ഓർമ്മയിലെ മുഖങ്ങൾ – എസ്.പി. പിള്ള.

തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

ഉമിക്കരി ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി. നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap